ല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക, ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ബോക്‌സോഫീസില്‍ നൂറുകോടി ക്ലബിലേക്ക് കുതിക്കുമ്പോള്‍ ഗാനരചയിതാവ് ഹരിനാരായണനും വലിയ സന്തോഷത്തിലാണ്. ലോക സിനിമയുടെ പശ്ചാത്തല സംഗീതത്തിനായി ഹരിനാരായണന്‍ എഴുതിയ ഫോക്ക് ഗാനങ്ങളെല്ലാം പ്രശംസ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിനായി പുതിയൊരു ഭാഷ തന്നെ സൃഷ്ടിച്ചെന്നും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഹരിനാരായണന്‍ പറയുന്നു.

To advertise here,

ഒരു പാട്ടിനായി പുതിയ ഭാഷ തന്നെ ഉണ്ടാക്കി, എങ്ങനെയായിരുന്നു അത്...?
ഇത്തരമൊരു സിനിമ വരുന്നുണ്ടെന്ന് എല്ലാവരെയും പോലെ ഞാനും അറിഞ്ഞിരുന്നു. അപ്രതീക്ഷിതമായി ഒരുദിവസം സംഗീത സംവിധായകനായ ജേക്‌സ് ബിജോയ് ആണ് ഒരുഫോക് പാട്ട് വേണമെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. 'ലോക'യുടെ ടീസര്‍ വര്‍ക്കുകള്‍ നടക്കുന്ന സമയമാണത്. ഒരു ഈണമുണ്ടാക്കിയിട്ടുണ്ടെന്നും അതിന് യോജിക്കുന്ന ഒരു ഫോക് പാട്ട് വേണമെന്നും ആവശ്യപ്പെട്ടു.

മലയാളത്തില്‍ വരികള്‍ വേണ്ട, പകരം ഗോത്രവര്‍ഗ്ഗക്കാരുടെ ഏതെങ്കിലും ഒരുഭാഷയിലുള്ള വരികളാകണം, പഴയകാലത്ത് നടക്കുന്ന ഒരുകഥയ്ക്ക് വേണ്ടിയാണെന്നും പറഞ്ഞു. എന്റെ ശേഖരത്തില്‍ അത്തരം കുറേ പാട്ടുകളുണ്ട്, എന്നാല്‍ യോജിക്കുന്നത് ഉണ്ടോ എന്നറിയില്ല എന്നാണ് ആദ്യം പറഞ്ഞത്. ഗോത്രഭാഷയിലെ വാക്കുകള്‍ കിട്ടാന്‍ പ്രയാസമില്ലെന്നും എന്നാല്‍ ആ വാക്കുകള്‍ ഏത് തരത്തിലാണ് പ്രയോഗിക്കുന്നത് എന്നറിയാന്‍ അല്‍പം വിഷമമാണെന്നും പറഞ്ഞു. എന്തായാലും ഞാനൊന്ന് ശ്രമിക്കാം എന്നേറ്റു.

കാരണം നമുക്ക് അതൊരു പുതിയ ശ്രമം കൂടിയാണ്. അങ്ങനെ ആ ഈണം ഞാന്‍ കേട്ടുനോക്കി. ഏകദേശം വേണ്ട അര്‍ഥം സംവിധായകനായ ഡൊമിനിക് അരുണ്‍ എനിക്ക് അയച്ചുതന്നു. നമ്മള്‍ വലതുകൈകൊണ്ട് സ്ഥിരമായി ചെയ്യുന്ന ഒരുഎഴുത്ത് പെട്ടെന്ന് ഒരുദിവസം ഇടതുകൈകൊണ്ട് ചെയ്യേണ്ട അവസ്ഥ പോലെയാണ് മറ്റൊരുഭാഷയില്‍ പാട്ട് ഉണ്ടാക്കുക എന്നത്. ശരിയാകുമോ എന്നറിയില്ല എന്നാലും ശ്രമിച്ചുനോക്കാം എന്നൊരു മുന്‍കൂര്‍ ജാമ്യമെടുത്താണ് ഞാനെഴുതി തുടങ്ങിയത്.

ആദ്യം ഒരുപാട് ഗോത്രഭാഷകള്‍ പരിശോധിക്കുകയാണ് ചെയ്തത്. എല്ലാ ഗോത്രഭാഷകളും ഒന്നിനോടൊന്ന് വ്യത്യസ്തമാണ്. ഒരിക്കലും പരസ്പരം ചേര്‍ക്കാനാവില്ല. മുള്ളകുറുമര്‍, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, ഊരാളികുറുമര്‍, അടിയര്‍, പണിയര്‍, കുറിച്യര്‍ തുടങ്ങി ഓരോ ഗോത്രവിഭാഗത്തിന്റെയും ഭാഷയില്‍ നിന്ന് ആവശ്യമായ കുറേ വാക്കുകള്‍ ഞാന്‍ ശേഖരിച്ചു. ഒരിക്കലും അതില്‍ ഏതെങ്കിലും ഒരുഭാഷയില്‍ മാത്രം എനിക്ക് എഴുതാന്‍ പറ്റില്ല. അപ്പോഴാണ് ഞാന്‍ നമ്മുടെ മുന്‍പേ നടന്നുപോയവര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ച് ചിന്തിച്ചത്.

നമുക്ക് മണിപ്രവാളം എന്നൊരു പ്രസ്ഥാനമുണ്ട്. മലയാളവും സംസ്‌കൃതത്തെയും കൂട്ടിച്ചേര്‍ത്താണ് അതില്‍ എഴുതിയിരുന്നത്. അതുപോലെ മോയിന്‍കുട്ടി വൈദ്യരൊക്കെ ചെയ്ത ഒരുവഴിയുണ്ട്. അറബി ഭാഷയെയും മലയാളത്തെയും ഒരുമിപ്പിച്ചു. ഉദാഹരണത്തിന് ഒരിടത്തിന് മുറുകിക്കോട് എന്ന് അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. മുറുകി എന്ന് പറഞ്ഞാല്‍ കോഴി, അപ്പോള്‍ അതിന്റെ അര്‍ഥം കോഴിക്കോട് എന്നാണ്. അതുപോലെ ചേറ്റുവ പരീക്കുട്ടി ഒരിടത്ത് ഹുസ്രത്താന എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഹുസ്രത്ത് എന്ന് പറഞ്ഞാല്‍ കുഴി എന്നാര്‍ണര്‍ഥം. അപ്പോള്‍ ഹുസ്രത്താന എന്ന് പറഞ്ഞാല്‍ കുഴിയാന. അങ്ങനെയൊരു ചേര്‍ക്കല്‍ നടത്തിയാല്‍ എങ്ങനെയുണ്ടാകും എന്ന് ഞാന്‍ ചിന്തിച്ചു.

അങ്ങനെ വ്യത്യസ്ത ഭാഷകളിലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് 'ലോക'യ്ക്ക് വേണ്ടി ആ പാട്ട് എഴുതിയത്. മലയാളവും ആറ് ഗോത്രഭാഷകളും ഒരുമിച്ച് ചേര്‍ത്താണ് ആ പാട്ട് എഴുതിയത്. കേള്‍പ്പിച്ചുനോക്കിയപ്പോള്‍ ജേക്‌സിനും ഡൊമിനിക്കിനുമൊക്കെ ഇഷ്ടമായി. പാട്ടെഴുതിയ ആയൊരു ഭാഷയ്ക്ക് 'മൊഴിഗ' എന്ന് ഞാനും ജേക്‌സും കൂടി പേരുമിട്ടു. ടീസര്‍ കൂടാതെ, സിനിമയുടെ പലയിടങ്ങളില്‍ പശ്ചാത്തലസംഗീതത്തിനൊപ്പം ചേര്‍ക്കാന്‍ വേറെയും വരികള്‍ ഇതേ ഭാഷയില്‍ പിന്നീട് എഴുതി.

പുതിയ പരീക്ഷണത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷം..?
സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് അതിന്റെ തീവ്രത കിട്ടുന്നു എന്നറിയുമ്പോള്‍ സന്തോഷം. ഒരുപാട് പേര്‍ എന്നെ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്തു. ശരിക്കും ഒരുപാട്ടെഴുതുന്നതിനേക്കാള്‍ പണിയെടുത്തിരുന്നു. ഇടയ്ക്ക് ഇത്തരം ചില വെല്ലുവിളികള്‍ വരുമ്പോള്‍ ഞാനെന്ന എഴുത്തുകാരനും കുറേക്കൂടി മെച്ചപ്പെടും എന്നും തോന്നാറുണ്ട്.

അത്തരം ശ്രമം നടത്താന്‍ എനിക്ക് പ്രേരണ നല്‍കിയ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്ക്കും സംവിധായകന്‍ ഡൊമിനിക് അരുണിനുമാണ് ഇതിന്റെ എല്ലാ ക്രെഡിറ്റും. എന്തായാലും വലിയ സന്തോഷം, ഈ ഓണക്കാലം 'ലോക'യുടെ വിജയത്തോടെ കൂടുതല്‍ വര്‍ണാഭമായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi