ബോളിവുഡ് താരം നോറ ഫത്തേഹിയോടുള്ള ആരാധന മൂത്ത് ഭാര്യയെ അവരെപ്പോലെയാക്കാൻ ശ്രമിച്ച ഭർത്താവിനെതിരേ കേസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നോറ ഫത്തേഹിയെപ്പോലെയാകാൻ ഭർത്താവ് തന്നെ പട്ടിണിക്കിടുകയും ശാരീരികവും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് കാട്ടി ഷാനു എന്ന ഷാൻവിയാണ് പരാതിയുമായെത്തിയത്.
സർക്കാർ കായികാധ്യാപകനായ ഭർത്താവ് ശിവം ഉജ്ജ്വൽ ദിവസവും മൂന്ന് മണിക്കൂർ വ്യായാമം ചെയ്യാൻ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ക്ഷീണമോ ആരോഗ്യപ്രശ്നങ്ങളോ കാരണം അതിന് പറ്റാതെ വന്നാൽ ദിവസങ്ങളോളം പട്ടിണിക്കിടും. നോറ ഫത്തേഹിയെപ്പോലെയുള്ള ഒരാളെ വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നുവെന്നും താനുമായുള്ള വിവാഹത്തോടെ ജീവിതം നശിച്ചുവെന്നും ഭർത്താവ് നിരന്തരം കുറ്റപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ഗർഭച്ഛിദ്രം, ഭീഷണി, ബ്ലാക്ക്‌മെയിൽ തുടങ്ങിയ ആരോപണങ്ങളും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഭർത്താവ് മറ്റു സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും കാണാറുണ്ടായിരുന്നു, ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ച് നിശബ്ദയാക്കി. ഭർതൃമാതാവും ഭർതൃപിതാവും ഭർതൃസഹോദരിയും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. സ്വന്തം വീട്ടിൽ നിന്ന് വസ്ത്രങ്ങൾ, ഓവൻ, ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തി.
മാർച്ചിൽ ഗാസിയാബാദിൽ വെച്ചായിരുന്നു ഇവരുടെ ആർഭാടവിവാഹം. 24 ലക്ഷം രൂപയുടെ മഹീന്ദ്ര സ്കോർപിയോയും പത്തുലക്ഷം രൂപയുമടക്കം 76 ലക്ഷം രൂപ വിവാഹത്തിന് ചെലവായി. ഇത്രയൊക്കെ നൽകിയിട്ടും ഭർതൃവീട്ടുകാർ ഇനിയും ഭൂമിയും പണവും വിലപിടിപ്പുള്ള വസ്തുക്കളും ചോദിക്കുകയാണ്.
ഗർഭിണിയായപ്പോൾ ഭർതൃവീട്ടുകാർ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം നൽകി. കഴിഞ്ഞമാസം അമിത രക്തസ്രാവവും അസഹനീയമായ വേദനയും വന്നതോടെ ഷാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക, ശാരീരിക പീഡനവും തെറ്റായ ഭക്ഷണക്രമവുമാണ് ഗർഭച്ഛിദ്രത്തിന് കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതോടെ ഷാൻവി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭർത്താവും വീട്ടുകാരും വീഡിയോ കോളുകളിലൂടെ കുടുംബത്തെ അസഭ്യം പറഞ്ഞു. വിവാഹമോചന ഭീഷണി മുഴക്കി. സ്വന്തം വീട്ടുകാർ നൽകിയ ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Aug 2025, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented