ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യൻ ഖാനെതിരേ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണം നടക്കുകയാണ്. ബെംഗളൂരുവിൽ ആൾക്കൂട്ടത്തിനുനേരെ നടുവിരൽ ഉയർത്തിയതാണ് വിവാദമായത്. നവംബർ 28-ന്, തന്റെ ബ്രാൻഡിന്റെ ഒരു പരിപാടിക്കായി ആര്യൻ ഖാൻ ബെംഗളൂരുവിലെത്തിയിരുന്നു. ഇതിനിടെ, ആരാധകരെയും ഫോട്ടോഗ്രാഫർമാരെയും അഭിവാദ്യം ചെയ്യാൻ റസ്റ്റോറന്റ് ബാൽക്കണിയിലെത്തിയ ആര്യൻ ജനക്കൂട്ടത്തെ നോക്കി നടുവിരൽ ഉയർത്തി. ശേഷം ചിരിച്ചുകൊണ്ട് ആളുകൾക്കുനേരെ കൈവീശി. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും ചെയ്തു.

ആര്യന്റെ പ്രവൃത്തി അശ്ലീലവും കളിയാക്കലുമാണെന്ന് ഒരുകൂട്ടമാളുകൾ വിമർശിച്ചു. ബംഗളൂരു പോലീസ് നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ഒരു അഭിഭാഷകൻ ആര്യനെതിരേ ഒരു പരാതി നൽകിയിട്ടുമുണ്ട്. അവിടെയുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ളവരെ അപമാനിക്കുകയും പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നതായിരുന്നു ആര്യന്റെ പ്രവർത്തിയെന്ന് പരാതിയിൽ പറയുന്നു.

കർണാടക പോലീസ് എന്തുകൊണ്ട് ഈ വിഷയം ഇതുവരെ പരിഗണിച്ചില്ലെന്ന് ചിലർ ചോദ്യം ചെയ്തപ്പോൾ, ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടുള്ള പരിഗണനയാണ് നിശ്ശബ്ദതയ്ക്കു പിന്നിലെന്ന് ചിലർ ആരോപിച്ചു. ദൃശ്യങ്ങളിൽ അദ്ദേഹം ആരെയും പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നില്ലെന്നും തമാശയായി സംസാരിക്കുകയും വിരലുകൾ കാണിച്ചതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

അശോകനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പബ്ബിലാണ് സംഭവം നടന്നത്. ആര്യന്റെ സുഹൃത്തുക്കളും ആ സമയം ഒപ്പമുണ്ടായിരുന്നു.

നെറ്റ്ഫ്ലിക്സ് സീരീസായ 'ദി ബാ..ഡ്സ് ഓഫ് ബോളിവുഡി'ലൂടെയാണ് ആര്യൻ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലക്ഷ്യ, ബോബി ഡിയോൾ, രാഘവ് ജുയാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആര്യൻ ഖാൻ ഐഎംഡിബിയുടെ ഏറ്റവും പ്രചാരമുള്ള പത്തു സംവിധായകരുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi