ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തെക്കുറിച്ചാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളെല്ലാം. അംബാനി കുടുംബം ഇളയമകന്റെ വിവാഹം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുറത്തുവരുന്ന വിവരം. 2023 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 

അതിനുമുന്നേ തന്നെ താരമാണ് രാധിക മെര്‍ച്ചന്റ്. ബിസിനസ്സുകാരനും എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ.യുമായ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈലയുടെയും മൂത്തമകളാണ് രാധിക. ഗുജറാത്തിലാണ് രാധിക ജനിച്ചതും വളര്‍ന്നതുമെല്ലാം. ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് മുംബൈയിലെത്തുന്നത്. 

placeholder
രാധിക മെര്‍ച്ചന്റും ആനന്ദ് അംബാനിയും / Photo:ANI

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലായിരുന്നു ബിരുദം. പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലും ബിരുദമെടുത്തശേഷം നാട്ടില്‍ തിരിച്ചെത്തി. ആദ്യം ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജൂനിയര്‍ സെയില്‍സ് എക്‌സിക്യുട്ടീവായിരുന്നു. അതിനുശേഷം എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ ഡയറക്ടര്‍മാരിലൊരാളാണ് രാധിക. നിത അംബാനിയെപ്പോലെ, ഭരതനാട്യം നര്‍ത്തകി കൂടിയാണ്. 

ബാല്യകാലസുഹൃത്തുക്കളാണ് ആനന്ദും രാധികയും. ഏറെനാളത്തെ സൗഹൃദത്തിനുസേഷമാണ്, ഇവര്‍ പ്രണയത്തിലാവുന്നത്. ആകാശ് അംബാനിയുടെയും ശ്ലോകയുടെയും വിവാഹനാളിലാണ് ഈ പെണ്‍കുട്ടിയെ മുംബൈയിലെ പാപ്പരാസികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അതിനുശേഷം അംബാനി കുടുംബത്തിനൊപ്പം എല്ലാ പൊതുപരിപാടികളിലും അവര്‍ നിത്യസാന്നിധ്യമായി. അതോടെ അവര്‍ ആരാണെന്നുള്ള അന്വേഷണമായിരുന്നു. ഒടുവില്‍ ആനന്ദിന്റെ പ്രതിശ്രുതവധുവാണെന്ന് അംബാനി കുടുംബം സ്ഥിരീകരിക്കുകയും ചെയ്തു. 

placeholder
ആനന്ദിന്റെ വിവാഹനിശ്ചയവേളയില്‍ അംബാനി കുടുംബം

വിവാഹനിശ്ചയസമയത്തെ ആനന്ദിന്റെയും രാധികയുടെയും ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍, സാമൂഹ്യമാധ്യമങ്ങളില്‍ വളരെ രൂക്ഷമായ ആക്രമണങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. പണത്തിനുവേണ്ടിയാണ് ഇത്രയും തടിയുള്ള ആനന്ദിനെ വിവാഹംകഴിക്കാന്‍ രാധിക തയ്യാറായതെന്ന് പറഞ്ഞായിരുന്നു സൈബര്‍ അറ്റാക്കിങ്. എന്നാലിതൊന്നും അവരുടെ ബന്ധത്തെ ബാധിച്ചില്ല. എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഓരോ പരിപാടികളിലും ആനന്ദും രാധികയും കൈകോര്‍ത്ത് നടന്നു.