വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് മോഡലുകളേക്കാള്‍ കൂടുതല്‍ ആശ്വാസം നല്‍കുന്നതിനാല്‍ കോര്‍പ്പറേറ്റ് ലോകത്ത് തരംഗമാകുന്ന ഒരു പുതിയ രീതിയാണ് മൈക്രോഷിഫ്റ്റിങ്. ആധുനിക തൊഴില്‍ സമൂഹം വര്‍ഷങ്ങളായി ആഗ്രഹിക്കുന്ന തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കാനുള്ള പുതിയ മാര്‍ഗ്ഗമാണിത്.
എട്ടോ ഒമ്പതോ മണിക്കൂര്‍ തുടര്‍ച്ചയായി ലാപ്‌ടോപ്പിന് മുന്നില്‍ ഇരിക്കുന്നതിന് പകരം നിങ്ങളുടെ ഷിഫ്റ്റിനെ പല ഭാഗങ്ങളായി വിഭജിക്കുന്നതിനെയാണ് മൈക്രോഷിഫ്റ്റിങ് എന്ന് പറയുന്നത്. ഇത് ഉല്‍പ്പാദനക്ഷമതയെ ഒരു തരത്തിലും ബാധിക്കില്ല. ചെയ്യേണ്ട ജോലികളുടെ എണ്ണമനുസരിച്ച് ഒരു ജീവനക്കാരന്‍ ഒരു ദിവസം 7 മണിക്കൂറോ അല്ലെങ്കില്‍ 9-10 മണിക്കൂറോ ജോലി ചെയ്യുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
നിങ്ങള്‍ ജോലി ചെയ്യുന്ന ഒരു രക്ഷിതാവാണെന്ന് കരുതുക. നിങ്ങളുടെ കുട്ടി ഉണരുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ജോലി ചെയ്യാം. അവര്‍ സ്‌കൂളില്‍ പോകുന്നതുവരെ ഇടവേളയെടുക്കാം. വീണ്ടും ജോലി പുനരാരംഭിക്കാം. ഉച്ചഭക്ഷണത്തിനും വൈകുന്നേരത്തെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇടവേളയെടുത്ത് രാത്രിയില്‍ ജോലി തുടരാം. ഒരു ദിവസത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള സമയം തിരഞ്ഞെടുക്കുകയും കൃത്യസമയത്ത് ജോലി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ് മൈക്രോഷിഫ്റ്റിങ്.
മൈക്രോഷിഫ്റ്റിങ് ആളുകള്‍ക്ക് 9 മുതല്‍ 5 വരെയുള്ള ജോലിയേക്കാള്‍ കൂടുതല്‍ ആശ്വാസം നല്‍കുന്നു. ഔള്‍ ലാബ്സിന്റെ 2025-ലെ സ്റ്റേറ്റ് ഓഫ് ഹൈബ്രിഡ് വര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 63% ജീവനക്കാരും ഇപ്പോള്‍ മുഴുവന്‍ സമയവും ഓഫീസില്‍ പോകുന്നു. കമ്പനികള്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും 65% ഓഫീസ് ജീവനക്കാരും സൂര്യോദയം മുതല്‍ അസ്തമയം വരെ കസേരയില്‍ ഇരിക്കുന്നതിനുപകരം, സൗകര്യപ്രദമായ ഒരു തൊഴില്‍ ഷെഡ്യൂള്‍ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മഹാമാരിക്ക് ശേഷം വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ കഴിയുമെന്ന് മിക്ക ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പല കമ്പനികള്‍ക്കും ഈ മാതൃകയില്‍ നിന്ന് പ്രയോജനം ലഭിച്ചിട്ടുമുണ്ട്. ഈ സൗകര്യം ആസ്വദിച്ചതിന് ശേഷം, ജീവനക്കാര്‍ അവരുടെ ജീവിതത്തിനനുസരിച്ച് തൊഴില്‍ ക്രമീകരിക്കാനുള്ള പുതിയ വഴികള്‍ തേടുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover micro-shifting, a flexible work approach revolutionizing corporate life. achieve work-life balance by breaking down your workday into smaller, productive bursts.
Published: 14 Oct 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented