
മലയാള സിനിമയിൽ നിന്നും പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പദവിയിലേക്ക് വളർന്ന നടിയാണ് കല്യാണി പ്രിയദർശൻ. ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടും തന്മയത്വമുള്ള അഭിനയം കൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കല്യാണി, ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അഭിനയത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഇടപെടലിന്റെ പേരിലാണ്.
സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ യുവപ്രതിഭാ പുരസ്‌കാര വേദിയിലാണ് ഏവരെയും വിസ്മയിപ്പിച്ച ആ സംഭവം നടന്നത്. പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലെത്തിയത് രണ്ട് കൈകളുമില്ലാത്ത ജിലുമോൾ മരിയറ്റ് ആയിരുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുരസ്‌കാരം നൽകാൻ ഒരുങ്ങുമ്പോഴാണ് സദസ്സും വേദിയിലുള്ളവരും ഒരു നിമിഷം പകച്ചുപോയത്. ജിലുമോൾക്ക് എങ്ങനെ പുരസ്‌കാരം കൈമാറും എന്ന കാര്യത്തിൽ മന്ത്രിയടക്കം ഒരു നിമിഷം സന്ദേഹിച്ചു നിന്ന സാഹചര്യത്തിലാണ്, തൊട്ടടുത്ത് നിന്നിരുന്ന കല്യാണി പ്രിയദർശൻ മുന്നോട്ട് വന്നത്. ഒരു നിമിഷം പോലും വൈകാതെ ജിലുമോളുടെ കൈകളായി കല്യാണി മാറി. ജിലുമോൾക്ക് വേണ്ടി ആ അവാർഡ് ഏറ്റുവാങ്ങാൻ സഹായിച്ച കല്യാണിയുടെ പ്രവൃത്തി ആ സദസ്സിനെ ഒന്നടങ്കം നെഞ്ചിലേറ്റുന്ന കാഴ്ചയായിരുന്നു അത്.
യുവപ്രതിഭാ പുരസ്‌കാര ജേതാവ് തന്നെയായ അമൽ ഇക്ബാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. 'ആ സാഹചര്യത്തെ കല്യാണി പ്രിയദർശൻ പെട്ടെന്ന് 'മേക്കപ്പ്' ചെയ്തു. ഇതിന് ഇമോഷണൽ ഇന്റലിജൻസും വേഗത്തിലുള്ള തിരിച്ചറിവും വേണം. താങ്കൾ വെറുമൊരു സിനിമാ നടി മാത്രമല്ല, ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ്.' കല്യാണിയുടെ ഈ ഇടപെടലിനെ പ്രശംസിച്ച് അമൽ പറഞ്ഞു.
യുവജന കമ്മീഷന്റെ 'യൂത്ത് ഐക്കൺ' ആയി തിരഞ്ഞെടുക്കപ്പെട്ടത് കല്യാണിയായിരുന്നു. ആ പദവിക്ക് താൻ എന്തുകൊണ്ടും അർഹയാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ആ പെരുമാറ്റം. കല്യാണി നീട്ടിയ കൈകൾ കേവലം ഒരു സഹായമല്ല, മറിച്ച് സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും അടയാളമാണെന്നാണ് ആരാധകർ കുറിക്കുന്നത്.
സൗന്ദര്യം കൊണ്ടല്ല, നന്മയുള്ള മനസ്സ് കൊണ്ടാണ് ഒരാൾ യഥാർത്ഥ സൂപ്പർസ്റ്റാറാകുന്നതെന്ന് കല്യാണി പ്രിയദർശൻ വീണ്ടും തെളിയിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോക്ക് താഴെ 'നന്മയുള്ള മനസ്സിനുടമ' എന്ന കമന്റുകളുമായി താരത്തെ അഭിനന്ദിക്കുകയാണ് മലയാളികൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kalyani Priyadarshan touched hearts by helping Jilumol Mariet thomas at the 2025-26 Yuva Prathibha Awards.
Published: 23 Apr 2026, 04:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented