സൽമാൻ ഖാനും നയൻ‌താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ 2027-ലെ ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും. 'SVC63' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സൽമാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. X-ൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ സൽമാൻ റിലീസ് തീയതി വെളിപ്പെടുത്തി. "കുറച്ചുകൂടി ദൂരേക്ക് ചിന്തിക്കണം, അതുകൊണ്ടാണ് ഈദ് ദിനം പ്രഖ്യാപിച്ചത്. വിഷമിക്കേണ്ട, ശരിയായ സമയത്ത് മറ്റൊന്നിനെക്കുറിച്ചും ഞങ്ങൾ പറയും. ക്ഷമയോടെ. എന്റെ അത്രയും കാലം നിങ്ങൾ കാത്തിരിക്കേണ്ടി വരും. ഏതായാലും, നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന അതേ വികാരമാണ് എനിക്കും."-സൽമാൻ പറഞ്ഞു.

To advertise here,

ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള, സഹതാരം നയൻ‌താരയും ഉൾക്കൊള്ളുന്ന ഒരു ബിഹൈൻഡ്-ദി-സീൻസ് (bts) വീഡിയോ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്. ബാക്കിയുള്ള താരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, സൽമാനും നയൻ‌താരയും ശക്തമായ വേഷങ്ങളിലെത്തുമെന്നാണ് സൂചന. തീവ്രമായ ആക്ഷൻ ഡ്രാമയാണെന്നും സൂചനയുണ്ട്.

വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിന്ദാവനം, യെവാഡു, മുന്ന, വാരിസു, മഹർഷി, തുടങ്ങിയ വിജയകരമായ ചിത്രങ്ങൾ വിവിധ ഭാഷകളിൽ സംവിധാനം ചെയ്ത് പ്രശസ്തനാണ്‌ വംശി പൈഡിപ്പള്ളി. പ്രഭാസ്, ജൂനിയർ എൻ.ടി.ആർ, രാം ചരൺ, അല്ലു അർജുൻ, മഹേഷ് ബാബു, വിജയ് തുടങ്ങിയ താരങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ദിൽ രാജു ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് നിർമാണം.

അതേസമയം, ഓഗസ്റ്റ് 15-ന് സൽമാൻ ഖാന്റെ ‘മാതൃഭൂമി’ (മുമ്പ് ബാറ്റിൽ ഓഫ് ഗാൽവൻ എന്ന് പേരിട്ടിരുന്നത്) റിലീസിനായി തയ്യാറെടുക്കുകയാണ്. KGF താരം യഷിന്റെ വരാനിരിക്കുന്ന ചിത്രം ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്‌സ് എന്ന ചിത്രമാണ് നയൻ‌താരയുടേതായി ഇനി വരാനിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi