ഹൃത്വിക് റോഷനൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഹൃത്വിക് റോഷൻ, കാമുകി സബ ആസാദ്, അലായ എഫ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവർക്കൊപ്പം മുംബൈയിൽ ഒത്തുചേർന്നതിൻ്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലിട്ടത്. ഹൃത്വിക്കിനൊപ്പമുള്ള തൻ്റെ പുതിയ പ്രോജക്ടായ, 'ദി സ്റ്റോം' എന്നു പേരിട്ട വെബ് സീരീസിനെപ്പറ്റിയുള്ള സൂചനയും പാർവതി നൽകി.

കറുത്ത വസ്ത്രത്തിൽ പാർവതിയെയും മറ്റു സഹതാരങ്ങളെയും ചിത്രങ്ങളിൽ കാണാം. ചിത്രീകരണവേളയിലുള്ള ചിത്രങ്ങളാണോ ഇതെന്ന് വ്യക്തമല്ല. വെളുത്ത വസ്ത്രത്തിൽ ഹൃത്വിക്കിനെയും കാണാം. മറ്റു ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രമ ശർമ്മ, സൃഷ്ടി ശ്രീവാസ്തവ, ഇഷാൻ റോഷൻ, ആശിഷ്, തുടങ്ങിയവരാണത്. "വരാനിരിക്കുന്ന 'ദി സ്റ്റോ'മിനായി ടീം നന്നായി ഒരുങ്ങിയിരിക്കുന്നു. തുടങ്ങാൻ തയാർ!" എന്നാണ് ചിത്രങ്ങൾക്ക് പാർവതി നൽകിയ അടിക്കുറുപ്പ്.

'സ്റ്റോമി'ൽ പാർവതിക്കൊപ്പം അലായ, സൃഷ്ടി, രമ, സബ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു എന്നാണറിയുന്നത്. 'തബ്ബാർ' എന്ന പരമ്പരയിലൂടെ പ്രശസ്തനായ അജിത്പാൽ സിങ്ങാണ് സംവിധാനം.

അതേസമയം, സീരീസിലൂടെ ഇഷാൻ നേതൃത്വം നൽകുന്ന എച്ച്ആർഎക്സ് ഫിലിംസിൻ്റെ ബാനറിൽ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുകയാണ് ഹൃത്വിക്. ത്രില്ലർ വെബ് സീരീസായ 'ദി സ്റ്റോം' പ്രൈം വീഡിയോയ്ക്ക് വേണ്ടിയാണ് നിർമിക്കുന്നത്, മുംബൈ ആയിരിക്കും സീരീസിന്റെ പശ്ചാത്തലം. കഴിഞ്ഞയാഴ്ചയാണ് നിർമാണത്തിലേക്ക് കടക്കുന്നതു സംബന്ധിച്ച് ഹൃത്വിക് എക്‌സിൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വിനോദരംഗത്ത് അദ്ദേഹം 25 വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണിത്. എല്ലാ അഭിനേതാക്കളോടും, അവരെ സെറ്റിൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും യാത്രയിൽ ഒപ്പം ചേർന്നതിന് നന്ദിയുണ്ടെന്നും ഹൃത്വിക് എക്സിൽ കുറിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi