സൽമാൻ ഖാന്റെ പുതിയ സിനിമ 'സിക്കന്ദർ' മാർച്ച് 30-നാണ് റിലീസ്. സൽമാൻ ഖാൻ ഡബിൾ റോളിലെത്തുന്ന സിനിമയിൽ, രശ്മിക മന്ദാന, കാജൽ അഗർവാൾ, സത്യരാജ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. എ.ആർ.മുരുകദാസാണ്‌ സംവിധാനം. 

To advertise here,

ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ. അതിനിടയിൽ സൽമാൻ ഏറ്റവുമധികം നേരിടേണ്ടി വന്ന ചോദ്യം, നായികയുമായുള്ള പ്രായവ്യത്യാസം സംബന്ധിച്ചുള്ളതാണ്. സാമൂഹ്യമാധ്യമങ്ങളിലും ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്യുന്നുണ്ട്. സൽമാന് 59 വയസ്സാണ്, രശ്മികയ്ക്ക് 28-ഉം. സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ മാധ്യമപ്രവർത്തകർ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സൽമാന്റെ ഉത്തരമിങ്ങനെ, ''നായികയും ഞാനും തമ്മിൽ 31 വയസ്സിന്റെ വ്യത്യാസമുണ്ടെന്നാണ് പലരും പറയുന്നത്. നായികയ്ക്കും നായികയുടെ അച്ഛനുമില്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവർക്ക്?''.

പ്രായത്തിലൊന്നും കാര്യമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് സൽമാൻ കൂട്ടിച്ചേർത്തു, ''രശ്മിക വിവാഹം കഴിച്ച് ഒരു മകളുണ്ടാവുകയും ആ കുഞ്ഞ് വലിയൊരു താരമാവുകയും ചെയ്താൽ, അവൾക്കൊപ്പവും ഞാൻ അഭിനയിക്കും. പക്ഷേ, അവളുടെ അമ്മയുടെ സമ്മതത്തോടെയായിരിക്കുമെന്ന് മാത്രം''. 

ചടങ്ങിൽവെച്ച് രശ്മികയെ പ്രശംസിക്കുകയും ചെയ്തു സൽമാൻ. തന്റെ ചെറുപ്പമാണ് രശ്മികയിൽ കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ''രശ്മിക ഈ സിനിമയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു. ഓരോ ദിവസവും രാത്രി ഏഴുമണിക്ക് 'പുഷ്പ-2'-വിന്റെ ഷൂട്ടിങ് കഴിഞ്ഞശേഷം, 9 മണിയാവുമ്പോഴേക്കും ഈ സിനിമയുടെ സെറ്റിലെത്തും. പിറ്റേദിവസം രാവിലെ ആറര വരെ ഇവിടുത്തെ ഷൂട്ടിങ് നീളും. അതുകഴിഞ്ഞ് വീണ്ടും 'പുഷ്പ-2'-വിന്റെ സെറ്റിലേക്ക്. ഒരുദിവസം പോലും അവൾ ഷൂട്ടിങ് മുടക്കിയില്ല. കാലിന് പരിക്ക് പറ്റിയതൊന്നും അവളെ ബാധിച്ചതേയില്ല''. 

പുഷ്പ, അനിമൽ എന്നീ സിനിമകൾക്കുശേഷം രശ്മികയുടെ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. അതിനുപിന്നാലെയാണ് വിക്കി കൗശലിനൊപ്പമുള്ള 'ഛാവ'. 800 കോടിയോളം നേടിയ സിനിമയിലെ രശ്മികയുടെ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മുമ്പും നായികമാരുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരിൽ നായകൻമാർ വിമർശിക്കപ്പെട്ടിട്ടുണ്ട്. 'രാധേ' (2021) എന്ന സിനിമയിൽ സൽമാൻ ഖാനും ദിഷ പഠാനിയുമായിരുന്നു നായികാനായകൻമാർ. 27 വയസ്സ് വ്യത്യാസമായിരുന്നു അവർ തമ്മിൽ. 'ബേവഫ' (2005) എന്ന സിനിമയിൽ അനിൽ കപൂർ നായകനായപ്പോൾ, കരീന കപൂറായിരുന്നു നായിക. അന്ന് അനിലിന് 49 വയസ്സാണ്, കരീനയ്ക്ക് 25-ഉം.