പാട്ടിന്റെ വര്‍ണക്കനവേറി വന്ന അന്നക്കിളിയാണ് മലയാളിക്ക് ജാസി ഗിഫ്റ്റ്. അതൊരു ഒന്നൊന്നര വരവായിരുന്നു. ചില ശീലങ്ങളെ പൊളിച്ചുകൊണ്ട്, പുതുവഴികള്‍ തുറന്നുകൊണ്ട്. മലയാളികള്‍ അന്നോളം കേട്ടുപരിചയിച്ച ഗായകശബ്ദമായിരുന്നില്ല അത്. പ്രണയത്തെയും വിഷാദത്തെയും ആനന്ദത്തെയും സംഗീതത്തില്‍ ആവാഹിച്ച സ്വരമാധുരിയുമായിരുന്നില്ല. ആ വ്യത്യസ്തതയെ മലയാളക്കര നൃത്തച്ചുവടുകളോടെ സ്വീകരിച്ചു. തലമുറഭേദമില്ലാതെ സംഗീതപ്രേമികള്‍ ജാസിയുടെ പാട്ടേറ്റുപാടി... 'ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണില്‍.' 
പതിവുചിട്ടകള്‍ പൊളിച്ചെഴുതപ്പെടുമ്പോഴൊക്കെയും ഉയരുന്ന വിമര്‍ശനങ്ങളെ ലജ്ജാവതിയുടെ ഗായകനും നേരിടേണ്ടിവന്നു. 'സംഗീതത്തെ നശിപ്പിക്കുന്ന ഇവന് ഈ പാട്ടോടുകൂടി കളംവിടേണ്ടിവരും...' കടുംചിട്ടക്കാര്‍ മുറുമുറുത്തു. 
വിമര്‍ശനങ്ങളെയെല്ലാം പാടിത്തോല്‍പ്പിച്ച് ജാസി മലയാള സംഗീതലോകത്ത്'മണിക്കിനാവിന്‍ കൊതുമ്പുവള്ളം തുഴഞ്ഞു.'   
എല്ലാ വിമര്‍ശനങ്ങള്‍ക്കും ജാസിയുടെ പക്കല്‍ ഒറ്റ മറുപടിയേ ഉള്ളൂ. ''സംഗീതം എല്ലാവര്‍ക്കുമുള്ളതാണ്.'' സ്വയംകണ്ടെത്തിയ വഴിയിലൂടെ സധൈര്യം സഞ്ചരിച്ചൊരാളുടെ ആത്മസംതൃപ്തി നിറയുന്ന ജാസിയുടെ വര്‍ത്തമാനത്തിലൂടെ.

To advertise here,

ആക്‌സിഡന്റല്‍ മ്യുസീഷ്യനാണോ ജാസി ഗിഫ്റ്റ്?
സംഗീതത്തോട് ചെറുപ്പംതൊട്ട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, ഏറെ വൈകിയാണ് ഈ മേഖലയിലേക്കുള്ള വരവ്.  ചെറുപ്പത്തില്‍ ഗുരുവിന്റെ കീഴില്‍ പഠിച്ചിട്ടൊന്നുമില്ല. പത്താംക്ലാസ് എത്തിയപ്പോഴാണ് പിയാനോ പഠനത്തിന്റെ തുടക്കം. തിരുവനന്തപുരത്തുള്ള മധുമാഷിന് കീഴില്‍. പിന്നീട് കുറച്ചുകാലം കീബോര്‍ഡിസ്റ്റായി തലസ്ഥാനത്തെ ചില ബാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചു. അത് കുറച്ച് ഊര്‍ജം നല്‍കി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വൃന്ദവാദ്യം ടീമില്‍ അംഗമായിരുന്നു. പക്ഷേ, അന്നും പാടിയിട്ടില്ല. 
കോളേജിലെത്തിയപ്പോള്‍ ഞങ്ങള്‍ വെസ്റ്റേണ്‍ മ്യൂസിക്ക് ഗ്രൂപ്പ് തുടങ്ങി. അതില്‍ ഞാന്‍ വോക്കലിസ്റ്റ് ആയിരുന്നു. ദേശീയതലത്തില്‍വരെ മത്സരിച്ചു. അന്നും സിനിമാപാട്ടൊന്നും പാടാറില്ല. ഇംഗ്ലീഷ് പാട്ടുകളുടെ കവര്‍ ചെയ്യും. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലൊന്നും അന്ന് വന്നിട്ടില്ല. പിന്നീട് കുറേക്കാലത്തിനുശേഷം ആല്‍ബം പാട്ട് ചെയ്യാന്‍തുടങ്ങി. 

സംഗീതം പ്രൊഫഷണലായി പഠിക്കണമെന്ന് തോന്നിയിരുന്നില്ലേ?
സംഗീതം പഠിക്കണമെന്ന ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു. എല്ലാ തരത്തിലുള്ള സംഗീതവും കേള്‍ക്കും. സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ കുറെയെല്ലാം ഒറ്റയ്ക്ക് മനസ്സിലാക്കി. പക്ഷേ, അതുമാത്രം പോരാ എന്ന തോന്നല്‍ വന്നു. അങ്ങനെ പഠിക്കാന്‍ തീരുമാനിച്ചു. ഡിഗ്രി പഠനകാലത്ത് രമേഷ് നാരായണന്‍ സാറിന്റെ അടുത്ത് ഹിന്ദുസ്ഥാനിസംഗീതം പഠിക്കാന്‍പോയി. സാറിന്റെ ശിഷ്യയും എന്റെ സുഹൃത്തുമായ സനിത വഴിയായിരുന്നു അവിടേക്കുള്ള പ്രവേശനം. അന്നുതൊട്ട് സംഗീതത്തെ പ്രൊഫഷണലായി സമീപിച്ചു. 
അവിടെയുള്ളപ്പോള്‍ സ്വന്തമായി പാട്ട് ക്രിയേറ്റ് ചെയ്യണമെന്ന തോന്നലുണ്ടായി. ബിഗ് ബോസിലുണ്ടായിരുന്ന സാബുവുമായി നല്ല അടുപ്പമുണ്ടായിരുന്നു. പിന്നെ ബാലഭാസ്‌കറുമായും. സാബുവാണ് എനിക്കൊരു സ്പാര്‍ക്ക് തരുന്നത്. ഒരു ആല്‍ബം ചെയ്യാമെന്ന് അവന്‍ പറഞ്ഞു. അങ്ങനെ കമ്പോസ് ചെയ്തു. ഞാന്‍ തന്നെയാണ് പാടിയതും.

എന്നിട്ട് ആല്‍ബം ഹിറ്റായോ ?
സൂര്യ ടിവിക്ക് വേണ്ടിയായിരുന്നു ആ ആല്‍ബം. സാബു അക്കാലത്ത് സൂര്യ ടിവിക്കുവേണ്ടി പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. അവന്‍ അതിന്റെ കാര്യങ്ങളെല്ലാം ചെയ്തു. ആല്‍ബം കേട്ടവര്‍ക്കെല്ലാം ഇഷ്ടമായി. സംവിധായകന്‍ ജയരാജ് സാറും എങ്ങനെയോ പാട്ട് കേട്ടു. അദ്ദേഹം 'ബീഭത്സ' എന്ന ഹിന്ദി സിനിമയ്ക്കുവേണ്ടി വിളിച്ചു. ഷൂട്ടിങ്ങിന്റെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തുണ്ടായിരുന്നു. അവിടെ പോയി കണ്ടു. സാര്‍ കുറച്ച് ഡെമോ കാണിക്കാന്‍ പറഞ്ഞു. ഞാന്‍ കാണിച്ചു. അതെല്ലാം ഇഷ്ടമായി. അങ്ങനെ അതിന്റെ ഭാഗമായി. അതായിരുന്നു സിനിമാ അരങ്ങേറ്റം. അദ്ദേഹത്തിന്റെ അസോസിയേറ്റ് അശോക് ആര്‍. നാഥ് ചെയ്ത 'സഫല'മായിരുന്നു അടുത്ത സിനിമ. അതിലും സംഗീതം ചെയ്തു. സിനിമയിലെ 'തൂവെള്ള തൂവുന്നു' എന്ന പാട്ട് ശ്രദ്ധിക്കപ്പെട്ടു. 

പിന്നെ എങ്ങനെ 'ഫോര്‍ ദ പീപ്പിളി'ന്റെ ഭാഗമായി ?
'ബീഭത്സ'യുടെ സമയത്തേ ജയരാജ് സാര്‍ ഇങ്ങനെയൊരു ചിത്രത്തെപ്പറ്റി സംസാരിച്ചിരുന്നു. പാട്ട് ചെയ്തുതുടങ്ങാനും പറഞ്ഞു. ഇടയ്ക്ക് ഡെമോകള്‍ കാണിച്ചു. അത് ഓക്കെയായി.  യൂത്തിന് ഇഷ്ടപ്പെടുന്നതായിരിക്കണം എന്ന് ജയരാജ് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഹിപ് ഹോപ്പ് കേരളത്തില്‍ സജീവമല്ല. അതൊക്കെ പരീക്ഷിക്കാമെന്ന നിര്‍ദേശവും തന്നു. സാര്‍ തന്ന ആശയം കൃത്യമായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ ധൈര്യം വന്നു.

എക്കാലത്തെയും ഹിറ്റാണല്ലോ 'ലജ്ജാവതി,' അതിന്റെ പിറവിയെപ്പറ്റി?
 ആദ്യം കമ്പോസ് ചെയ്തത് 'അന്നക്കിളി'യാണ്. 'ലജ്ജാവതി' മൂന്നാമതായും ചെയ്തു. ട്യൂണ്‍ എനിക്കും ജയരാജ് സാറിനും ഇഷ്ടപ്പെട്ടു. കൈതപ്രം തിരുമേനി വളരെ വേഗത്തില്‍ വരികള്‍ എഴുതി. അദ്ദേഹം എനിക്ക് ഏറെ കംഫര്‍ട്ടബിളായ മനുഷ്യനാണ്. പറഞ്ഞ രീതിയനുസരിച്ചുതന്നെ അദ്ദേഹം പാട്ടെഴുതി. യൂത്തിന്റെ സിനിമ ആയതുകൊണ്ട് പാട്ടുകളില്‍ ഇംഗ്ലീഷ് വാചകങ്ങളും ഉപയോഗിക്കാമെന്ന് ജയരാജ് സാറും പറഞ്ഞു. ഗിറ്റാറിസ്റ്റ് രാജു ജോര്‍ജിന്റേതാണ് ഇംഗ്ലീഷ് വരികള്‍.

'ലജ്ജാവതി' ആദ്യം പാടാന്‍ തീരുമാനിച്ചത് അദ്നാന്‍ സാമിയെ ആയിരുന്നവെന്ന് കേട്ടിരുന്നു. പിന്നീട് എന്ത് സംഭവിച്ചു ?
'ലജ്ജാവതിക്ക്' വ്യത്യസ്തമായ ശബ്ദം പരീക്ഷിച്ചാലോ എന്നായിരുന്നു ഞങ്ങളുടെ ആലോചന. ആ ചിന്ത അദ്‌നാന്‍ സാമിയിലെത്തിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ ആല്‍ബങ്ങളെല്ലാം ഹിറ്റാണ്. ഞങ്ങള്‍ അദ്ദേഹത്തെ സമീപിച്ചു. പക്ഷേ, ഡേറ്റും പ്രതിഫലവും ഓക്കെയായില്ല. 
പിന്നെ മറ്റൊരു ശബ്ദത്തിനായി തിരച്ചില്‍ തുടങ്ങി. പക്ഷേ, ജയരാജ് സാര്‍ എന്നോടുതന്നെ പാടാന്‍ നിര്‍ദേശിച്ചു. കമ്പോസിങ് മുതലേ അദ്ദേഹം എന്റെ ശബ്ദത്തിലാണല്ലോ കേള്‍ക്കുന്നത്. അതുകൊണ്ടായിരിക്കാം അങ്ങനെ നിര്‍ദേശിച്ചത്. അവസാനം സാറിന്റെ നിര്‍ബന്ധത്തില്‍ ഞാന്‍ പാടി. കേട്ടവരില്‍നിന്നെല്ലാം നല്ല അഭിപ്രായവും കിട്ടി. അതോടെ അത് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

അതിനുശേഷമുണ്ടായ ഇംപാക്ട് ?
ജയരാജ് സാറിന്റെ സിനിമകളിലെ പാട്ടുകളെല്ലാം ഹിറ്റാവാറുണ്ട്. എന്റേതും ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു. പക്ഷേ, ഇത്ര വലിയ ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. മറ്റുസംസ്ഥാനങ്ങളിലും ആളുകള്‍ പാട്ട് ഏറ്റെടുത്തു. പാട്ട് ഹിറ്റായതോടെ  സിനിമയുടെ അവസാനവും ഈ പാട്ട് ഉള്‍പ്പെടുത്തി. അതിന് തിയേറ്ററുകളില്‍ ആളുകള്‍ ചുവടുവെച്ചു. പലവേദികളിലും സ്ഥലങ്ങളിലും ആ പാട്ട് കേട്ടു. അക്കാലത്ത് യാത്രകള്‍ക്കിടെ ബസ്സില്‍ 'ലജ്ജാവതി' കേട്ട് സന്തോഷിച്ചിട്ടുണ്ട്.  പാട്ട് അതിര്‍ത്തിയും കടന്നു. തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും വന്നു. അവിടെയൊക്കെ ഞാന്‍തന്നെ പാടി. 

ഒരുപാട് വിമര്‍ശനങ്ങളും വന്നല്ലോ ?
അത്ര ഗൗരവമായ വിമര്‍ശനങ്ങളായിരുന്നില്ല അതൊന്നും. വിമര്‍ശനങ്ങള്‍ കേട്ടു. അത് അപ്പോഴേ വിട്ടു. എന്തിന് അവര്‍ അങ്ങനെ പറഞ്ഞു, എന്ന് ആലോചിച്ച് അതിന്റെ പിന്നാലെപോകാന്‍ ശ്രമിച്ചിട്ടില്ല. പാട്ടുകള്‍ക്ക് തീര്‍ച്ചയായും കാവ്യഭംഗി വേണമെന്ന അഭിപ്രായമാണ് എനിക്കും. പക്ഷേ, ട്യൂണിനനുസരിച്ച് ചെറിയ വാക്കുകള്‍ കൊണ്ടുവരുമ്പോഴാണ് പാട്ടിന് കാവ്യഭംഗി വരുക. കൈതപ്രം തിരുമേനി അതില്‍ അഗ്രഗണ്യനാണ്. 
ഇപ്പോള്‍ കന്നഡയില്‍ പാട്ട് ചെയ്യുമ്പോള്‍ പലപ്പോഴും അബദ്ധം പറ്റാറുണ്ട്. ട്യൂണിനനുസരിച്ച് വാക്കുകള്‍ വരില്ല. അതോടെ അര്‍ഥവും മാറിപ്പോകും.

വ്യത്യസ്തമായ ശബ്ദമാണ് ജാസിയുടേത്. മറ്റു സംഗീതസംവിധായകര്‍ക്കായി പാടുന്ന സമയത്ത് ശബ്ദത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടോ ?
പാട്ടുകാരനാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മ്യൂസിക് കമ്പോസിങ് മാത്രമായിരുന്നു ലക്ഷ്യം. വേറൊരാള്‍ക്കുവേണ്ടി പാടുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന തലത്തില്‍ എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, അതൊക്കെ ക്രമേണ മാറി.  ഇപ്പോള്‍ ഈ മേഖലയില്‍ ഇരുപതുവര്‍ഷം കഴിഞ്ഞു. സംഗീതസംവിധായകന്‍ എന്നതിനെക്കാള്‍ പാട്ടുകാരന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.  

സ്റ്റേജില്‍ ജാസി പാടുമ്പോള്‍ കിട്ടുന്ന സ്വീകാര്യത വലുതാണ്. വേദിയില്‍ എന്ത് മാജിക്കാണ് സംഭവിക്കുന്നത് ?
ഞാന്‍ ചെയ്ത പാട്ടുകള്‍തന്നെ സ്റ്റേജില്‍ പാടുമ്പോള്‍ പ്രത്യേക ധൈര്യം കിട്ടും. അതിനാവശ്യമായ ഫീല്‍ വരുത്താന്‍ എനിക്ക് സാധിക്കും. പാട്ടിന്റെ പ്രധാന ഘടകം എക്‌സ്പ്രഷനാണ്. യാന്ത്രികമായി പാടാതെ എക്‌സ്പ്രഷന്‍ കൊടുത്ത് പാടുമ്പോള്‍ പാട്ട് ശ്രദ്ധിക്കും. ജോണ്‍സണ്‍ മാഷ് അടക്കമുള്ളവര്‍ അത് പറഞ്ഞിട്ടുണ്ട്. സ്വന്തം പാട്ടാകുമ്പോള്‍ നമുക്ക് കുറേക്കൂടി എക്‌സ്പ്രസീവ് ആകാന്‍ പറ്റും.

മലയാളിയായ ഒരാള്‍ മറ്റൊരു ഭാഷയില്‍ പോയി പാട്ട് ചെയ്യുമ്പോള്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടിവരാറില്ലേ ?
തുടക്കത്തില്‍ കുറച്ചു വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ തമിഴ്, കന്നഡ, തെലുഗു ഭാഷകളിലായി ഒരുപാട് സിനിമകള്‍ക്ക് പാട്ടുചെയ്തു. കന്നഡയില്‍ ആദ്യം നേരിട്ട വിമര്‍ശനം മലയാളം പാട്ടുപോലെ ഇരിക്കുന്നു എന്നതാണ്. പിന്നീട് കന്നഡയില്‍ ചെയ്ത ഒരു പാട്ട് ഹിറ്റായി. ശ്രേയാ ഘോഷാല്‍ പാടിയ പാട്ട്. 'ഗഗനവേ ഭാഗി' എന്ന പാട്ട്. അതോടെ അവിടെനിന്ന് ഒരുപാട് സിനിമകള്‍ വന്നു.  കന്നഡയില്‍ ഇപ്പോഴും മെലഡി പാട്ടുകള്‍ക്ക് സ്വീകാര്യതയുണ്ട്. റൊമാന്റിക് പാട്ടുകള്‍ ചെയ്യാന്‍ ഇപ്പോഴും അവിടെനിന്ന് വിളിവരും. ഇപ്പോള്‍ വിവിധ ഭാഷകളിലായി എണ്‍പതോളം സിനിമകള്‍ക്കുവേണ്ടി കമ്പോസിങ് ചെയ്തു. 
എല്ലാ ഭാഷകളിലും പാട്ടുകളില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അടിച്ചുപൊളി പാട്ടുകള്‍ കൂടുതലായി. തിയേറ്ററിന്റെ പള്‍സ് നോക്കിയും പാട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. 

വരാനിരിക്കുന്ന സിനിമകള്‍...?
ജയരാജ് സാറിന്റെ വരാനിരിക്കുന്ന സിനിമ 'ശാന്തമീ രാത്രിയില്‍' ഞാനാണ് സംഗീതം. എട്ട് പാട്ടുകളുണ്ട്. മെലഡിയും ഫാസ്റ്റ് നമ്പറുമൊക്കെയുണ്ട്. അഞ്ച് പുതിയ പാട്ടുകാര്‍ ഇതില്‍ പാടുന്നുണ്ട്. 
സംഗീതത്തില്‍ പുതുവഴികള്‍ തുറന്ന ജാസി ഗിഫ്റ്റിന് തത്വചിന്തയുമായും ബന്ധമുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് പിജി ചെയ്ത ജാസി  കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ പിഎച്ച്ഡി സ്വന്തമാക്കിയിട്ടുണ്ട്.