മഹേഷ് ഭട്ട് നിർമിച്ച 'വോ ലംഹെ' എന്ന സിനിമയിലൂടെ തിരക്കഥാരംഗത്തേക്ക് കടന്നുവന്നതാണ് ഷഗുഫ്ത റഫീക്ക്. കങ്കണ റണൗട്ട്, ഷൈനി അഹൂജ എന്നിവരാണ് ഇതിൽ നായികാനായകൻമാരായത്. അതിനുശേഷം റാസ്, മർഡർ-2, ജഷൻ, ജിസ്മ്-2, ആഷിഖി-2, ഹമാരി അധൂരി കഹാനി...ഇങ്ങനെ ഒട്ടേറെ സിനിമകളുണ്ട് അവരുടെ പേരിൽ. 'ആഷിക്കി-2' ബ്ലോക്ക്ബസ്റ്റർ ഹിറ്റായി. ചെറിയ റോളുകളിലും ശ്രദ്ധിക്കപ്പെടാത്ത വേഷങ്ങളിലും വന്നുപോയ ശ്രദ്ധ കപൂറിന്റെയും ആദിത്യ റോയ് കപൂറിന്റെയും കരിയറിൽ വഴിത്തിരിവായ ചിത്രമാണിത്. സിനിമയിൽ ഷഗുഫ്തയുടെ തിരക്കഥ തന്നെയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. 'ഹമാരി അധൂരി കഹാനി'ക്കുശേഷം മികച്ച മറ്റൊരു തിരക്കഥ അവരുടേതായി വന്നിട്ടില്ല. എങ്കിലും ബോളിവുഡ് തിരക്കഥാകൃത്തുക്കളുടെ നിരയിൽനിന്ന് മാറ്റിനിർത്താൻ പറ്റുന്ന പേരല്ല ഷഗുഫ്തയുടെത്.
ഒരു സിനിമാക്കഥ പോലെ സങ്കടങ്ങളും കഷ്ടപ്പാടുകളും സന്തോഷവും നിറഞ്ഞ ജീവിതകഥയാണ് അവരുടേത്. അച്ഛനും അമ്മയും ആരെന്നറിയാത്ത കുട്ടിക്കാലം. അതിനിടയിലാണ് സിനിമകളിൽ നൃത്തം ചെയ്തിരുന്ന അൻവരി ബീഗം, ഷഗുഫ്തയെ ദത്തെടുക്കുന്നത്. 60-കളിൽ ബോളിവുഡ് താരമായ സയീദ ഖാന്റെ അമ്മയാണ് അൻവരി ബീഗം. ഷഗുഫ്തയുടെ ജനനത്തെക്കുറിച്ചും പിന്നീട് കുറേ കഥകളുണ്ടായി. അവർ തന്നെ അതിനെക്കുറിച്ച് സംസാരിച്ചതിങ്ങനെ, ''സയീദ ഖാന് അവരുടെ കാമുകനിൽ ജനിച്ച മകളാണെന്നതായിരുന്നു ഒരു കഥ. അമ്മയ്ക്ക് ഒരു പണക്കാരനിൽ ജനിച്ച മകളാണെന്നും പറയപ്പെട്ടു. മറ്റൊന്ന് ഏതോ ഒരു ചേരിയിൽ ജനിച്ച എന്നെ മാതാപിതാക്കൾ ഉപേക്ഷിച്ചുവെന്നതായിരുന്നു. പക്ഷേ, ആളുകൾ ഏറ്റവും കൂടുതൽ വിശ്വസിച്ചത്, ഞാനെന്റെ സഹോദരിയുടെ മകളെന്ന് തന്നെയാണ്''.
കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ രണ്ടാം ഭാര്യയായിരുന്നു അമ്മ. സമ്പത്തിന്റെ മടിത്തട്ടിലെ കുട്ടിക്കാലം. പെട്ടെന്നാണ് വ്യവസായി മരിക്കുന്നത്. അതോടെ കുടുംബത്തിന്റെ നില പരുങ്ങലിലായി. പതുക്കെ കുടുംബം പുലർത്താനായി അമ്മ തന്റെ സ്വർണവളകളും വീട്ടിലെ പാത്രങ്ങളുമെല്ലാം വിറ്റു. ഷഗുഫ്തയ്ക്ക് ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. കുടുംബം പുലർത്താൻ ജോലിചെയ്യണമെന്ന അവസ്ഥ. അങ്ങനെ 11-ാം വയസ്സിൽ ജോലിക്കിറങ്ങി. അപ്പോഴാണ് അമ്മ പഠിപ്പിച്ച കഥക്കും ശാസ്ത്രീയനൃത്തവും സഹായകമായത്.
സ്വകാര്യചടങ്ങുകളിലും പാർട്ടികളിലും നൃത്തം ചെയ്യുന്നതായിരുന്നു ആദ്യജോലി. അതിനെക്കുറിച്ച് അവർ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ''പാർട്ടിയിലേറെയും പുരുഷൻമാരായിരിക്കും. അതിൽ 90 ശതമാനം പേരും നന്നായി മദ്യപിച്ചിട്ടുണ്ടാവും. അവരുടെ മുമ്പിലാണ് നൃത്തം ചെയ്യേണ്ടിയിരുന്നത്. ഊർജം ഒട്ടും കുറയ്ക്കാതെ, കഴുത്തിലൊരു സ്‌കാർഫും ചുറ്റിയാണ് ഡാൻസ് ചെയ്യുക. ഇഷ്ടപ്പെട്ടാൽ അവർ പണം വാരിയെറിയും''.
അതിനിടയിൽ സയീദ ഖാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ, കുടുംബം പതുക്കെ പച്ചപിടിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ അവർക്ക് അവസരങ്ങൾ കുറഞ്ഞു, അതിനിടെ സയീദ വിവാഹം കഴിച്ചു. വീണ്ടും കുടുംബത്തിന്റെ കാര്യം പരുങ്ങലിലായി. 17 വയസ്സായപ്പോഴേക്കും കുടുംബത്തിന്റെ സാമ്പത്തികസ്ഥിരതയ്ക്കായി ഒരു പണക്കാരന്റെ രണ്ടാംഭാര്യയാവേണ്ടി വന്നു ഷഗുഫ്തയ്ക്ക്. ''എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നുവത്. കുറച്ചു പണത്തിനായി എന്റെ ജീവിതവും സ്വാതന്ത്ര്യവുമെല്ലാം പോയി''.
തീരെ മുന്നോട്ടുപോവാൻ കഴിയില്ലെന്നറിഞ്ഞതോടെ, ആ വിവാഹത്തിൽനിന്ന് പുറത്തുകടന്നു. ദാരിദ്ര്യത്തിലേക്കുള്ള തിരിച്ചുപോക്ക്. ജോലിയൊന്നും കിട്ടാതെ വന്നപ്പോൾ, ലൈംഗികജോലിയിലേക്ക് തിരിഞ്ഞു. അതിനൊപ്പം മുംബൈയിലെ ബാറുകളിൽ ഡാൻസറും. ''ഞാൻ ലൈംഗികതൊഴിലാണ് ചെയ്യുന്നതെന്ന് അമ്മയ്ക്കറിയാമായിരുന്നു. പക്ഷേ, അമ്മയ്‌ക്കൊന്നും പറയാൻ പറ്റില്ലായിരുന്നു. ആ സങ്കടങ്ങളിലും എനിക്ക് സന്തോഷം തോന്നിയത് അമ്മയ്ക്ക് നല്ല ജീവിതം കൊടുക്കാൻ പറ്റിയെന്നോർത്താണ്. അമ്മയ്ക്ക് ടാക്‌സിയിൽ യാത്ര ചെയ്യാൻ പറ്റി, വീണ്ടും സ്വർണം ധരിക്കാനുള്ള ഭാഗ്യമുണ്ടായി''. അതിനിടയിലാണ് ദുബായിലെ ബാർ ഡാൻസറായാൽ പത്തിരട്ടി പണം കിട്ടുമെന്നറിഞ്ഞത്. ഉടനെ അങ്ങോട്ടുപോയി.
''മുംബൈയിൽ ഓരോ പുരുഷൻമാർക്കൊപ്പം പല ഹോട്ടലുകൾ കയറിയിറങ്ങുമ്പോഴും പേടിയായിരുന്നു. എപ്പോൾ വേണമെങ്കിലും റെയ്ഡ് നടക്കാം. ബാർ ഡാൻസറാവുമ്പോൾ അത് പേടിക്കേണ്ടല്ലോ. അവിടെവെച്ച് കുറേ ജീവിതങ്ങൾ കണ്ടു, ഫിലിപ്പൈൻസിൽനിന്നും റഷ്യയിൽനിന്നും നല്ല ജീവിതം തേടി ദുബായിലെത്തിയ പെൺകുട്ടികളെ പരിചയപ്പെട്ടു. അവർ പറയുന്നത് കേട്ടു. ആ കഥകളെല്ലാം എനിക്ക് എഴുതണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് കഥയെഴുത്തിലേക്ക് തിരിയുന്നത്''. ആ യാത്ര എത്തിച്ചത് മഹേഷ് ഭട്ടിന്റെ 'വിശേഷ് ഫിലിംസി'ലാണ്. 10-ലേറെ സിനിമകളുടെ ഭാഗമായി. കഥയെഴുത്തിൽ പുതിയ മാനങ്ങൾ കൊണ്ടുവന്നു. വിജയങ്ങളുടെ ഭാഗമായപ്പോഴും, പഴയ ജീവിതത്തിന്റെ ഓർമകളിൽ തന്നെയാണവർ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: from bar dancer to bollywood screenwriter, shagufta rafique story is one of struggle and success
Published: 21 Jul 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented