ഇക്കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ പുതിയ സിനിമയായ 'വിലായത്ത് ബുദ്ധ'യുടെ അവസാനത്തെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ സിനിമയുടെ കഥയും ഫസ്റ്റ് ലുക്കുമൊക്കെ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് 'പുഷ്പ'യിലെ ഐക്കോണിക് ഡയലോഗ് ആയിരുന്നു. ആ ഡയലോഗ് 'വിലായത്ത് ബുദ്ധ'യിലും ഉൾപ്പെടുത്തിയതോടെ 'പുഷ്പ'യുമായി സാമ്യമുണ്ടെന്ന് എല്ലാവരും വിശ്വസിച്ചു. അതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു.

To advertise here,

'മലയാളത്തിലെ പുഷ്പരാജ്', 'പൃഥ്വിരാജിന്റെ പുഷ്പ' എന്നൊക്കെയാണ് ആളുകൾ കമന്റിട്ടത്. എന്നാൽ ഇതിലൊക്കെ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. സാമ്യതകൾ തോന്നുന്നുണ്ടെങ്കിൽ അതെല്ലാം തികച്ചും യാദൃശ്ചികമാണെന്നും അറിഞ്ഞുകൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുഷ്പ: പാർട്ട് വൺ തിയേറ്ററിലെത്തുന്നതിനും എത്രയോ മുമ്പ് തന്നെ വിലായത്ത് ബുദ്ധ ചർച്ചകളിലുണ്ടായിരുന്നുവെന്ന് പൃഥ്വി പറയുന്നു. സംവിധായകൻ സച്ചിയാണ് ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആദ്യം പറയുന്നത്. എന്നാൽ സിനിമ സംവിധാനം ചെയ്യാൻ നിർഭാഗ്യവശാൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. ''സച്ചി ഇതെന്നോട് പറയുമ്പോൾ, പുഷ്പ റിലീസ് ആയിട്ടുണ്ടായിരുന്നില്ല. ചന്ദനക്കടത്തിനെക്കുറിച്ചുള്ള മറ്റൊരു സിനിമ നിർമിക്കുന്നുവെന്നോ അതിത്ര വലിയ ഹിറ്റാകുമെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു. വിലായത്ത് ബുദ്ധ പൂർത്തിയാകുമ്പോഴേക്കും പുഷ്പയുടെ രണ്ടു ഭാഗവും റിലീസായി കഴിഞ്ഞിരുന്നു. പുഷ്പയിലെ പ്രശസ്തമായ ഡയലോഗ് ഉൾപ്പെടുത്തിയത് പ്രൊമോഷന്റെ ഭാഗമായിട്ട് മാത്രമാണ്. സിനിമയിൽ ആ ഡയലോഗ് ഉണ്ടാവണമെന്നില്ല. എന്തായാലും ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിന് പുഷ്പരാജുമായി യാതൊരു ബന്ധവുമില്ല''.

ജി.ആർ. ഇന്ദുഗോപന്റെ നോവലായ 'വിലായത്ത് ബുദ്ധ'യെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. 2020-ൽ സച്ചി സിനിമയുടെ ആദ്യചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ അദ്ദേഹം മരിച്ചതോടെ, സച്ചിയുടെ അസോസിയേറ്റായ ജയൻ നമ്പ്യാർ സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ. ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, അനു മോഹൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 21-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi