നാഗവല്ലിയെ അറിയാത്ത മലയാളി ഉണ്ടാകില്ല. മണിച്ചിത്രത്താഴ് 'ചന്ദ്രമുഖി'യായി തമിഴിലും 'ഭൂല്‍ ഭുലയ്യ'യായി ഹിന്ദിയിലും നിര്‍മിച്ചപ്പോള്‍ നാഗവല്ലി എന്ന കഥാപാത്രത്തിനും അവളുടെ കഥയ്ക്കും കാര്യമായ മാറ്റങ്ങളുണ്ടായി. 'ഭൂല്‍ ഭുലയ്യ 3' തിയേറ്ററുകളിലെത്തുമ്പോള്‍, വീണ്ടും ചര്‍ച്ചയാവുകയാണ് ആ അടങ്ങാത്ത പ്രതികാരകഥ.

വേട്ടയാപുരം കൊട്ടാരമാണ് 'ചന്ദ്രമുഖി'യുടെ ലൊക്കേഷന്‍. വേട്ടയാന്‍ എന്ന രാജാവ് വിജയനഗരത്തില്‍ നിന്ന് കൊണ്ടുവന്ന നര്‍ത്തകിയാണ് ചന്ദ്രമുഖി. ചന്ദ്രമുഖിയെ സ്വന്തമാക്കണം എന്നാണ് രാജാവിന്റെ ഉള്ളിലിരുപ്പ്. പക്ഷേ, ഗുണശേഖരന്‍ എന്ന നര്‍ത്തകനായ തന്റെ കാമുകനെ അവള്‍ കൊട്ടാരത്തിനടുത്ത് കൊണ്ടുവന്ന് താമസിപ്പിക്കുന്നു. പിടിക്കപ്പെടുമ്പോള്‍ രാജാവ് ഗുണശേഖരന്റെ തല വെട്ടുകയും ചന്ദ്രമുഖിയെ ജീവനോടെ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. പ്രതികാരദാഹിയായ അവളുടെ ആത്മാവിനെ മന്ത്രവാദികള്‍ തളയ്ക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം വേട്ടയാന്‍ സ്വാഭാവികമരണത്തിന് കീഴടങ്ങുന്നു. 

placeholder
കടപ്പാട്-wikipedia
placeholder
കടപ്പാട്-wikipedia

വാരണാസിയിലെ ചതുര്‍വേദി രാജകുടുംബത്തിന്റെ ഹവേലിയാണ് 'ഭൂല്‍ ഭുലയ്യ'യുടെ അരങ്ങാകുന്നത്. പണ്ട് അവിടം ഭരിച്ച വിഭൂതി നാരായണിന്റെ സഭയിലെ താരമായിരുന്നു മഞ്ജുലിക. ബംഗാളില്‍ നിന്ന് വന്ന ഒഡീസി നര്‍ത്തകി. അവളുടെ കാമുകന്‍ ശശിധരനും അവള്‍ക്കൊപ്പം സഭയില്‍ ചുവടുവെക്കുമായിരുന്നു. മഞ്ജുലികയെ തനിക്ക് കിട്ടില്ലെന്ന് അസൂയാലുവായ രാജാവ് ശശിധരന്റെ തലവെട്ടി. മഞ്ജുലികയെ ഒരു മുറിയില്‍ തടവിലാക്കി വിവാഹത്തിനുള്ള ഒരുക്കം തുടങ്ങി. പക്ഷേ, മുറി തുറന്നപ്പോള്‍ മഞ്ജുലിക ആത്മഹത്യ ചെയ്തിരുന്നു. ഈ കൊട്ടാരത്തിലെ അനന്തരാവകാശികളോട് പ്രതികാരം ചെയ്യും എന്ന് എഴുതിവെച്ച ശേഷമാണ് അവള്‍ ആത്മഹത്യ ചെയ്തത്. ഏതാനും നാളുകള്‍ക്കുള്ളില്‍ രാജാവും മരണപ്പെടുന്നു. പിന്നീട് പൂജാകര്‍മങ്ങളിലൂടെ മഞ്ജുലികയുടെ ആത്മാവിനെ വരുതിയിലാക്കുന്നു. 

placeholder
കടപ്പാട്-wikipedia

എന്നാല്‍ നാഗവല്ലിയുടെ കഥ മറ്റൊന്നാണ്. മാടമ്പള്ളിയിലെ ശങ്കരന്‍ തമ്പി എന്ന പ്രഭു തഞ്ചാവൂരില്‍ നിന്നെത്തിച്ച നര്‍ത്തകിയാണ് നാഗവല്ലി. അസാമാന്യ സൗന്ദര്യവും അതുല്യ നൃത്തപാടവവും. ശങ്കരന്‍ തമ്പിക്ക് നാഗവല്ലിയോട് പ്രണയമായി. പക്ഷേ, നാഗവല്ലി പ്രണയിച്ചത് രാമനാഥന്‍ എന്ന നര്‍ത്തകനെയാണ്. മാടമ്പള്ളി മനയുടെ അടുത്ത് താമസമായ രാമനാഥനും നാഗവല്ലിയും കാരണവര്‍ അറിയാതെ ഇടയ്ക്കിടെ കണ്ടുമുട്ടി. പ്രണയരഹസ്യം പുറത്തായ അന്നുരാത്രി തന്നെ കാരണവര്‍ നാഗവല്ലിയെ തെക്കിനിയിലിട്ട് വെട്ടിക്കൊന്നു. എട്ടാം നാള്‍ ദുര്‍ഗാഷ്ടമിയുടെ അന്ന് നാഗവല്ലിയുടെ ആത്മാവ് കാരണവരെ കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ മന്ത്രശക്തി കൊണ്ട് കാരണവര്‍ രക്ഷപ്പെട്ടു. പിന്നീട് ഒരുപാട് പൂജകള്‍ നടത്തി നാഗവല്ലിയുടെ ആത്മാവിനെ തെക്കിനിയില്‍ ബന്ധിച്ചു. പക്ഷേ, ഭീതി മാറാത്ത കാരണവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. എന്നാല്‍, രാമനാഥന്‍ എന്ന കഥാപാത്രത്തിന് എന്ത് സംഭവിച്ചു എന്ന് സിനിമ പറയുന്നില്ല. മറ്റു ഭാഷകളിലെല്ലാം അയാളും കൊല ചെയ്യപ്പെട്ടെങ്കിലും മലയാളസിനിമയില്‍ കാമുകകഥാപാത്രത്തിന്റെ വിധി അജ്ഞാതമാണ്.