വീണ്ടും വിഷു.
താടിയുള്ള നീല കൃഷ്ണനും 'കണ്ടു ഞാന്‍ കൃഷ്ണനെ ഗോപാലകൃഷ്ണനെ' പാട്ടും പിള്ളേച്ചനു കണി കാണിക്കുന്നതും കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി നമ്മുടെയെല്ലാം വിഷു ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
അതുകൊണ്ട്?
അതുകൊണ്ട് അതൊക്കെക്കൂടെ വച്ച് ഒരു വിഷു ഓര്‍മകള്‍
ആര്‍ക്കാ ഇപ്പൊ?
ഇത് ഗൃഹലക്ഷ്മി ഓണ്‍ലൈനാ...
2002 ജൂലായ് 4-നാണ് മലയാളിയുടെ ഹൃദയം മോഷ്ടിച്ച പെരുംകള്ളന്‍ മീശമാധവന്‍ നാട്ടിലിറങ്ങിയത്. അത് കഴിഞ്ഞുള്ള വിഷുവിന് കാവുന്തറയിലുള്ള എന്റെ വീട്ടില്‍ പുലര്‍ച്ചെ ഞാന്‍ സ്വീകരണമുറിയിലെ സോഫയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു...പാതിമയക്കം. അപ്പുറത്ത് അമ്മ കണിയൊരുക്കുന്നത് ഞാനറിയുന്നുണ്ട്. കണികാണാന്‍ കണ്ണ് തുറക്കാതെ ഞാന്‍ അമ്മ വിളിക്കാന്‍ കാത്ത് കിടക്കുകയാണ്. അപ്പോഴാണ് പുറത്ത് നിന്ന് പാട്ട്. ഒരു സംഘഗാനം. അതെ അത് തന്നെ... അതേ പാട്ട് 'കണ്ടു ഞാന്‍ കൃഷ്ണനെ ഗോപാലകൃഷ്ണനെ കൊണ്ടക്കാര്‍വര്‍ണനെ...' സംഘഗാനം തുടരവെ ജനാല തുറന്ന് അച്ഛന്‍ ആ ഗായകസംഘത്തെ ശകാരിക്കുന്നത് കേള്‍ക്കാം.

''ഇതെന്താ ഇപ്പൊ പുതിയ പരിപാടി തുടങ്ങിയതാണോ? ഇങ്ങനെ കൊണ്ട് നടന്ന് കാണിക്കാനുള്ളതല്ല വിഷുക്കണി. ഓരോരുത്തരും വീട്ടില്‍ കണിയൊരുക്കി കാണാനുള്ളതാ''
കണിയുമായി വന്നവരുടെ കൂട്ടത്തില്‍നിന്ന് ആരോ ചോദിക്കുന്നു,
" രഞ്ജന്‍ ചേട്ടന്‍ ഇല്ലേ ഒന്ന് വിളിക്കുമോ."
''ഇപ്പോ വിളിക്കാന്‍ സൗകര്യപ്പെടില്ല, പോയി നേരം വെളുത്തിട്ടു വാ''.
അച്ഛന്‍ പിള്ളാര്‍ സംഘത്തെ വിരട്ടിയോടിച്ചു. പിന്നെ ശകാരം എനിക്കാണ്.
''നീ വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് അവര് വന്നത്. ഓരോ വിവരക്കേട് എഴുതിവച്ചിട്ട് കണ്ടില്ലേ... വിഷുക്കണിയുടെ അന്തസ്സത്ത തന്നെ കളഞ്ഞില്ലേ നീയ്."
പിള്ളേച്ചനെ കാണിച്ച മോഡല്‍ കണി കാണിച്ചേക്കുമോ എന്ന് അച്ഛന്‍ പേടിച്ചതാ...എന്ന് അമ്മ.
അതിന് അച്ഛന് പലിശക്ക് കടം കൊടുപ്പല്ലല്ലോ പണി. അവര് ഒരു ഹരത്തിന് ഇറങ്ങിയതല്ലേ...എന്ന് ഞാന്‍.
" ങാ നല്ല ഹരമാ ഇത് പോലത്തെ കുരുത്തംകെട്ട പിള്ളാര്‍ ഹരത്തിന് കാണിച്ചത് തന്നെയാണല്ലോ നിന്റെ സിനിമയിലും...അത് ഏറ്റുപിടിച്ച് വന്ന കുരുത്തം കെട്ടവന്മാരെ എങ്ങനെ നമ്പും... എന്തെങ്കിലും ഒന്ന് കിട്ടിയാ മതി അതും കൊണ്ട് ഇറങ്ങിക്കോളും." അത് ശരിയാ... ക്രിസ്മസ് കരോള്‍ മാതൃകയില്‍ വിഷുക്കണിയും കൊണ്ട് വീടുവീടാന്തരം പോകുന്ന ഒരു സമ്പ്രദായം ഇല്ലല്ലോ.
മീശമാധവന്‍ എഴുതാനിരിക്കുമ്പോള്‍ അത്തരം ചിന്തകള്‍ ഒന്നും അലട്ടിയിരുന്നില്ല. പിള്ളേച്ചന്‍ വിഷുവിന് റേഷന്‍കട തുറന്നത് എന്തിനാണ്? വിഷുവിന് ആരെങ്കിലും റേഷന്‍ വാങ്ങിക്കാന്‍ വരുവോ? 'നീലനിറത്തിലും ഉണ്ടല്ലോ ഒരെണ്ണം അത് അധികമാര്‍ക്കും കാണില്ല' എന്ന് ത്രിവിക്രമന് അഭിപ്രായപ്പെടാനും പിള്ളാര്‍ കാണിച്ച 'കൊണ്ട് നടക്കാന്‍ ഭാരമില്ലാത്ത' കണി ത്രിവിക്രമന് കാണിച്ചു കൊടുക്കാനും മറ്റുമായി സുഗുണനും കൂടിയുള്ള ആ മൂവരുടെയും രംഗത്തിന് പശ്ചാത്തലം ഒരുക്കണമെങ്കില്‍ അന്ന് വിഷു ആണെങ്കിലും റേഷന്‍കട തുറക്കണം... തുറന്നുകൊടുത്തു. കാണികളെ രസിപ്പിക്കുക, ചിരിപ്പിക്കുക, ത്രസിപ്പിക്കുക അത്രയേ ഉള്ളൂ മീശമാധവന് ലോജിക്.

ലോജിക്കിനെ പറ്റി പറയുമ്പോ അധികമാരും കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു വിഷു ഐതിഹ്യം കൂടെ പറയാം. ഈ ഭുവനത്തിലുണ്ടായ സാഹിത്യമാകെ എടുത്താലും നമ്മുടെ രാവണനോളം പോന്ന ഒരു വില്ലന്‍ വേറെ കാണില്ലായിരിക്കാം! എന്താ? ഇദ്ദേഹം സൂര്യനെ കിഴക്കുദിക്കാന്‍ അനുവദിച്ചിരുന്നില്ലത്രെ. മഹാവിഷ്ണു രാമനായി അവതരിച്ച് രാവണനിഗ്രഹം ചെയ്ത ശേഷമാണത്രെ സൂര്യന്‍ ഇന്ന് കാണുമ്പോലെ കിഴക്ക് ഉദിച്ചുയരുന്ന കാലം വീണ്ടും തുടങ്ങിയത്. അതിന്റെ അടയാളമായാണ് വിഷു ആഘോഷം എന്നൊരു കഥയുള്ളത് കേട്ടിട്ടുണ്ടോ. ഭൂമിയുടെ ഭ്രമണപഥം തന്നെ മാറ്റിയത്രെ രാവണന്‍. വിഷു ആഘോഷം മലയാളികള്‍ക്ക് മാത്രമല്ല ആന്ധ്രയില്‍ 'ഉഗാദി'യായും മറ്റും പല പേരുകളില്‍ പലയിടത്തും ഉണ്ട്.
സാഹിത്യത്തിലോ സിനിമയിലോ പറയുന്ന കഥയ്ക്ക് തല്ക്കാല ജീവിതവുമായി എന്തെങ്കിലും ബന്ധം ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടിയിരിക്കുന്നു. നാം കഥക്കായി നിര്‍മിച്ചെടുക്കുന്ന ലോകത്ത് മാത്രമേ അതിന് ലോജിക് ഉണ്ടാവേണ്ടതുള്ളൂ. അനുവാചകനെ രസിപ്പിക്കുക എന്നത് മാത്രമാണ് ഇവിടെ പ്രാഥമികമായ കാര്യം. അതാണ് സിനിമാറ്റിക് യൂനിവേഴ്സ് എന്ന് പറയുന്ന സംഗതി.
വിഷു നമ്മുടെ കൊയ്ത്ത് ഉത്സവമാണല്ലോ. 1582-ല്‍ പോപ് ഗ്രിഗോറി പതിമൂന്നാമനാണ് ഇന്ന് നിലവിലുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ കൊണ്ടുവന്നത്. അതിന് മുന്നത്തെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം ലോകത്താകെ ഏപ്രില്‍ ആയിരുന്നു ആദ്യത്തെ മാസം. ഇപ്പോഴും നമ്മുടെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതലാണല്ലോ തുടങ്ങുന്നത്. വര്‍ഷത്തിന്റെ തുടക്കം ജനുവരിയായി മാറിയപ്പോള്‍ അത് ശരിക്കും ഒരു പുതിയ യുഗാദി ആയല്ലോ... അപ്പൊ അതാണ് റിയല്‍ യൂനിവേഴ്സ്, മറ്റുള്ളതെല്ലാം പലവക സിനിമാറ്റിക് യൂണിവേഴ്‌സത്രെ...
ഇക്കൊല്ലം വിഷുവിന് അച്ഛനില്ല... ഒരിക്കലും മറക്കാനാവാത്ത ആ വിഷുക്കണി ഓര്‍മകളും ബാക്കിവച്ച് കഴിഞ്ഞ കൊല്ലം അച്ഛന്‍ പോയി. വാട്സാപ്പിലും ഇന്‍സ്റ്റാ, എഫ് ബി അരങ്ങുകളിലും നീല സുഗുണനും പിള്ളേച്ചന്‍ കണ്ട കണിയും ഇക്കുറിയും കാണാം...
അങ്ങനെ...കണ്ടു ഞാന്‍ കൃഷ്ണനെ ഗോപാലകൃഷ്ണനെ കൊണ്ടക്കാര്‍ വര്‍ണനെ കാര്‍വര്‍ണനെ
എന്നാ അങ്ങനെയാട്ടെ, എല്ലാര്‍ക്കും ഹാപ്പി വിഷു... വിഷുദിന ആശംസകള്‍.
Content Highlights: Renjan Pramod pens his Vishu moments and the enduring love for Sugunan
Published: 14 Apr 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented