1912 സെപ്റ്റംബര്‍ 21-ന് ബെര്‍ലിനിലെ സര്‍ക്കസ് ബുഷില്‍ ആയിരക്കണക്കിന് മനുഷ്യര്‍ ശ്വാസമടക്കിപ്പിടിച്ച് നിന്നു. അവരുടെ കണ്മുന്നിലതാ... വെള്ളം നിറഞ്ഞ് കവിയാറായ, ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മ്മിച്ച ഒരു ടാങ്ക്. ആ ടാങ്കിലെ വെള്ളത്തിലേക്ക് കയ്യും കാലും കെട്ടിയ ഒരാളെ തലകീഴായി മുക്കി. ടാങ്ക് അടയ്ക്കുകയും ചെയ്തു. സെക്കന്‍ഡുകള്‍ ഇഴഞ്ഞുനീങ്ങി. അയാളെങ്ങനെ രക്ഷപ്പെടും ? എല്ലാവരും സ്തബ്ധരായി നിന്നു. ഇങ്ങനെയൊരു കാഴ്ച ഇതിനുന്‍പ് ആരും കണ്ടിട്ടില്ല. ഹാരി ഹൂഡിനി എന്ന മജീഷ്യന്റെ ഏറ്റവും പ്രശസ്തവും ഭയാനകവുമായ ട്രിക്ക് ആയിരുന്നു അത്. വാട്ടര്‍ ടോര്‍ച്ചര്‍ സെല്‍ എന്ന അപ്സൈഡ് ഡൗണ്‍ (USD).
10,000 ഡോളര്‍ ചെലവില്‍ പ്രത്യേകം നിര്‍മ്മിച്ച ഈ സെല്ലിന് 7,000 പൗണ്ട് ഭാരവും 250 ഗാലന്‍ വെള്ളം കൊള്ളാനുള്ള ശേഷിയുമുണ്ടായിരുന്നു. ഓരോ പ്രകടനത്തിനും മുമ്പ്, ഹൂഡിനി ടാങ്കിനെക്കുറിച്ച് വിശദമായി വിവരിക്കും. രഹസ്യ വാതിലുകളൊന്നും ഇല്ലെന്ന് തെളിയിക്കാന്‍ വേദിയില്‍ എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാന്‍ കാഴ്ചക്കാരില്‍ ഒരാളെ അനുവദിക്കുമായിരുന്നു. ഹൂഡിനി നീന്തല്‍ വേഷത്തിലേക്ക് മാറുമ്പോള്‍ ടാങ്കില്‍ ചൂടുവെള്ളം നിറയ്ക്കും. തുടര്‍ന്ന് അദ്ദേഹത്തെ കൈകാലുകള്‍ കെട്ടി, തലകീഴായി ടാങ്കിലെ വെള്ളത്തിലേക്ക് താഴ്ത്തും. ഓര്‍ക്കസ്ട്ര ഉദ്വേഗഭരിതമായ സംഗീതം വായിക്കുന്നതിനിടെ ടാങ്ക് കര്‍ട്ടനുകള്‍ കൊണ്ട് മൂടും. ആശങ്കയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ പൂട്ടുകള്‍ തുറന്ന് ഹൂഡിനി പ്രത്യക്ഷപ്പെടും. പൂട്ടുകള്‍ക്ക് കേടുപാടൊന്നും സംഭവിച്ചിട്ടുമുണ്ടാകില്ല. ഇതാണ് വാട്ടര്‍ ടോര്‍ച്ചര്‍ സെല്‍.
1874 മാര്‍ച്ച് 24-ന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ എറിക് വെയ്‌സ് എന്ന പേരിലായിരുന്നു ഹാരി ഹൂഡിനിയുടെ ജനനം. 1878-ല്‍ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. ആദ്യം വിസ്‌കോണ്‍സിനിലെ ആപ്പിള്‍ട്ടണില്‍ താമസമാക്കിയ കുടുംബം പിന്നീട് ന്യൂയോര്‍ക്കിലേക്ക് താമസം മാറി. ഒന്‍പതാം വയസ്സില്‍ 'എറിക്, ദി പ്രിന്‍സ് ഓഫ് ദി എയര്‍' എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു ട്രപ്പീസ് കലാകാരനായിട്ടാണ് ഹൂഡിനി അരങ്ങേറ്റം കുറിക്കുന്നത്.
1891-ല്‍, ഫ്രഞ്ച് മാന്ത്രികനായ ജീന്‍-യൂജിന്‍ റോബര്‍ട്ട്-ഹൂഡിന്റെ ആത്മകഥ വായിച്ചതിന് ശേഷം 'ഹൂഡിനി' എന്ന സ്റ്റേജ് നാമം സ്വീകരിച്ച് അദ്ദേഹം തന്റെ മാന്ത്രിക ജീവിതം ആരംഭിച്ചു. തുടക്കത്തില്‍, 'കിംഗ് ഓഫ് കാര്‍ഡ്സ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1899-ല്‍ കൈവിലങ്ങുകളില്‍ നിന്ന് രക്ഷപ്പെടുന്ന പ്രകടനം അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. അതോടെ 'ഹാന്‍ഡ്കഫ് കിംഗ്' എന്നായി വിളിപ്പേര്.
പൂട്ടിയതും വെള്ളം നിറച്ചതുമായ ഒരു പാല്‍പ്പാത്രം, ആണിയടിച്ച പെട്ടികള്‍, ബിയര്‍ വീപ്പകള്‍, നനഞ്ഞ ഷീറ്റുകള്‍, കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ് എന്നിങ്ങനെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന ഹൂഡിനിയുടെ എസ്‌കേപ്പ് ഷോകള്‍ വളരെപ്പെട്ടെന്ന് ലോകശ്രദ്ധ നേടി. കൈകാലുകള്‍ ബന്ധിക്കപ്പെട്ട ഹൂഡിനി സ്വതന്ത്രനായി, സുരക്ഷിതനായി രക്ഷപ്പെടുന്നത് കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുമായിരുന്നു. ഇത് കൂടുതല്‍ അപകടകരവും തനതായതുമായ പ്രകടനങ്ങള്‍ വികസിപ്പിക്കാന്‍ ഹൂഡിനിയെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം വാട്ടര്‍ സെല്‍ ടോര്‍ച്ചര്‍ മാജിക്ക് ഷോ തുടങ്ങുന്നത്. വാട്ടര്‍ ടോര്‍ച്ചര്‍ സെല്‍ ഹൂഡിനിയുടെ കരിയര്‍ മാറ്റി. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ പ്രധാന ഇനമായി അത് തുടര്‍ന്നു. ഹൂഡിനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് വാട്ടര്‍ സെല്ലിലാണെന്ന് പോലും കെട്ടുകഥകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റ് ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം മരണമടഞ്ഞത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the incredible story of Harry Houdini`s iconic Water Torture Cell. Learn about this dangerous illusion and the magician`s daring escape artistry.
Published: 26 Nov 2025, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented