ഇക്കഴിഞ്ഞ ദിവസമാണ് നടി സെലീന ജെയ്റ്റ്‌ലി ഭർത്താവിനെതിരെ ഗാർഹികപീഡനത്തിന് കേസ് കൊടുത്തത്. ഓസ്ട്രിയൻ സ്വദേശിയായ പീറ്റർ ഹാഗിനെതിരെ മുംബൈ അന്ധേരിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നാലെയാണ് പരാതി കൊടുത്തത്. ഓസ്ട്രിയയിൽ പിതാവിനൊപ്പം താമസിക്കുന്ന കുട്ടികളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്നും സെലീന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും നൽകണമെന്നും അവർ പറയുന്നു.

To advertise here,

പീറ്ററിൽനിന്ന് വൈകാരികവും, ശാരീരികവുമായ പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും സെലീന ആരോപിക്കുന്നുണ്ട്. സെലീനയും പീറ്ററും ഡേറ്റ് ചെയ്യുമ്പോൾ തന്നെ മറ്റൊരു സ്ത്രീയുമായി പീറ്റർ ലിവ് ഇൻ റിലേഷനിലായിരുന്നുവെന്നും അത് പിന്നീടാണ് സെലീന അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

ഇതിനുപിന്നാലെ പരാതിയിലെ കുറേ ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസാണ് പരാതിയുടെ പകർപ്പിലെ ചില ഭാഗങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. തന്റെ നഗ്നചിത്രങ്ങളെടുത്ത് പീറ്റർ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് സെലീന ആരോപിക്കുന്നു. ''സെലീനയുടെ നഗ്ന ചിത്രങ്ങൾ പീറ്റർ എടുത്തു. തന്റെ ലൈംഗികാവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ ഈ ഫോട്ടോകൾ മാധ്യമങ്ങൾക്ക് ചോർത്തുമെന്ന് ഭീഷണിപ്പെടുത്തി. കുറച്ചുകഴിഞ്ഞാൽ അയാൾ സാധാരണനിലയിലേക്ക് വരുമെന്ന പ്രതീക്ഷയാലാണ് അവരതിന് സമ്മതിച്ചത്''.

പീറ്റർ ജോലി ചെയ്യുന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗത്തോടൊപ്പം ഉറങ്ങാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സെലീനയുടെ മറ്റൊരു ആരോപണം. ''പീറ്റർ സെലീനയെ ഒരു ലൈംഗിക വസ്തുവായി മാത്രം ചുരുക്കി. 2014-ലാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗത്തിനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പീറ്റർ ആവശ്യപ്പെട്ടത്. കമ്പനിയിൽ തന്റെ ജോലിയും സ്ഥാനവും മെച്ചപ്പെടുത്താൻ അതുപകരിക്കുമെന്നായിരുന്നു പീറ്ററിന്റെ അവകാശവാദം'', പരാതിയിൽ പറയുന്നു. 

''അതിനെല്ലാം പുറമെ തന്നിൽനിന്നും തന്റെ കുടുംബത്തിൽനിന്നും വിലകൂടിയ സമ്മാനങ്ങൾ പതിവായി ആവശ്യപ്പെട്ടു. ഇറ്റലിയിൽ ഹണിമൂണിനിടെ ആർത്തവവേദനയെക്കുറിച്ച് പറഞ്ഞപ്പോൾ പരിഹസിച്ചു. പലതവണ വീട്ടിൽനിന്ന് പുറത്താക്കി. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. കുട്ടികളുടെ മുന്നിൽ വെച്ച് പോലും പീഡിപ്പിച്ചു''. സെലീനയുടെ കൈയിലുള്ള എല്ലാ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും പീറ്റർ വാങ്ങിച്ചെടുത്തുവെന്നും അവരുടെ വക്കീൽ വിശദീകരിക്കുന്നു.

2011-ലാണ് പീറ്ററും സെലീനയും വിവാഹിതരാവുന്നത്. 2012-ൽ അവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. 2017-ൽ വീണ്ടും ഇരട്ടക്കുട്ടികൾ ജനിച്ചെങ്കിലും, അതിലൊരു കുഞ്ഞ് ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi