
അനിമേഷന്‍ രംഗത്ത് പുതിയ ചരിത്രമെഴുതിയ ഡിസ്നി മരിച്ചിട്ട് അമ്പത്തിയേഴ് വര്‍ഷം. എന്തിനെയും നേരിടാമെന്ന വാശിയും ആത്മവിശ്വാസവുമായിരുന്നു ഡിസ്നിയെ ഉയരങ്ങളില്‍ എത്തിച്ചത്. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ മുഴുവന്‍ കാണാം.
ഇന്നും എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട മിക്കി മൗസിന്റെ ജനനവും ഒരു വാശിയുടെ ഫലമാണ്. 1927-ല്‍ യൂണിവേഴ്സല്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ഒരു അനിമേഷന്‍ ചിത്രം നിര്‍മിക്കാനുള്ള കരാറിലൊപ്പിട്ടു. പക്ഷേ അവര്‍ക്ക് ആവശ്യമുള്ള കഥാപാത്രം മുയല്‍ ആയിരുന്നു. ഒസ്വാള്‍ഡ് ദ ലക്കി റാബിറ്റ് എന്ന് പേരിട്ട ആ മുയല്‍ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ഇടിച്ചുകയറി. അതുവരെ കണ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തം. വഴിയിലെ തടസ്സങ്ങളൊന്നും അതിനു ബാധകമല്ല. പറന്നു നടക്കുന്ന ഒസ്വാള്‍ഡ്. സൂപ്പര്‍ഹിറ്റായിട്ടും ഡിസ്നിക്ക് കാര്യമായ പ്രതിഫലമൊന്നും കിട്ടിയില്ല. മാത്രമല്ല ഒസ്വാള്‍ഡിനുമേല്‍ ഡിസ്നിക്ക് ഒരവകാശവും ഇല്ലെന്നും യൂണിവേഴ്‌സല്‍ പറഞ്ഞു. അങ്ങനെ ഒന്നുമില്ലാതെ പുറത്ത് പോകേണ്ടിവന്നു. അതോടെ വാശിയായി.
പുതിയ കഥാപാത്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലായ്. അവസാനം ചെന്നെത്തിയത് ഒരു എലിയിലാണ്. ഉണ്ടക്കണ്ണും വട്ടച്ചെവിയുമുള്ള നല്ലൊരു കുറുമ്പന്‍ എലി. അതിനു മോര്‍ട്ടിമര്‍ എന്ന് പേരുമിട്ടു. പക്ഷെ ഡിസ്നിയുടെ ഭാര്യ ലിലിയന് ആ പേരിഷ്ടമായില്ല. പകരം ഒരു പേര് നിര്‍ദേശിച്ചു, മിക്കി. ന്യൂ യോര്‍ക്കില്‍നിന്ന് ലോസ് ആഞ്ചലിസിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ് വാള്‍ട്ട് ഡിസ്നിയുടെ മനസ്സിലേക്ക് ഈ എലി കടന്നുവന്നതെന്നും കഥയുണ്ട്. ആദ്യത്തെ രണ്ടു കാര്‍ട്ടൂണുകള്‍ പുറത്തിറങ്ങിയപ്പോഴും കാര്യമായി ആളുകളെ ആകര്‍ഷിക്കാന്‍ മിക്കിക്ക് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് അത് ക്ലിക്കായി. ഒസ്വാള്‍സിനും മുകളില്‍ പറന്നു മിക്കി. അങ്ങനെ ഡിസ്നിയുടെ വാശി വിജയംകണ്ടു. ആദ്യകാലത്ത് മിക്കിക്ക് ശബ്ദം കൊടുത്തിരുന്നതും ഡിസ്നി തന്നെ ആയിരുന്നു.

ദരിദ്രമായ ചെറുപ്പകാലം
ഫ്‌ലോറ- ഇല്യാസ് ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനായിരുന്നു ഡിസ്നി. അച്ഛന്‍ ഒരു കര്‍ഷകന്‍. വേറെ വരുമാനമൊന്നുമില്ല. അതുകൊണ്ട് തന്നെ നന്നായ് പിശുക്കിയാണ് അദ്ദേഹം പൈസ ചെലവാക്കിയിരുന്നത്. ഒപ്പം വളരെ കര്‍ക്കശക്കാരനും. ഇത് സഹിക്കാനാവാതെ ഡിസ്നിക്ക് നാല് വയസ്സുള്ളപ്പോള്‍ രണ്ട് സഹോദരന്മാര്‍ വീട്ടില്‍നിന്നും ഒളിച്ചോടി.
എഴുവയസ്സുള്ളപ്പോള്‍ തന്നെ അയല്‍വാസിക്കായി ഒരു കുതിരയുടെ ചിത്രം വരച്ചുകൊടുത്തു. അതിന് ചെറിയ പ്രതിഫലവും കിട്ടി. അതാ പയ്യന് പ്രോത്സാഹനമായി. പിന്നെയും ചിത്രങ്ങള്‍ വരച്ചുകൊടുക്കാന്‍ തുടങ്ങി. അക്കാലത്തെ പത്രങ്ങളുടെ ആദ്യപേജുകളില്‍ കാണുന്ന കാര്‍ട്ടൂണുകള്‍ നോക്കി വരച്ചാണ്, അവന്‍ ചിത്രരചന പഠിച്ചത്. അന്നൊക്കെ ഡിസ്നിയും സഹോദരന്‍ റോയും അതിരാവിലെ പത്രം വില്‍ക്കാന്‍ പോകുമായിരുന്നു. അതിരാവിലെ നാലുമണിക്ക് എണീറ്റ് പത്രം വിറ്റുവന്നിട്ടാണ് സ്‌കൂളിലേക്ക് പോവുന്നത്. വൈകുന്നേരം സ്‌കൂളില്‍നിന്ന് തിരിച്ചുവന്നാലും പത്രം ഇടാന്‍ പോവണം. അതുകൊണ്ട് പലപ്പോഴും ക്ലാസിലിരുന്ന് ഉറങ്ങാന്‍ തുടങ്ങി. ക്ലാസ്സില്‍ ഗ്രേഡ് താഴേക്ക് പോയി. കുടുംബത്തിന്റെ അവസ്ഥ വെച്ച് പത്രം വിളിക്കുന്നത് നിര്‍ത്താന്‍ പറ്റില്ല. ഉപേക്ഷിക്കാന്‍ പറ്റുന്നത് പഠനമാണ്. അതുതന്നെ ചെയ്തു. രാത്രിയില്‍ ചിത്രരചനയും അവധിദിവസങ്ങളില്‍ കാര്‍ട്ടൂണ്‍ രചനയും പഠിക്കാന്‍ തുടങ്ങി.
അപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്. അന്ന് പതിനാറ് വയസ്സാണ് ഡിസ്നിക്ക്. പട്ടാളത്തില്‍ ചേരാന്‍ പോയെങ്കിലും പ്രായമായില്ലെന്ന് പറഞ്ഞ് അവര്‍ തിരിച്ചുവിട്ടു. പിന്നെ റെഡ് ക്രോസില്‍ ചേര്‍ന്നു. ആംബുലന്‍സ് ഡ്രൈവറായിട്ടായിരുന്നുവത്. അപ്പോഴും ചിത്രംവര മറന്നിരുന്നില്ല. അദ്ദേഹം ഓടിച്ചിരുന്ന ആംബുലന്‍സ് മുഴുവന്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും കൊണ്ട് നിറച്ചു. യുദ്ധത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തി, കാര്‍ട്ടൂണിസ്റ്റ് ആയി ജോലിതുടങ്ങി. പക്ഷേ ശമ്പളം തരില്ലെന്ന് കമ്പനി പറഞ്ഞതിനാല്‍ അവിടുന്ന് പുറത്തുകടന്നു.

ഡിസ്നിയുടെ തുടക്കം
1923-ല്‍ ഡിസ്നിയും സഹോദരന്‍ റോയും ചേര്‍ന്ന് ഒരു കാര്‍ട്ടൂണ്‍ സ്റ്റുഡിയോ ഉണ്ടാക്കി, ഡിസ്നി ബ്രദേഴ്സ് സ്റ്റുഡിയോ. അവിടുന്നാണ് മിക്കി ഉണ്ടാവുന്നത്. പിന്നെ മിക്കിക്ക് കൂട്ടായി മിന്നി എത്തി. പുറകെ വന്ന ഡൊണാള്‍ഡ് ഡക്ക്, ഗൂഫി, പ്ലൂട്ടോ തുടങ്ങിയവര്‍. 1937-ല്‍ സ്നോവൈറ്റും ഏഴു കുള്ളന്‍മാരും എന്ന മുഴുനീള കാര്‍ട്ടൂണ്‍ സിനിമ പുറത്തിറക്കിയതോടെ ഡിസ്നി പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഡിസ്നിയുടെ പ്രശസ്തി വീണ്ടും വര്‍ധിച്ചു. അമേരിക്കന്‍ സര്‍ക്കാരിനായി ഡിസ്നിയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും യുദ്ധരംഗത്തു അണിനിരന്നു. സര്‍ക്കാര്‍ പരിപാടികളെ കുറിച്ചും മറ്റും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഡിസ്നി മിക്കിയെയും ഡോണള്‍ഡ് ഡക്കിനെയുമൊക്കെ ഉപയോഗിച്ചു. അങ്ങനെ വെറും വിനോദമെന്നതിലുപരി ആശയപ്രചാരണത്തിനും മുന്നിട്ടിറങ്ങി ഡിസ്നി.
അമ്യൂസ്മെന്റ് പാര്‍ക്ക് എന്ന ആശയത്തിന് ഇത്ര സ്വീകാര്യത കിട്ടിയതും ഡിസ്നിയിലൂടെയാണ്. 1955-ല്‍ അദ്ദേഹം കാലിഫോര്‍ണിയയില്‍ ഡിസ്നി ലാന്‍ഡ് തുടങ്ങി. പിന്നീട് വേറെയും അഞ്ചിടങ്ങളില്‍ പാര്‍ക്ക് സ്ഥാപിച്ചു. 1966 ഡിസംബര്‍ 15-ന് അര്‍ബുദം ബാധിച്ചു മരിക്കുന്നത് വരെ വിനോദമേഖലയില്‍ ഡിസ്നി യുഗം തന്നെയായിരുന്നു.
Content Highlights: remembering walt disney
Published: 17 Dec 2023, 03:28 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented