വളരെയടുത്ത ബന്ധം പുലർത്തുന്നവരാണ് നടനും നിർമാതാവും സംവിധായകനുമായ കരൺ ജോഹറും സെലിബ്രിറ്റി ഡിസൈനറായ മനീഷ് മൽഹോത്രയും താരങ്ങളായ ഷാരൂഖ് ഖാനും ആലിയ ഭട്ടുമൊക്കെ. ഇടയ്ക്കിടെയുണ്ടാവുന്ന സൗഹൃദക്കൂട്ടായ്മകളിലൂടെ ആ അടുപ്പം അവർ ഊട്ടിയുറപ്പിക്കാറുമുണ്ട്. കുറച്ചുദിവസം മുമ്പ് കരൺ ജോഹറിന്റെ പിറന്നാളാഘോഷത്തിലും താരങ്ങളെല്ലാം എത്തിയിരുന്നു.

To advertise here,

അതിനിടെയാണ് ഷാരൂഖ്, മനീഷ് എന്നിവരുൾപ്പെടെ ഒട്ടേറെ അടുത്ത സുഹൃത്തുക്കളെ കരൺ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്യുന്നത്. താരങ്ങളായ കാർത്തിക് ആര്യൻ, അനന്യ പാണ്ഡേ തുടങ്ങിയവരും ഈ ലിസ്റ്റിലുൾപ്പെടും.

താരങ്ങളും സുഹൃത്തുക്കളുമായ കരീന കപൂർ, മലൈക അറോറ, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരെയും കരൺ അൺഫോളോ ചെയ്തു. നിലവിൽ കരൺ ജോഹറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അദ്ദേഹം 78 പേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. അതോടെ കരണിന്റെ സൗഹൃദത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചകൾ തുടങ്ങി. പിന്നാലെ പലതരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി.

പിന്നാലെ ഇതിൽ വിശദീകരണവുമായി അദ്ദേഹമെത്തി. ''ഇത് ഡിജിറ്റൽ ഡീടോക്‌സ് (digital detox) ആണ്. ഇൻസ്റ്റഗ്രാമിൽ ചെലവഴിക്കുന്ന എന്റെ സമയവും ഊർജവും കുറയ്ക്കാനാണ് ഞാനെല്ലാവരെയും അൺഫോളോ ചെയ്തത്'', അദ്ദേഹം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചു. ഈ വിഷയം 'ദേശീയവാർത്ത'യാക്കാനോ സെൻസേഷണലൈസ് ചെയ്യാനോ ശ്രമിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ''ക്ലിക്ക്‌ബെയ്റ്റിനായി മറ്റാരെയെങ്കിലും നോക്കൂ. ഇത് അപ്രസക്തമാണ്'', കരൺ കൂട്ടിച്ചേർത്തു.

'Accused' എന്ന സൈക്കോളജിക്കൽ ത്രില്ലറും 'ചാന്ദ് മേരാ ദിൽ' എന്ന റൊമാന്റിക് ചിത്രവുമാണ് കരൺ ഏറ്റവുമൊടുവിൽ നിർമിച്ചത്. 'സണ്ണി സംസ്‌കാരി കി തുൾസി കുമാരി' എന്ന ചിത്രത്തിൽ അദ്ദേഹം അതിഥിവേഷത്തിലെത്തുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi