ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും വേഷമിട്ട ബോളിവുഡ് സിനിമ 'നാദാനിയാനെ'തിരേ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് വരുന്നത്. സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന്റെ കന്നിചിത്രമാണിത്. റൊമാന്റിക് കോമഡി ചിത്രം ഒടിടിയിലെത്തിയതോടെയാണ് വിമര്‍ശനങ്ങളുടെ പെരുമഴയെത്തിയത്. ഖുഷിയുടെ അഭിനയം മോശമായെന്നാണ് പ്രധാന വിമര്‍ശനം. ചിത്രത്തിലെ ഏതാനും ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ട്രോളുകളും. ശ്രീദേവി ഈ അഭിനയം കണ്ട് സ്വര്‍ഗ്ഗത്തിലിരുന്ന് കരയുന്നുണ്ടാവും, ഈ ഭാവത്തിന് സംവിധായകന്‍ എങ്ങനെ അനുമതി നല്‍കി, അമ്മയെപ്പോലെ ആവാന്‍ വെറുതേ ശ്രമം നടത്തുന്നു, ഓഡിയന്‍സിനെ പീഡിപ്പിക്കുന്നത് നിര്‍ത്തൂ... ഇങ്ങനെ നീളുന്നു വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. 

To advertise here,

'ദില്‍ ചാഹ്താ ഹേ' സിനിമയിലെ താരങ്ങളുടെയെല്ലാം മക്കളുടെ കരിയര്‍ തകര്‍ച്ച ഖുഷി ഉറപ്പുവരുത്തുന്നു എന്നാണ് കൊമേഡിയന്‍ പ്രണിത് മോറിന്റെ വിമര്‍ശനം. ആമിര്‍ ഖാനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാനവേഷം ചെയ്തിരുന്നത്. ഖുഷിയുടെ മുന്‍ചിത്രം 'ലവ് പായ'യില്‍ നായകന്‍ ആമിറിന്റെ മകന്‍ ജുനൈദ് ഖാനായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കൊമേഡിയന്റെ പരാമര്‍ശം. 'ലവ് പായ'യും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ ചിത്രമാണ്. 

അതേസമയം, ഇബ്രാഹിമും ഖുഷിയും ഒന്നിച്ചുള്ള കെമിസ്ട്രിയെ വലിയൊരു വിഭാഗം ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ജോടിയാണ് ഇരുവരുമെന്ന് അവര്‍ പറയുന്നു. 

വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ തനിക്കിനിയൊരു ഹൊറര്‍ ത്രില്ലറില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായെത്തിയിരിക്കുകയാണ് ഖുഷി കപൂര്‍ ഇപ്പോള്‍. ഒരു ത്രില്ലര്‍-ഹൊറര്‍ സിനിമയുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ എപ്പോഴും ആകാംക്ഷയുണ്ടെന്നാണ് താരം പറയുന്നത്. ഒരുപക്ഷേ പൂര്‍ണ്ണമായും ഹൊറര്‍ സിനിമയല്ലെങ്കിലും ഇതുവരെ ചെയ്ത സിനിമകളേക്കാള്‍ 'ഡാര്‍ക്ക്' ആയ ഒരു സിനിമ ചെയ്യുന്നത് നന്നായിരിക്കുമെന്നും. നാടകീയവും വൈകാരികവുമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നത് ഇഷ്ടമാണെന്നും താരം പറയുന്നു. 

സുഹാന ഖാന്‍, അഗസ്ത്യ നന്ദ അടക്കമുള്ള സ്റ്റാര്‍കിഡുകള്‍ അണിനിരന്ന 'ആര്‍ച്ചീസ്' ആയിരുന്നു ഖുഷിയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ. ഇതടക്കം ഖുഷി വേഷമിട്ട മൂന്നു ചിത്രങ്ങളും വലിയ ട്രോളുകള്‍ക്ക് വിധേയമായി.