‘പ്രായം നമ്മിൽ മോഹം നൽകി 
മോഹം കണ്ണിൽ പ്രേമം നൽകി’….

To advertise here,

കുഞ്ചാക്കോ ബോബനെയും ശാലിനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'നിറം'. 1999-ല്‍ പുറത്തിറങ്ങിയ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. എബി, സോന എന്നീ കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും ശാലിനിയും എത്തിയപ്പോള്‍ ഗായകനായ പ്രകാശ് മാത്യു ആയി ബോബന്‍ ആലുംമൂടന്‍ ചിത്രത്തില്‍ ശ്രദ്ധനേടി.

ജയചന്ദ്രനും സുജാതയും ആലപിച്ച ഗാനം ആലപിച്ചുകൊണ്ടായിരുന്നു ചിത്രത്തില്‍ പ്രകാശ് മാത്യുവിന്റെ എന്‍ട്രി. വലിയ കൈയ്യടി നേടിയ ഈ രംഗങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ, പ്രകാശ് മാത്യുവിനെ ലോക പ്രശസ്ത ഗായകനായി അവതരിപ്പിക്കുന്ന ഒരു എഐ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രസകരമായ വീഡിയോ ' Six Eight' എന്ന യൂട്യൂബ് ചാനലാണ് പങ്കുവച്ചത്. ദി വീക്കെന്‍ഡിലെ 'സ്റ്റാര്‍ ബോയ്' എന്ന ഗാനത്തെ നിറത്തിലെ രംഗങ്ങളുമായി കൂട്ടിക്കലര്‍ത്തിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത് .

വൈറല്‍ മാഷപ്പ് 
 

സംഗീതനിര്‍മാതാവും വീഡിയോ എഡിറ്ററുമായ ഡി.ജെ റൊമിനിക് സ്റ്റീഫനാണ് ഈ വൈറല്‍ എ.ഐ വീഡിയോയ്ക്ക് പിന്നില്‍. ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഈ വീഡിയോ ഇതിനോടകം 1.8 മില്യണ്‍ ആളുകളാണ് കണ്ടത്. യുവാക്കള്‍ക്കിടയില്‍ ഇതൊരു വലിയ തരംഗം തന്നെ സൃഷ്ടിച്ചുകഴിഞ്ഞു.

വീഡിയോയ്ക്ക് പിന്നാലെ ബോബന്‍ ആലുംമൂടന്റെ അഭിപ്രായവും ഏറെ ശ്രദ്ധ നേടുകയാണ്. ''തന്റെ മകനാണ് ആദ്യം വീഡിയോ കാണിച്ചു തന്നത്. പിന്നെ പലരും അയച്ചുതന്നു. 20 വര്‍ഷം മുമ്പ് ഞാന്‍ ചെയ്ത കഥാപാത്രം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിയത് ഈ മാഷപ്പാണ്. പുതിയ രീതിയിലൂടെ പ്രകാശ് മാത്യുവിനെ ആളുകള്‍ ഇന്നും ഓര്‍ക്കുന്നു എന്നത് എന്നെ അത്ഭ്യൂതപ്പെടുത്തുന്നു.’’

ഈ വീഡിയോ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസക്കാലം വേണ്ടിവന്നെന്നും മുഴുവന്‍ വീഡിയോയും നിര്‍മിക്കാന്‍ എ.ഐ ഉപയോഗിച്ചിട്ടില്ലെന്നും റൊമിനിക് പറഞ്ഞു. ബോബന്റെ മുഖഭാവങ്ങളും ദി വീക്കെന്‍ഡിന്റെ ദൃശ്യങ്ങളുമായി യോജിച്ചുപോകുന്നതായിരുന്നുവെന്നും വോക്കലും സംഗീതവും വേര്‍തിരിക്കുന്നതിനു മാത്രമാണ് എഐ ഉപയോഗിച്ചതെന്നും റൊമിനിക് കൂട്ടിച്ചേര്‍ത്തു.

‌വിദ്യാസാഗര്‍ സംഗീതം ഒരുക്കിയ നിറത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ബിച്ചു തിരുമല, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടേതാണ് വരികള്‍. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ജോമോള്‍, ലാലു അലക്‌സ്, ദേവന്‍, അംബിക, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi