തൂവാനത്തുമ്പികള്‍ എന്ന പദ്മരാജന്‍ സിനിമ ഇറങ്ങിയിട്ട് 37 വര്‍ഷമാവുന്നു. ജയകൃഷ്ണന്റെയും ക്ലാരയുടെയും രാധയുടെയും കഥ. പദ്മരാജന്റെ പരീക്ഷണസിനിമയായിരുന്നു ഇത്. എന്നാല്‍, ബോക്‌സോഫീസില്‍ സിനിമ തകര്‍ന്നടിഞ്ഞു. പിന്നീട് വര്‍ഷങ്ങളെടുത്തു സിനിമ ആളുകള്‍ അംഗീകരിക്കാന്‍. ഒടുവില്‍ കള്‍ട്ട് പദവി നേടിയെടുക്കുകയും ചെയ്തു. അതിലെ മഴയും ക്ലാരയും ബിജിഎമ്മും ആളുകളിപ്പോഴും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു.

സൗന്ദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിവേകത്തിന്റെയും പ്രതീകമായ ക്ലാര. ക്ലാര ജയകൃഷ്ണനെ കാണാനെത്തുമ്പോഴെല്ലാം മഴയും കൂടെയുണ്ട്. നനുത്തുപെയ്യുന്ന മഴ. അവസാന കൂടിക്കാഴ്ചയില്‍ മഴ മാറിനില്‍ക്കുന്നുണ്ട്.

രണ്ടു നായികമാര്‍ക്കിടയില്‍ ധര്‍മ്മസങ്കടത്തില്‍ പെടുന്ന ജയകൃഷ്ണന്‍. എത്ര എളുപ്പത്തിലാണ് ക്ലാര അതിനൊരു പരിഹാരം കണ്ടെത്തുന്നത്. നായകനെ രാധയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ക്ലാര യാത്രയാകുന്നു. തിരിച്ചുവരാത്ത യാത്ര. 

അതിനുശേഷം എത്ര മഴ പെയ്‌തൊഴിഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും, ആ പുതുമഴയില്‍ നനഞ്ഞുകുതിര്‍ന്ന മണ്ണ് സുഗന്ധം പരത്തുമ്പോഴും, ആ ഭ്രാന്തന്റെ ചങ്ങലക്കിലുക്കം കേള്‍ക്കുമ്പോഴും ക്ലാരയെ ഓര്‍മ വരുന്നുണ്ടാവാം ജയകൃഷ്ണന്. ചില പ്രണയങ്ങളങ്ങനെയാണ്. അടിമുടി നനച്ചുകുതിര്‍ത്ത്, ഓര്‍മകള്‍ മാത്രം ബാക്കിയാക്കി കടന്നുപോവും.