സൂപ്പര്‍മോഡലായിട്ടാണ് ബര്‍ഖ മദന്‍ ആദ്യം അറിയപ്പെട്ടത്. 1994-ല്‍ ഫെമിന മിസ് ഇന്ത്യയില്‍ അവരും ഭാഗമായി. സുസ്മിത സെന്‍, ഐശ്വര്യ റായ്, ശ്വേത മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്ത അതേ മത്സരത്തിലാണ് ബര്‍ഖയും ഉള്‍പ്പെട്ടത്. അതില്‍ മിസ് ടൂറിസം ഇന്ത്യ വിഭാഗത്തില്‍ വിജയിച്ച ബര്‍ഖ, മിസ് ടൂറിസം ഇന്റര്‍നാഷണല്‍ മത്സരത്തിലും പങ്കെടുത്തു. അവിടെ മൂന്നാം റണ്ണര്‍ അപ്പ് ആയിരുന്നു അവര്‍. സ്വാഭാവികമായും രണ്ടുവര്‍ഷത്തിനുള്ളില്‍ ബോളിവുഡിലുമെത്തി. അക്ഷയ് കുമാറിന്റെ 'ഖിലാഡിയോം കാ ഖിലാഡി' എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. 

അതിനുശേഷം ഒട്ടേറെ അവസരങ്ങള്‍ തിരഞ്ഞെത്തി. പലതും കാമ്പില്ലാത്ത കഥാപാത്രങ്ങള്‍ ആണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. അതൊക്കെ ബര്‍ഖ ഒഴിവാക്കുകയും ചെയ്തു. ഗ്ലാമറില്‍ മുങ്ങിയ, പാവയെ പോലുള്ള റോളുകളാണ് അന്ന് അധികവും തന്നെ തേടിയെത്തിയതെന്നാണ് പിന്നീട് ബര്‍ഖ പറഞ്ഞത്. 

രാം ഗോപാല്‍ വര്‍മയുടെ 'ഭൂത്' എന്ന സിനിമയില്‍ പ്രേതമായി അഭിനയിച്ചത് ബര്‍ഖയാണ്. അതിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. ഹിന്ദി സിനിമയിലും പഞ്ചാബി സിനിമയിലും അവര്‍ ഒരുപോലെ സാന്നിധ്യമറിയിച്ചു. 

അധികം വൈകാതെ സ്വന്തമായി നിര്‍മാണ-വിതരണക്കമ്പനിയും അവര്‍ തുടങ്ങി. രണ്ടുസിനിമകള്‍ നിര്‍മിക്കുകയും ചെയ്തു. സോച്ച് ലോ, സുര്‍ഖാബ് എന്ന ആ പടങ്ങള്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 'സുര്‍ഖാബി'ന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബര്‍ഖ  ആ തീരുമാനമെടുക്കുന്നത്, ഒരു ബുദ്ധസന്ന്യാസിയാവാന്‍ പോകുന്നു. തന്റെ പുതിയ ആത്മീയയാത്രയുടെ തുടക്കത്തില്‍ തന്നെ അവര്‍ പേരും മാറ്റി,  ഗ്യാല്‍ട്ടന്‍ സാംടെന്‍. ബുദ്ധമതവും ദലൈ ലാമയുടെ ആശയങ്ങളും അവരെ ഒരുപാട് ആകര്‍ഷിച്ചു. അങ്ങനെയാണ് സന്ന്യാസി എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തുന്നതും. സിനിമയുടെ ഗ്ലാമറില്‍ മുങ്ങുമ്പോഴും തന്റെ മനസ്സില്‍ എന്തോ അപൂര്‍ണതയുണ്ടായിരുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നതും അപ്പോള്‍ തന്നെയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്. 
 
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിക്കിമിലെ ഒരു ബുദ്ധ മൊണാസ്ട്രി സന്ദര്‍ശിച്ചിരുന്നു. അന്നാണ് അവരെക്കുറിച്ച് അറിയുന്നത്. ബോളിവുഡിലെത്തി കുറേനാള്‍ കഴിഞ്ഞപ്പോള്‍, വീണ്ടും അവിടെ പോയി. ബുദ്ധമതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയത് ആ യാത്രയ്ക്കുശേഷമാണ്. 

സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്നെല്ലാമകന്ന് ഇപ്പോള്‍ ടിബറ്റിലെ ആശ്രമത്തിലാണ് ബര്‍ഖ. തലമുണ്ഡനം ചെയ്ത്, കാഷായവസ്ത്രം ധരിച്ച് മറ്റൊരു ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നു അവര്‍.