അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് നടന്ന ദിവസം ഒരിക്കലും മറക്കാനാവാത്ത ദിനമായിരുന്നെന്ന് നടി രേവതി. രാംലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് രേവതി അനുഭവം പങ്കുവെച്ചത്.

'ജയ് ശ്രീ റാം. മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ! രാം ലല്ലയുടെ ആരെയും ആകര്‍ഷിക്കുന്ന മുഖം കണ്ടപ്പോഴുണ്ടായ  അനുഭൂതി എന്റെയുള്ളിലുണ്ടെന്ന് ഒരിക്കലും എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളില്‍ എന്തൊക്കെയോ ഇളകിമറിഞ്ഞു... ഹിന്ദുവായി ജനിച്ചതിനാല്‍ നാം നമ്മുടെ വിശ്വാസങ്ങള്‍ നമ്മില്‍ത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുന്നു, മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമായി നിലനിര്‍ത്തുന്നതും. എല്ലാവര്‍ക്കും അതങ്ങനെയാവണം. ശ്രീരാമന്റെ ഗൃഹപ്രവേശം പലരുടെയും ചിന്തകളെ മാറ്റിമറിച്ചു. ഒരുപക്ഷേ ആദ്യമായി ഞങ്ങള്‍ അത് ഉറക്കെ പറഞ്ഞു, ഞങ്ങള്‍ 'വിശ്വാസികളാണ്', ജയ് ശ്രീറാം', രേവതി കുറിച്ചു. 

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് താരങ്ങളും ഗായകരും നേരത്തേ പ്രതികരണങ്ങളുമായെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിക് അബു തുടങ്ങിയവർ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുകൊണ്ടാണ് പ്രതിഷേധമറിയിച്ചത്. വിധു പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാര്‍ എന്നിവരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.