'ആവേശം' സിനിമയിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന ഗാനമാണ് ഇല്യുമിനാറ്റി. കൊച്ചുകുട്ടികള്‍ക്കിടയില്‍ ഇത്രയും ചലനമുണ്ടാക്കിയ മറ്റൊരു മലയാള സിനിമാപ്പാട്ട് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.
നാടിന്‍ നന്മകനെ
പൊന്മകനെ മുത്തായവനെ
മിന്നും സൂരിയനും
ചന്ദിരനും ഒന്നായവനെ
............
ഇല്യുമിനാറ്റി ഇല്യുമിനാറ്റി...
ഇതിനുമുന്‍പ് മലയാളി വട്ടമിട്ടിരുന്ന് ഇല്യുമിനാറ്റിയെപ്പറ്റി ചര്‍ച്ച ചെയ്തത് 'ലൂസിഫര്‍' സിനിമ ഇറങ്ങിയപ്പോഴാണ്. നടന്‍ പൃഥ്വിരാജ് ഇല്യുമിനാറ്റി ആണെന്നായിരുന്നു അന്നത്തെ കഥ. കേട്ടവര്‍ കേട്ടവര്‍ കഥയ്ക്ക് അറ്റവും മുറിയും സൃഷ്ടിച്ചു. അപ്പോഴും ഇല്യുമിനാറ്റി എന്തെന്ന് മിക്കവര്‍ക്കും വ്യക്തമായില്ല.
''ഏറെക്കാലം മുന്‍പ് ഇല്ലാതായെങ്കിലും പോപ്പ് കള്‍ച്ചറില്‍ ഇപ്പോഴും ഇല്യുമിനാറ്റി ബിംബങ്ങള്‍ കടന്നുവരുന്നു. ലൂസിഫറിലും അതുകാണാം,'' എന്നൊരു ആരാധകന്‍ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. ''വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇല്ലാതായെന്നോ? നിങ്ങള്‍ക്ക് ഉറപ്പാണോ'', എന്ന ചോദ്യം ഇല്യുമിനാറ്റി സിംബല്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒറ്റക്കണ്ണ് ഇമോജിക്കൊപ്പം പൃഥ്വിരാജ് എക്സില്‍ മറുപടി നല്‍കി. 'ലൂസിഫറി'ന്റെ തുടര്‍ച്ചയായി 'എമ്പുരാന്‍' തിയറ്ററുകളിലെത്തുകയാണ്. ഇല്യുമിനാറ്റി വര്‍ത്തമാനം ഇനി സജീവമാകുമെന്നുറപ്പ്.

വിഖ്യാത അമേരിക്കന്‍ എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍ എഴുതിയ 'ഏഞ്ചല്‍സ് ആന്‍ഡ് ഡെമണ്‍സ്' എന്ന നോവലാണ് ഇല്യുമിനാറ്റിയെ വീണ്ടും പൊതുബോധത്തിന് മുന്‍പില്‍ കൊണ്ടുവന്നത്. 2000-ല്‍ പുറത്തുവന്ന പുസ്തകം, മതനിന്ദ ആരോപിക്കപ്പെട്ട് ചിലയിടങ്ങളിലൊക്കെ വിലക്കപ്പെട്ടിരുന്നു. 2009-ല്‍ നോവല്‍ സിനിമയാക്കിയപ്പോഴും പല ക്രൈസ്തവ ഭൂരിപക്ഷമുള്ള സമൂഹങ്ങളും എതിരായിരുന്നു.
പലരും കരുതുംപോലെ മതവിരുദ്ധമായ, ചെകുത്താന്‍ സേവയൊന്നുമല്ല ഇല്യുമിനാറ്റി. ശാസ്ത്രത്തിന്റെ ആശയങ്ങളെ മതബോധം അടിച്ചമര്‍ത്തുന്നു എന്ന തോന്നലില്‍ നിന്ന് വളര്‍ന്നുവന്ന ഒരു പുരോഗമന പ്രസ്ഥാനമാണിത്. 1776-ല്‍ ബവേറിയയില്‍ ആദം വൈഷോപ്റ്റ് ആരംഭിച്ച ഒരു രഹസ്യസംഘടനയാണ് ഇല്യുമിനാറ്റി. ഇല്യുമിനാറ്റി എന്ന വാക്കിന്റെ അര്‍ഥം തന്നെ വെളിച്ചമെന്നാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അസമത്വങ്ങളെയും തുടച്ചുനീക്കാന്‍ പ്രയത്‌നിച്ചവരാണ് ഇല്യുമിനാറ്റി അംഗങ്ങള്‍.

ആയിരക്കണക്കിന് പേര്‍ ഇല്യുമിനാറ്റിയുമായി കൈകോര്‍ത്തു. ശാസ്ത്രജ്ഞരും ചിന്തകരും എഴുത്തുകാരും സംഘടനയുടെ ഭാഗമായി. ഡാന്‍ ബ്രൗണ്‍ പറയുന്നത് ഗലീലിയോ ഗലീലി ഇല്യുമിനാറ്റിയുടെ പ്രമുഖനേതാവായിരുന്നു എന്നാണ്. ക്രൈസ്തവ സഭയുടെ പാഠങ്ങളെ ശാസ്ത്രീയമായി വിമര്‍ശിച്ച സംഘടനയായാണ് ഡാന്‍ ബ്രൗണ്‍ പുസ്തകം ഇല്യുമിനാറ്റിയെ പരിചയപ്പെടുത്തുന്നത്.
1780-കളില്‍ ബവേറിയയിലെ ഡ്യൂക്ക് രഹസ്യസംഘടനയുമായി സഹകരിക്കുന്നവരെ വധിക്കാന്‍ ഉത്തരവിട്ടു. അതോടെ ഇല്യുമിനാറ്റി തകര്‍ന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സംഘടന ഇന്നും ശക്തമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും ഇതിന്റെ ഭാഗമാണെന്ന് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നു.
Content Highlights: the secret society of illuminati
Published: 22 Jan 2025, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented