മമ്മൂട്ടി ചിത്രമായ സുകൃതത്തിന്റെ സെറ്റിലേക്കുള്ള യാത്ര ആരംഭിച്ചത് തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നാണ്. ചിത്രഭൂമിയുടെ റിപ്പോര്‍ട്ടറായ ടി എച്ച് കോടമ്പുഴ ഫറൂക്ക് നിന്ന് ട്രെയിനില്‍ കയറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്പാര്‍ട്ട്‌മെന്റ് കണ്ടുപിടിച്ച് കൂടെയിരുന്നു. ട്രെയിന്‍ ഇഴഞ്ഞിഴഞ്ഞ്  അവസാനം ഷൊര്‍ണൂരില്‍ എത്തി. ഒരു ഓട്ടോപിടിച്ച്  ഗസ്റ്റ് ഹൗസില്‍ എത്തി ഞാനും കോടമ്പുഴയും റൂമില്‍ പോയി മുഖമെല്ലാം കഴുകി ഒരു ചായ കുടിച്ചുകഴിഞ്ഞപ്പോഴേക്കും സുകൃതത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അയച്ചുതന്ന വാഹനം ഗസ്റ്റ് ഹൗസിനുമുന്നിലെത്തി. ഒറ്റപ്പാലത്തെ ഒരു പഴയ തറവാട്ടിലാണ് ഷൂട്ടിംഗ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ ഒരുക്കുന്ന ചിത്രം. മമ്മൂട്ടി നായകന്‍.  ഇത്രയും  ലെജന്‍ഡുകള്‍  ഒന്നിച്ചു വര്‍ക്ക് ചെയ്യുന്നതിനാല്‍ കേരളം മുഴുവന്‍ ഈ സിനിമെയക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആ വലിയ വേദിയിലേക്കാണ് ഞാന്‍ ഒരു തുടക്കക്കാരന്റെ പരിഭ്രവുമായി കയറിച്ചെല്ലുന്നത്. കോടമ്പുഴ,  എം ടി ഉള്ളതിന്റെ ആവേശത്തിലാണ്. എം ടി  മാതൃഭൂമി പീരിയോഡിക്കല്‍സിന്റെ അമരക്കാരനായി ചാര്‍ജെടുത്തപ്പോഴാണ്  കോടമ്പുഴയെ ചിത്രഭൂമിയിലേക്ക് വിളിച്ചുവരുത്തുന്നതും റിപ്പോര്‍ട്ടറായി ചുമതലയേറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതും.

To advertise here,

മമ്മൂട്ടി വരുന്നു, മമ്മൂട്ടി വരുന്നു

ലൊക്കേഷനില്‍ എത്തിയപ്പോള്‍ പക്ഷേ എം ടിയും മമ്മൂട്ടിയും ഇല്ല.  എനിക്ക് ചെറുതായി സങ്കടം വന്നു. ലൊക്കേഷനില്‍ കോടമ്പുഴ സ്റ്റാറാണ്. ചിലര്‍ എണീറ്റ് നിന്ന് ബഹുമാനിക്കുന്നു. മറ്റ് ചിലര്‍ സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തിന്റ തോളത്തുകൈയിടുന്നു. അസിസ്റ്റന്റ്‌ ഡയറക്ടേഴ്‌സ് ആയ ഉണ്ണി നാരായണന്‍  ശാന്തിവിള ദിനേശ് എന്നിവരുമായുള്ള കൂടിക്കാഴ്ചയും മറക്കാനാവില്ല. ജമേഷ് കോട്ടക്കല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പലരും റസാഖ് കോട്ടക്കലിനെപ്പറ്റി അന്വേഷിച്ചു. അദ്ദേഹത്തിന്റെ ബന്ധുവാണോ എന്നാണ് അധികം പേര്‍ക്കും അറിയേണ്ടത്. 'അല്ല! പക്ഷേ ശിഷ്യനാണ്' കോടമ്പുഴ തട്ടിവിട്ടു.  ഞാന്‍ പരുങ്ങി. 'അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട ആളാണ്, നാട്ടുകാരനാണ്. ബന്ധുവല്ല' എന്നൊക്കെ പറഞ്ഞ് എന്നോട് ചോദിച്ചവരോട് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്തു. ആ സിനിമയിലെ നായിക ഗൗതമി സെറ്റിലുണ്ട്. ഗൗതമി തമിഴില്‍ കത്തി നില്‍ക്കുന്ന സമയം. മലയാളത്തിലും നല്ല റോളുകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കാലം. കോടമ്പുഴ എന്നെ ഗൗതമിക്ക്  പരിചയപ്പെടുത്തി.

'എന്നാല്‍ നീ ഗൗതമിയെ ഷൂട്ട് ചെയ്ത് ഐശ്വര്യമായി പണി തുടങ്ങിക്കോ' എന്ന് പറഞ്ഞ് അദ്ദേഹം ഫോട്ടോസ് എടുക്കാനുള്ള അറേഞ്ച്‌മെന്റ് ചെയ്തുതരാന്‍ സെറ്റിലുള്ളവരോട് ആവശ്യപ്പെട്ടു. ഞാന്‍ സുകൃതത്തിന്റെ സെറ്റ് മുഴുവന്‍ കണ്ണുകൊണ്ട് ഒന്ന് സ്‌കാന്‍ ചെയ്തു.  തറവാടിന്റെ ഒരു വശത്ത് പിറകിലായി പറ്റിയ ഒരു ലൊക്കേഷന്‍ കിട്ടി. ഗൗതമിയെ അങ്ങോട്ട് വിളിപ്പിച്ചു. സെറ്റില്‍ നിന്ന് കോടമ്പുഴ സംഘടിപ്പിച്ച ചില സഹായികളെ ഉപയോഗിച്ച് പുതുതായി വാങ്ങിയ ഫോള്‍ഡബിള്‍ റിഫ്‌ലക്ടേഴ്‌സ് ഒക്കെ  സെറ്റ് ചെയ്ത് കാര്യമായ പടമെടുപ്പ് ആരംഭിച്ചു. ഫോട്ടോകള്‍ വിചാരിച്ചപോലെ കിട്ടി. അവസാനത്തെ ഒന്ന് രണ്ട് ക്ലിക്കുകള്‍ ചെയ്യാം എന്ന് കരുതി നില്‍ക്കുമ്പോള്‍ പെട്ടെന്ന് ലൊക്കേഷനില്‍ മൊത്തം ഒരു ചലനം. മഴയ്ക്കുമുമ്പ് പെട്ടെന്നെത്തുന്ന കാറ്റില്‍ കരിയില പാറുന്നതുപോലെ ആളുകള്‍ വീടിന്റെ മുന്നിലേക്ക് പായുന്നു.  ഞാന്‍ പരിഭ്രമിച്ച് ചുറ്റും നോക്കി.  'മമ്മുക്ക വരുന്നു. മമ്മുക്ക വരുന്നു' എന്ന് എന്നോട് പറഞ്ഞ് റിഫ്‌ലക്ടര്‍ പിടിക്കാന്‍ സെറ്റില്‍ നിന്ന് ഒപ്പിച്ച പയ്യന്‍മാര്‍ സാധനങ്ങളൊക്കെ താഴെവെച്ച്  ഓടിപ്പോയി. ഞാന്‍ ഫോട്ടോഷൂട്ട് വേഗം വൈന്‍ഡ് അപ് ചെയ്ത്  ഗൗതമിയോട് താങ്ക്‌സ് പറഞ്ഞ് വീടിനുമുന്നിലെ ബഹളത്തിലേക്ക്  കൂട്ടുചേര്‍ന്നു. ഒരു വലിയ ചുവന്ന കാര്‍. ആളുകള്‍ കാറിന് ആദരപൂര്‍വ്വം വഴിയൊരുക്കുന്നു. കാര്‍ നിര്‍ത്തിയതും അതിന്റെ ഡ്രൈവിംഗ് സീറ്റില്‍  നിന്നും അതിസുന്ദരമായ പുരുഷാകാരത്തില്‍ ഒരാള്‍ തലനീട്ടി പുറത്തേക്കിറങ്ങുന്നു. ഇത്രയും കരിഷ്മാറ്റിക് ആയ ഒരു എന്‍ട്രി ഞാനെന്റെ ജീവിത്തില്‍ കണ്ടിട്ടില്ല എന്നുപറയാം.  ആ ഒരൊറ്റ നിമിഷം, മോഹന്‍ലാലിനെ അത്രമേല്‍  ഇഷ്ടപ്പെടുന്ന ആളായിട്ടും ആ കാറിറക്കത്തിന്റെ മാസ്മരികതയിലൂം ആഢ്യത്വത്തിലും മയങ്ങിപ്പോയി ഞാന്‍. 

placeholder
സുകൃതം സിനിമയുടെ ഷൂട്ടിങ്‌രംഗം
സുകൃതം സിനിമയിലെ ഒരു രംഗം

സിനിമാസെറ്റില്‍ ചിരി പടര്‍ത്തിയ പേര്

മമ്മുക്ക നല്ല സ്‌റ്റൈലിഷായി തറവാട്ടിന്റെ പൂമുഖത്തേക്ക് കയറി.  വന്നപാടെ  കോടമ്പുഴ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു.   പക്ഷേ മമ്മുക്ക കോടമ്പുഴയോട് ദേഷ്യപ്പെടുന്നതുപോലെയാണ് എനിക്ക് തോന്നിയത്.  ഇതെന്താ ഇങ്ങനെ?    ഞാന്‍ മനസ്സില്‍ വിചാരിച്ചു.  പിന്നിടാണ് അത് മമ്മുക്കയുടെ ഒരു രീതിയാണെന്നും ഇഷ്ടമുള്ളവരോടും അടുപ്പക്കാരോടും ചാടിക്കടിച്ചാണ്  സംസാരിച്ചുതുടങ്ങുക എന്നൊക്കെ ഞാന്‍ മനസ്സിലാക്കിയത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവര്‍ വളരെ ഇണക്കത്തോടെ ഇരുന്ന് സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് കുറച്ചു സമാധാനമായി. ഞാന്‍ വരാന്തയുടെ താഴെ  പരുങ്ങിപ്പരുങ്ങി നില്‍പ്പാണ്.  കോടമ്പുഴയും മമ്മൂട്ടിയും  വരാന്തയില്‍ ഇരിക്കുന്നു.  അപ്പോഴാണ് ശാന്തിവിള ദിനേശേട്ടന്‍ കോടമ്പുഴയോട്  'നിങ്ങള്‍ ഫോട്ടോഗ്രഫറെ പരിചയപ്പെടുത്തിയില്ലല്ലോ' എന്ന് പറയുന്നത് ഞാന്‍ കേള്‍ക്കുന്നത്.
അക്കാര്യം പെട്ടെന്ന് ഓര്‍ത്ത പോലെ കോടമ്പുഴ എന്റെ നേരെ നോക്കി. എന്നിട്ട് പറഞ്ഞു.  'മമ്മൂസേ,  ഇതാണ് ഇനിമുതല്‍ ഞങ്ങളുടെ ഫോട്ടോഗ്രഫര്‍'.
അദ്ദേഹം എന്നെ ചെറുതായി ഒന്ന് നോക്കിയെന്നുതോന്നിപ്പിച്ചു. കണ്ണ് തന്നതായി തോന്നിയില്ല.
'എന്താ പേര്?' മുഖത്ത് നോക്കാതെയാണ് ചോദ്യം.
'ജമേഷ് കോട്ടക്കല്‍'  
കോടമ്പുഴയാണ് ഉത്തരം പറഞ്ഞത്.


'ജമേഷ് കോട്ടക്കല്‍ എന്റെ ബൈ ലൈനാണ്.  ശരിക്കും പേര് മുഹമ്മദ് ജമേഷ് എന്നാണ്.' ഞാന്‍ കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് കുട്ടിയായ മമ്മുക്കയുടെ പേരിനോട് അല്‍പം സാമ്യം എന്റെ പേരിനുണ്ടെന്ന് തോന്നിക്കോട്ടെ എന്ന ഒരു ചിന്തയിലാണ് അത് പറഞ്ഞത്.
ആ ഇടപെട്ടുള്ള പറച്ചില്‍ .  മമ്മുക്കയുടെ ശ്രദ്ധ പൂര്‍ണ്ണമായും എന്നിലേക്കെത്തിച്ചു. എന്നെയൊന്ന് തറപ്പിച്ചു നോക്കി.
'മുഹമ്മദ് ജമേഷോ? അതെന്ത് പേരാടോ?  എന്നാപ്പിന്നെ നിനക്ക് മുഹമ്മദ് രാമന്‍ എന്ന് പേരിടാന്‍ മേലായിരുന്നോ?'
അത് സെറ്റില്‍ മൊത്തത്തില്‍ ഒരു ചിരിക്ക് വക നല്‍കി.
ഭയങ്കര സംഭവമെന്ന് ഞാന്‍ കരുതിയിരുന്ന എന്റെ  പേര് ഒരു സിനിമാ സെറ്റ് മുഴുവന്‍ ചിരിക്ക് മരുന്നായതില്‍  ഞാന്‍ ചമ്മി. ഉപ്പയല്ലേ പേരിടുന്നത്. അദ്ദേഹം പുരോഗമന പ്രസ്ഥാനക്കാരനാണ്. ഞാനെന്ത് ചെയ്യാനാണ്. ഞാനെന്തൊക്കെയോ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ നോക്കി. എങ്കിലും ആത്മവിശ്വാസം ചോര്‍ന്നുപോയി. 
'ഏതാ നിന്റെ കാമറ ? '
കണ്ണുയര്‍ത്തി മമ്മുക്ക ചോദിച്ചു
സ്ഥിരമായി ഒരു ചോദ്യശൈലിയുണ്ട്. അതില്‍ ഒരു ആഢ്യത്വം ഫീല്‍ ചെയ്യും.
'പെന്റക്‌സ് കെ 1000.' ഞാന്‍ മറുപടി നല്‍കി
'നിനക്ക് സൂം ലെന്‍സ് ഉണ്ടോ?' അടുത്ത ചോദ്യം.
'അതില്ല.' ഞാന്‍ വീണ്ടും പരുങ്ങി.
മമ്മുക്ക കൂടുതല്‍ പരുക്കനായി.  
'ഇമ്മാതിരി ചീള് കാമറ വെച്ചൊന്നും എന്റ പടമെടുക്കാന്‍ പറ്റില്ല. പോയി സൂം ലെന്‍സ് ഒക്കെ സംഘടിപ്പിച്ച് വാ.'
ഞാന്‍ തകര്‍ന്നുപോയി.  മലയാളത്തിന്റെ മഹാനടന്‍, സെറ്റിനെ മുഴുവന്‍ തന്റെ മാസ്മരികതില്‍ ജ്വലിപ്പിച്ചുനിര്‍ത്തുന്ന എന്റെ ഏറ്റവും പുതിയ ആരാധനാപാത്രം എന്നെ കാമറയെ വാക്കുകള്‍ കൊണ്ട് തകര്‍ത്തുകളഞ്ഞിരിക്കുന്നു. ഞാന്‍ ദയനീയ ഭാവത്തില്‍ കോടമ്പുഴയെ നോക്കി. കോടമ്പുഴ ഇടപെട്ടു.
'ഏയ് നിങ്ങള്‍ അങ്ങനെയൊന്നും പറയല്ലേ മമ്മൂസേ, അവന്‍ വലിയ പ്രതീക്ഷയില്‍ വന്നതാണ്. നിങ്ങളുടെ പടമെടുക്കാന്‍'.
'അതൊന്നും പറ്റില്ല.  എന്റെ മുഖമല്ലേ? പടമെടുക്കുന്നുത് അവനാണെങ്കിലും എന്റെ മുഖമല്ലേ പതിയുന്നത്?'  
മമ്മുക്ക കോടമ്പുഴയോടും തര്‍ക്കിക്കുകയാണ്.
'എനിക്ക് എന്റെ മുഖം വലിയ കാര്യമല്ലേ. അത് ഭംഗിയായി വരണമെങ്കില്‍ നല്ല കാമറയിലൊക്കെ  എടുക്കണം'  
മമ്മുക്ക കാര്യമായി  തുടരുകയാണ്. ഞാന്‍ കാഴ്ചക്കാരനായി മാറി.

നിശബ്ദതയിലാണ്ടുപോയ സെറ്റ്

കാമറയെക്കുറിച്ചും ലെന്‍സുകളെക്കുറിച്ചും വലിയ ധാരണയുള്ള ആളാണ്. നല്ല ലെന്‍സുകളും കാമറയും ഉപയോഗിച്ചില്ലെങ്കില്‍ ഡിസ്റ്റോര്‍ഷന്‍ ഉണ്ടാകും.  അതാണ്  മമ്മുക്ക ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.  ഫുള്‍ഫിഗര്‍ എടുക്കുകയാണെങ്കില്‍ പോലും നോര്‍മ്മല്‍ ലെന്‍സില്‍ എടുക്കുകയാണെങ്കില്‍ ഇമേജിന് ഡിസ്റ്റോര്‍ഷന്‍ വരാനും വളഞ്ഞിരിക്കാനും ഫ്‌ലാറ്റ്‌നെസ് വരാനും  സാധ്യതയുണ്ടെന്ന് എനിക്കുമറിയാം. എനിക്ക് കടുത്ത നിരാശ തോന്നി.  എന്തായാലും അവിടെ നടന്നതൊന്നും എന്നെ സംബന്ധിച്ചല്ല എന്നും കോടമ്പുഴ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും എന്നുമുള്ള ആത്മവിശ്വാസത്തില്‍ ഞാന്‍ അവിടെ നിന്ന് മെല്ലെ മാറി. പിന്നെ ലൊക്കേഷന്‍ പടങ്ങളും സീനില്‍ അദ്ദേഹം പെര്‍ഫോം ചെയ്യുന്നതിന്റെയും പടങ്ങളും എടുക്കാം എന്നുകരുതി സിനിമാട്ടോഗ്രഫറുടെ പിറകില്‍ സ്ഥലംപിടിച്ചു.വളരെ ഇമോഷണലായ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. മമ്മുക്ക അഭിനയിക്കുമ്പോള്‍ സെറ്റ് മുഴുവന്‍   നിശബ്ദമായി അദ്ദേഹത്തിന്റെ അഭിനയം കണ്ടുനില്‍ക്കുകയാണ്.
 
ഞാന്‍ ഇങ്ങനെ കാമറയുടെ സൈഡില്‍ നിശബ്ദനായി ആര്‍ക്കും ശല്യമാകരുതേ എന്നു കരുതി പതുങ്ങി നില്‍ക്കുകയാണ്. ആകെ സെറ്റില്‍ മുഴങ്ങുന്ന ശബ്ദം കാമറയുടെ റോളിംഗ് ശബ്ദം മാത്രമാണ്.  അന്ന് റീല്‍ കാമറയാണല്ലോ. മമ്മുക്കയുടെ മുഖത്ത് ഭാവങ്ങള്‍ മിന്നിമറിയുകയാണ്.  
എനിക്ക് നിയന്ത്രിക്കാനായില്ല. ഞാന്‍ കാമറ ഫോക്കസ് ചെയ്ത് രണ്ട്  ക്ലിക്ക് ചെയ്തു.  പക്ഷേ ആ ഓരോ ക്ലിക്കിലും എന്റെ പെന്റക്‌സ് കെ 1000  സൃഷ്ടിക്കുന്ന ശബ്ദം അവിടെയൊക്കെ മുഴങ്ങി കേള്‍ക്കുന്നതായി തോന്നി. സീന്‍ കട്ട് പറഞ്ഞപ്പോള്‍  മമ്മുക്ക ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നോക്കി, ആരാണ് അവിടെ ക്ലിക്ക് ചെയ്യുന്ന ശബ്ദം ഉണ്ടാക്കുന്നത് എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്മമെന്ന് ആ മുഖഭാവം വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഞാന്‍ ആ നിമിഷം അവിടെ നിന്ന് ആള്‍ക്കൂട്ടത്തിലേക്ക് വലിഞ്ഞു. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.  വീട്ടില്‍ പോയി നാളെ വരാം എന്ന പ്ലാനില്‍  അവിടെ നിന്ന് ഇറങ്ങുമ്പോള്‍ കോടമ്പുഴ വന്ന് ചോദിച്ചു.

'ജമേഷ് പോകണ്ട.  നിന്റെ ഷൂട്ട് നാളെ ശരിയാക്കാം.'
'ഓകേ. ഞാന്‍ രാവിലെ തന്നെ തിരിച്ചെത്താം' എന്ന് പറഞ്ഞ് അവിടെ നിന്ന് ബസ് കയറി  വീട്ടിലെത്തി കിടന്നുറങ്ങി. അതിരാവിലെ എണീറ്റ് കുളിച്ച് രണ്ട് മണിക്കൂര്‍ യാത്രകൊണ്ട് ഒറ്റപ്പാലത്ത് തിരിച്ചെത്തി. കോടമ്പുഴ എണീക്കുന്നതിന് മുമ്പേ ഞാന്‍ ഗസ്റ്റ് ഹൗസിന്റെ വരാന്തയില്‍ ഇടംപിടിച്ചിരുന്നു.                  

                                                                                                                                                                                                                                    തുടരും...