കലയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും ജീവിത യാഥാർഥ്യങ്ങളെയും നഷ്ടങ്ങളെയും പുഞ്ചിരിയോടെ നേരിട്ടവരാണ് അവർ. ഒരാൾ ക്യാമറയ്ക്ക് മുന്നിൽ ഭാവങ്ങൾ കൊണ്ട് വിസ്മയം തീർത്ത നടി കലാരഞ്ജിനി; മറ്റൊരാൾ ശബ്ദത്തിന്റെ മാന്ത്രികത കൊണ്ട് പ്രണയവും വിരഹവും പകർന്നാടിയ ശ്രീജാ രവി. രണ്ടുപേരുമൊരുമിച്ച പുതിയ ചിത്രമായ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ വൻവിജയമായി. സായ്കുമാറിന്റെ കഥാപാത്രമായ ഭരതൻ നായരുടെ ആദ്യഭാര്യ 'സരസ്വതി'യായി കലാരഞ്ജിനി വേഷമിട്ടു. രണ്ടാം ഭാര്യ 'രുക്മിണി'യായി ശ്രീജാ രവിയും. അരങ്ങിലെ വേഷങ്ങൾ അഴിച്ചുവെച്ചിട്ടും തുടരുന്ന സൗഹൃദം. ഹൃദയഭാഷണവുമായി ശ്രീജയുടെ കോടമ്പക്കത്തെ വീട്ടിൽ ഇരുവരും ഗൃഹലക്ഷ്മിക്കൊപ്പം ചേർന്നു. ഒരു മരത്തണലിൽ ഒപ്പമിരിക്കുന്ന ഉറ്റചങ്ങാതിമാരായി അവർ.

To advertise here,

രണ്ടുപേരും ആദ്യമായാണോ ഒരുമിച്ച് അഭിനയിക്കുന്നത്?

കലാരഞ്ജിനി: അതെ. പക്ഷേ ഞങ്ങൾ പണ്ടുമുതൽ തന്നെ ഫാമിലി ഫ്രണ്ട്സാണ്. ശ്രീജയുടെ അമ്മ നാരായണി ആന്റിയെയും സഹോദരങ്ങളെയും മറ്റ് കുടുംബാംഗങ്ങളെയുമൊക്കെ അറിയാം.

ശ്രീജ: ഞാനും കലച്ചേച്ചിയും വളർന്നത് ഇവിടെ മദ്രാസിലാണ്. എന്റെ അമ്മ കണ്ണൂർ നാരായണി ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. അമ്മയുടെ കൂടെ ഡബ്ബിങ്ങിനൊക്കെ പോകുമ്പോൾ തമ്മിൽ കാണും. ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നമ്മൾ ആരാധിക്കുന്ന ഒരു നടിയല്ലേ, അതിന്റെ സന്തോഷം എനിക്കുണ്ട്. ചേച്ചി അഭിനയിക്കുന്നത് കണ്ടുനിൽക്കാൻ തന്നെ രസമാണ്.

കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കാമോ?

കലാരഞ്ജിനി: കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ചവറ വി.പി. നായരും സഹോദരങ്ങളും അഭിനയരംഗത്ത് സജീവം. അച്ഛന് നാടകസമിതി ഉണ്ടായിരുന്നു. അമ്മ വിജയലക്ഷ്മിക്ക് ഡാൻസ് ക്ലാസും റേഡിയോ സ്റ്റേഷൻ വർക്കുകളും ഉണ്ടായിരുന്നു. നാടകക്കാരും കലാകാരന്മാരുമൊക്കെയായി എപ്പോഴും സജീവമായ അന്തരീക്ഷം. എങ്കിലും ഞാൻ സിനിമയിൽ വരും എന്ന് ആരും പ്രതീക്ഷിച്ചില്ല. സഹോദരങ്ങളായ കല്പനയെയും ഉർവശിയെയും അനിയൻമാരെയുമൊക്കെ പ്രോത്സാഹിപ്പിച്ച് വിടുക എന്നതിലുപരി വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്നു ഞാൻ. ആൾക്കൂട്ടത്തിലൊക്കെ പോകാൻ ചമ്മലായിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ 'സ്വന്തം എന്ന പദം' എന്ന സിനിമയിൽ കല്പനയ്ക്ക് ഒരു വേഷമുണ്ടായിരുന്നു. ഷൂട്ട് കാണാൻ ഞാനും പോയി. ശ്രീവിദ്യാമ്മയുടെ മകളായും അംബികചേച്ചിയുടെ അനിയത്തിയായും ഉള്ള വേഷം കല്പനയ്ക്കല്ല എനിക്കാണ് ചേരുകയെന്ന് തമ്പി സാർ പറഞ്ഞു. അങ്ങനെ എന്റെ തലവര മാറി.

ശ്രീജ: അച്ഛൻ പുതിയോട്ടിൽ കുഞ്ഞിക്കുട്ടൻ മെക്കാനിക്കൽ എഞ്ചിനീയർ ആയിരുന്നു. കൊയിലാണ്ടിയാണ് സ്വദേശം. എന്റെ കുട്ടിക്കാലത്ത് അദ്ദേഹം സ്‌ട്രോക്ക് വന്ന് കിടപ്പിലായി. അദ്ദേഹത്തിന്റെ മരണശേഷം ജീവിതം പ്രയാസത്തിലായപ്പോൾ അഭിനയിക്കാനുള്ള അവസരം തേടി അമ്മ മദ്രാസിലേക്ക് വണ്ടി കയറി. ഞങ്ങൾ ഒൻപത് മക്കളാണ്. അതിൽ ഇളയ നാലു പേരെ അമ്മ കൂടെക്കൂട്ടി. മറ്റുള്ളവർ പഠിപ്പൊക്കെ കഴിഞ്ഞ് കുറച്ചു മുതിർന്നിരുന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള കാലം. ഇപ്പോൾ താമസിക്കുന്ന ചെന്നൈയിലെ വീടിന് നാല് വീട് അപ്പുറം ഒരു ഷെഡ്ഡിലാണ് കുട്ടിക്കാലത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഷെഡ്ഡിനു മുൻപിൽ എരുമകളെ കെട്ടുന്ന സ്ഥലമാണ്. എരുമ മൂത്രമൊഴിക്കുമ്പോൾ അത് വീടിനകത്തേക്ക് തെറിക്കുന്ന അത്രയും മോശം അവസ്ഥ. പക്ഷേ അവിടെയും ഞങ്ങൾ ഹാപ്പിയായിരുന്നു. പട്ടിണിയാണെങ്കിലും സന്തോഷത്തോടെ ഇരിക്കാനാണ് അമ്മ പഠിപ്പിച്ചത്. ഇന്ന് അതേ തെരുവിൽ ഞങ്ങൾക്ക് സ്വന്തമായി ഫ്‌ളാറ്റ് ഉണ്ട്. അതൊക്കെ സിനിമ തന്ന ഭാഗ്യമാണ്. വിശപ്പകറ്റാൻ കഞ്ഞിവെള്ളം അയൽപക്കത്തുനിന്ന് വാങ്ങിക്കുടിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഓർക്കുമ്പോൾ ഇന്ന് സങ്കടം തോന്നാറില്ല.

രണ്ടുപേർക്കും കാലം കാത്തുവെച്ച സമയമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്.

കലാരഞ്ജിനി: അഭിനയത്തിൽ വലിയ ഗ്യാപ്പ് ഇല്ലായിരുന്നില്ലെങ്കിലും ഒരുതരത്തിൽ 'മോഹിനിയാട്ടം' എനിക്ക് തിരിച്ചുവരവു തന്നെയാണ്. എനിക്കെന്നു പറഞ്ഞ് ചെയ്തപോലൊരു പടം. സെറ്റിലെ എല്ലാവരും തന്ന പ്രോത്സാഹനം മറക്കാനാവില്ല. സംവിധായകൻ കൃഷ്ണദാസിന് പ്രത്യേക നന്ദി.

ശ്രീജ: 'ഭരതനാട്യ'വും 'മോഹിനിയാട്ട'വും എന്റെ അഭിനയയാത്രയിലെ നാഴികക്കല്ലുകളാണ്. അഭിനയപ്രാധാന്യമുള്ള മുഴുനീള കഥാപാത്രം. ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിലുപരി അഭിനേത്രിയായി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടാനായി. ഇതൊക്കെ ദൈവം തീരുമാനിച്ചതാണ്. ചെറുപ്പത്തിൽ കുറച്ച് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് വരുന്നത്. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന തമിഴ് സിനിമയിലൂടെ. അന്നും ഡബ്ബിങ്ങിൽ സജീവമായിരുന്നു. പുതുതലമുറയിലെ നടിമാർ സ്വന്തം ശബ്ദത്തിൽ ഡബ്ബ്‌ചെയ്തു തുടങ്ങിയപ്പോൾ ജോലി കുറഞ്ഞു. 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' വഴിയാണ് മലയാളത്തിലേക്ക് അഭിനേത്രിയായി തിരിച്ചുവന്നത്.

എന്തുതരം കഥാപാത്രങ്ങളോടാണ് കൂടുതൽ താത്പര്യം?

ശ്രീജ: അമ്മ വേഷങ്ങൾ ചെയ്യാൻ വലിയ ഇഷ്ടമാണ്. അതാണ് ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത്. കളക്ടറോ പോലീസോ ഒക്കെ ആണെങ്കിൽ ഞാൻ വെള്ളം കുടിച്ചുപോകും. ചെയ്യാൻ ഇഷ്ടമല്ലെന്നല്ല, അതെനിക്ക് വഴങ്ങുമോ എന്നറിയില്ല. എങ്കിലും ഡയറക്ടർ വിശ്വസിച്ച് ഏൽപ്പിക്കുന്ന ഏത് വേഷവും ഈശ്വരൻ തരുന്ന സമ്മാനമായി കരുതുന്നു.

കലാരഞ്ജിനി: വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ആ കഥാപാത്രമായി മാറും. വലിച്ചുവാരി സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള കലാകാരിയല്ല. അതുകൊണ്ടാണ് ഒരുപാട് തിരക്കുകളില്ലാത്തത്. കഥ കേട്ട് അതിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെന്ന് തോന്നിയാലേ യെസ് പറയാറുള്ളൂ. വലിയ സ്വപ്നങ്ങളില്ല, കിട്ടുന്ന കഥാപാത്രങ്ങൾ മനോഹരമാക്കണം.

കരിയറിലും ജീവിതത്തിലും അമ്മമാർ നൽകിയ സ്വാധീനവും പിന്തുണയും എത്രത്തോളമായിരുന്നു?

കലാരഞ്ജിനി: അമ്മയാണ് ഞങ്ങൾക്ക് ഈശ്വരൻ. വഴിനടത്തിയത് അവരാണ്. അമ്മയൊക്കെ ഈ മേഖലയിൽ ഉള്ളതുകൊണ്ടാണ് സിനിമയിലേക്കുള്ള ഞങ്ങളുടെ കടന്നുവരവ് ഇത്രയും എളുപ്പമായത്. അമ്മയുടെ പിന്തുണയായിരുന്നു ഞങ്ങൾ മക്കളുടെ ധൈര്യം. ഭർത്താവിന്റെയും മക്കളുടെയും തുടരെയുള്ള മരണങ്ങളെ മുഖാമുഖം കണ്ടയാളാണ് അമ്മ. ഞാൻ കണ്ടതിൽ ശക്തയായ സ്ത്രീ.

ശ്രീജ: എനിക്കും അങ്ങനെതന്നെ. അമ്മയാണ് ഗുരു. അമ്മ വഴിയാണ് സിനിമ എന്നിലേക്കെത്തുന്നത്. എത്ര വലിയ കഷ്ടപ്പാടിലും ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണാൻ പഠിപ്പിച്ചത് അമ്മയാണ്. അച്ഛന്റെ മരണശേഷം തളരാതെ പിടിച്ചുനിന്നു. വളരെ കഷ്ടപ്പെട്ടിട്ടാണ് സിനിമയിൽ ചെറിയ റോളുകൾ അമ്മയ്ക്ക് കിട്ടിയത്. ഷൂട്ടിങ്ങിന് അമ്മയുടെ കൂടെ പോയ അനുഭവം എനിക്കില്ല. ഡബ്ബിങ്ങിന് പോവുമ്പോഴാണ് ഞങ്ങൾ മക്കളെ കൂടെ കൂട്ടുക. ഞങ്ങൾക്കും എന്തെങ്കിലും അവസരം ലഭിക്കാനാണത്. അത്രയും ബുദ്ധിമുട്ടിലായിരുന്നു. ആവോളം പരിശ്രമിച്ചിട്ടും അമ്മയ്ക്ക് അവരുടെ കഴിവിനൊത്ത് ഒന്നും ആവാൻ സാധിച്ചില്ല. അമ്മ മരിക്കും വരെ ഞങ്ങൾ ബുദ്ധിമുട്ടിൽ നിന്ന് കരകയറിയിരുന്നില്ല. അമ്മയെ നന്നായി നോക്കണം എന്നുണ്ടായിരുന്നു. പക്ഷേ, അതിനുള്ള ജീവിതസാഹചര്യം ഉണ്ടാവുമ്പോഴേക്കും അമ്മ പോയി. അമ്മയുടെ അനുഗ്രഹംകൊണ്ടാണ് ഇന്ന് എന്നെ കുറച്ചുപേർ തിരിച്ചറിയുന്നത്. അമ്മ ഉണ്ടാക്കിത്തന്ന ഒരു അടിത്തറയുണ്ട് ജീവിതത്തിന്. അതാണ് ഇപ്പോഴും മുന്നോട്ടുനയിക്കുന്നത്.

പ്രിയപ്പെട്ടവരുടെ മരണങ്ങളെ എങ്ങനെഅതിജീവിച്ചു?

കലാരഞ്ജിനി: ഞാൻ നായികയായിത്തുടങ്ങിയ സമയത്താണ് അച്ഛൻ അറ്റാക്ക് വന്ന് മരിക്കുന്നത്. രാവിലെ എല്ലാവരോടും സംസാരിച്ചിരുന്ന അച്ഛൻ വൈകുന്നേരമായപ്പോഴേക്കും പെട്ടെന്ന് മരണപ്പെടുന്നു. ഞങ്ങൾ അഞ്ച് മക്കളും അമ്മയും തമിഴ്‌നാട്ടിൽ ഒറ്റയ്ക്കായ അവസ്ഥ. അച്ഛൻ പോയപ്പോൾ വലിയ ശൂന്യതയായി. ഒരുപാട് സമയമെടുത്തു കരകയറാൻ. പിന്നീട് ഇളയസഹോദരന്റെ ആത്മഹത്യ. എനിക്കവൻ മകൻ തന്നെയായിരുന്നു. കല്പനയുടെ മരണവും താങ്ങാവുന്നതിലപ്പുറമായിരുന്നു. ഈയടുത്താണ് മറ്റൊരു സഹോദരൻ മരണപ്പെട്ടത്. 'മോഹിനിയാട്ടം' കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. മരണങ്ങൾ എന്നും ഞങ്ങളുടെ കുടുംബത്തെ പിടിച്ചുലച്ചിട്ടുണ്ട്. മനോധൈര്യം കൊണ്ടുമാത്രമാണ് അതിനെയൊക്കെ തരണം ചെയ്തുപോന്നത്.

ശ്രീജ: പ്രിയപ്പെട്ടവർ പെട്ടെന്നൊരുനാൾ വിടപറയുന്നത് ജീവിതത്തെ വല്ലാതെ ബാധിക്കും. എന്റെ ജീവിതത്തിലും അച്ഛനമ്മമാരുടെ മരണം പ്രതിസന്ധി തന്നെയായിരുന്നു. അച്ഛന്റെ മരണശേഷം ബുദ്ധിമുട്ടിലും താങ്ങായി അമ്മയുണ്ടായിരുന്നു. എന്നാൽ അമ്മയും പോയതോടെ ഞങ്ങൾ മക്കൾ ഒറ്റയ്ക്കായി. പിന്നീട് ആകെ ഉലച്ചുകളഞ്ഞത് താങ്ങായും തണലായും കൂടെയുണ്ടായിരുന്ന പങ്കാളി രവിയേട്ടന്റെ മരണമാണ്. എന്തിനും ഏതിനും രവിയേട്ടൻ എനിക്കൊപ്പമുണ്ടായിരുന്നു.

കൂടപ്പിറപ്പുകളുമായുള്ള ആത്മബന്ധം?

കലാരഞ്ജിനി: കൂടപ്പിറപ്പുകളെ ഞാൻ പേര് വിളിക്കാറില്ല, 'മക്കളേ' എന്നേ വിളിക്കൂ. അവർ കഴിഞ്ഞിട്ടേ മക്കൾ പോലുമുള്ളൂ. ഞങ്ങൾ അഞ്ച് മക്കളാണ്. ഞാനാണ് മൂത്തത്. അതിൽ ഇപ്പോൾ ഞാനും പൊടിമോളും (ഉർവശി) മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അത്തരം നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്, നികത്താൻ സാധിക്കില്ല. ആദ്യ സിനിമയിൽ ക്യാമറ എന്താണെന്നുപോലുമറിയാതെ നിൽക്കുന്ന എന്നെ കല്പനയാണ് പ്രോത്സാഹിപ്പിച്ചത്. പെട്ടെന്നാണ് അവളെ നഷ്ടപ്പെട്ടത്. ഇളയസഹോദരന്റെ ഓർമ്മയ്ക്കാണ് മകന് 'പ്രിൻസ്' എന്ന് പേരിട്ടത്.

ശ്രീജ: കല്യാണം കഴിഞ്ഞ് ഞങ്ങൾ തലശ്ശേരിയിൽ തന്നെ നിൽക്കണം എന്നായിരുന്നു രവിയേട്ടനും കുടുംബത്തിനും ആദ്യം ആഗ്രഹം. അന്ന് ഇളയ അനിയൻ ജ്യോതിഷ് പഠിക്കുകയാണ്. മൂത്ത സഹോദരൻമാർക്ക് ജോലി ആയിട്ടില്ല. അന്ന് അവരായിരുന്നു എന്റെ മുൻഗണന. അവരെ കരകയറ്റണമെന്നും അതുകൊണ്ട് ഡബ്ബിങ് ഉപേക്ഷിക്കില്ലെന്നും ഞാൻ രവിയേട്ടനോട് പറഞ്ഞു. പട്ടിണി ആണെങ്കിലും ഒരുമിച്ച് എന്ന ചിന്താഗതിയായിരുന്നു. അവരുമായുള്ള ആത്മബന്ധം വലുതാണ്.

ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് ആരോടാണ്?

കലാരഞ്ജിനി: അച്ഛന്റെ മരണശേഷം ആടിയുലഞ്ഞ ഞങ്ങളുടെ കുടുംബത്തെ കൈപിടിച്ചു നടത്തിയത് ചിറ്റപ്പൻ (ഉണ്ണി അങ്കിൾ) ആണ്. ഞങ്ങളെ വളർത്തിയതും വിവാഹം കഴിപ്പിച്ചു വിട്ടതുമെല്ലാം അദ്ദേഹമാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ എന്താവുമായിരുന്നു എന്ന് ഇന്നുമറിയില്ല. ഏറ്റവും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്.

ശ്രീജ: അമ്മ നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു. നാടക ട്രൂപ്പിലുള്ളവർ അമ്മയെ തിരികെ വീട്ടിൽ കൊണ്ടുവിടാനൊക്കെ വരുമ്പോൾ ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് ചായയും ബണ്ണുമൊക്കെ വാങ്ങിത്തന്നിട്ടുണ്ട്. അവരോടൊക്കെയും ഇന്നും നന്ദിയുണ്ട്. ഏറ്റവും കൂടുതൽ കടപ്പാട് സിനിമാ മേഖലയോടാണ്. ഞങ്ങൾ കഴിക്കുന്നത് സിനിമയുടെ ചോറാണ്.

ആദ്യപ്രതിഫലത്തിന്റെ ഓർമ്മകൾ?

കലാരഞ്ജിനി: അന്നത്തെക്കാലത്ത് അഭിനയിച്ചതിന് എത്ര പ്രതിഫലം കിട്ടി എന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. അതൊക്കെ അച്ഛനും അമ്മയും നോക്കിക്കൊള്ളും. എത്ര കിട്ടി, എന്ത് കിട്ടി എന്നതിനേക്കാൾ, പുതിയ വസ്ത്രങ്ങൾ കിട്ടുന്നതും അഭിനയിച്ച സിനിമ റിലീസിന് തിയേറ്ററിൽ പോയി കാണുന്നതുമൊക്കെയായിരുന്നു സന്തോഷം. അന്നൊക്കെ കുട്ടികൾ അച്ഛനമ്മമാർ പറയുന്നത് കേട്ട്, അവർ കാട്ടിത്തരുന്ന വഴിയിലൂടെ ജീവിച്ചിരുന്നവരാണ്. പണത്തെക്കുറിച്ച് ബോധവതിയാകാതെ, അഭിനയത്തെ മാത്രം സ്‌നേഹിച്ച നിഷ്‌കളങ്കമായ കുട്ടിക്കാലമായിരുന്നു.

ശ്രീജ: ഡബ്ബിങ്ങിന്റെ തുടക്കകാലത്ത് പ്രതിഫലം നേരിട്ട് കൈയിൽ കിട്ടുന്ന പതിവില്ലായിരുന്നു. അമ്മയുടെ കൈയിലായിരിക്കും തുക കൊടുക്കുക. ഇരുപതോ അമ്പതോ രൂപയൊക്കെ വണ്ടിക്കൂലി എന്നോണം തരുന്ന കാലമുണ്ടായിരുന്നു. കൃത്യമായ ശമ്പളമായി ആദ്യം കിട്ടുന്നത് 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്ന സിനിമയ്ക്ക് ഡബ്ബ് ചെയ്തപ്പോഴാണ്. 3,000 രൂപയായിരുന്നു പ്രതിഫലം! അന്ന് 3,000 രൂപ വലിയൊരു തുകയാണ്. അന്നത്തെ അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ആദ്യ പ്രതിഫലം കൊണ്ടാണ് ഞങ്ങളുടെ വീട്ടിൽ ലാൻഡ്ലൈൻ കണക്ഷൻ എടുക്കാനുള്ള ഡെപ്പോസിറ്റ് തുക കെട്ടിയത്. 'കാറ്റത്തെ കിളിക്കൂട്' സിനിമയ്ക്ക് പ്രതിഫലമായി നിർമാതാവ് പി.വി. ഗംഗാധരൻ സാർ 3000 രൂപയും കൂടെ ഒരു സൈക്കിളും തന്ന ഓർമ്മയുമുണ്ട്.

ജീവിതത്തിലും കരിയറിലും ശബ്ദം രണ്ടുപേർക്കും എത്രത്തോളം നിർണായകമായിരുന്നു?

കലാരഞ്ജിനി: 'എന്റെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ച ഒന്നായിരുന്നു ശബ്ദത്തിനുണ്ടായ മാറ്റം. 'കലാരഞ്ജിനിക്ക് ശബ്ദം നഷ്ടപ്പെട്ടു' എന്ന വാർത്ത അന്ന് എല്ലാ പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെയാണ് വന്നത്. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയോ യൂട്യൂബോ ഇല്ലാത്തതുകൊണ്ട് പത്രങ്ങളിലൂടെയാണ് വാർത്ത ലോകമറിഞ്ഞത്. ശബ്ദം നഷ്ടപ്പെട്ട് വെറും 41 ദിവസം മാത്രമാണ് അന്ന് വിശ്രമമെടുത്തത്. കൂടെ അഭിനയിച്ചിരുന്നവരെല്ലാം പിന്തുണ നൽകി. 'അഭിനയിക്കുമ്പോൾ ഡയലോഗുകൾ പതുക്കെപ്പറഞ്ഞാൽ മതി, ഞങ്ങൾ ശ്രദ്ധിച്ചോളാം' എന്ന് അവർ ആശ്വസിപ്പിച്ചു. സെറ്റുകളിൽ ആ പിന്തുണ വലിയൊരു തണലായിരുന്നെങ്കിലും, പുറത്തൊരു അഭിമുഖം നൽകാനോ ആൾക്കൂട്ടത്തിൽ സംസാരിക്കാനോ എനിക്ക് അപകർഷബോധം തോന്നിത്തുടങ്ങി. ഞാൻ എന്നിലേക്കുതന്നെ ഒതുങ്ങാൻ തുടങ്ങി. അഭിമുഖങ്ങൾ പരമാവധി ഒഴിവാക്കി. എന്നാൽ ആ ഉൾവലിയലിൽ ധൈര്യം തന്നത് 'ഹൗ ഓൾഡ് ആർ യൂ' എന്ന സിനിമയാണ്. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ നിർബന്ധപ്രകാരം ഒരുപാടുകാലങ്ങൾക്കുശേഷം ആ സിനിമയിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു. അതിനുശേഷം 'ചിറകൊടിഞ്ഞ കിനാവുക'ളിലും സ്വയം ഡബ്ബ് ചെയ്തു. അതിന് മുൻപൊക്കെ എനിക്കുവേണ്ടി പ്രധാനമായും ഡബ്ബ് ചെയ്തിരുന്നത് അമ്പിളിയായിരുന്നു. കുറച്ചുകാലം ഭാഗ്യലക്ഷ്മിയും ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ 'മോഹിനിയാട്ടം' എന്ന പ്രോജക്റ്റിലൂടെ എന്റെ യഥാർഥ ശബ്ദത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇപ്പോൾ ഈ ശബ്ദം ഒരുപാട് ഇഷ്ടമാണ്. സിനിമയിലെ ഡിസ്‌ക്ലെയിമർ പോലും എന്റെ വ്യത്യസ്തമായ ശബ്ദത്തിൽ കൊടുക്കാൻ ആവശ്യപ്പെട്ടതും ധൈര്യം തന്നതും സംവിധായകൻ കൃഷ്ണദാസ് മുരളിയാണ്. അത് എനിക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം പൂർണമായും തിരിച്ചുതന്നു.

ശ്രീജ: ഞാൻ ശബ്ദം കൊണ്ട് ജീവിക്കുന്ന ഒരാളാണ്. സിനിമയിലേക്ക് എത്തിപ്പെട്ടതും അതിൽ ഇന്ന് നിലനിൽക്കുന്നതും ഒക്കെ ഈ ശബ്ദമുപയോഗിച്ചാണ്. കുട്ടികൾ മുതൽ പ്രായമായവർക്കുവരെ കരിയറിലുടനീളം ശബ്ദം നൽകി. നേരിൽ കണ്ട് തിരിച്ചറിയുന്നതിനേക്കാൾ കൂടുതൽ എന്റെ ശബ്ദത്തെ ആളുകൾ നെഞ്ചേറ്റിയിട്ടുണ്ട്. കാവ്യയും ശാലിനിയും റോമയുമൊക്കെ ഡബ്ബിങ്ങിലൂടെ ആളുകളുടെ മനസ്സിൽ പതിഞ്ഞു. പണ്ട് ഞാനാണ് അവർക്ക് ശബ്ദം നൽകുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ഇന്ന് അഭിനയിക്കുമ്പോൾ ശബ്ദം ആളുകൾക്ക് സുപരിചിതമാവുന്നു.

പണ്ടത്തെയും ഇന്നത്തെയും ഷൂട്ടിങ് രീതികൾ?

കലാരഞ്ജിനി: ഒത്തിരി വ്യത്യാസമുണ്ട്. പണ്ട് ഫിലിം ക്യാമറകൾ ആണ്. ഫിലിം ഒട്ടും നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. കൂടുതൽ ടേക്ക് എടുത്താൽ 'ഫിലിം തിന്നാൻ വന്നിരിക്കുകയാണോ' എന്നൊക്കെ കളിയാക്കി ചോദിക്കുമായിരുന്നു. അതുകൊണ്ട് ഡയലോഗുകൾ പലതവണ റിഹേഴ്‌സൽ എടുത്ത് പഠിച്ചതിനു ശേഷമേ ടേക്കിലേക്ക് പോകൂ. മേക്കപ്പ് ഇടാനും ഒരുപാട് മണിക്കൂറുകൾ എടുക്കും. രാവിലത്തെ ഷൂട്ടിങ് ഒൻപത് മണിക്കാണെങ്കിൽ പുലർച്ചെ അഞ്ചുമണിക്കു തന്നെ റെഡിയാവണം. ഇന്ന് സാങ്കേതികവിദ്യ ഒരുപാട് മുന്നോട്ടുവന്നു. അതുപോലെ മേക്കപ്പ് വളരെ നാച്ചുറലായി. ഇന്നത്തെ കുട്ടികൾ ഒരു കഥാപാത്രത്തിനുവേണ്ടി ചെയ്യുന്ന ഹാർഡ് വർക്ക് വലുതാണ്. കണ്ടിന്യൂവിറ്റി ഒക്കെ അവർ കൃത്യമായി നോക്കും. ഇന്നലത്തെ സീനിന്റെ ബാക്കി എടുക്കുമ്പോൾ മുടി എങ്ങനെ കിടന്നു എന്നതുവരെ അവർ ശ്രദ്ധിക്കും.

ഡബ്ബിങ് രംഗത്ത് ഉണ്ടായ മാറ്റങ്ങൾ?

ശ്രീജ: പണ്ട് 'ലൂപ്പ് സിസ്റ്റം' ആയിരുന്നു. ഫിലിമും ടേപ്പും ഒരുമിച്ച് ഓടും. ഒരു സീൻ ചെയ്യുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് നിൽക്കണം. ഒരു മൈക്കിന് മുന്നിൽ ചിലപ്പോൾ മൂന്നും നാലും പേരുണ്ടാകും. തല അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ് ചെയ്താണ് ഡബ്ബ് ചെയ്തിരുന്നത്. ഒരാൾ തെറ്റിച്ചാൽ എല്ലാവരും വീണ്ടും ചെയ്യണം. ഇന്ന് അങ്ങനെയല്ല. ഓരോരുത്തരും വരുന്നു, അവരുടെ ട്രാക്ക് മാത്രം ഡബ്ബ് ചെയ്ത് പോകുന്നു. ഒരാൾക്ക് നാലഞ്ചു തവണ പല രീതിയിൽ ചെയ്തു നോക്കാൻ അവസരമുണ്ട്. നമുക്ക് വേണ്ട ഭാഗങ്ങൾ മാത്രമെടുത്ത് എഡിറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും വന്നു.

സിനിമാമേഖലയിലേക്ക് കടന്നുവരുന്നവർക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത്?

കലാരഞ്ജിനി: ഇന്നത്തെ കുട്ടികൾ നമ്മളേക്കാൾ സ്മാർട്ടാണ്. പുതിയ ടെക്‌നോളജിയൊക്കെ അവർക്ക് വേഗത്തിൽ വഴങ്ങും. എങ്കിലും ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാവരുമായും നന്നായി ഇടപഴകാൻ ശ്രദ്ധിക്കണം. മൊബൈലിൽ നോക്കി ഇരിക്കാതെ സഹപ്രവർത്തകരെയും സിനിമയിലെ മറ്റ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയും അറിയാൻ ശ്രമിക്കുക. ഏത് തൊഴിലായാലും അതിനെ സ്‌നേഹിച്ചാൽ മാത്രമേ അത് നമുക്ക് വഴങ്ങൂ. സിനിമയിൽ കലാകാരന്മാർക്കിടയിൽ വലുപ്പച്ചെറുപ്പമില്ല. ഏതു ജോലി ചെയ്യുന്നവരായാലും പേരുവിളിക്കാൻ ശ്രദ്ധിക്കാറുണ്ട്. കുറെ വർഷങ്ങളായി ഞാൻ ഈ രംഗത്തുണ്ട്. നാല് ഭാഷകളിലായി ഏകദേശം 341 പടങ്ങൾ ചെയ്തു. പുതിയ കുട്ടികളുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് ഞാൻ ഇറങ്ങിച്ചെല്ലും. കാരവാനിൽ പോയി ഇരിക്കാൻ ഇഷ്ടമല്ല.

ശ്രീജ: ഡബ്ബിങ്ങിൽ അക്ഷരശുദ്ധിക്ക് വലിയ പ്രാധാന്യമുണ്ട്. എനിക്ക് കണ്ണൂർ ഭാഷയായിരുന്നു. സംവിധായകൻ പി.ജി. വാസുദേവൻ സാറാണ് പത്രം ഉറക്കെ വായിച്ച് ഭാഷ നന്നാക്കാൻ എന്നോട് പറഞ്ഞത്. ഇന്ന് പലരും ഉച്ചാരണത്തിൽ വലിയ ശ്രദ്ധ നൽകാറില്ല. 'ഫ' എന്ന അക്ഷരം പോലും പലരും തെറ്റായാണ് ഉപയോഗിക്കുന്നത്. ഭാഷ കൃത്യമായി പഠിക്കാൻ ശ്രമിക്കുന്നത് നല്ലതാവും.

കോടമ്പക്കത്ത് വെയിൽതാണു. പക്ഷികൾ ചേക്കേറിത്തുടങ്ങി. കലാരഞ്ജിനിയും ശ്രീജയും സൗഹൃദംകൊണ്ടൊരു കൂടുകൂട്ടി. പലകാലങ്ങളുടെ ഓർമ്മകളെ അവർ ആ കൂട്ടിലേക്ക് ചേക്കേറാനയച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi