
ഈയാഴ്ചയിലെ എന്റെ കഥയിലെ നായികമാര്‍ എന്ന കോളത്തിലേക്ക് 1980-90 കാലത്ത് യുവമനസ്സുകളുടെ ഹരമായിരുന്ന സില്‍ക്ക് സ്മിതയുടെ ഓര്‍മക്കുറിപ്പുകള്‍ എഴുതാനിരുന്നപ്പോള്‍ പെട്ടെന്ന് ഒരു മിന്നായംപോലെ എന്റെ മനസ്സിലേക്ക് കടന്നുവന്നത് ഏതോ ഒരു പശ്ചാത്യചിന്തകന്‍ എവിടെയോ കുറിച്ചിട്ട പദമൊഴിയാണ്.
-ജീവിതം എന്താണെന്ന് പഠിച്ചിട്ട് ഒരിക്കലും ജീവിക്കാനാവില്ല. എന്നാല്‍ ജീവിതം എന്താണെന്ന് പതുക്കെപ്പതുക്കെ പഠിച്ച് പാതിവഴിയില്‍ എത്തുമ്പോഴേക്കും പലരും അകാലത്തില്‍ അനന്തതയില്‍ അഭയംതേടുകയാണ്.
എത്ര അന്വര്‍ഥമായ അക്ഷരമൊഴികളാണ്. ഈ മൊഴിചിത്രങ്ങള്‍ സില്‍ക്കിനെപ്പോലെ ജീവിതത്തിന്റെ കുതൂഹലമായ കാലഘട്ടത്തില്‍ മരണവഴിതേടിപ്പോയവര്‍ക്കുവേണ്ടിയുള്ള ഒരു ഗുണപാഠമായാണ് ആ തത്ത്വചിന്താമൊഴികളെ ഞാന്‍ കാണുന്നത്.
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, നമുക്ക് കൂടുതല്‍ ഇഷ്ടമുള്ളവരെക്കുറിച്ചാണല്ലോ നമ്മള്‍ എപ്പോഴും ഓര്‍ക്കാറുള്ളത്. എന്തിനാണ് സ്മിത ആത്മഹത്യചെയ്തത്?
നിനച്ചിരിക്കാത്ത നേരത്ത് ഒരു രാത്രി ഇരുണ്ടുവെളുക്കും മുന്‍പേ ഒരു മിന്നല്‍പ്പിണരുപോലെ ചെന്നൈയില്‍ നിന്നുംവന്ന ആ ദുരന്ത വാര്‍ത്ത കേട്ട് തെല്ലുനേരം ഞാന്‍ സ്തബ്ധനായിരുന്നുപോയി.
കത്തുന്ന നിറയൗവനവുമായി മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ എന്തിനാണവര്‍ മരണത്തിന്റെ മുനമ്പിലേക്ക് കടന്നുചെന്നത്. സ്മിതയുടെ കടന്നുവരവും വിടചൊല്ലലുമെല്ലാം ഇന്നലെ ക്കഴിഞ്ഞതുപോലെയാണ് എനിക്ക് തോന്നുന്നത്.
സ്മിതയെ ഞാന്‍ ആദ്യമായിക്കണ്ട ആ ദിവസത്തിലേക്ക് വരാം. 1978 ഡിസംബര്‍ 20. ആലുവ വൈ.എം.സി.എ ക്യാമ്പ് സെന്ററില്‍ വെച്ചാണ് ആന്റണി ഈസ്റ്റ്മാന്റെ പ്രഥമ സംവിധാന സംരംഭമായ 'ഇണയെത്തേടി'യുടെ സ്വിച്ചോണ്‍ കര്‍മത്തിന് തുടക്കം കുറിക്കുന്നത്.
ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടുദിനം മുന്നേതന്നെ പുതുമുഖമായ സ്മിതയും അവളുടെ അമ്മയും മദ്രാസില്‍നിന്ന് വൈ.എം.സി.എയില്‍ എത്തിയിരുന്നു. സ്മിതയ്ക്ക് അഭിനയ ക്ലാസ് എടുക്കുന്നതിനുവേണ്ടിയായിരുന്നു മുന്‍കൂറായി അവരെ വരുത്തിയിരിക്കുന്നത്. ആന്റണിയും ക്യാമറാമാന്‍ വിപിന്‍ദാസും കൂടിയാണ് സ്മിതയ്ക്ക് റിഹേഴ്സല്‍ എടുക്കുന്നത്. നായകനായിവരുന്നത് പുതുമുഖനടനായ കലാശാല ബാബുവാണ്. സ്മിതയും ബാബുവും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനിന്റെ പരിശീലനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ അങ്ങോട്ട് കടന്നുചെല്ലുന്നത്. ആന്റണി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി.
''ഇത് കലൂര്‍ ഡെന്നിസ്, കഥാകാരനും നോവലിസ്റ്റും, ചിത്രപൗര്‍ണമി സിനിമാവാരികയുടെ പത്രാധിപനും ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറും എല്ലാറ്റിലുമുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്.''
അതുകേട്ടപ്പോള്‍ സ്മിതയും അമ്മയും എഴുന്നേറ്റുനിന്ന് കൈകൂപ്പി എന്നെ തൊഴുതു.
ആന്റണി വീണ്ടും റിഹേഴ്സല്‍ തുടര്‍ന്നുകൊണ്ടിരുന്നു. സ്മിത ആന്റണി പറയുന്നതിനൊന്നും ശ്രദ്ധകൊടുക്കാതെ സ്വപ്നസമാനമായ മായക്കാഴ്ചകളില്‍ മുഴുകി നില്‍ക്കുകയാണ്. ആന്റണി സ്മിതയെ തന്റെ കഥാപാത്രമാക്കിമാറ്റാന്‍വേണ്ടി നന്നായിട്ട് പാടുപെടുന്നുണ്ടെങ്കിലും അഭിനയമെന്നത് അവളുടെ ഏഴയലത്തുകൂടിപ്പോലും പോയിട്ടില്ലെന്ന് എനിക്കുതോന്നി. ആന്റണി എന്ത് സജഷന്‍ പറഞ്ഞാലും അവള്‍ കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചുകൊണ്ടിരിക്കും. നാളെക്കഴിഞ്ഞ് ഷൂട്ടിങ് തുടങ്ങേണ്ടതാണ്. അവള്‍ ഇങ്ങനെപോയാല്‍ എന്താണ് ചെയ്യേണ്ടതെന്നുള്ള ദേഷ്യവും ഉള്‍ഭയവുമായി നില്‍ക്കുകയാണ് ആന്റണി. അതുകണ്ട് ഞാന്‍ അവനെ മാറ്റിനിര്‍ത്തിയിട്ട് പറഞ്ഞു:
''ഈ പെണ്ണിന് അഭിനയിക്കാനൊന്നും അറിഞ്ഞുകൂടാ, ഇവളെവെച്ച് എങ്ങനെയാണ് പടം തീര്‍ക്കുക, ഇതിനെ പറഞ്ഞുവിട്ടിട്ട് വേറെ ഏതെങ്കിലും നല്ലൊരു നടിയെ വിളിച്ച് അഭിനയിപ്പിക്കുന്നതാണ് നല്ലത്.''
എന്റെ സംസാരംകേട്ട് അവന്‍ പെട്ടെന്ന് വല്ലാതെയായെങ്കിലും എന്തോ അവളില്‍ വലിയ വിശ്വാസമായിരുന്നു ആന്റണിക്ക്. അല്പം ബുദ്ധിമുട്ടിയാലും ഇവളെത്തന്നെ ശരിയാക്കിയെടുക്കാന്‍ പറ്റുമെന്നാണ് അവന്‍ പറയുന്നത്.
ഷൂട്ടിങ് തുടങ്ങി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സ്മിത പതുക്കെപ്പതുക്കെ പരുവപ്പെട്ടുവരാന്‍ തുടങ്ങി. അതുകണ്ടപ്പോഴാണ് ആന്റണിക്കും എനിക്കും യൂണിറ്റിലുള്ള എല്ലാവര്‍ക്കും ശ്വാസം നേരേ വീണത്. അതിന്റെ ക്രെഡിറ്റ് മുഴുവന്‍ ആന്റണിക്കാണ് കൊടുക്കേണ്ടത്. അപ്പോഴും അവളുടെ കുസൃതിത്തരത്തിനും മണ്ടത്തരങ്ങള്‍ക്കൊന്നും ഒരുമാറ്റവും വന്നിരുന്നില്ല.
ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ഉണ്ടായ ഒന്നുരണ്ട് രസകരമായ അനുഭവപാഠങ്ങള്‍ പറയാം.
ഷൂട്ടിങ്തുടങ്ങി നാലാംദിവസം വൈ.എം.സി.എ. ക്യാമ്പ് സെന്ററിന്റെ ഒരു മുറിയില്‍വെച്ച് ഒരു ബെഡ്റൂം സീനാണ് എടുക്കാന്‍ പോകുന്നത്. സ്മിതയ്ക്ക് ഇതില്‍ ഒരു അഭിസാരികയുടെ വേഷമായിരുന്നു. ഒരുരാത്രി ഉറക്കംകഴിഞ്ഞ് പുലര്‍ച്ചെ എഴുന്നേറ്റ്വരുന്ന ഒരു സീനാണ്. അവള്‍ ഉറക്കത്തിന്റെ ആലസ്യത്തോടെ കൈരണ്ടുമുയര്‍ത്തി കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ ആന്റണി പെട്ടെന്ന് ഉച്ചത്തില്‍ കട്ട് പറഞ്ഞു. വിപിന്‍ദാസ് പെട്ടെന്നുതന്നെ ക്യാമറ ഓഫാക്കി. അവളുടെ രണ്ടുകക്ഷത്തിലും രോമം വളര്‍ന്നുനില്‍ക്കുന്നതു കണ്ടിട്ടാണ് ആന്റണി കട്ട്പറഞ്ഞത്.
അവന്‍ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് അല്പം ഈര്‍ഷ്യയോടെ പറഞ്ഞു,
''എന്താണ് നീ ഈ കാണിക്കുന്നത്, നീ കക്ഷം വടിക്കാറില്ലേ.''
''അത് എന്ന സാര്‍''
ആന്റണി പറഞ്ഞ കക്ഷവും വടിക്കലുമൊന്നും അവള്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല.
ആന്റണി അവളുടെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് പറഞ്ഞു,
''ഇത് കട്ട് പണ്ണണം, റിമൂവ് ദിസ്''
''എത്ക്ക് കട്ട് പണ്ണണം സാര്‍, ഇത് കാണാന്‍ നല്ലായിരിക്കും സാര്‍.''
അവളുടെ നിഷ്‌കളങ്കമായ സംസാരം കേട്ടപ്പോള്‍ ആന്റണിക്ക് ദേഷ്യവും ചിരിയും ഒരുപോലെവന്നു.
''അത് നല്ലതല്ല, നീ വേഗം മുറിയില്‍പോയിട്ട് രോമം റിമൂവ് ചെയ്ത് വാ.''
''ഞാന്‍ എപ്പടി റിമൂവ് ചെയ്യും സാര്‍, എനക്കറിയില്ല, ഞാനിതുവരെ രോമം കട്ട് ചെയ്തിട്ടില്ല.''
അവളുടെ സംസാരം കേട്ടപ്പോള്‍ യൂണിറ്റിലുള്ള എല്ലാവരും ഉറക്കെച്ചിരിച്ചു.
കാര്യമറിയാതെ അവളും അവരോടൊപ്പം ചിരിയില്‍ പങ്കുചേര്‍ന്നു.
ആന്റണി തന്റെ അടുത്ത് നിന്നിരുന്ന കിത്തോയോട് പറഞ്ഞു.
''എടാ നീ അവളുടെ കക്ഷമൊന്ന് വടിച്ചുകൊടുക്ക്. അവള്‍ക്ക് വടിക്കാനും പിടിക്കാനുമൊന്നുമറിഞ്ഞുകൂടാ.''
അതുകേട്ട് കിത്തോ ചെറുതായിട്ട് ഒന്നു ചമ്മിയെങ്കിലും അവന്‍ സ്മിതയെയും വിളിച്ചുകൊണ്ട് അവളുടെ റൂമിലേക്ക് പോയി. കൂടെ അവളുടെ അമ്മയും. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ കിത്തോ സ്മിതയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു. അവനെ കണ്ടമാത്രയില്‍ ആന്റണി ചോദിച്ചു ''എല്ലാം വടിച്ചു ക്ലീനാക്കിയോ? കിത്തോ ചിരിച്ചുകൊണ്ട് തലകുലുക്കി.''
''എന്റെ കക്ഷം നന്നായിട്ട് വലിക്കത് സര്‍.'' അതുകേട്ട് വിപിന്‍ദാസും കലാശാലാബാബുവിനും ചിരിയടക്കാനായില്ല.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ക്രിസ്മസ് വന്നു. ഷൂട്ടിങ്ങിന് മുടക്കമൊന്നുമുണ്ടായിരുന്നില്ല. ക്രിസ്മസ് ആയതുകൊണ്ട് ഉച്ചകഴിഞ്ഞിട്ടാണ് ഞാന്‍ ലൊക്കേഷനിലേക്ക് പോയത്. സ്മിതയ്ക്കും അമ്മയ്ക്കും കൊടുക്കാനായി വീട്ടിലുണ്ടാക്കിയ നാടന്‍ പലഹാരങ്ങളായ അവുലോസുണ്ടയും അച്ചപ്പവുമായിട്ടാണ് ഞാന്‍ ചെന്നത്. അവലോസുണ്ടയും അച്ചപ്പവുമൊക്കെ സ്മിത ആദ്യമായിക്കാണുകയാണ്. അവലോസുണ്ട എടുത്ത് കഴിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
''നല്ലായിരിക്കേ സര്‍, നല്ല ടേസ്റ്റുണ്ട്. ഇതിന്റെ പേരെന്ന സാര്‍''
''അവുലോസുണ്ട''
ഞാന്‍ പറഞ്ഞു.
''പൗലോസുണ്ടയാ''
''പൗലോസുണ്ടയും പത്രോസുണ്ടയും ഒന്നുമല്ല. അവലോസുണ്ട.''
അതുകേട്ട് അവള്‍ ചിരിക്കാന്‍ തുടങ്ങി.
മറ്റൊരുദിവസം. ശങ്കരാടിച്ചേട്ടനും സ്മിതയുമായുള്ള ഒരു സീനെടുത്തുകൊണ്ടിരിക്കുമ്പോഴാ ഞാന്‍ അങ്ങോട്ടേക്ക് ചെന്നത്.
ആ സീനെടുത്തുകഴിഞ്ഞപ്പോള്‍ ശങ്കരാടിച്ചേട്ടന്‍ എന്റെ അടുത്തേക്കുവന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതുകണ്ട് നിറചിരിയുമായി സ്മിത അങ്ങോട്ട് വന്നു.
സംസാരത്തിനിടയില്‍ ശങ്കരാടിച്ചേട്ടന്‍ ഏതോ ഒരു പ്രത്യേക പലഹാരത്തെക്കുറിച്ച് പറഞ്ഞതുകേട്ടപ്പോള്‍ സ്മിത പറഞ്ഞു,
''സാര്‍ ഡെന്നിസാറിന്റെ ഉണ്ട കഴിച്ചട്ടുണ്ടോ, നല്ല പ്രമാദമായ ഉണ്ടയാണ് സാര്‍.''
അതുകേട്ട് ശങ്കരാടിച്ചേട്ടന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു,
''ഡെന്നിസാറിന്റെ ഉണ്ടയോ? ഏത് ഉണ്ടയുടെ കാര്യമാടാ ഇവള്‍ പറയുന്നത്.''
''ചേട്ടാ നമ്മുടെ നാടന്‍ പലഹാരമായ അവലോസുണ്ടയുടെ കാര്യമാണ് ഇവള്‍ പറയുന്നത്.''
അതുകേട്ട് ശങ്കരാടിചേട്ടന്‍ സ്മിതയോടായിപ്പറഞ്ഞു.
''നീ മദ്രാസില്‍ച്ചെന്നിട്ട് ഏതെങ്കിലും നല്ലൊരു ട്യൂഷന്‍ ടീച്ചറെവെച്ച് മലയാളവും ഇംഗ്ലീഷുമൊക്കെ പഠിക്കാന്‍ നോക്ക്, നിനക്ക് വല്ല തെലുങ്കോ കന്നടപ്പടമോ ഒക്കെവന്നാല്‍ അവരുടെ മുന്‍പില്‍ച്ചെന്ന് നീ നാണം കെടേണ്ടിവരൂലേ. അവള്‍ അതിന് മറുപടിയൊന്നും പറയാതെ വെറുതേ ചിരിച്ചുനിന്നതേയുള്ളൂ.
'ഇണയെത്തേടി'ക്കഴിഞ്ഞ് സ്മിതയെ തേടിയെത്തിയത് വണ്ടിച്ചക്രമെന്ന തമിഴ് ചിത്രമാണ്. സില്‍ക്ക് എന്നായിരുന്നു അതിലെ കഥാപാത്രത്തിന്റെ പേര്. ആ ചിത്രത്തിന്റെ വന്‍ വിജയത്തോടെയാണ് അവള്‍ സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ഇതിനിടയില്‍ ഞാന്‍ ആദ്യമായി തിരക്കഥ എഴുതി, ആന്റണി ഈസ്റ്റുമാന്‍ സംവിധാനംചെയ്ത വയല്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാരില്‍ ഒരാളായായിരുന്നു അവള്‍. വണ്ടിച്ചക്രത്തിന്റെ അഭൂതപൂര്‍വമായ വിജയത്തോടെ തമിഴില്‍നിന്ന് ഒത്തിരി അവസരങ്ങളാണ് അവളെത്തേടിയെത്തിയത്. തമിഴിലെ സൂപ്പര്‍സ്റ്റാറുകളായ കമലഹാസന്റെയും രജനികാന്തിന്റെയും ചിത്രങ്ങളില്‍ ഗ്ലാമര്‍വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുള്ള നായകന്മാരുടെ സിനിമകളിലും സ്മിതയുടെ സാന്നിധ്യത്തിനുവേണ്ടി പല നിര്‍മാതാക്കളും അവള്‍ക്കുവേണ്ടി കാത്തിരിക്കാന്‍ തുടങ്ങി. സ്മിതയുടെ ഒരു ഡാന്‍സോ ഗ്ലാമര്‍ പരിവേഷമുള്ള നാലഞ്ചു സീനുകളോ ഉണ്ടായാല്‍ ആ ചിത്രം ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിക്കുമെന്നുള്ള പ്രചുരപ്രചാരം പെട്ടെന്നുതന്നെ അവളെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തി. സ്മിതയുടെ ചിത്രങ്ങളുടെ വിജയഫോര്‍മുലകണ്ട് മലയാളത്തിലെ പല നിര്‍മാതാക്കളും അവളുടെ ഡേറ്റിനുവേണ്ടി എന്നെ വിളിക്കാന്‍തുടങ്ങി. ഞാനും സ്മിതയുമായുള്ള ഇഴയടുപ്പം അറിയാവുന്നതുകൊണ്ട് ഞാന്‍ പറഞ്ഞാല്‍ അവളുടെ ഡേറ്റ് കിട്ടുമെന്നുള്ള വിശ്വാസം കൊണ്ടാണ് അവരെന്നെ വിളിക്കുന്നത്. അവളുടെ കൂടുതല്‍ ഡേറ്റൊന്നും വേണ്ട, നാലോ അഞ്ചോദിവസം കിട്ടിയാല്‍ മതി. ഞാന്‍ ഡേറ്റ് കൊടുക്കണമെന്ന് പറഞ്ഞിട്ടുള്ള ആരെയും അവള്‍ നിരാശപ്പെടുത്തിയിട്ടില്ല.
സ്മിത താരപദവിയുടെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോഴും കടന്നുവന്ന വഴികളൊന്നും മറക്കാതെ കടപ്പാടുകള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ വിലകൊടുത്തുകൊണ്ട് എല്ലാ സ്‌നേഹബഹുമാനങ്ങളും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടുള്ള അവളുടെ ഹൃദ്യമായ പെരുമാറ്റം എന്നില്‍ അദ്ഭുതം വിടര്‍ത്തിയിട്ടുണ്ട്. അതിന് ഏറ്റവുംനല്ല ഉദാഹരണം ഞാന്‍ പറയാം.
വര്‍ഷങ്ങള്‍ ചിലതു കടന്നുപോയി. 1991-ന്റെ ആദ്യ പകുതിയില്‍ ഏതോ ഒരുദിവസം ഞാന്‍ മദ്രാസില്‍ എഡിറ്റര്‍ ശങ്കുണ്ണിച്ചേട്ടന്റെ മുറിയില്‍ ച്ചെന്നപ്പോള്‍ സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞു ''നിങ്ങളുടെ സില്‍ക്ക് സ്മിത ഇവിടെ എ.വി.എം. സ്റ്റുഡിയോയില്‍ രജനീകാന്തിന്റെ കൂടെ അഭിനയിക്കുന്നുണ്ട്.'' ഞാന്‍ മദ്രാസില്‍ വരുമ്പോള്‍ മിക്കപ്പോഴും അവളെ വിളിക്കാറുള്ളതാണ്. ഇത്തവണ വന്നപ്പോള്‍ വിളിച്ചില്ല. തൊട്ടടുത്തല്ലെ എന്നാല്‍ അവളെ കണ്ടിട്ടുപോകാമെന്നുകരുതി ഞാന്‍ അങ്ങോട്ടുചെന്നു. ഞാന്‍ എ.വി.എം സ്റ്റുഡിയോയുടെ സി ഫ്‌ളോറിന്റെ അകത്തേക്ക് നടന്നു. അവിടെ ആര്‍ട്ടിസ്റ്റുകള്‍ ആരൊക്കെയോ ഇരിക്കുന്നതുകണ്ടു. കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് സ്ലീവ്ലെസ് ടോപ്പും ഷോര്‍ട്സും ധരിച്ചിരിക്കുന്ന സ്മിതയെക്കണ്ടത്. അവളുടെ തൊട്ടടുത്ത് കസേരയില്‍ രജനീകാന്തും ഇരിക്കുന്നുണ്ട്. എന്നെ കണ്ടപാടെത്തന്നെ അദ്ഭുതത്തോടെ ചാടിയെഴുന്നേറ്റുകൊണ്ട് അവള്‍ പറഞ്ഞു: ''സര്‍പ്രൈസ് ആയിരിക്കുന്നല്ലോ സാര്‍, നിങ്ങള്‍ എപ്പോള്‍ വന്നു. നിങ്ങള്‍ വന്നിട്ട് എന്താ എന്നെ കൂപ്പിടാതിരുന്നത്.''
''ഞാന്‍ അല്പം തിരക്കിലായിപ്പോയി. ഞാന്‍ എഴുതിയ 'ഇന്നത്തെ പ്രോഗ്രാം' എന്ന ഫിലിമിന്റെ റീറിക്കാര്‍ഡിങ് നടക്കുകയാണ് ഇവിടെ.''
അവള്‍ എന്നോട് സംസാരിക്കുന്നത് രജനീകാന്ത് ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ അവള്‍ വേഗംതന്നെ എന്നെ രജനീകാന്തിന്റെ അടുത്തുകൊണ്ടുപോയി വിനയപുരസ്സരം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്:
''രജനിസാര്‍ ഇത് കലൂര്‍ ഡെന്നിസ് സാര്‍, കേരളാവിലെ പെരിയ സ്‌ക്രിപ്റ്റ് റൈറ്റര്‍, അതുക്കുംമേലെ എന്റെ ഗുരുവും ഗോഡ്ഫാദറുമാണ്.''
അവള്‍ പറയുന്നതുകേട്ട് ഞാന്‍ ചെറുതായിട്ടൊന്ന് ചമ്മി. എന്തൊക്കെയാണവള്‍ വിളിച്ചുപറയുന്നത്. രജനീകാന്ത് എഴുന്നേറ്റ് ഹൃദ്യമായി ചിരിച്ചുകൊണ്ട് എനിക്ക് കൈതന്നു.
''അപ്പടിയാ. നാന്‍ കേള്‍വിപെട്ടിരിക്ക്.''
അത്കേട്ട് ഞാന്‍ വിനയം പേറി ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചാരത്തുനിന്നു.
''ഉക്കാറുങ്കോ സാര്‍''
രജനി എന്നെപ്പിടിച്ച് അദ്ദേഹത്തിന്റെ അടുത്തുള്ള കസേരയിലിരുത്തി.
അദ്ദേഹം ആദ്യമായിട്ടാണ് എന്നെ കാണുന്നതെങ്കിലും മുന്‍പരിചയമുള്ളതുപോലെയുള്ള പെരുമാറ്റവും സംസാരവുമൊക്കെയായിരുന്നു. അത് തമിഴ് സംസ്‌കാരത്തിന്റെ മഹനീയമായ ഒരു മാതൃകയായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതേപോലുള്ള മറ്റൊരു അനുഭവം ഒരുവര്‍ഷം മുന്‍പ് നടന്‍ സത്യരാജിനെക്കാണാന്‍പോയപ്പോഴും എനിക്കുണ്ടായിട്ടുണ്ട്. മലയാള സിനിമയിലെ ചെറുതും വലുതുമായ ഏത് കലാകാരനെക്കണ്ടാലും അവര്‍ സാര്‍ എന്ന് ബഹുമാനംകൊടുത്തേ സംസാരിക്കുകയുള്ളൂ.
രജനിയും സ്മിതയും ഞാനും കൂടിയിരുന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ രജനിയുടെ അടുത്തേക്ക് വന്നു.
രജനി എഴുന്നേറ്റുകൊണ്ട് പറഞ്ഞു
''നാന്‍ അന്ത സീന്‍ മുടിച്ചിട്ടുവരാം''
രജനി അസോസിയേറ്റിന്റെ പുറകെ സെറ്റിനകത്തേക്ക് നടന്നു.
(തുടരും)
അടുത്തത്: സ്മിതയുടെ ക്ലാര
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Kaloor Dennis remembers Silk Smitha - a sweet, innocent soul beyond the glamour of the screen
Published: 23 Oct 2025, 04:58 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented