'ഉയരം കൂടുന്തോറും വീര്യമേറുന്നതെന്തിനാണ്?' ലോകത്തെ ഏറ്റവും ഉയരക്കാരനായ എവറസ്റ്റ് കൊടുമുടിയോട് ചോദിച്ചാല്‍ 'അരുണിമ സിന്‍ഹ' എന്നാകും മറുപടി. എവറസ്റ്റ് മാത്രമല്ല, അവളുടെ വെപ്പുകാലിന്റെ ചുവടുറപ്പ് ഏറ്റുവാങ്ങിയ ഏഴ് ഭൂഖണ്ഡങ്ങളിലെ കൊടുമുടികളും അത് ശരിവെക്കും. അവരും കണ്ടതാണല്ലോ, അവളുടെ പോരാട്ടവീര്യം! തീവണ്ടിച്ചക്രങ്ങള്‍ കയറി അറ്റുപോയ കാലുമായി ആശുപത്രിക്കിടക്കയിലേക്ക് വീഴുമ്പോള്‍, അരുണിമയുടെ ജീവിതം തീര്‍ന്നുവെന്ന് വിധിയെഴുതിയവരുണ്ട്. എന്നാല്‍ ആ വേദനയ്ക്കിടയിലും അവള്‍ കണ്ട സ്വപ്‌നത്തിന് എവറസ്റ്റിനോളം ഉയരമുണ്ടായിരുന്നു. അത് ലോകത്തിന് ബോധ്യപ്പെടാന്‍ വേണ്ടിവന്നത് വെറും രണ്ടു വര്‍ഷം മാത്രം.

2011-ല്‍ കാല്‍ നഷ്ടപ്പെട്ട അരുണിമ 2013-ല്‍ എവറസ്റ്റിനെ തന്റെ വെപ്പുകാല്‍ക്കീഴിലാക്കി. കൃത്രിമക്കാലുമായി എവറസ്റ്റ് കയറുന്ന ലോകത്തിലെ ആദ്യ വനിത. അവിടെയും തീര്‍ന്നില്ല, ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയരമുള്ള കൊടുമുടികളോരോന്നും കീഴടക്കാന്‍ അരുണിമയ്ക്ക് അധികനാള്‍ വേണ്ടിവന്നില്ല. ആ നിശ്ചയദാര്‍ഢ്യത്തെ രാജ്യം 2015-ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

തകര്‍ക്കാം തളര്‍ത്താനാവില്ല

ഉത്തര്‍പ്രദേശില്‍ ലഖ്‌നൗവിന് സമീപം അംബേദ്‌കർ നഗറില്‍ ജനിച്ച ദേശീയ വോളിബോള്‍ താരത്തിന്റെ ജീവിതം കീഴ്‌മേല്‍മറിച്ചത് ഒരു തീവണ്ടിയാത്രയാണ്. 2011 ഏപ്രില്‍ 12-ന് ലഖ്‌നൗവില്‍ നിന്ന് പത്മാവതി എക്‌സ്പ്രസ്സില്‍ ഡല്‍ഹിക്ക് തിരിക്കുമ്പോള്‍, സി.ഐ.എസ്.എഫില്‍ ജോലിക്കായി എഴുതാന്‍ പോവുന്ന പരീക്ഷയായിരുന്നു ആ 22-കാരിയുടെ മനസ്സില്‍. പക്ഷേ, അവരെ കാത്തിരുന്ന വിധി അതായിരുന്നില്ല. ആ കഥ അരുണിമ തന്നെ പറയും.

''രാത്രി ഒന്നര മണിയായിട്ടുണ്ടാകും. ആയുധധാരികളായ കവര്‍ച്ചാസംഘം തീവണ്ടിയിലേക്ക് പാഞ്ഞുകയറി യാത്രക്കാരുടെ ബാഗും പണവും തട്ടിപ്പറിക്കാന്‍ തുടങ്ങി. നിറയെ യാത്രക്കാരുള്ള തീവണ്ടിയായിരുന്നു. ആരും പ്രതികരിച്ചില്ല. തോക്ക്, കത്തി എല്ലാം ആക്രമികളുടെ കൈയ്യിലുണ്ടായിരുന്നു. അവര്‍ എന്റെ കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയിലും പിടുത്തമിട്ടു. അമ്മ സമ്മാനിച്ച മാല നഷ്ടപ്പെടുന്നത് സങ്കല്‍പ്പിക്കാനായില്ല. ഞാന്‍ പ്രതിരോധിച്ചു. എന്നാല്‍, എന്നെ രണ്ടുപേര്‍ പൊക്കിയെടുത്ത് തീവണ്ടിയില്‍ നിന്ന് പുറത്തേക്കെറിഞ്ഞു.

തൊട്ടടുത്ത പാളത്തിലേക്ക് തെറിച്ചുവീണ എന്റെ കാലിലൂടെ അതുവഴി പാഞ്ഞുപോയ മറ്റൊരു തീവണ്ടി കയറിയിറങ്ങി. എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലാവുംമുന്‍പ് ഇടതുകാല്‍ മുട്ടിന് തൊട്ടുതാഴെ വെച്ച് അറ്റുപോയി. എല്ലുനുറുങ്ങുന്ന വേദനയ്ക്കിടെ ബോധം നഷ്ടമായി. എന്നാല്‍ അതുവഴി കടന്നുപോകുന്ന തീവണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം വേദനയിലേക്ക് എന്നെ ഉണര്‍ത്തിക്കൊണ്ടിരുന്നു. അകലെ, അറ്റുകിടക്കുന്ന എന്റെ കാലില്‍ എലികള്‍ കരളുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. ആ രാത്രിയില്‍ എന്റെ കരച്ചില്‍ ആരുകേള്‍ക്കാന്‍? പുലര്‍ച്ചെയാണ് ഗ്രാമവാസികള്‍ എന്നെ കാണുന്നത്. എന്റെ കിടപ്പുകണ്ട് എല്ലാവരും ഭയന്നകന്നുനിന്നു. അകലെ മുറിഞ്ഞുകിടക്കുന്ന കാലില്‍ അപ്പോഴും എലികൾ ഓടിനടക്കുന്നു. ഞാന്‍ തണുത്ത് വിറച്ചു കിടന്നു. ഒരു സ്ത്രീ അവരുടെ ഷാള്‍ കൊണ്ട് എന്നെ പുതപ്പിച്ചു. കാല്‍ മുറിഞ്ഞിടത്ത് ഈച്ചയാര്‍ക്കുന്നു. എന്റെ മുഖത്തും കൈകളിലുമെല്ലാം നിങ്ങള്‍ കാണുന്ന മുറിവുകള്‍ അന്ന് സംഭവിച്ചതാണ്. 
 

ചനേഹ്തി റെയില്‍വേ സ്റ്റേഷന്റെ അടുത്തായിരുന്നു വീണുകിടന്നിരുന്നത്. ഗ്രാമവാസികള്‍ എന്നെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുപോയി കിടത്തി. ചുറ്റും ആളുകള്‍ കൂടിയിരുന്നു. ഞാന്‍ അവരോട് വെള്ളം ചോദിച്ചതോര്‍മയുണ്ട്. പിന്നീട് വന്ന തീവണ്ടിയില്‍ കയറ്റി ബറേലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുറിഞ്ഞുപോയ കാല്‍ കെട്ടിപ്പൊതിഞ്ഞ് ശരീരത്തിനരികെ വെച്ചിട്ടുണ്ടായിരുന്നു. ബറേലി ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്നു ഞാന്‍. ഡോക്ടര്‍മാര്‍ പരസ്പരം സംസാരിക്കുന്നു. 'ഇവര്‍ക്ക് അനസ്‌തേഷ്യ വേണം, രക്തം വേണം, ഓപ്പറേഷന്‍ വേണം...' എന്നെല്ലാം...
അറ്റു പോയ കാലിന്റെ അവശേഷിച്ച ഭാഗം മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റേണ്ടതുണ്ട്. പക്ഷെ, അനസ്‌തേഷ്യ നല്‍കാന്‍ അവിടെ സൗകര്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടു. ഞാന്‍ പറഞ്ഞു: ''കുഴപ്പമില്ല, കാല്‍ മുറിച്ചോളൂ...'' കാലറ്റു പോയതിന്റെ വേദന രാത്രി മുഴുവന്‍ അനുഭവിച്ചതിലും ഏറില്ലല്ലോ... അങ്ങനെ ലോക്കല്‍ അനസ്‌തേഷ്യ മാത്രം നല്‍കിക്കൊണ്ട് കാല്‍ മുറിച്ചുമാറ്റി.''
 
 

പുതിയ ജന്മം

കാല്‍ മുറിച്ചുമാറ്റിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോയി. നാല് മാസമാണ് എയിംസില്‍ കഴിഞ്ഞത്. കായികതാരത്തിനുണ്ടായ ദുരന്തം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതറിഞ്ഞ് അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഡോക്ടര്‍ രാകേഷ് ശ്രീവാസ്തവ അരുണിമയെ ബന്ധപ്പെട്ടു. അപകടത്തില്‍ കാല്‍ മുറിഞ്ഞുപോയശേഷം കൃത്രിമക്കാല്‍ വെച്ചയാളാണ് ഡോ. ശ്രീവാസ്തവ. അദ്ദേഹം നേരിട്ടെത്തിയാണ് അരുണിമയ്ക്ക് ഇപ്പോഴത്തെ കാല്‍ ഘടിപ്പിച്ചുകൊടുത്തത്.

ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ അരുണിമ ഒരുകാര്യം തീരുമാനിച്ചു. 'ഇനി പിന്നോട്ടില്ല. എവറസ്റ്റ് കീഴടക്കണം.'  ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിതയായ ബചേന്ദ്രിപാലുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നമ്പര്‍ വാങ്ങി ബചേന്ദ്രിപാലിനെ വിളിച്ചു. അവരോട് ആഗ്രഹം പറഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിച്ചു.

''ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വെപ്പുകാലുമായി നേരെ പോയത് ജാര്‍ഖണ്ഡിലേക്കാണ്... ബചേന്ദ്രിപാലിനെ കാണാന്‍. സ്റ്റിച്ചുണ്ടായിരുന്നു കാലില്‍, തുടയില്‍ നിന്ന് സ്‌കിന്‍ എടുത്തിരുന്നു. തുടക്കത്തില്‍ അവര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല അരുണിമയ്ക്ക് കൊടുമുടികയറാന്‍ സാധിക്കുമെന്ന്. എന്നാല്‍ പിന്നീട് അവര്‍ക്കും ബോധ്യം വന്നുതുടങ്ങി.
ഉത്തരാഖണ്ഡില്‍ വെച്ചായിരുന്നു പരിശീലനം. ഇത് കാണാന്‍ ബചേന്ദ്രിപാല്‍ വന്നിരുന്നു. ഇടയ്ക്ക് സ്‌നേഹത്തോടെ വഴക്കുപറയും...'' തനിക്ക് രണ്ട് അമ്മമാരാണുള്ളതെന്ന് അരുണിമ പറയുന്നു. ഒന്ന് ജന്മം തന്ന അമ്മ ഗ്യാന്‍ബാല സിംഘ. രണ്ടാമത്തേത്, ഒരിക്കല്‍ എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് രണ്ടാംജന്മം നല്‍കിയ ബചേന്ദ്രിപാല്‍.
 


എവറസ്റ്റ് ഉദ്യമം

എവറസ്റ്റ് കയറുന്നത് 52 ദിവസത്തെ പരിപാടിയായിരുന്നു. നാല് ക്യാമ്പുകള്‍. ഇന്ത്യയില്‍ നിന്ന് ആറു പേരുണ്ടായിരുന്നു. ആര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല, അരുണിമ കയറുമെന്ന്. ഓക്‌സിജന്‍ സിലിണ്ടറുകള്‍, സ്ലീപ്പിങ് ബാഗ്, ടെന്റ് എന്നിങ്ങനെ മുപ്പത് കിലോഗ്രാമിലേറെ സാധനങ്ങള്‍ വഹിച്ചുകൊണ്ടാണ് മലകയറേണ്ടത്. ഓക്‌സിജന്‍ ഓരോ ക്യാമ്പില്‍ നിന്നും നിറയ്ക്കും. രണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടാകും. ഒന്ന് കയറാനും ഒന്ന് ഇറങ്ങാനും. ഓരോന്നും 14 കിലോ. കൂടാതെ ഫ്‌ളാസ്‌കില്‍ വെള്ളം, ചോക്ലേറ്റ്, സ്ലീപിങ് ബാഗ്, കയര്‍, മഴു... എല്ലാം കൊണ്ടുപോകണം.
അവസാനത്തെ പതിനൊന്ന് ദിവസം ഭക്ഷണമൊന്നും കാര്യമായി കഴിക്കാനാവില്ല. ചോക്ലേറ്റും ജെല്ലും പോലുള്ളവ മാത്രം. മൈനസ് 40 മുതല്‍ മൈനസ് 60 ഡിഗ്രി വരെയാണ് താപനില. എല്ല് കോച്ചുന്ന തണുപ്പില്‍ കാലിന്റെ മുറിവുകളുടെ വേദന കൂടുമെന്ന് പലരും പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒടുവില്‍ ബാക്കിയെല്ലാവരും കയറിയതിന്റെ പിറ്റേദിവസം, 2013 മെയ് 21-ന് രാവിലെ 10.55-ന് അരുണിമ ചരിത്രമെഴുതി. കൃത്രിമക്കാലുമായി ലോകത്തിന്റെ നെറുകയിലെത്തുന്ന ആദ്യ വനിത...
 
''കിറുക്കത്തിയെന്ന വിളിപ്പേരുകേട്ട പെണ്‍കുട്ടിയിതാ ലോകത്തിന്റെ നെറുകയില്‍...'' എവറസ്റ്റ് കീഴടക്കിയതിനേക്കുറിച്ച് അരുണിമയുടെ വാക്കുകള്‍. ''പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് ഞാനിതാ എവറസ്റ്റിന് മുകളില്‍. താഴെ മേഘങ്ങള്‍. മുകളിലേക്ക് നോക്കിയാല്‍ മാത്രം കാണാറുള്ള സൂര്യനിതാ താഴെ നിന്ന് ഉദിച്ചുവരുന്നു. ആസമയത്ത് അമ്മയേയും ബചേന്ദ്രിപാലിനേയും ഓര്‍ത്തു. ജീവിതം തന്ന രണ്ടുപേര്‍. അവരെ വിളിച്ച് സന്തോഷം പങ്കുവെക്കണമെന്ന് തോന്നിയെങ്കിലും കൈയില്‍ സാറ്റലൈറ്റ് ഫോണ്‍ ഉണ്ടായിരുന്നില്ല. സാധാരണ മൊബൈല്‍ ഫോണ്‍ അവിടെ പ്രവര്‍ത്തിക്കില്ലല്ലോ.

ഗൈഡ് നീമയാണ് ഏറ്റവും മുകളിലെ ഫോട്ടോ എടുത്തത്. അതിന് അവരോട് വഴക്കുണ്ടാക്കേണ്ടിവന്നു. ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ എത്രയും വേഗം താഴെയിറങ്ങാനാണ് അവര്‍ പറഞ്ഞത്. പക്ഷെ, ഞാന്‍ വാശിപിടിച്ചതോടെ അവര്‍ ഫോട്ടോയും വീഡിയോയും എടുത്തു. തിരിച്ചെത്തുംമുന്‍പ് ഞാന്‍ മരിച്ചുപോയാല്‍ ഈ വീഡിയോ എല്ലായിടത്തുമെത്തിക്കണമെന്ന് ഗൈഡിനോട് പറഞ്ഞു. അവിടെ വെച്ച് ഫോട്ടോയെടുക്കാനൊന്നും സാധാരണ തോന്നണമെന്നില്ല. ക്യാമറ എടുക്കാന്‍ ശേഷിയുള്ളവര്‍ കൊണ്ടുപോകും. അവിടെയെത്തുമ്പോള്‍ ഒന്നേ തോന്നുകയുള്ളൂ, കയറുക തിരിച്ചിറങ്ങി രക്ഷപ്പെടുക. ജീവന്‍ രക്ഷിക്കുക എന്നതാകും അപ്പോഴത്തെ പ്രധാന ലക്ഷ്യം. തിരിച്ചിറങ്ങി മൂന്നാമത്തെ ക്യാമ്പിലെത്തിയപ്പോള്‍ ഒരു വിദേശിയുടെ സാറ്റലൈറ്റ് ഫോണില്‍ നിന്ന് ബചേന്ദ്രിപാലിനെ വിളിച്ചു.''

മൃതദേഹങ്ങള്‍, ലാന്‍ഡ് മാര്‍ക്കുകള്‍ 
''ബറേലിയിലെ രവികുമാര്‍ എന്നയാള്‍ അന്ന് കയറാനുണ്ടായിരുന്നു. ശരിയായ പരിശീലനവും തയ്യാറെടുപ്പുമില്ലാത്ത നിങ്ങള്‍ കയറരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.  പക്ഷെ, കേട്ടില്ല. രവികുമാറിന് നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നു.''  അരുണിമ ഓര്‍ക്കുന്നു.  

''അവിടെ വെച്ച് മരിക്കുന്നവരുടെ മൃതദേഹം തിരികെക്കൊണ്ടുവരാറില്ല. അതിന് കേടുപാടുപറ്റാറുമില്ല. ജീവനുള്ള ശരീരം പോലെ പലയിടത്തായി മൃതദേഹങ്ങള്‍ കാണാം. പലരും പല നിറത്തിലുള്ള ബൂട്ടുകള്‍ ധരിച്ചിരിക്കുമല്ലോ. പച്ച ബൂട്ടിട്ട മൃതദേഹത്തിനടുത്ത്, ചുവപ്പ് കോട്ടിട്ട മൃതദേഹത്തിനരികില്‍ എന്നിങ്ങനെയാണ് മലകയറുന്നവര്‍ പരസ്പരം അടയാളം പറയാറുള്ളത്. 1999-ല്‍ മരിച്ചവരുടെ മൃതദേഹംപോലും അവിടെ കണ്ടു. ചില ബോഡികളുടെ അടുത്ത് അവരേക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയ പലകകളും മറ്റും ഉറപ്പിച്ചിട്ടുണ്ടാകും.

ചില സമയത്ത് വളരെ വേഗത്തിലായിരിക്കും മഞ്ഞുവീഴ്ച. ഒരിടത്ത് ഇരുന്നുപോയാല്‍ നമ്മളെ മഞ്ഞുമൂടിപ്പോകും. എവറസ്റ്റ് കയറി തിരിച്ചിറങ്ങുമ്പോള്‍ മടുപ്പുതോന്നിയ ഒരാള്‍ വിശ്രമിക്കാനിരുന്നതാണ്. അവിടെ മരിച്ച് മരവിച്ചിരുന്നു. ഇപ്പോഴും ആ ഇരിപ്പ് അങ്ങനെ തുടരുന്നു. ഈ മൃതദേഹങ്ങളെല്ലാമാണ് പര്‍വതാരോഹകരുടെ ലാന്‍ഡ് മാര്‍ക്കുകള്‍.''

 

 

പേടി സ്വപ്നം

എവറസ്റ്റിന് മുകളിലെത്തിയപ്പോള്‍ തന്റെ മുഖത്ത് ചുവപ്പ് പടര്‍ന്ന് തുടങ്ങിയിരുന്നതായി അരുണിമ പറഞ്ഞു. ''ഫ്രോസ്റ്റ്‌ബൈറ്റ് (അതിശൈത്യം കൊണ്ടുണ്ടാകുന്ന ശരീരവീക്കം) സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നി. അതിന്റെ ആദ്യഘട്ടമാണ് ചുവപ്പ് നിറം. ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് തുടക്കം. പിന്നെ നീല നിറമാകും. അടുത്ത സ്റ്റേജ് കറുപ്പ് നിറമാണ്. മരങ്ങളുടെ കൊമ്പ് ഉണങ്ങുന്നതുപോലെ ഉണങ്ങിപ്പോകും. പിന്നെ ആ ഭാഗം അവിടെ വെച്ച് മുറിച്ചുകളയണം. അല്ലെങ്കില്‍ അത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കും.

യു.പി. സ്വദേശിയായ കേണല്‍ ജമാല്‍ എന്ന സൈനികനെ പരിചയപ്പെട്ടിരുന്നു, എവറസ്റ്റില്‍ വെച്ച്. അദ്ദേഹത്തിന് ഇതുപോലെ വിരല്‍ മുറിച്ചുകളയേണ്ടിവന്നു. പിന്നീട് ഞാന്‍ മൗണ്ട് വിന്‍സണ്‍ കയറി ഇറങ്ങുമ്പോള്‍ ഒരാളെന്നെ അകലെ നിന്ന് ഉറക്കെ അരുണിമാ എന്ന് വിളിക്കുന്നു. നോക്കിയപ്പോള്‍ കേണല്‍ ജമാല്‍. അദ്ദേഹം മലകയറുകയായിരുന്നു അപ്പോള്‍. വിരല്‍ പോയെങ്കിലും പര്‍വതാരോഹണ മോഹം ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം.''

ചെറിയൊരു തെറ്റ് പോലും എക്‌സ്‌പെഡിഷന്‍ ഇല്ലാതാക്കും. എവറസ്റ്റില്‍ ആര്‍മിയുടെ ഒരു സംഘമുണ്ടായിരുന്നു. അവരില്‍ ഏഴെട്ടുപേര്‍ക്ക് കയറാന്‍ സാധിച്ചില്ല. ഓക്‌സിജന്‍ റെഗുലേറ്റര്‍ ജാമായതായിരുന്നു കാരണം. കൃത്യമായ പ്ലാനിങ്ങില്‍ വീഴ്ചവന്നാല്‍ അങ്ങനെയാണ്. ശരിയായ സോക്‌സ് ധരിച്ചില്ലെങ്കില്‍പ്പോലും എക്‌സ്‌പെഡിഷന്‍ നടക്കില്ല.''

എവറസ്റ്റിന് പിന്നാലെ

2013-ല്‍ എവറസ്റ്റ് കൊടുമുടി കയറിയത് അരുണിമയുടെ പര്‍വതാരോഹണത്തിന്റെ തുടക്കം മാത്രം. ഒരു വര്‍ഷത്തിനിടെ ആഫ്രിക്കയിലെ കിളിമഞ്ചാരോ, യൂറോപ്പിലെ എല്‍ബ്രസ്, ഓസ്‌ട്രേലിയയിലെ കോഷ്യസ്‌കോ, സൗത്ത് അമേരിക്കയിലെ അക്കോംകാഗ്വ, നോര്‍ത്ത് അമേരിക്കയിലെ ദേനാലി കൊടുമുടികള്‍ അരുണിമ കീഴടക്കി. 2019 ജനുവരി ഒന്നിന് അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സണും അരുണിമ കയറി. ഇതെല്ലാം കൃത്രിമക്കാലില്‍ കീഴടക്കുന്ന ആദ്യ വനിതയുമായി അരുണിമ.

''ഏറ്റവും പ്രയാസമുണ്ടായത് എവറസ്റ്റ് കയറാന്‍ തന്നെയാണ്. എന്നാല്‍, ജീവിതത്തില്‍ ഓരോ വെല്ലുവിളികളും വ്യത്യസ്തമാണ് എന്നതുപോലെതന്നെ ഓരോ പര്‍വതങ്ങളും വ്യത്യസ്തമാണ്. ഇന്തോനേഷ്യയിലെ കാര്‍സ്‌റ്റെന്‍സ് പിരമിഡ് കയറുന്നത് വലിയ വെല്ലുവിളിയായിരുന്നു. അവിടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. എവറസ്റ്റില്‍ പോലും സുരക്ഷാ റോപ് ലഭിക്കും. അതെവിടെയെന്ന് ചോദിച്ചപ്പോള്‍, അത് വേണമെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ എന്നായിരുന്നു ഗൈഡിന്റെ മറുപടി.'' വെപ്പുകാലുമായി ഈ പിരമിഡ് കയറുന്ന ആദ്യ വനിതയും അരുണിമ തന്നെ.

അടുത്ത ലക്ഷ്യം

ഏഴ് ഭൂഖണ്ഡങ്ങളിലേയും വന്‍ കൊടുമുടികള്‍ കീഴടക്കിയ അരുണിമയുടെ അടുത്തലക്ഷ്യം ഭൂമിയുടെ ഉത്തര- ദക്ഷിണ ധ്രുവങ്ങളാണ്. സ്‌പോണ്‍സറെ ലഭിച്ചാലുടന്‍ അതിനായി പരിശീലനം തുടങ്ങും.
  
ആ തീവണ്ടി ശബ്ധം

2011-ലെ ആ രാത്രി അരുണിമയ്ക്ക് നല്‍കിയ ഭീതിയുടെ ഓര്‍മകള്‍ക്ക് തീവണ്ടിയുടെ ശബ്ദമാണ്. ഇന്നും തീവണ്ടിയുടെ ഒച്ച കേള്‍ക്കുമ്പോള്‍ തനിക്ക് അസ്വസ്ഥതയുണ്ടാകാറുണ്ടെന്ന് അരുണിമ പറയുന്നു.  അന്ന് പാളത്തില്‍, കാല്‍മുറിഞ്ഞ് വേദനയില്‍ നീറിക്കിടക്കുമ്പോള്‍ 49 തീവണ്ടികളാണ് അതിലൂടെ കടന്നുപോയത്. അരുണിമ എണ്ണിയതല്ല. പിന്നീട് ഒരു സംഘടന റെയില്‍വേയില്‍ നിന്ന് ശേഖരിച്ച വിവരമാണത്.
''ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ട്, കാല്‍ മുറിഞ്ഞ് ട്രാക്കില്‍ കിടക്കുമ്പോള്‍ എന്തായിരുന്നു തോന്നിയതെന്ന്. ശരീരം വേദനിക്കുമ്പോള്‍ മനസ്സില്‍ മറ്റൊന്നുമുണ്ടാവില്ല, വേദനയല്ലാതെ...'' അരുണിമ പറഞ്ഞു.
  
ബുള്ളറ്റില്‍ ഇന്ത്യ ചുറ്റണം

അരുണിമയുടെ ലക്ഷ്യങ്ങളിലൊന്ന് ബുള്ളറ്റ് ബൈക്കില്‍ രാജ്യം ചുറ്റലാണ്. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ കാണണം. സ്ത്രീ സുരക്ഷ എന്ന വിഷയം മുന്‍നിര്‍ത്തി 2023 അവസാനത്തോടെയാണ് ബൈക്ക് യാത്ര പ്ലാന്‍ ചെയ്യുന്നത്. സ്‌പോണ്‍സറെ കണ്ടെത്തണം. ''അപകടത്തിന് ശേഷം പലരും പറഞ്ഞു എനിക്ക് ബൈക്കോടിക്കാനാവില്ലെന്ന്. ഞാനതൊന്നും കാര്യമാക്കിയില്ല. ബൈക്ക് ഓടിച്ചു നോക്കി. പിന്നെ ലഡാക്ക് വരെ ബൈക്കില്‍ പോയി വന്നു. ഇടംകാല്‍, കൃത്രിമക്കാലായതിനാല്‍ ബൈക്കിന്റെ ഗിയര്‍ മാറ്റുന്നത് കുറച്ച് ശ്രമകരമായിരുന്നു. കുടുംബത്തില്‍ നിന്ന് അത്രയൊന്നും പിന്തുണ ലഭിക്കാത്ത, എന്നാല്‍ വളരേയെറെ ആഗ്രഹങ്ങളുള്ള സാധാരണക്കാരികളായ ആറ് പെണ്‍കുട്ടികള്‍ക്കൊപ്പം ഇന്ത്യ ചുറ്റാനാണ് ആഗ്രഹിക്കുന്നത്. ബൈക്കിന് കേടുപാടുകള്‍ വന്നാല്‍ നന്നാക്കാനുള്ള പരിശീലനം ഉള്‍പ്പെടെ അവര്‍ക്ക് നല്‍കും. ടെന്റും ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കൂടെ കൊണ്ടുപോകും. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കാണാന്‍ ശ്രമിക്കും.

പ്രകാശം പിറന്നു

പെണ്‍കുട്ടികളേക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ മാറ്റുകയാണ് ലക്ഷ്യം. കായിക രംഗത്ത് ഹരിയാണ ഇപ്പോള്‍ മെഡല്‍ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്. അത്രയും പെണ്‍കുട്ടികളാണ് കായികരംഗത്തേക്ക് ഹരിയാണയില്‍ നിന്നുണ്ടാകുന്നത്. എന്നിട്ടും പെണ്‍കുട്ടി ജനിച്ചാല്‍ ആളുകളുടെ മനസ്സില്‍ ആശങ്കയുണ്ടാകുന്നതെന്തിനാണ്. ഈ 21-ാം നൂറ്റാണ്ടിലും ഇതാണ് അവസ്ഥ. പ്രതിസന്ധികളില്‍ അകപ്പെടുമ്പോള്‍ പോലും പതറിപ്പോകുന്നവരാണ് പലരും. പക്ഷേ, പോരാടുകയാണ് വേണ്ടണ്ടത്. നിങ്ങള്‍ക്ക് സ്വയം നിങ്ങളുടെ വിധിയെഴുതാം...'' സ്വന്തം ജീവിതം മുന്നില്‍ വെച്ച് അരുണിമ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുക എന്ന ലക്ഷ്യവും അരുണിമയ്ക്കുണ്ട്. അതിനായി ലഖ്‌നൗവില്‍ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. പുറമേനിന്നുള്ള പിന്തുണയില്ലാതെ ഇതുമായി മുന്നോട്ടുപോകാനാവില്ലെന്നും അരുണിമ പറഞ്ഞു.

placeholder
അരുണിമ സിന്‍ഹ കുടുംബത്തോടൊപ്പം

അരുണിമയുടെ ജീവിതത്തിലേക്ക് ഷൂട്ടിങ് താരമായ ഗൗരവ് സിങ് കടന്നുവരുന്നത് 2018-ലാണ്. നാല് വര്‍ഷത്തിന് ശേഷം ഗര്‍ഭിണിയായപ്പോള്‍ ഏറെ സന്തോഷിച്ചു. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനാല്‍ ചില സങ്കീര്‍ണതകളുണ്ടായി. സുഖപ്രസവം നടക്കില്ലെന്നും സിസേറിയന്‍ വേണ്ടിവരുമെന്നും ലഖ്‌നൗവിലെ ആശുപത്രികള്‍ വിധിയെഴുതിയപ്പോള്‍ അരുണിമ ആശങ്കയിലായി. ഇനിയുമൊരു ഓപ്പറേഷന്‍ തന്റെ ശരീരത്തില്‍ നടത്തിയാല്‍ ഭാവിയിലെ പര്‍വതാരോഹണ ദൗത്യങ്ങളെ ബാധിച്ചേക്കാം. അതിന് ശാരീരികമായി തയ്യാറാകാന്‍ കൂടുതല്‍ സമയവുമെടുത്തേക്കും.
ഡല്‍ഹിയില്‍ പോയി. പ്രമുഖ ആശുപത്രികളെ സമീപിച്ചു. എന്നാല്‍ അവിടെയും വലിയ സ്വകാര്യ ആശുപത്രികള്‍ പോലും സിസേറിയനാണ് നിര്‍ദേശിച്ചത്. ഒടുവില്‍, എയിംസുമായി ബന്ധപ്പെട്ടപ്പോള്‍, ഫരീദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അവരുടെ മേല്‍നോട്ടത്തോടെ പ്രസവത്തിന് സൗകര്യമൊരുക്കി. സാധാരണപ്രസവത്തിന് പരമാവധി ശ്രമിക്കാം, അത് സാധിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ എന്നാണ് പറഞ്ഞിരുന്നത്. എന്തായാലും അരുണിമയുടെ നിശ്ചയദാര്‍ഢ്യം ഒരിക്കല്‍ക്കൂടി വിജയിച്ചു. 2022 നവംബര്‍ ഏഴിന് അരുണിമയ്ക്ക് സാധാരണപ്രസവത്തില്‍ ആണ്‍കുഞ്ഞ് പിറന്നു.

കുഞ്ഞിന് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല, അവിരാജ്. പേരിനര്‍ഥം സൂര്യന്റെ പ്രകാശം. ''എന്റെ പേരിന് സൂര്യന്റെ ഇളം പ്രകാശം എന്നാണര്‍ഥം. മകന്‍ കൂടുതല്‍ ഉജ്വലമായി പ്രകാശിക്കട്ടെ, പേരിലൊക്കെ കാര്യമുണ്ട്'' -മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ അരുണിമ പറഞ്ഞു.