
''മേരിയേ, ആ ചെറ്യേ സ്‌ക്രൂ ഡ്രൈവര്‍ ഇങ്ങോട്ടെടുത്തേ...'', സ്റ്റാര്‍ട്ടിങ് ട്രബിളുകാരനായ മോട്ടോര്‍സൈക്കിളിന്റെ ഹൃദയവാല്‍വ് തുറക്കുംമുന്‍പേ, ബിന്‍സി ജിജോ നീട്ടിവിളിച്ചു. ബിന്‍സിയുദ്ദേശിച്ച സ്‌ക്രൂ ഡ്രൈവര്‍ എടുത്തുകൊടുക്കുമ്പോള്‍ മേരി ചിരിയോടെ പറഞ്ഞു: ''ഇപ്പ ശരിയാക്കിത്തരാം.''
ടൂള്‍സെടുത്ത് മേരി ബൈപ്പാസ് സര്‍ജറി നടത്തിയതും വണ്ടി കിതപ്പുമാറ്റി കുതിക്കാന്‍ റെഡിയായി. മേരിയും ബിന്‍സിയും ബിന്റുവും അടുത്ത വാഹനത്തെ ഓപ്പറേഷന്‍ ടേബിളില്‍ കിടത്തി.
സ്ത്രീകള്‍ പൊതുവേ മടിച്ചുനില്‍ക്കുന്ന ഓട്ടോമൊബൈല്‍ റിപ്പയറിങ് മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് കാസര്‍കോട് ഭീമനടിയിലെ മൂന്ന് സ്ത്രീകള്‍. വിവാഹശേഷം വീടിന്റെ ഇത്തിരിവട്ടത്തിനുള്ളില്‍ ഒതുങ്ങിപ്പോയ ജീവിതത്തെ വിശാലമായൊരു തുറസ്സിലേക്ക് പറിച്ചുനട്ട കഥ കൂടിയാണ് ഇവരുടേത്. 'സിഗ്‌നോറ' എന്ന ടൂ വീലര്‍ വര്‍ക്ഷോപ്പ് സംരംഭത്തിലൂടെ നേട്ടങ്ങളുടെ വഴിയിലാണ് ഈ പെണ്‍സംഘം. ആത്മവിശ്വാസം കൈമുതലാക്കാന്‍ സാധിച്ചാല്‍ ഒരു ജോലിയും സ്ത്രീക്ക് അപ്രാപ്യമല്ലെന്ന് ഇവര്‍ തെളിയിക്കുന്നു.
ജോബ് കഫേ വിളിച്ചപ്പോള്‍...
സ്ത്രീകളെ ഒറ്റയ്‌ക്കോ കൂട്ടായോ സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കുന്ന തൊഴില്‍ പരിശീലനത്തെക്കുറിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആലോചിക്കുന്ന കാലം. വീടിനുള്ളില്‍ നിത്യജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളിലായിരുന്നു അന്ന് ബിന്‍സിയും ബിന്റുവും മേരിയും. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ക്കപ്പുറം അഭിമാനത്തോടെ സമൂഹത്തിന് മുന്നില്‍ നില്‍ക്കാന്‍ ഒരു ജോലി അവര്‍ സ്വപ്‌നംകാണുന്നുണ്ടായിരുന്നു.
കുടുംബശ്രീസംരംഭങ്ങളുടെ പരിശീലനവും മേല്‍നോട്ടവും നിര്‍വഹിക്കുന്ന ജോബ് കഫേയുടെ നിര്‍ദേശപ്രകാരം ടൂ വീലര്‍ റിപ്പയറിങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍പരിശീലന കോഴ്സ് ആസൂത്രണംചെയ്തു. ആ പരിശീലനപദ്ധതിയാണ് മൂന്ന് സ്ത്രീകളുടെ ജീവിതത്തിന് പുതുവെളിച്ചം നല്‍കിയത്.
ആ കഥ ബിന്റു പറഞ്ഞുതുടങ്ങി: ''ഓട്ടോമൊബൈല്‍ മെക്കാനിക് മേഖലയില്‍ ഒരു മുന്‍പരിചയവുമില്ലാത്തവരായിരുന്നു ഞങ്ങള്‍ മൂന്നുപേരും. വ്യത്യസ്തമായ ഒരു സംരംഭം തുടങ്ങണമെന്നും വരുമാനമാര്‍ഗം കണ്ടെത്തണമെന്നുമുള്ള ചിന്തയിലായിരുന്നു. കുടുംബശ്രീയുടെ ഭാഗമായി പല പദ്ധതികളും മുന്‍പും വന്നിട്ടുണ്ടെങ്കിലും അവയൊന്നിലും പുതുമ തോന്നിയില്ല. എന്നാല്‍, ടൂ വീലര്‍ മെക്കാനിക് കോഴ്സെന്ന് കേട്ടപ്പോള്‍ വ്യത്യസ്തത തോന്നി. സാധാരണനിലയില്‍ സ്ത്രീകള്‍ അധികം താത്പര്യം കാണിക്കാത്ത തൊഴില്‍മേഖലയാണ് ഓട്ടോമൊബൈല്‍ റിപ്പയറിങ്. അത്തരമൊരു തൊഴില്‍ പഠിച്ച് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍, വിജയസാധ്യതയുണ്ടെന്ന് തോന്നി. അങ്ങനെയാണ് കോഴ്സിനപേക്ഷിച്ചത്. പരിശീലനത്തിന് പോകുമ്പോള്‍ സംരംഭം എന്ന സ്വപ്‌നമൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. പുതിയൊരു തൊഴില്‍ പഠിക്കുക. അതുവഴി സ്വന്തം വീട്ടിലെ വാഹനമെങ്കിലും നന്നാക്കാന്‍ സാധിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം.''
ഏഴ് പഞ്ചായത്തും ഇരുപത് പേരും
പതിനെട്ടിനും നാല്പത്തഞ്ചിനുമിടയിലുള്ള സ്ത്രീകളെയാണ് കോഴ്സിലേക്ക് കുടുംബശ്രീ ക്ഷണിച്ചത്. പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളെയാണ് പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തത്. എന്നാല്‍, നാല് പഞ്ചായത്തുകള്‍ താത്പര്യം കാണിക്കാതെ മടിച്ചുനിന്നു. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍, കരിന്തളം പഞ്ചായത്തുകളില്‍നിന്നായി താത്പര്യമുള്ള ഇരുപത്തിമൂന്ന് സ്ത്രീകള്‍ പരിശീലനത്തിന് മുന്നോട്ടുവന്നു. ഇവര്‍ക്ക് ഒരുമാസം നീളുന്ന വിദഗ്ധപരിശീലനം നല്‍കി.
പരിശീലനത്തെക്കുറിച്ചും തുടര്‍ന്നുള്ള സംരംഭത്തിന്റെ പിറവിയെക്കുറിച്ചും ബിന്‍സി സംസാരിച്ചു: ''കോഴ്സ് പൂര്‍ത്തിയാകാറായപ്പോള്‍ ഒറ്റയ്‌ക്കോ കൂട്ടായോ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സഹായമെല്ലാം കുടുംബശ്രീ നല്‍കുമെന്ന് പറഞ്ഞു. അപ്പോഴാണ് ഒരു കൂട്ടായ്മയുണ്ടാക്കി എന്തെങ്കിലും പദ്ധതിയാലോചിച്ചാലോ എന്നൊരു തോന്നലുണ്ടായത്. അങ്ങനെ, സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവരെയും ഒരേ പ്രദേശത്ത് താമസിക്കുന്നവരെയും കണ്ടെത്തി ഗ്രൂപ്പുണ്ടാക്കി. ശേഷമാണ് 'സിഗ്‌നോറ' എന്ന പേരില്‍ സ്ഥാപനമാരംഭിച്ചത്. 'സിഗ്‌നോറ' എന്നതൊരു ലാറ്റിന്‍ വാക്കാണ്. 'വിവാഹിതയായ സ്ത്രീ'യെന്നാണ് വാക്കിന്റെ അര്‍ഥം. ഞങ്ങള്‍തന്നെയാണ് ആ പേര് കണ്ടുപിടിച്ചത്. വീട്ടിലുള്ളവരുടെ പിന്തുണയാണ് ഞങ്ങളെ ഇത്തരമൊരു സംരംഭത്തിലേക്കെത്തിച്ചത്. കോഴ്സ് പഠിക്കാന്‍ പോയപ്പോഴും തുടര്‍ന്ന് ഇത്തരമൊരു സ്ഥാപനത്തെക്കുറിച്ച് പറഞ്ഞപ്പോഴും അവരാരും പിന്തിരിപ്പിക്കാന്‍ നോക്കിയില്ല. കൂടെത്തന്നെ നിന്നു.''
ഒന്നും എളുപ്പമല്ല
വാഹനസര്‍വീസിങ് മേഖല സ്ത്രീകള്‍ക്ക് വഴങ്ങുമോ എന്ന ആശങ്ക തുടക്കത്തില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ ആ ആശങ്കയെ ആത്മവിശ്വാസം കൊണ്ട് അവര്‍ ഒറ്റക്കെട്ടായി മറികടന്നു.
''ഞങ്ങള്‍ വര്‍ക്ഷോപ്പ് തുടങ്ങി. ഭീമനടി-കാലിക്കടവ് പാതയില്‍ വേറെയും സ്വകാര്യ വര്‍ക്ഷോപ്പുകളുണ്ട്. അവര്‍ ഞങ്ങളുടെ സംരംഭത്തെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍, നാട്ടുകാരും വീട്ടുകാരും നല്ല പിന്തുണ നല്‍കി. ആദ്യനാളുകളില്‍ സ്ത്രീകള്‍ റിപ്പയര്‍ ചെയ്താല്‍ അത് നേരെയാകുമോ എന്ന മുന്‍ധാരണവെച്ച് പലരും ഞങ്ങളുടെ അടുത്തേക്ക് വന്നില്ല. എന്നാല്‍, ഞങ്ങളെ തേടിയെത്തിയവര്‍ക്ക് നല്ല സര്‍വീസ് നല്‍കിയതോടെ, മെല്ലെ ഇരുചക്രവാഹനങ്ങള്‍ 'സിഗ്‌നോറ'യിലേക്ക് വന്നുതുടങ്ങി. വാഹനത്തിന് ഏതുരീതിയിലുള്ള പ്രശ്‌നമാണെങ്കിലും അത് പരിഹരിച്ചുകൊടുക്കാമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. തുടക്കക്കാരായതിനാല്‍ സഹായത്തിന് ശരത്ത് എന്നൊരു ഓട്ടോമൊബൈല്‍ മെക്കാനിക്കുകൂടി കൂടെയുണ്ട്.
വിജയം എളുപ്പത്തില്‍ കൈപ്പിടിയില്‍ ആക്കാവുന്ന തൊഴില്‍മേഖലയല്ല ഇതെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ട്. നാളെത്തന്നെ ഇതില്‍നിന്ന് ലാഭം കിട്ടി ജീവിക്കാമെന്ന് പ്രതീക്ഷിക്കുന്നുമില്ല. നിലവില്‍ കിട്ടുന്ന വരുമാനം സഹായിയായ ശരത്തിന് ശമ്പളം നല്‍കാനും വാടക നല്‍കാനും വായ്പയടയ്ക്കാനുമൊക്കെമാത്രമേ, തികയുന്നുള്ളൂ. ഇനിയും ഒരുപാട് അത്യാധുനിക ഉപകരണങ്ങള്‍ സര്‍വീസ് സെന്ററിലേക്ക് വാങ്ങാനുണ്ട്. അതിനും പണമാവശ്യമാണ്. ഞങ്ങള്‍ ഓരോ ദിവസവും ഓരോ വാഹനത്തെക്കുറിച്ചും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. സ്ഥാപനം മെല്ലെ ഞങ്ങള്‍ മൂന്നുപേര്‍ക്കും സാമ്പത്തികപിന്തുണ നല്‍കുന്ന രീതിയിലേക്ക് വളരുമെന്നാണ് പ്രതീക്ഷ.''
ദൂരമുണ്ട് താണ്ടാന്‍
കുടുംബശ്രീയുടെ മിഷന്‍ 'റീബില്‍ഡ് കേരള'യുടെ സഹായത്തോടെയാണ് വര്‍ക്ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. സ്ത്രീകള്‍ നടത്തുന്ന ആദ്യത്തെ ഇരുചക്രവാഹന അറ്റകുറ്റപ്പണികേന്ദ്രമാണിതെന്ന് അധികൃതര്‍ പറയുന്നു. ഇത്തരമൊരു പരിശീലനത്തോട് തുടക്കത്തില്‍ മുഖംതിരിച്ച പ്രദേശവാസികളായ പല സ്ത്രീകളും ഇപ്പോള്‍ താത്പര്യം പ്രകടിപ്പിച്ച് ഈ സംരംഭകരുടെ അടുത്തേക്കെത്തുന്നുണ്ട്. തങ്ങളുടെ സംരംഭം വിജയകരമായിക്കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് ടൂ വീലര്‍ റിപ്പയറിങ്ങില്‍ പരിശീലനം നല്‍കണമെന്ന സ്വപ്‌നവുമുണ്ടെന്ന് മേരി പറഞ്ഞു.
''ആറുമാസമായി സ്ഥാപനം തുടങ്ങിയിട്ട്. ഇങ്ങനെയൊരു യൂണിഫോമൊക്കെയിട്ട് ജോലിചെയ്യുമ്പോള്‍ നല്ല ആത്മവിശ്വാസവും അഭിമാനവും തോന്നുന്നുണ്ട്. ടെക്നോളജി ഓരോ ദിവസവും മാറുന്നതിനാല്‍, കുറച്ചധികം കാര്യങ്ങള്‍കൂടി പഠിച്ചെടുക്കാനുണ്ട്. ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും അവര്‍ക്കും റിപ്പയറിങ് പഠിപ്പിച്ചുകൊടുക്കുമോ എന്ന് ചോദിച്ചുവരുന്നു. അതൊരു പ്രചോദനമായി ഞങ്ങള്‍ കാണുന്നു. താത്പര്യമുള്ളവര്‍ക്ക് പറ്റുന്ന രീതിയില്‍ പരിശീലനം നല്‍കണമെന്നാഗ്രഹമുണ്ട്. വലിയൊരു സ്ഥാപനമാക്കി ഇതിനെ മാറ്റണം. കുടുംബശ്രീയും പഞ്ചായത്തുമെല്ലാം അതിനുള്ള സഹായം നല്‍കുമെന്നാണ് കരുതുന്നത്.''
Content Highlights: Kerala's first all-women two wheeler workshop
Published: 18 Jun 2024, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented