ദുരിതത്തിലൂടെ കടന്നുവന്ന് വിജയം കൈപ്പിടിയിലാക്കിയ കഥയാണ് ഡല്‍ഹിയിലെ ചന്ദ്രിക ദീക്ഷിത്തിന്റേത്. ഇന്ന് ആ പേരിനേക്കാള്‍ അവര്‍ അറിയപ്പെടുന്നത് 'വടാപാവ് ഗേള്‍' എന്നാണ്. ഡല്‍ഹിയിലെ സൈനിക് വിഹാറിലാണ് അവരുടെ വടാപാവ് സ്റ്റാളുള്ളത്. അവിടെയെത്തുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല, അത്രയും രുചികരമായ വടാപാവ് ആണ് കിട്ടുന്നത്. 

മുമ്പ് ഹല്‍ദിറാമില്‍ ജോലി ചെയ്തിരുന്ന അവര്‍ മകന് സുഖമില്ലാതായപ്പോഴാണ് ആ ജോലി വിടുന്നത്. ജീവിക്കാനായാണ് വടാപാവ് സ്റ്റാള്‍ തുടങ്ങുന്നതും. അമിത് ജിന്‍ഡാല്‍ എന്ന ഫുഡ് വ്‌ളോഗര്‍ ചന്ദ്രികയെക്കുറിച്ച് വീഡിയോ തയ്യാറാക്കിയതോടെയാണ് അവര്‍ പ്രശസ്തയാവുന്നത്. വടാപാവ് ഗേള്‍ എന്ന് സ്‌നേഹത്തോടെ ആളുകള്‍ വിളിക്കാന്‍ തുടങ്ങി. പല മിനിസ്‌ക്രീന്‍ താരങ്ങളും അവരുടെ സ്റ്റാളിലെത്തി. സ്റ്റാള്‍ വിജയകരമായതോടെ, ഡല്‍ഹിയില്‍ വടാപാവ് വില്‍ക്കാന്‍ മാത്രമായി ചന്ദ്രിക ഒരു കഫേ തുടങ്ങുകയും ചെയ്തു.

ആ പ്രശസ്തി അവരെ എത്തിച്ചത് ബിഗ് ബോസ് ഒ.ടി.ടി.യിലാണ്. മുംബൈ രുചിയിലുള്ള വടാപാവാണ് ഇവിടത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ നിന്നുതിരിയാന്‍ പറ്റാത്തത്ര തിരക്കാണ് ഈ സ്റ്റാളില്‍. ദിവസവും 40,000 രൂപയെങ്കിലും സ്റ്റാളില്‍നിന്ന് ലഭിക്കുമെന്നാണ് ബിഗ് ബോസിലെ സഹമത്സരാര്‍ഥികളോട് ചന്ദ്രിക ഒരിക്കല്‍ പറഞ്ഞത്. 

ദുരിതകാലത്തിലൂടെ
ചന്ദ്രികയ്ക്ക് ആറുമാസമുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അക്കാലത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞതിങ്ങനെ. ''അമ്മയെ ഞാന്‍ കണ്ടിട്ടില്ല. അമ്മ മരിച്ചതോടെ അച്ഛന്‍ സ്ഥിരമായി മദ്യപിക്കാന്‍ തുടങ്ങി. അതിനുശേഷം നാലോ അഞ്ചോ വിവാഹങ്ങളും കഴിച്ചു. ആ വീട്ടില്‍ ആരുടെയും സ്‌നേഹം കിട്ടാതെയാണ് ഞാന്‍ വളര്‍ന്നത്. വിവാഹബന്ധങ്ങളെല്ലാം പരാജയമായപ്പോള്‍, അച്ഛന്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എന്നെ ബന്ധുക്കളുടെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് പോയത്. ബന്ധുക്കളുടെ വീട്ടില്‍ വളരെ മോശമായിട്ടായിരുന്നു എന്നെ കണ്ടിരുന്നത്. അവരെല്ലാം കഴിച്ചിട്ട് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ മാത്രമേ എനിക്ക് കിട്ടുമായിരുന്നുള്ളൂ. അല്ലെങ്കില്‍ പട്ടിണി. ഇങ്ങനെയായിരുന്നു ആ നാളുകള്‍. ഇങ്ങനെത്തന്നെയായിരിക്കും ജീവിതമെന്നാണ് കരുതിയത്. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അമ്മയുടെ അമ്മ എന്റെ കഷ്ടപ്പാടുകളെല്ലാം അറിയുന്നത്. അവരെന്നെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും ദാരിദ്ര്യമുണ്ടെങ്കിലും, സ്‌നേഹത്തിന് കുറവൊന്നുമില്ലായിരുന്നു'', ചന്ദ്രിക ബിഗ് ബോസില്‍ തന്റെ ദുരിതകാലം വിവരിച്ചു.

അച്ഛനെ പിന്നീട് കണ്ടോ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കിയതിങ്ങനെ, ''എനിക്ക് ആവശ്യമുള്ളപ്പോഴൊന്നും അച്ഛന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം അങ്ങനൊരാളില്ല''.