ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ ആശാ ഭോസ്‌ലെ വിടപറഞ്ഞിരിക്കുന്നു. രണ്ടുദിവസം മുൻപായിരുന്നു ആരോഗ്യാവസ്ഥമോശമായതിനെത്തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ പുറത്തുവന്ന മരണപ്പെട്ടുവെന്ന വാർത്ത സംഗീതാസ്വാദകരിൽ തീരാദുഃഖമാണുണ്ടാക്കിയത്. ഗസലുകൾ, ശാസ്ത്രീയ സംഗീതം, പോപ്, കാബറെ, ഡിസ്‌കോ, തട്ടുപൊളിപ്പൻ ഗാനങ്ങൾ... എല്ലാ ശൈലിയിലുള്ള സംഗീതവും ആശാ ഭോസ്‌ലെ കീഴടക്കി. ഹിന്ദി, മറാഠി, ബംഗാളി, തമിഴ്, കന്നട, മലയാളം, ഗുജറാത്തി, ഒറിയ, അസ്സാമീസ്, ഭോജ്പുരി, കൊങ്കണി, ഇംഗ്ലീഷ്, റഷ്യൻ... തുടങ്ങി ഒട്ടേറെ ഭാഷകളിൽ ആശാ ബോസ്‌ലെയുടെ ശബ്ദം സംഗീതപ്രേമികൾ നുകർന്നു. ദശാബ്ദങ്ങൾ നീണ്ടുനിന്ന ആശാ ഭോസ്‍ലെയുടെ സംഗീതജീവിതത്തിൽ പതിനായിരത്തിലധികം പാട്ടുകൾ പിറന്നു.

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി, 2005 ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി’ എന്ന തമിഴ് ചിത്രത്തിലെ കൊഞ്ചം നേരം... എന്ന ഗാനത്തിലൂടെ ആശാ ഭോസ്‌ലെയും ഗായകൻ മധുബാലകൃഷ്ണനും ഒന്നിച്ചിരുന്നു. വിടപറഞ്ഞ ആ മധുരസംഗീതത്തെ ഓർക്കുകയാണ് മധു ബാലകൃഷ്ണൻ. “പാട്ടുകാരിലെ ഓൾറൗണ്ടർ ആയിരുന്നു ആശാ ജി. ഏത് ശൈലിയിലുള്ള പാട്ടുകളും അനായാസേന പാടുന്ന ഇതിഹാസഗായിക. കുട്ടിക്കാലം മുതലേ വളരെയധികം ആരാധിച്ചിരുന്നു. ആശാ ജിയുടെ ഗാനങ്ങൾ എപ്പോഴും കേട്ടിരുന്നു. ഒന്നിച്ചൊരു ഗാനം പാടാനായത് സൗഭാഗ്യമാണ്.”

കബിലൻ രചിച്ച കൊഞ്ചം നേരം എന്ന ഗാനത്തിന് സംഗീതം പകർന്നത് വിദ്യാസാഗറായിരുന്നു. ചന്ദ്രമുഖി സിനിമയുടെ റെക്കോർഡിങ് നടക്കുന്ന മദ്രാസ്സിലെ സ്റ്റുഡിയോയിലേക്ക് മധുബാലകൃഷ്ണന്റെ ഓർമ്മകൾ ചെന്നെത്തി. “വിദ്യാസാഗർ സാറിന്റെ കുറേ തമിഴ് ഗാനങ്ങൾ ഞാൻ പാടിയിട്ടുണ്ട്. ഒരു ദിവസം അദ്ദേഹത്തിന്റെ മാനേജർ വിളിച്ചു പറഞ്ഞു; 'രജനി സാറിന്റെ സിനിമയിൽ ഒരു പാട്ടുപാടാനുണ്ട്. എത്രയുംപെട്ടെന്ന് മദ്രാസിലേക്ക് വരണം.' എന്നെ സംബന്ധിച്ച് രജനിസാറിന്റെ സിനിമയിൽ പാടാൻ അവസരം ലഭിക്കുക വലിയ ഭാഗ്യമായിരുന്നു. തുടർന്ന് അദ്ദേഹം പറഞ്ഞു, 'കൂടെ പാടിയത് ആരാണെന്ന് ഇവിടെ വന്ന് കണ്ടുപിടിക്കണം. അത് സർപ്രൈസ് ആണ്' എന്ന്.

അങ്ങനെ ഞാൻ മദ്രാസ്സിലെത്തി. ആശാ ജി രണ്ടുദിവസം മുൻപേ അവരുടെ ഭാഗങ്ങൾ പാടി റെക്കോർഡിങ് പൂർത്തിയാക്കിയിരുന്നു. ഞാൻ വേഗം പാട്ടുപഠിച്ചു. റെക്കോർഡിങ്ങിന് കയറുന്നതിനുമുൻപ് എന്നെ പാട്ടിലെ ഫീമെയിൽ സിങ്ങർ പാടിയഭാഗം കേൾപ്പിച്ച്, ആ ശബ്ദം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ആദ്യം കേട്ടപ്പോൾ ജാനകിയമ്മയുടെ ശബ്ദമാണെന്നാണ് തോന്നിയത്. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ ഉച്ചാരണത്തിലും പാടുന്ന ശൈലിയിലും വ്യത്യാസം തോന്നി. ‘ആശാ ജിയുടെ ശബ്ദം പോലെ തോന്നുന്നു, ആശാ ഭോസ്‌ലെ അല്ലേ’ എന്ന് ഞാൻ ചോദിച്ചു. ഉടൻ അദ്ദേഹത്തിന്റെ മറുപടി; 'കറക്ടാ, കണ്ടുപിടിച്ചിട്ടാങ്കെ!' ആ ഒരു പാട്ടിൽ മാത്രമാണ് പാടാൻ അവസരമുണ്ടായത്.'

പാട്ട് പുറത്തിറങ്ങിയ ശേഷം ഞാനൊരിക്കൽ ആശാ ജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ഭാഷകളിൽ പാടിയതിൽ ഒരുപാട് ഇഷ്ടമുള്ള പാട്ടാണിതെന്ന് അവർ പറഞ്ഞു. ആ പാട്ടിന്റെ രണ്ടുവരികൾ ഫോണിലൂടെ അവർ പാടി. ഒപ്പം ഞാനും കൂടി. ഈയടുത്ത് ആശാ ജിയുടെ സുഹൃത്ത് വഴി നേരിൽകാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഈ വിയോഗം പെട്ടെന്നായിപ്പോയി.”

മുപ്പത് വർഷങ്ങൾക്ക് മുൻപാണ് മധുബാലകൃഷ്ണൻ പിന്നണിഗാനരംഗത്തേക്ക് വരുന്നത്. ഇക്കാലയളവിൽ മലയാളം, തമിഴ്, തെലുഗു, ഹിന്ദി, തുളു, സൗരാഷ്ട്ര, ബംഗാളി, സിംഹള, മറാഠി തുടങ്ങി ധാരാളം ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ അദ്ദേഹം പാടി. മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ്, തമിഴ്‌നാടു സംസ്ഥാന അവാർഡ്, കലൈമാമണി അവാർഡ്... തുടങ്ങിയ അംഗീകാരങ്ങളും ആ പ്രതിഭയെ തേടി എത്തിയിരുന്നു. “മലയാളവും തമിഴും കുട്ടിക്കാലം മുതൽക്കേ പരിചയമുള്ള ഭാഷകളാണ്. നാട് ഒറ്റപ്പാലമായിരുന്നെങ്കിലും എന്റെ അച്ഛൻ ജനിച്ചു വളർന്നത് കോയമ്പത്തൂരാണ്. അതുകൊണ്ട് അച്ഛന് തമിഴേ അറിയുമായിരുന്നുള്ളൂ. മലയാളം വായിക്കാനും എഴുതാനും അറിയില്ല. സംസാരിക്കാൻ കുറേശ്ശെ അറിയാം. അച്ഛൻ ബന്ധുക്കൾക്ക് കത്തെഴുതിയിരുന്നത് പോലും തമിഴിലായിരുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതലെ തമിഴ് അറിയാം. മദ്രാസ്സിൽ പഠിക്കാൻ പോയപ്പോൾ ആന്ധ്രയിൽനിന്നും കർണാടകയിൽനിന്നും സുഹൃത്തുക്കളുണ്ടായിരുന്നു. അതും സഹായകമായി.” 

അച്ഛനും അമ്മയുമാണ് മധുബാലകൃഷ്ണനെ പാട്ടിലേക്ക് വഴിനടത്തുന്നത്. ആ ഓർമ്മകളിലൂടെ... 'ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി മലയാളത്തിൽ പാടി റെക്കോർഡ് ചെയ്യുന്നത്. ഒരു ക്രിസ്തീയ ഭക്തിഗാനം. 1995 ൽ തമിഴ് സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തി. ചിത്രച്ചേച്ചിയോടൊപ്പമായിരുന്നു തുടക്കം. ടി.വി. ഗോപാലകൃഷ്ണൻ സാറായിരുന്നു എന്നെ ഷാ എന്ന സംഗീതസംവിധായകനുമായി പരിചയപ്പെടുത്തുന്നത്. ആ സമയം മദ്രാസ്സിലെ സംഗീതം പഠിക്കുന്നുണ്ടായിരുന്നു. പിന്നീട്, സംഗീതസംവിധായകൻ ജെയ്‌സൺ ജെ. നായർ ഒരു ഗുരുവായൂരപ്പ ഭക്തിഗാനത്തിൽ എന്നെക്കൊണ്ട് ശ്ലോകം പാടിപ്പിച്ചു. കൃഷ്ണനാട്ടം എന്നായിരുന്നു ആൽബത്തിന്റെ പേര്. ജയേട്ടനും (പി. ജയചന്ദ്രൻ) ഉണ്ണിമേനോൻ ചേട്ടനും സുജാതച്ചേച്ചിയുമൊക്കെ അതിൽ പാടിയിട്ടുണ്ട്. അതിലൂടെ മലയാള സംഗീതത്തിലേക്ക് വഴിതുറന്നു. അദ്ദേഹം വഴിയാണ് സണ്ണിച്ചായനെ (സണ്ണി സ്റ്റീഫൻ) പരിചയപ്പെടുന്നത്. അദ്ദേഹത്തിനൊപ്പം കുറച്ച് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടി. അദ്ദേഹം എന്നെ ബേസ് ഗ്വിറ്റാർ വായിക്കുന്ന ബെന്നി ജോൺസനെ പരിചയപ്പെടുത്തുകയും പിന്നീട് ബേണി-ഇഗ്നേഷ്യസിലേക്ക് എത്തുകയും ചെയ്തു. അങ്ങനെയാണ് 1999 ൽ ശിശിരം എന്ന സിനിമയിലെ പാതിരാ പൂവേ... എന്ന പാട്ട് പാടുന്നത്. ഞാൻ തമിഴിൽ പാട്ടുപാടിയിരുന്ന കാര്യമൊന്നും അവരോട് പറഞ്ഞിരുന്നില്ല. അതിനൊപ്പം ഗ്രാമപഞ്ചായത്ത് എന്ന സിനിമയിൽ ദാസേട്ടന് പാടാനുള്ള പാട്ടിന്റെ ട്രാക്കും പാടിയിരുന്നു. എന്നാൽ ആ പാട്ട് സിനിമയിലില്ല. ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ കൈതപ്രം തിരുമേനി സംഗീതം ചെയ്ത കനകസഭാതലമമഹൃദയം എന്ന പാട്ടാണ് ആദ്യമായി സിനിമയിൽ വരുന്നത്. കരിയറിൽ വഴിത്തിരിവായത് വാൽക്കണ്ണാടിയിലെ എം.ജയചന്ദ്രൻ സംഗീതം ചെയ്ത അമ്മേ..അമ്മേ... എന്ന പാട്ടായിരുന്നു.' ആ പാട്ടാണ് മഝുബാലകൃഷ്ണന് 2002-ൽ മികച്ച ഗായകനുള്ള സ്റ്റേറ്റ് അവാർഡ് നേടിക്കൊടുത്തത്. 2005-ൽ തമിഴിൽ ആ വർഷം പാടിയ പല പാട്ടുകൾക്ക് സ്‌റ്റേറ്റ് അവാർഡ് കിട്ടി. അതിനുശേഷം 2007-ൽ കലൈമാമണി അവാർഡും അദ്ദേഹത്തെ തേടിയെത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi