വിവാഹം കഴിഞ്ഞ തുടക്കത്തിലായതുകൊണ്ട് നല്ല ഓര്‍മയുണ്ട്. ദേവരാജന്‍മാഷിന്റെ കമ്പോസിങ്. മാഷ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
''എടാ യേശൂ... നിന്റെ ഭാര്യ വന്നിട്ടുണ്ടല്ലോ. നന്നായി പാടിക്കോണം.''
ദാസേട്ടന്റെ ഗാനം ഒഴുകിവന്നു. എനിക്കുവേണ്ടി പാടിയപോലെ...
''മംഗലംകുന്നിലെ മാന്‍പേടയോ
മരതകകാട്ടിലെ മയില്‍പേടയോ''
'ഒതേനന്റെ മകനി'ലെ ഈ പാട്ട് റെക്കോഡ് ചെയ്തത് എവിഎമ്മിലായിരുന്നു എന്നാണ് ഓര്‍മ.

To advertise here,

കല്യാണം കഴിയുന്നതിനുമുമ്പ് ദാസിന്റെ റെക്കോഡിങ് ഞാന്‍ ആദ്യമായി കാണുന്നത് 'പഠിച്ചകള്ളന്‍' എന്ന ചിത്രത്തിലെ 'താണ നിലത്തേ നീരോടൂ'എന്ന ഗാനമാണ്. അന്ന് അവിടെ സുശീലാമ്മയുടെ ഒരു സോളോ ഗാനം കറക്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ദേവരാജന്‍മാഷ്. 'കിലുകിലുക്കാന്‍ കിളിയുടെ വീട്' എന്ന പാട്ട്. അത് കഴിഞ്ഞാണ് ദാസിന്റെ പാട്ടിന്റെ റെക്കോഡിങ് നടന്നത്. അന്ന് റെക്കോര്‍ഡിങ് നടന്ന അരുണാചലം സ്റ്റുഡിയോ പിന്നീട് ഞങ്ങള്‍ വാങ്ങിച്ചു.

placeholder
.
അമ്മയുണ്ടാക്കുന്ന വിഭവങ്ങളോട് ദാസേട്ടന് എന്നും പ്രിയമായിരുന്നു. എന്നും പ്രശംസിക്കും. അതിന്റെ അല്പമെങ്കിലും കൈപ്പുണ്യം കിട്ടിയത് അദ്ദേഹത്തിന്റെ സഹോദരിക്കായിരുന്നു. ഞാന്‍ പാചകത്തില്‍ അല്പം പിറകോട്ടാണ്. അന്ന് നന്നായി ചിക്കന്‍ കഴിച്ചയാള്‍ ഇന്ന് ശുദ്ധ വെജിറ്റേറിയന്‍ ആണ്. മുട്ട പോലും കഴിക്കില്ല. സ്വന്തം വസ്ത്രത്തിന് വെള്ളനിറമാണെങ്കിലും ഞാന്‍ പച്ചസാരിയണിയുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമുള്ള കാര്യമാണ്. വീട്ടിലെ സ്വീകരണമുറിയൊക്കെ വെള്ളനിറത്തിലാണ്. പാട്ട് കേള്‍ക്കുന്ന ശീലം കുട്ടിക്കാലം മുതലുണ്ട്. പാട്ടിനെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് എന്റെ കുടുംബാംഗങ്ങള്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ദാസേട്ടന്റെ ശകുന്തളയിലെ പാട്ടുകള്‍-ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍, സ്വര്‍ണത്താമരയിതളിലുറങ്ങും... തുടങ്ങിയ ഗാനങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. പ്രത്യേകതയുള്ള ആ ശബ്ദവും.  എയ്ഞ്ചല്‍സ് കോണ്‍വെന്റിലായിരുന്നു ഞാന്‍ പഠിച്ചത്. സ്‌കൂളില്‍ അത്യാവശ്യം പാട്ടൊക്കെ ഞാനും പാടുമായിരുന്നു. സിനിമയിലെ രംഗങ്ങള്‍ അഭിനയിച്ചൊക്കെ പാട്ട് പാടും. 

placeholder
.
അന്ന് യേശുദാസിന്റെ ഗാനമേളകള്‍ തിരുവനന്തപുരത്തുകാര്‍ക്ക് വലിയ ഉത്സവം പോലെയായിരുന്നു. എല്ലായിടത്തുനിന്നും ആളുകള്‍ ഓടിക്കൂടും. യേശുദാസിന്റെ ഗാനമേളകളില്‍ പങ്കെടുക്കുക എന്നത് ഞങ്ങളുടെ പ്രധാന ഹോബിയായിരുന്നു. എന്റെ ഓര്‍മയില്‍, ഒന്നോ രണ്ടോ തവണ മാത്രമേ എനിക്ക് ഗാനമേള കാണാനുള്ള ഭാഗ്യം നഷ്ടമായിട്ടുള്ളൂ. പിന്നീട് അദ്ദേഹത്തെ നേരിട്ടുകണ്ട് പരിചയപ്പെടണമെന്ന് തോന്നി. എന്റെ ഒരു അമ്മാവന്‍ മദ്രാസിലുണ്ട്. ഒരു എന്‍ജിനീയര്‍. അദ്ദേഹത്തോട് ആഗ്രഹം അവതരിപ്പിച്ചു. അങ്ങനെ ഇന്ത്യന്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. പിന്നീട് സെന്റ് ജോസഫ് സ്‌കൂളിലെ ഒരു പരിപാടിക്ക് വരാന്‍ സമ്മതിച്ചു. അതിനുശേഷം വീട്ടിലേക്ക് ക്ഷണിച്ചു. അന്ന് പരീക്ഷയുടെ സമയമായിരുന്നു. പ്രേമമെന്നൊന്നും ചിന്തിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഏറെ വ്യത്യസ്തത ഞാന്‍ കണ്ടു.  വളരെ ഡൗണ്‍ ടു എര്‍ത്തായ പെരുമാറ്റം. വീട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെ എന്റെ 18-ാം വയസ്സില്‍ ഞങ്ങളുടെ കല്യാണം നടന്നു. എല്ലാം ദൈവനിശ്ചയമായി ഞങ്ങള്‍ കാണുന്നു.  കുടുംബജീവിതത്തില്‍ ദാസേട്ടന്‍ കണിശക്കാരനല്ല. കുട്ടികളുടെ കാര്യത്തില്‍ വേണ്ടാത്ത വാശിയൊന്നും ഇല്ല. എന്നാല്‍ പറയേണ്ട കാര്യങ്ങള്‍ അതിന്റെ സമയത്ത് പറഞ്ഞുകൊടുക്കും. മിക്ക പരിപാടികള്‍ക്കും ഞാന്‍ കൂടെ പോകാറുണ്ട്. ഇപ്പോള്‍ വിജയ്യുടെ മോളും മോനുമുണ്ട് കൂടെ. വിജയ്യുടെ ഭാര്യ ദര്‍ശന ചെന്നൈയില്‍ ഒരു ഷോപ്പിങ് മാളിന്റെ മാനേജരാണ്. അവള്‍ക്ക് ഞായറാഴ്ച മാത്രമാണ് അവധി. കുട്ടികള്‍ രണ്ടുപേരും ഇതേ ഫ്‌ളാറ്റില്‍ തന്നെയായതുകൊണ്ട് ഓടിയോടിവരും. 

placeholder
.
കൊച്ചുമക്കള്‍ക്കൊപ്പം സമയം ചിലവിടാനാണ് ഇന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും ഏറെയിഷ്ടം. അമേയ ആദ്യമായി പാടിക്കേള്‍പ്പിച്ച പാട്ട് ഹരിവരാസനമാണ്. കൊഞ്ചിക്കൊഞ്ചിക്കൊണ്ട് 'ഹരിവരാസനം വിശ്വമോഹനം' എന്ന് പാടികേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വീട്ടിലെല്ലാവരും അവള്‍ക്ക് നല്ലപോലെ ഉച്ചാരണം പറഞ്ഞുകൊടുക്കും. ഒരിക്കല്‍ 'ഏഴാംകടലിനക്കര'യിലെ വാണിജയറാം പാടിയ 'സുരലോക ജലധാര' എന്ന പാട്ട് പഠിച്ച് അതിലെ 'ജലധാര' എന്ന വാക്കിലെ 'ധ' എന്ന അക്ഷരം അവള്‍ വ്യക്തമായി സ്ഫുടമായി ഉച്ചരിച്ചാണ് പാടിയത്. അന്ന് പാട്ടുകേട്ട ദക്ഷിണാമൂര്‍ത്തി സ്വാമി പറഞ്ഞു. 'ഇത് മതി, ഇവളെക്കൊണ്ട് ഞാന്‍ പാടിക്കും.' പിന്നീട് സ്വാമിയുടെ കമ്പോസിങ്ങില്‍ അമേയ ഒരു പാട്ടുംപാടി. കൊച്ചുമക്കള്‍ അപ്പാപ്പന്റെയും അച്ചമ്മയുടെയും ഓമനകളാണ്. പണ്ട് ദാസേട്ടന്‍ പരിപാടികള്‍ക്കായി ഓടിനടക്കുമ്പോലെ വിജയ് ഇപ്പോള്‍ പരിപാടികള്‍ക്കായി കൊച്ചിയിലും ദുബായിലേക്കുമെല്ലാം പറക്കും. ദര്‍ശന വീട്ടുകാര്യങ്ങള്‍ നോക്കി ഇവിടെയും. കാലം ആവര്‍ത്തിക്കുന്നു. ദാസേട്ടന്റെ തണലായി നിഴലായി ജീവിക്കുക എന്നതുതന്നെ ജീവിതപുണ്യം. മക്കളെയും പേരക്കുട്ടികളെയും ലാളിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാറ്റിനും ദൈവത്തോട് ഒരായിരം നന്ദി.