കാർത്തിക് ആര്യനും അനന്യ പാണ്ഡെയും പ്രധാനവേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം 'തൂ മേരി മേം തേരാ മേം തേരാ തൂ മേരി' ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളുണ്ടാക്കാതെ കടന്നുപോവുകയാണ്. ചിത്രത്തിന്റെ മോശം പ്രകടനത്തിൽ കാർത്തിക് ആര്യൻ നടത്തിയ നീക്കമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചിത്രത്തിന്റെ നിർമാതാവ് കരൺ ജോഹറുമായും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസുമായും കാർത്തിക് അകലം പാലിക്കുന്നുവെന്ന അഭ്യൂഹം നേരത്തേയുണ്ടായിരുന്നു. എന്നാൽ, നിർമ്മാതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി പ്രതിഫലത്തിന്റെ ഒരു വലിയ ഭാഗം കാർത്തിക് തിരികെ നൽകിയെന്നാണ് ഏറ്റവും പുതിയ വിവരം.

To advertise here,

പ്രതിഫലത്തിൽ നിന്ന് ഏകദേശം 15 കോടി രൂപയാണ് കാർത്തിക് വേണ്ടെന്ന് വെച്ചതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. ഒട്ടേറെ ഹിന്ദി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ കാർത്തികിന്റെ ഈ തീരുമാനം പ്രശംസിക്കപ്പെടുകയാണ്.

നടൻ്റെ ഈ പ്രവൃത്തി പക്വതയുള്ളതും ഉത്തരവാദിത്തത്തോടെയുള്ളതുമാണെന്ന് സിനിമാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ബോക്സ് ഓഫീസ് പരാജയങ്ങളുടെ ഉത്തരവാദിത്തം പങ്കിടുന്ന പ്രവണത വളരെ നല്ല കാര്യമാണ്, സിനിമയുടെ വിജയത്തെ പ്രശംസിക്കാൻ നടന്മാർ മുന്നോട്ട് വരുമ്പോൾ, ഒരു പ്രോജക്ട് പരാജയമായാൽ അതിന്റെ സാമ്പത്തിക ഭാരം പങ്കിടാൻ പൊതുവെ ആരും തയ്യാറാവാറില്ല എന്നിങ്ങനെയാണ് ഉയരുന്ന അഭിപ്രായങ്ങൾ.

'ഷെഹ്സാദ' എന്ന ചിത്രം പരാജയപ്പെട്ടപ്പോഴും കാർത്തിക് സമാനമായ രീതിയിൽ പ്രതിഫലം കുറച്ചിരുന്നു. കാർത്തിക് നിലവിൽ 'നാഗ്‌സില്ല' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ധർമ്മ പ്രൊഡക്ഷൻസാണ് സഹനിർമ്മാണം. കരൺ ജോഹറുമായുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ സഹകരണം ഇരുവർക്കുമിടയിൽ പ്രശ്നങ്ങളില്ലെന്നതിന്റെ തെളിവാണെന്നും പലരും നിരീക്ഷിക്കുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi