നിവിൻ പോളിയുടെ തിരിച്ചുവരവ് എന്ന നിലയിൽ എല്ലാവരും കാത്തിരുന്ന സിനിമ, അജു വർഗീസും നിവിനും പത്ത് വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം. ഇങ്ങനെയാണ് 'സർവ്വം മായ' പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. അതിൽ സംവിധായകൻ അഖിൽ സത്യൻ ഒളിപ്പിച്ചുവെച്ച ഒരു സർപ്രൈസ് ഉണ്ടായിരുന്നു. ഡെലുലു എന്ന ക്യൂട്ട് പ്രേതം. ഇങ്ങനൊരു പ്രേതം എന്റെയടുത്തു കൂടി വന്നിരുന്നെങ്കിലെന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം ആഗ്രഹിച്ചിട്ടുണ്ടാവും. മലയാളിയുടെ ഹൃദയത്തിൽ കടന്നുകൂടിയ ഡെലുലുവിനെ കയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ചത് റിയാ ഷിബുവെന്ന ഇരുപതുകാരിയാണ്. സിനിമ റിയയ്ക്ക് പുത്തൻ അനുഭവമല്ല. 19-ാം വയസ്സിൽ തന്നെ പ്രൊഡ്യൂസർ എന്ന ടൈറ്റിലിൽ റിയ സിനിമാ ലോകത്തിന് പരിചിതയാണ്. സിനിമാ വിശേഷങ്ങളുമായി റിയ ഗൃഹലക്ഷ്മിക്കൊപ്പം ചേർന്നു.

ഡെലുലുവിനെ പ്രേക്ഷകർ ഏറ്റെടുത്തല്ലോ?

സ്വപ്നതുല്യമായ അനുഭവമാണിത്. ആ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണമെന്നറിയില്ല. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ഇത്രയും പ്രേക്ഷകപ്രീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഡെലുലു എന്നാണ് ഇപ്പോൾ പലരും വിളിക്കുന്നത്. ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ ചിത്രം സ്വീകരിക്കപ്പെട്ടു എന്നതാണ് മറ്റൊരു സന്തോഷം. ഒരു 'സർവ്വംമായ' ഫീലിങ്.

ആദ്യസിനിമാ അനുഭവം?

'കപ്പ്' എന്ന മലയാളസിനിമയിലാണ് ഞാൻ ആദ്യം അഭിനയിച്ചത്. സഞ്ജു വി. സാമുവേൽ സംവിധാനം ചെയ്ത് മാത്യൂ തോമസ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ് എന്നിവരൊക്കെ അഭിനയിച്ച സിനിമയാണത്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന പടം. പ്ലസ്ടുവിൽ പഠിക്കുമ്പോഴായിരുന്നു അത്. എന്നാൽ ഇത്രയും പ്രേക്ഷക ശ്രദ്ധ കിട്ടിയത് 'സർവ്വം മായ'യിലൂടെയാണ്. അഭിനയം കൂടാതെ കുറച്ച് സിനിമകളും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്.

'സർവ്വം മായ' ഇറങ്ങിക്കഴിഞ്ഞ് ലഭിച്ച മനസ്സിൽതട്ടിയ പ്രതികരണം?

മമ്മൂക്ക സത്യൻ സാറിനെ വിളിച്ച് പടം കണ്ടിട്ട് ഇഷ്ടമായെന്നു പറഞ്ഞു. ഞാൻ ആരാധിക്കുന്ന അത്രയും വലിയൊരു നടനിൽ നിന്നുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നു. അതുപോലെ മഞ്ജു ചേച്ചിയും (മഞ്ജു വാര്യർ) മെസേജ് അയച്ചു. അതൊക്കെ ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. തിയേറ്ററിൽ പോയപ്പോൾ ചിലർ സിനിമകണ്ട് കണ്ണൊക്കെ തുടച്ച് കുറെ നേരം എന്നെത്തന്നെ നോക്കി നിന്ന അനുഭവമുണ്ടായി. ഒരാൾ കരയണമെങ്കിൽ അത്രയും ആ കഥാപാത്രം അവരുടെ ഉള്ളിലേക്ക് കയറിയിട്ടുണ്ടാവുമല്ലോ. ചിലർ വന്ന് കെട്ടിപ്പിടിച്ച് ഇനിയും കുറെ പടങ്ങൾ ചെയ്യണമെന്ന് പറഞ്ഞു.

യഥാർഥ റിയ, ഡെലുലുവിനെപ്പോലെയാണോ?

അതെ. ഒരുപാട് സാമ്യങ്ങൾ ഞങ്ങൾ തമ്മിലുണ്ട്. അതുകൊണ്ട് അഭിനയിക്കുമ്പോഴും നല്ല സുഖമായിരുന്നു. ഡെലുലുവിനെപ്പോലെ ഞാനും ഒരുപാട് ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നയാളാണ്. സിനിമ കണ്ടിട്ട് എന്റെ കൂട്ടുകാരും പറഞ്ഞത് കഥാപാത്രം എന്നെപ്പോലെയുണ്ടെന്നാണ്. അവർക്കാണല്ലോ നമ്മളെ നന്നായി അറിയുക. പല സീനുകളിലും ഞാൻ എന്റേതായ പല ആക്ഷൻസും കാണിക്കുമ്പോൾ അത് കഥാപാത്രത്തിനു ചേരുന്നതാണെന്നു തോന്നിയാൽ അഖിൽ ചേട്ടൻ (അഖിൽ സത്യൻ) നന്നായിട്ടുണ്ടെന്നു പറയും. അതുകൊണ്ടാവും അഭിനയത്തിൽ വലിയ അസ്വാഭാവികത വരാഞ്ഞത്.

'സർവ്വം മായ'യിലേക്ക് എത്തുന്നത് എങ്ങനെയാണ്?

എന്റെ ഒരു ഇന്റർവ്യൂ കണ്ടിട്ടാണ് അഖിൽ ചേട്ടൻ വിളിക്കുന്നത്. അത് കണ്ടപ്പോൾ തന്നെ കഥാപാത്രത്തിനു വേണ്ട എനർജി എനിക്കുണ്ടെന്നു തോന്നിയെന്നാണ് ചേട്ടൻ പറഞ്ഞത്.

ഒരുപാട് തമാശകൾ പറയുന്നയാളാണ് അഖിൽ ചേട്ടൻ. ചേട്ടന്റെ കഥപറച്ചിൽ രീതി ആകർഷകമാണ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിപ്പോയാൽ എന്റെ കഥാപാത്രം വിരസമായേനെ. അത് കൃത്യമായി ചെയ്യാൻ സഹായിച്ചത് ചേട്ടന്റെ നിർദേശങ്ങളാണ്. 'Be yourself' എന്നാണ് ചേട്ടൻ പറഞ്ഞത്. അതിനുള്ള സ്വാതന്ത്ര്യവും സെറ്റിൽ ഉണ്ടായിരുന്നു. ചില സീനുകളിൽ ഞാൻ ഒരുപാട് ജെൻസി വാക്കുകൾ ഉപയോഗിച്ചു. അത് ബാലൻസ് ചെയ്തത് അഖിൽ ചേട്ടനാണ്. എന്റെ ആദ്യ ഷോട്ടിനു നാല് ദിവസം മുന്നേ സെറ്റിൽ വന്നിരിക്കാനും എല്ലാവരുടെയും കൂടെ സമയം ചിലവഴിക്കാനും പറഞ്ഞു. അത് കാരണം ഷൂട്ടിന്റെ സമയത്ത് എല്ലാവരെയും ആദ്യമായി കാണുന്ന പരിഭ്രമം ഒഴിവായിക്കിട്ടി.

അന്തിക്കാട് യൂണിവേഴ്സിന്റെ ഭാഗമായപ്പോഴുള്ള അനുഭവം വിവരിക്കാമോ?

ഭാഗ്യമാണത്. പലരും കൊതിക്കുന്ന അവസരമല്ലേ. ശരിക്കും കുടുംബം പോലെയായിരുന്നു ആ സെറ്റ്. ആ സ്നേഹമാണ് സിനിമയിൽ എനർജി ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. നന്നായി അഭിനയിക്കുന്നുണ്ടെന്ന് സത്യൻ സാർ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വീട്ടിലും സത്യൻ സാറും മൂന്ന് മക്കളും നല്ല കൂട്ടാണ്. ആ കണക്ഷൻ പെട്ടെന്ന് മനസ്സിലാവും.

മുതിർന്ന അഭിനേതാക്കൾ ഒരുപാടുള്ള സെറ്റായിരുന്നല്ലോ?

 

നിവിൻ ചേട്ടനും അജു ചേട്ടനും നല്ല കൂട്ടായിരുന്നു. അവർ സ്വന്തം ചേട്ടന്മാരെ പോലെയാണ്. ഒരുപാട് ചിരിപ്പിക്കും. ചിരിച്ചു തുടങ്ങിയാൽ ഞാൻ ടെൻഷൻ മറക്കും. അതാണ് ആ സെറ്റിന്റെ വലിയ ഗുണം. രഘുനാഥ് സാറിനും (രഘുനാഥ് പലേരി) ജനാർദ്ദനൻ സാറിനും പറയാൻ പഴയ കഥകൾ ഒരുപാടുണ്ട്. കേട്ടിരുന്നുപോകും. നിവിൻ ചേട്ടൻ സ്റ്റാറാണെന്നുള്ള ജാഡയൊന്നും കാണിക്കില്ല. എന്റെ ടെൻഷൻ ഞാൻ പറയാതെതന്നെ നിവിൻ ചേട്ടൻമനസ്സിലാക്കും.

 

പാട്ടുസീനിൽ ക്ലാസിക്കൽ ഡാൻസും ഹിപ്ഹോപ്പും അനായാസമായി ചെയ്യുന്നുണ്ടല്ലോ, ഡാൻസ് പഠിച്ചിട്ടുണ്ടോ?

എനിക്ക് ഡാൻസ് ഇഷ്ടമാണ്. എന്നാലും സീനിൽ ചെയ്യുമ്പോൾ പേടിയായിരുന്നു. ഞാൻ ഹിപ്ഹോപ്പ് ചെയ്യും എന്നാൽ ക്ലാസിക്കൽ പഠിച്ചിട്ടില്ല. അതുകൊണ്ട് ആദ്യത്തെ രണ്ടു മൂന്ന് ഷോട്ട് ശരിയായില്ല. ഞാൻ പെട്ടെന്ന് ടെൻഷനായി, എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ആശങ്കയായി. പക്ഷേ കൊറിയോഗ്രാഫറായ ബൃന്ദാ മാസ്റ്റർ നല്ല പിന്തുണ തന്നു. ശരിയായില്ലെങ്കിൽ ആളുകൾ ട്രോളുമോ എന്ന പേടിയായിരുന്നു. അഖിൽ ചേട്ടൻ 'ആളുകൾ ഇത് കോപ്പി ചെയ്യും' എന്നാണ് പറഞ്ഞത്. അതേപോലെ സംഭവിച്ചു. കുട്ടികൾ വരെ ആ പാട്ടിന് ഡാൻസ് ചെയ്യുന്നു, അതിൽ എന്നെ ടാഗ് ചെയ്യുന്നു.

അടുത്ത സിനിമ ഏതാണ്?

'അതിരടി'യാണ് അടുത്തത്. 'സർവ്വംമായ'യുടെ ഷൂട്ട് കഴിഞ്ഞ ഉടനെ ഞാൻ അതിരടിയുടെ ഷൂട്ടിന് കയറി. ബേസിൽ ജോസഫാണ് പ്രധാനകഥാപാത്രം. ബേസിലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നത് രസമാണ്. ഒരുപാട് തമാശകൾ പറയുകയും എന്നാൽ ജോലിയിലേക്ക് വരുമ്പോൾ അത്ര തന്നെ എല്ലാം ശ്രദ്ധിച്ച് ചെയ്യുന്ന ആളുമാണ്.

ഇഷ്ടവിനോദങ്ങൾ എന്തൊക്കെയാണ്?

ചിത്രംവരയും പെയിന്റിങ്ങുമാണ് ഏറ്റവും ഇഷ്ടം. വ്യായാമം ചെയ്യാനും ഇഷ്ടമാണ്. ഉണർവോടെയും ഊർജത്തോടെയും നിൽക്കാനാണത്. യോഗയും ചെയ്യാറുണ്ട്. ഈയിടെയായി വായനയും തുടങ്ങി. ഇപ്പോൾ ഒരുപാട് യാത്രകൾ ചെയ്യേണ്ടി വരുന്നതുകൊണ്ട് എല്ലാമൊന്നും കൃത്യമായി ചെയ്യാനാവാറില്ല. എങ്കിലും ചിത്രംവര മുടക്കാറില്ല. പിന്നെ എഡിറ്റിങ്, ഫോട്ടോഗ്രഫി അങ്ങനെ ഹോബീസ് വേറെയുമുണ്ട്.

ചെറിയ പ്രായത്തിൽ ആണല്ലോ സിനിമാനിർമാണത്തിലേക്ക് വരുന്നത്?

ഫിലിം മേക്കിങ്ങിലും അഭിനയത്തിലുമൊക്കെ പണ്ടുമുതലേ താത്പര്യം ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ പ്രൊഡക്ഷൻ രംഗത്ത് വന്നെങ്കിലും അതൊരു പഠനം പോലെയായിരുന്നു. പപ്പ ഷിബു തമീൻസ് നിർമാതാവാണ്. അതുകൊണ്ട് പണ്ടുമുതലേ അതിനെപ്പറ്റി അറിയാനും മനസ്സിലാക്കാനുമുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഓഫീസിൽ പോയി പപ്പ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കൂടെ ഇരുന്ന് മനസ്സിലാക്കും. അങ്ങനെ പപ്പയുടെ കൂടെ ചില സിനിമകളുടെ ഭാഗമായി. പ്രൊഡക്ഷനെക്കുറിച്ച് കൃത്യമായി പഠിച്ചിട്ട് ഇനി സ്വന്തമായി സിനിമ നിർമിക്കാം എന്നാണ് തീരുമാനം.

ചെന്നൈയിലെയും കേരളത്തിലെയും ജീവിതം എങ്ങനെ ആയിരുന്നു? ഏതാണ് കൂടുതൽ ഇഷ്ടം?

തിരുവനന്തപുരത്താണ് ജനിച്ചതും വളർന്നതും. തിരുവനന്തപുരത്ത് ഒന്നു പുറത്തോട്ടിറങ്ങിയാൽ എല്ലാവരെയും അറിയാം. കോളേജ് കാലഘട്ടത്തിലാണ് മുഴുവനായി ചെന്നൈയിലേക്ക് മാറിയത്. അതിനുമുൻപ് ഇടയ്ക്ക് പോയിവരിക മാത്രമായിരുന്നു. എനിക്ക് അവിടെ ഒരു വർക്ക് മോഡ് ആണ്. എപ്പോഴും ചെന്നൈയിൽ പോകുമ്പോൾ ഒരുപാട് പ്രൊഡക്റ്റീവ് ആകും. കുറേ ബന്ധങ്ങളും കൂട്ടുകാരുമൊക്കെ അവിടെയാണ്. അതുകൊണ്ട് ഒരു സ്ഥലം മാത്രം ഇഷ്ടമാണെന്ന് പറയാൻ പറ്റില്ല.

സിനിമാ രംഗത്തേക്ക് കടന്നുവരാൻ മാതാപിതാക്കളുടെ പിന്തുണ?

എന്റെ ഇഷ്ടങ്ങൾ മനസിലാക്കി പിന്തുണ നൽകുന്നതിൽ അവരെന്നും മുന്നിലായിരുന്നു. ഫോട്ടോ എടുക്കാൻ ഇഷ്ടമാണെന്ന് മനസ്സിലാക്കിയപ്പോൾ പപ്പ ക്യാമറ വാങ്ങിത്തന്നു. കോളേജിൽ ഫൈനൽ പ്രോജക്റ്റിന് എനിക്ക് ഒരു ഷോട്ട് ഫിലിം ചെയ്യാനുണ്ടായിരുന്നു. അതു നിർമിക്കാൻ സഹായിച്ചത് പപ്പയാണ്. ഉമ്മ മുംതാസിന്റെ ഉപദേശങ്ങൾ ജീവിതത്തിൽ ഗുണം ചെയ്തിട്ടുണ്ട്. സിനിമയ്ക്കു കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ പഠനത്തിനും നൽകണമെന്നു പറഞ്ഞതും കോളേജ് വരെ കൃത്യമായി പഠനം തുടരാൻ ഉപദേശിച്ചതും ഉമ്മയാണ്. ഉമ്മ എനിക്ക് ആത്മവിശ്വാസവും ആശ്വാസവുമാണ്.

സിനിമയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സിനിമയുമായി ബന്ധമുള്ള കുടുംബമായതിനാൽ വലിയ വ്യത്യാസം ഒന്നും അനുഭവപ്പെട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi