
കലയെയും കവിതയെയും ഒരുപോലെ പുൽകുന്ന നിള. മലയാളത്തിന് അമ്മിഞ്ഞപ്പാലിനോളം മധുരിതമായ ഈ നദീതീരത്താണ് കലയുടെ കേദാരം മഹാകവി പണിതീർത്തത്. കലാമണ്ഡലത്തിന്റെ പടികടന്നപ്പോൾ കൂത്തമ്പലം പ്രകാശഗോപുരമായി മുന്നിൽ തെളിഞ്ഞു. കണ്ണിമാങ്ങകൾ കമ്മലിട്ട മാവുകൾ തണൽവിരിച്ച നടപ്പാത ഭരതനാട്യം ഡിപ്പാർട്ട്മെന്റിലേക്ക് നീണ്ടു. നൃത്തപഠനക്കളരിയിൽ ഗുരുവിന്റെ നിഴൽ കണ്ടു. കലാമണ്ഡലത്തിലെ ആദ്യ ഭരതനാട്യം അധ്യാപകൻ, ആർ.എൽ.വി. രാമകൃഷ്ണൻ.
ജീവിതത്തിന്റെ തീച്ചൂളകടന്ന് നൃത്തത്തിന്റെ തിരുമധുരം നുണഞ്ഞവൻ. വിവേചനങ്ങളുടെ തിട്ടൂരങ്ങളെ കാറ്റിൽപ്പറത്തി മോഹിനിയാട്ടവും ഭരതനാട്യവും പഠിച്ച് കലാമണ്ഡലത്തിലെ അസിസ്റ്റന്റ് പ്രൊഫസറായി ആർഎൽവി രാമകൃഷ്ണൻ ചുമതലയേറ്റപ്പോൾ കലയിൽ മറ്റൊരു നവോഥാനം സാധ്യമാവുകയായിരുന്നു. മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ സഹോദരൻ, നൃത്തം അഭ്യസിച്ചതിന്റെപേരിൽ അപമാനിച്ചവർക്കുമുന്നിൽ തലകുനിക്കാത്ത പോരാളി, ജീവിതത്തിന്റെ കണ്ണീരും കയ്പും നിറഞ്ഞ വഴികളെക്കുറിച്ചും സന്തോഷമധുരങ്ങളെക്കുറിച്ചും ആർഎൽവി രാമകൃഷ്ണൻ സംസാരിക്കുന്നു.
ഒരിക്കൽ നൃത്താവതരണം നടത്താൻ കൊതിച്ച കലാമണ്ഡലത്തിൽ അധ്യാപകനാണ് ഇപ്പോൾ. എത്രമാത്രം സന്തോഷമുണ്ട്?
മഹാഭാഗ്യമായാണ് കാണുന്നത്. ഇവിടെ അധ്യാപകനാകുക എന്നതല്ല ഇവിടെ പഠിക്കുക എന്നതായിരുന്നു സ്വപ്‌നം. എന്നെ സംബന്ധിച്ചിടത്തോളം ഭാവിയിൽ ഏതു വഴിയിലേക്ക് സഞ്ചരിക്കണം എന്ന് പറഞ്ഞുതരാനുള്ള അറിവ് അച്ഛനോ അമ്മയ്‌ക്കോ ഉണ്ടായിരുന്നില്ല. ബുദ്ധിമുട്ടുകൾ നിറഞ്ഞ സാഹചര്യത്തിലാണ് ജനിച്ചുവളർന്നത്. മണിച്ചേട്ടന്റെ ജീവിതമറിയുന്ന മലയാളികൾക്കെല്ലാം ഞങ്ങളുടെ ബാല്യത്തെക്കുറിച്ചുള്ള കഥകളറിയാം. ഗുരുനാഥനായ ആർഎൽവി ആനന്ദ് മാസ്റ്റർ എന്റെ താത്പര്യം തിരിച്ചറിഞ്ഞ് ആർഎൽവി കോളേജ് ഓഫ് ഫൈൻ ആർട്സിനെക്കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് അവിടെ ചെന്ന് പഠിച്ചത്. കലാമണ്ഡലത്തിൽ പഠിക്കുക എന്ന ആഗ്രഹം കലയെ സ്‌നേഹിക്കാൻ തുടങ്ങിയ കാലംമുതൽ ഉണ്ടായിരുന്നു. എംഫിൽ, പിഎച്ച്ഡി വിദ്യാർഥിയായി 2007 മുതൽ 2017 വരെ കലാമണ്ഡലത്തിൽ പഠിക്കാൻ കഴിഞ്ഞു. പിന്നീട് അധ്യാപകനാകാനുള്ള നിയോഗം വന്നെത്തി.
നൃത്തവഴിയിൽത്തന്നെ ജോലി നേടണമെന്ന് ആഗ്രഹിച്ചിരുന്നോ?
എവിടെയെങ്കിലും ജോലി കിട്ടാൻവേണ്ടി കല പഠിച്ചതല്ല. മനസ്സിന് ഏറ്റവും സന്തോഷം തരുന്ന വഴി എന്ന നിലയിലാണ് കലയെ കണ്ടത്. കല പഠിക്കുന്നതിനൊപ്പം അതിൽ അക്കാദമിക് യോഗ്യതകളും നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മണിച്ചേട്ടന്റെ പ്രോത്സാഹനംകൂടിയാണ്. ചേട്ടന് അക്കാദമിക് യോഗ്യതകൾ നേടാൻ സാധിച്ചിട്ടില്ല. അതൊക്കെയും ഞാൻ നേടണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസർ ആയെങ്കിലും അതിനെ ഒരുജോലിയായിട്ടല്ല ഞാൻ കാണുന്നത്. ഇതും പഠനമാണ്. മോഹിനിയാട്ടത്തിലാണ് ബിരുദവും ബിരുദാനന്തരബിരുദവും റിസർച്ചും എല്ലാം ചെയ്തത്. പത്തുവർഷത്തിലേറെ ഞാൻ കാലടി സംസ്‌കൃത സർവകലാശാലയിൽ മോഹിനിയാട്ടത്തിൽ ഗസ്റ്റ് അധ്യാപകനായി ജോലിചെയ്തു. ആ സമയത്താണ് ഭരതനാട്യത്തിൽകൂടി പിജി ചെയ്യണം എന്നൊരു ആഗ്രഹം വരുന്നത്. അങ്ങനെ മൂന്നുവർഷംമുൻപ് ജോലി രാജിവെച്ച് കാലടി സർവകലാശാലയിൽനിന്ന് ഭരതനാട്യം എംഎ ചെയ്തു. അടിസ്ഥാനപരമായ ഭരതനാട്യം ചെറുപ്പംതൊട്ടേ പഠിച്ചിരുന്നു. അതിനാൽ തുടർപഠനം വലിയ ബുദ്ധിമുട്ടായിരുന്നില്ല. കോഴ്സ് പൂർത്തിയാക്കിയ സമയത്താണ് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷിച്ചു. ഗുരുക്കന്മാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും അനുഗ്രഹംമൂലം ആദ്യറാങ്കിൽത്തന്നെ വരുകയും ജോലി ലഭിക്കുകയും ചെയ്തു. ഇത്രയുംവലിയ സ്ഥാപനത്തിലെ ഗുരുപരമ്പരയിലെ കണ്ണിയായത് വലിയ ഉത്തരവാദിത്വമായാണ് കാണുന്നത്.
പ്രതിസന്ധികൾ നിറഞ്ഞ കുട്ടിക്കാലം. എപ്പോഴാണ് കലയോടുള്ള ഇഷ്ടം മനസ്സിൽ ചേക്കേറുന്നത്?
കലതന്നെയായിരുന്നു ഉള്ളിൽ. സ്‌കൂളിൽ പാട്ട്, നൃത്തം, നാടകം അങ്ങനെ എല്ലാ പരിപാടികളിലും ഞാനും ചേട്ടനും സജീവമായിരുന്നു. പത്താംക്ലാസു കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്നറിയില്ലായിരുന്നു. പറഞ്ഞുതരാനും ആരും ഉണ്ടായിരുന്നില്ല. നന്നായി പഠിച്ചിരുന്നതിനാൽ എന്നെ ഡോക്ടറാക്കണമെന്ന് പറഞ്ഞ് കെകെടിഎം കൊടുങ്ങല്ലൂരിൽ പ്രീഡിഗ്രിക്ക് ചേർത്തു. ഇതല്ല എന്റെ വഴിയെന്ന് ആദ്യകൊല്ലം തന്നെ മനസ്സ് പറഞ്ഞു. കലയാണ് ജീവിതം എന്ന് മനസ്സിലായി. നേരേ ചെന്ന് ആർഎൽവി കോളേജിൽ ചേർന്നു.
ചേട്ടൻ അപ്പോഴേക്കും കലാരംഗത്ത് മുങ്ങിത്താണിരുന്നു. പഠിക്കുന്ന കാലത്ത് അദ്ദേഹം നാടൻപാട്ടും മിമിക്രിയുമായി നാട്ടിലെ ക്ലബുകളിലും പ്രധാനവേദികളിലുമൊക്കെ സജീവമായിരുന്നു. അതുവഴി അദ്ദേഹം കലാഭവനിലേക്ക് പോയി. അതോടെ കുടുംബത്തിന്റെ പ്രാരബ്ധം മുഴുവൻ അദ്ദേഹത്തിന്റെ തോളിലായി. കലയും ഓട്ടോയുമെല്ലാമായി കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം നെട്ടോട്ടമോടി. കലാഭവൻ, ചേട്ടന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. മിമിക്രിയുടെ പാറ്റേൺ പൊളിച്ച് ചേട്ടൻ പുതുമയാർന്ന ഒരുപാട് ഐറ്റങ്ങൾ കൊണ്ടുവന്നു. ഒരു റിസർച്ച് സ്‌കോളറെപ്പോലെ അനുകരണകലയിൽ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തി. കാണികൾക്കിടയിൽനിന്ന് സ്റ്റേജിലേക്ക് വരുന്ന കള്ളുകുടിയൻ, ജുറാസിക് വേൾഡിലെ ദിനോസറിന്റെ ശബ്ദവും നടപ്പും, എലിയുടെ പ്രാർഥന എന്നിവയെല്ലാം ശബ്ദത്തോടൊപ്പംതന്നെ അഭിനയവുംകൂടി ചേർത്താണ് ചേട്ടൻ അവതരിപ്പിച്ചത്. അതൊക്കെയും വലിയ ഹിറ്റായി മാറി. മിമിക്രിയിൽ കിട്ടിയ ആ സ്വീകാര്യത അദ്ദേഹത്തെ സിനിമയിലെത്തിച്ചു.
ആദ്യകാലത്ത് കോമഡി റോളുകളായിരുന്നെങ്കിൽ പിന്നീട് സഹനായക വേഷങ്ങളും വില്ലൻ വേഷങ്ങളും നായകവേഷങ്ങളുമടക്കം ശക്തമായ കഥാപാത്രങ്ങൾ തേടിയെത്തി. എപ്പോഴും അദ്ദേഹം ചുറ്റുമുള്ള മനുഷ്യരെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവരുടെ രൂപഭാവങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുമായിരുന്നു. ആ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് ഗുണകരമായി.
ഞങ്ങളുടെ വീടിനടുത്ത് റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഒരു ബാലേട്ടൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് കാഴ്ചയുണ്ടായിരുന്നില്ല. ബാലേട്ടനെ ഓരോ സ്ഥലത്തേക്ക് കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനുമുള്ള ചുമതല ചേട്ടനായിരുന്നു. ചേട്ടൻ ബാലേട്ടനെ നല്ലരീതിയിൽ നിരീക്ഷിക്കും. വർഷങ്ങൾക്കിപ്പുറം 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ വന്നപ്പോൾ ബാലേട്ടനിൽനിന്ന് പഠിച്ചെടുത്ത കാര്യങ്ങളാണ് ചേട്ടൻ സിനിമയിലെ രാമു എന്ന കഥാപാത്രത്തിലേക്ക് പകർത്തിയത്.
നൃത്തപഠനത്തിന് ചേട്ടന്റെ പിന്തുണ?
ചേട്ടൻ മിമിക്രിയിലും സിനിമയിലും തിരക്കിലായിത്തുടങ്ങിയതോടെ ഒരുഗൃഹനാഥന്റെ റോളിലേക്ക് ഉയർന്നു. അപ്പോഴേക്കും അച്ഛന് വയ്യാതായിരുന്നു. ഇഷ്ടമുള്ളത്രയും പഠിക്കണമെന്നും അതിന് എന്തു ചെലവുവന്നാലും നോക്കിക്കൊള്ളാം എന്നും ചേട്ടൻ പറഞ്ഞു. ഞാൻ ക്ലാസിക്കൽ കല പഠിക്കുന്നതിൽ ചേട്ടന് സന്തോഷമായിരുന്നു. ഒപ്പം കലാരംഗത്ത് ഭാവി എങ്ങനെയായിരിക്കും എന്ന പേടിയുമുണ്ടായിരുന്നു. ചേട്ടൻ അതിന്റെ മോശം ഘട്ടത്തിലൂടെയും കടന്നുപോയ ഒരാളാണല്ലോ. എന്നാൽ, പഠിച്ച കോഴ്സിനെല്ലാം മികച്ച മാർക്കുനേടി ഉയർന്ന റാങ്കോടെയാണ് ഞാൻ വിജയിച്ചത്. ആ സർട്ടിഫിക്കറ്റുകളൊക്കെ അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ചേട്ടന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഇവിടെവരെയെത്താനൊന്നും സാധിക്കുമായിരുന്നില്ല.
മോഹിനിയാട്ടം പഠിച്ചതിന് കളിയാക്കലുകൾ നേരിടേണ്ടിവന്നല്ലോ?
ചക്രം തിരിയുന്ന രീതിയിലാണ് ജീവിതമെന്നെനിക്ക് തോന്നാറുണ്ട്. ഞാൻ ചെറുപ്പംമുതലേ ഭരതനാട്യമാണ് പഠിച്ചുവന്നത്. ആർഎൽവിയിലും ഭരതനാട്യം കോഴ്സിനാണ് അപേക്ഷിച്ചത്. പക്ഷേ, പ്രവേശനം ലഭിച്ചില്ല. പ്രീഡിഗ്രി മതിയാക്കുകയും ചെയ്തു. വല്ലാത്തൊരു നിരാശയിലായി. നാട്ടുകാരും ബന്ധുക്കളുമൊക്കെ ചോദിച്ചുതുടങ്ങി. ഞാൻ ഓരോ മാസവും കോളേജിൽ ചെന്ന് ആരെങ്കിലും മതിയാക്കി പോയിട്ടുണ്ടോ, ഒഴിവുണ്ടോ എന്നന്വേഷിക്കും. അങ്ങനെ കുറച്ചുമാസം കഴിഞ്ഞപ്പോൾ മോഹിനിയാട്ടം കോഴ്സിൽ അവിടെ ഒരു ഒഴിവുണ്ടെന്ന് അറിഞ്ഞു. നൃത്തത്തോടുള്ള ഭ്രമംകാരണം അത് പഠിക്കാം എന്ന് തീരുമാനിച്ചു. പ്രത്യേക അപേക്ഷ നൽകിയാണ് ആ സീറ്റിലേക്ക് പ്രവേശനം ലഭിച്ചത്. ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു ആ സമയത്ത്.
ഇത്രയും പെൺകുട്ടികൾക്കിടയിൽ ഒരാൺകുട്ടി മോഹിനിയാട്ടം പഠിക്കുന്നതിന് വിമർശനങ്ങൾ വന്നു. ഒന്നും കാര്യമാക്കിയില്ല. പഠനശേഷം ഞാൻ അവിടെത്തന്നെ ഗസ്റ്റ്് അധ്യാപകനായി. അത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായി. 'മോഹിനിമാരെ പഠിപ്പിക്കാൻ മോഹനൻ വന്നു' എന്ന് പറഞ്ഞാണ് ചിലർ കളിയാക്കിയത്. പലരും കോളേജിൽ വിളിച്ച് പ്രശ്‌നങ്ങളുണ്ടാക്കി. അതെനിക്ക് വലിയ ദുഃഖമുണ്ടാക്കി. കലയുടെ കാര്യത്തിൽ ഇത്തരത്തിൽ ലിംഗവിവേചനം നേരിട്ടത് സഹിക്കാനാവുമായിരുന്നില്ല. ഞാൻ എല്ലാം ഇട്ടെറിഞ്ഞ് പിന്മാറും എന്നാണ് പലരും വിചാരിച്ചത്. എന്നാൽ, എന്തും നേരിടാനുള്ള ആത്മധൈര്യത്തോടെ ഉറച്ചുനിന്നു. മോഹിനിയാട്ടത്തിൽ എംഎയും എംഫിലും റിസർച്ചും പൂർത്തിയാക്കി.
മോഹിനിയാട്ടത്തിന്റെ ചരിത്രം ശരിയല്ലെന്നും അതിനൊരു പുതുചരിത്രമുണ്ടെന്നുമുള്ള ഗവേഷണ പ്രബന്ധം ഞാൻ കലാമണ്ഡലത്തിൽ അവതരിപ്പിച്ചു. അതോടെ പാരമ്പര്യവാദികൾ തുറന്ന എതിർപ്പുമായി രംഗത്തുവന്നു. ഞാൻ ആൺവേഷത്തിൽത്തന്നെ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുകകൂടി ചെയ്തതോടെ അവർക്കത് സഹിക്കാനായില്ല. എല്ലാ ഭാഗത്തുനിന്നും ആക്രമണം തുടങ്ങി. എല്ലാ എതിർപ്പുകൾക്കെതിരേയും ഞാൻ പ്രതികരിച്ചു. കലയിൽ കാലത്തിനനുചിതമായ പുരോഗമനം നടക്കണം എന്ന ചിന്തയുള്ള ചിലർ പിന്തുണയുമായി എത്തി. ഒരിക്കലും മാറില്ലെന്ന് ഉറപ്പിച്ച ചില പാരമ്പര്യവാദികൾ ഇന്നും എതിർക്കുന്നുണ്ട്.
മോഹിനിയാട്ടത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ നടന്നില്ല എന്നാണോ?
അതതുകാലത്ത് ജീവിച്ച കലാകാരന്മാർ ഇടപെട്ട് മാറ്റങ്ങൾ വരുത്തി മുന്നോട്ടുകൊണ്ടുപോയതുകൊണ്ടാണ് ഓരോ കലയും വളർന്നുപന്തലിച്ചത്. ജാതി, വർണ, ലിംഗ വിവേചനം നിലനിന്ന ഇന്നലെകളിൽ കലകളിൽ പാലിച്ച ഒരുപാട് നിയമങ്ങളുണ്ട്. പുതുകാലത്ത് ആ പഴഞ്ചൻ നിയമങ്ങളും രീതികളും മാറേണ്ടതുണ്ട്. അല്ലെങ്കിൽ കല വളരില്ല. ഭരതനാട്യമായാലും മോഹിനിയാട്ടമായാലും കഥകളിയായാലും വിവേചനമില്ലാതെ എല്ലാവർക്കും പഠിക്കാനും അവതരിപ്പിക്കാനും പറ്റണം. ക്ലാസിക് കലകളിലെല്ലാം ഒരുപാടുപേർ വിവേചനം നേരിട്ടിട്ടുണ്ട്. അതൊന്നും പലരും അറിഞ്ഞിട്ടില്ല. എന്നാൽ, പുതുകാലത്ത് അത്തരം വിവേചനങ്ങൾ ഉണ്ടായാൽ അത് ചർച്ചയാകുന്നു എന്നത് നല്ലകാര്യമാണ്. മോഹിനിയാട്ടരംഗത്ത് മാറ്റങ്ങൾക്ക് ഞാനൊരു കാരണക്കാരനായി.

മോഹിനിയാട്ടം കളിക്കാൻ പെൺവേഷം കെട്ടണമെന്ന് ഇപ്പോഴും ചിലർ വാശിപിടിക്കുന്നുണ്ടല്ലോ ?
മോഹിനിയാട്ടം, വേദിയിൽ അവതരിപ്പിക്കണമെങ്കിൽ പെൺവേഷം കെട്ടണം എന്നരീതിയിൽ തന്നെയാണ് എന്നെയും അധ്യാപകർ പഠിപ്പിച്ചത്. അതായിരുന്നു പരമ്പരാഗതമായി തുടർന്നുവന്ന രീതി. ആൺവേഷത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചാൽ എന്താണ് പ്രശ്‌നം എന്ന് ഞാൻ അന്നുമുതൽ ചിന്തിച്ചു. ഗവേഷണത്തിന്റെ ഭാഗമായി അതിനെക്കുറിച്ചെല്ലാം നന്നായി പഠിച്ചു.
കലാമണ്ഡലത്തിൽ ആദ്യകാലത്ത് മോഹിനിയാട്ടം പുരുഷന്മാരാണ് പഠിപ്പിച്ചത്. ഭാരതത്തിലെ എല്ലാ ക്ലാസിക് നൃത്തങ്ങളും പുരുഷന്മാർ പഠിപ്പിച്ചിരുന്നെന്നും എന്നാൽ, രംഗപ്രയോഗ വേദിയിൽ സ്ത്രീകളായിരുന്നു എന്നും മനസ്സിലായി. സ്വാതന്ത്ര്യാനന്തരം എല്ലാ ഭാരതീയ ക്ലാസിക് നൃത്തങ്ങളും ലിംഗവിവേചനമില്ലാതെ ആണും പെണ്ണും രംഗാവതരണം ചെയ്തപ്പോൾ മോഹിനിയാട്ടത്തിൽ മാത്രം വിവേചനം തുടർന്നു. അത് ഈ കലയുടെ പേര് മോഹിനിയാട്ടം എന്നായതുകൊണ്ടാണ്. വള്ളത്തോൾ കലാമണ്ഡലം ആരംഭിച്ച കാലത്തുതന്നെ മോഹിനിയാട്ടം എന്ന നൃത്തരൂപത്തിന്റെ പേര് കാലഹരണപ്പെട്ടതാണെന്നും അതിനുപകരം കൈരളിനൃത്തം എന്ന പേര് നൽകണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, അത് പിന്നീട് ആരും ചർച്ചചെയ്യുകയോ അത്തരമൊരു മാറ്റത്തിന് ശ്രമം നടത്തുകയോ ചെയ്തില്ല.
ദാസിയാട്ടം, സദിർ ആട്ടം എന്നൊക്കെ വിളിച്ച കലാരൂപമാണ് പിൽക്കാലത്ത് ഭരതനാട്യമാക്കി മാറിയത്. അതുപോലെ രാമനാട്ടത്തിൽനിന്നാണ് കഥകളി ഉരുവംകൊണ്ടത്. മോഹിനിയാട്ടം എന്ന് വിളിക്കപ്പെടുമ്പോൾ ഒരുചട്ടക്കൂടിൽ മാത്രം ഒതുക്കപ്പെടുമെന്നുള്ളതുകൊണ്ടാണ് മഹാകവി പേര് മാറ്റാൻ നിർദേശിച്ചത്. മോഹിനിയാട്ടത്തെക്കുറിച്ച് അടുത്തകാലത്ത് ഒരുപാട് ചർച്ചകൾ നടന്നപ്പോഴും ഈയൊരു പേരുമാറ്റത്തെക്കുറിച്ച് ആരും സംസാരിച്ചില്ല എന്നത് നിരാശാജനകമാണ്.
വിവാദങ്ങൾ തളർത്താറുണ്ടോ?
വിവാദങ്ങൾ ഉണ്ടാകുമ്പോൾ നിരാശരായി വാതിലടച്ച് വീട്ടിലിരുന്നാൽ നമുക്ക് പുറകെ വരുന്ന ഒരുപാടുപേർ പാതിവഴിയിൽ വീണുപോകും. ഒന്നും വകവയ്ക്കാതെ കിട്ടുന്ന വേദികളിൽ നൃത്തംചെയ്ത് മുന്നോട്ടുപോയാൽ ഇനിയും ഒരുപാടുപേർ ഈ രംഗത്തേക്ക് കടന്നുവരും. പുതുതലമുറയിൽ ഒരുപാട് പേർ ഞാൻ ചെയ്തതുപോലെ പുരുഷവേഷത്തിൽ ഇപ്പോൾ മോഹിനിയാട്ടം ചെയ്തുതുടങ്ങിയിട്ടുണ്ട്.ഒരുകാലംവരെ കലാമണ്ഡലത്തിലും കഥകളിയിലും മോഹിനിയാട്ടത്തിലുമൊക്കെ ലിംഗവിവേചനം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതൊക്കെ മാറിത്തുടങ്ങി. കഥകളി ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നുണ്ട്. അതുപോലെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനവും എടുത്തു. എനിക്കിവിടെ കൂത്തമ്പലത്തിൽ പുരുഷവേഷത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരമുണ്ടായി. ഇതെല്ലാം പുതിയ വാതായനങ്ങൾ തുറക്കലാണ്. ഓരോകാലത്തും ഇത്തരം നവോത്ഥാനം കലയിൽ ഉണ്ടായിക്കൊണ്ടിരിക്കും.
ഇപ്പോഴും വിലക്കുകല്പിച്ചിരിക്കുന്ന വേദികളെക്കുറിച്ച് ?
ഇപ്പോഴും എനിക്ക് വിലക്കുകല്പിച്ചിരിക്കുന്ന പ്രമുഖ വേദികളുണ്ട്. അവരെല്ലാം വരുംനാളുകളിൽ ശാഠ്യം ഒഴിവാക്കി മാറ്റത്തിന് മുന്നിൽ വാതിൽ തുറക്കും എന്നുതന്നെയാണ് പ്രതീക്ഷ. ചില പാരമ്പര്യവാദികളാണ് അവിടങ്ങളിലെല്ലാം പ്രശ്‌നം. തനിക്കുശേഷം പ്രളയം എന്ന് ചിന്തിക്കുന്നതിന്റെ പ്രശ്‌നമാണത്. അവരെല്ലം രവീന്ദ്രനാഥ ടാഗോറിനെയും വള്ളത്തോളിനെയുമെല്ലാം വീണ്ടും പഠിക്കണം. കല ജനകീയമാക്കണം എന്ന ചിന്തയിലാണ് ശാന്തിനികേതനും കലാമണ്ഡലവുമെല്ലാം രൂപംകൊണ്ടത്. ഓരോ കാലത്തും കലയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരുന്നു.
കാലം മാറി. അതിനൊത്ത് മാറ്റം സമൂഹത്തിലും ജീവിതത്തിലും ഉണ്ടായി. മാറ്റങ്ങൾ കലാരൂപങ്ങളിലും ഉണ്ടാകും. മാറേണ്ട കാര്യങ്ങൾ മാറുകതന്നെ ചെയ്യും. അത്തരം വേലിക്കെട്ടുകളും മതിലുകളും പൊളിച്ചേ മതിയാകൂ എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.
പ്രതിസന്ധികളെ അതിജീവിക്കാൻ കല എത്രമാത്രം സഹായിച്ചിട്ടുണ്ട് ?
കലതന്നെയാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. വേറെ ഏതെങ്കിലും മേഖലയിലാണെങ്കിൽ ഞാനൊരു മാനസിക രോഗിയായി മാറിയേനേ. ചേട്ടൻ മരിച്ചസമയത്ത് രണ്ടുവർഷത്തോളം എനിക്ക് ക്ലാസെടുക്കാൻപോലും പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ക്ലാസെടുക്കാൻ ചെല്ലുമ്പോൾ എന്തെന്നില്ലാത്ത സങ്കടംവരും, വായിൽനിന്ന് പാട്ടുവരില്ല. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കലയിൽ ആത്മാർഥമായി സമർപ്പിച്ചപ്പോൾ അതിൽനിന്നെല്ലാം പുറത്തുകടക്കാൻ സാധിച്ചു. നൃത്തംചെയ്തും കുട്ടികളെ നൃത്തം പഠിപ്പിച്ചുമൊക്കെ മനസ്സിനെ നവീകരിക്കാൻ സാധിച്ചു.
സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പോഴും ആ താത്പര്യമുണ്ടോ ?
സിനിമ വലിയൊരു പാഷനായിരുന്നില്ല. ഇപ്പോഴാണ് ഞാനതിനെക്കുറിച്ച് ചിന്തിക്കുന്നത്. പിന്നീടെപ്പോഴേ അഭിനയത്തോട് ഇഷ്ടംതോന്നി. കുറച്ച് സിനിമകളിൽ അഭിനയിക്കാൻ പറ്റി. ചേട്ടൻ സമൂഹത്തിനുവേണ്ടി ചെയ്യാൻ ബാക്കിവെച്ച ഒരുപാട് കാര്യങ്ങളുണ്ട്. നൃത്തത്തിലൂടെ അതിൽ ചിലതൊക്കെ ചെയ്യാൻ ഞാനും ശ്രമിക്കുന്നുണ്ട്. നൃത്തത്തിനൊപ്പം സിനിമകൂടി ഉണ്ടെങ്കിൽ സമൂഹത്തിനുവേണ്ടി ചേട്ടൻ ചെയ്തപോലെ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നു.
നിലവിൽ കലാമണ്ഡലം വലിയൊരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ടുണ്ട്. അത് വിട്ടെറിഞ്ഞ് സിനിമയ്ക്ക് പുറകേ ഒരിക്കലും പോകില്ല. എങ്കിലും സമയവും സാഹചര്യവും അനുവദിക്കുമെങ്കിൽ നല്ല കഥാപാത്രങ്ങൾ സിനിമയിൽനിന്ന് വന്നാൽ ചെയ്യാം എന്നാണ് കരുതുന്നത്.
Content Highlights: rlv ramakrishnan interview
Published: 27 Apr 2025, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented