''ആരോ വിരൽ നീട്ടി...'ഒരു പാട്ട് കേൾക്കുമ്പോൾ നിങ്ങൾ ആ പാട്ടിൽ സാധാരണ ശ്രദ്ധിക്കുന്നത് എന്താണ്? വരികൾ? സംഗീതം? ഗായകരുടെ ശബ്ദം? അല്ലെങ്കിൽ ആ പാട്ടുമായി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ? പക്ഷേ, ചില പാട്ടുകളുടെ പിറവിക്ക് മുന്നേയുള്ള യാത്ര ചിലപ്പോഴൊക്കെ അതിന്റെ വരികളെക്കാളും സംഗീതത്തെക്കാളുമൊക്കെ മനോഹരമായിരിക്കും. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിരഹഗാനങ്ങളിൽ ഒന്നായ 'ആരോ വിരൽ നീട്ടി' എന്ന പാട്ടിനും നമ്മളോട് പറയാനുണ്ട് അത്തരത്തിൽ മനോഹരമായ ഒരു കഥ. ഒരു അസാധാരണമായ പിറവിയുടെ കഥ.
ഈ പാട്ടിന്റെ കഥ തുടങ്ങുന്നത് 'പ്രണയവർണ്ണങ്ങൾ' എന്ന സിനിമയിൽ നിന്നല്ല. ആ സിനിമ പുറത്തിറങ്ങുന്നതിനും ഏഴെട്ട് വർഷം മുൻപാണ്. വർഷം 1990. തമിഴ് നടനും സംവിധായകനുമായ യുഗി സേതു ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിക്കുന്നു. പിന്നീട്, പഞ്ചതന്ത്രം, പമ്മൽ കെ സംബന്ധം, അൻപേ ശിവം എന്നീ കമൽഹാസൻ സിനിമകളിലൂടെ ഒരു നടനായി കൂടുതൽ ശ്രദ്ധിക്കപ്പെട്ട അതേ യുഗി സേതു. സിനിമയുടെ പേര് 'Mathangal 7'', യുഗി സേതു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ആ സിനിമയുടെ സംഗീത സംവിധായകൻ അന്ന് താരതമ്യേനെ പുതുമുഖമായിരുന്ന വിദ്യാസാഗർ.
ഇന്ന് നമ്മൾ അറിയുന്ന വലിയ വിദ്യാസാഗർ അല്ല അന്ന് അദ്ദേഹം. കരിയറിന്റെ തുടക്കകാലത്തുള്ള, അവസരങ്ങൾ തേടിക്കൊണ്ടിരുന്ന ഒരു യുവ സംഗീതസംവിധായകൻ. അങ്ങനെ സിനിമ ആരംഭിച്ചു. പക്ഷേ, സിനിമയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.
1991-ൽ തന്നെ സെൻസറിങ്ങ് പൂർത്തിയാക്കിയ സിനിമ 1991-ൽ പുറത്തിറങ്ങിയില്ല. 1992-ലും പുറത്തിറങ്ങിയില്ല. വിവിധ കാരണങ്ങളാൽ റിലീസ് നീണ്ടു നീണ്ടു പോയി. അവസാനം ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം 1993-ൽ സിനിമ പുറത്തിറങ്ങി. പക്ഷേ, വർഷങ്ങൾ പെട്ടിയിലിരുന്ന് ഇറങ്ങിയൊരു പടം. വലിയ പേരുകളോ സൂപ്പർസ്റ്റാർ മുഖങ്ങളോ പോസ്റ്ററിൽ ഇല്ല. അങ്ങനെ സിനിമ തിയേറ്ററുകളിൽ ദയനീയമായി പരാജയപ്പെട്ടു. സിനിമ ഫ്‌ളോപ്പ് ആയപ്പോൾ അതിനൊപ്പം ആ സിനിമയിലെ പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടാതെ പോയി.
അതിൽ ഒന്നായിരുന്നു ഈ മനോഹരമായ ഡ്യൂയറ്റ്, 'മീട്ട് എന്നൈ മീട്ട്'..... വാലിയുടെ വരികൾ. എസ്.പി. ബാലസുബ്രഹ്മണ്യവും കെ.എസ്. ചിത്രയും ചേർന്ന് അതിമനോഹരമായി ആലപിച്ച ഗാനം.
ഇന്ന് കേട്ടാലും എത്ര മനോഹരമായ മെലഡിയാണെന്ന് തോന്നുന്ന ഒരു പാട്ട്. എന്നാൽ സിനിമ പരാജയപ്പെട്ടപ്പോൾ പാട്ടും അതിൽ മുങ്ങിപ്പോയി. ചിലപ്പോൾ നല്ല ഈണങ്ങൾ ജനിക്കുക ഇതുപോലെ തെറ്റായ സമയത്ത് ആയിരിക്കാം അല്ലെ? ആ ഈണത്തിന്റെ ജീവിതം അന്ന് അവിടെ അവസാനിക്കേണ്ടതാണ്. പക്ഷേ ആ ഈണത്തിന്റെ വിധി മറ്റൊന്നായിരുന്നു.
വർഷങ്ങൾ കടന്നുപോയി, 1996-ൽ കമൽ സംവിധാനം ചെയ്ത 'അഴകിയ രാവണൻ' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ വിദ്യാസാഗർ മലയാള സിനിമയിൽ അരങ്ങേറി. മലയാളത്തിൽ അദ്ദേഹത്തിന്റെ തുടക്കകാലം. അഴകിയ രാവണനിലെ പാട്ടുകളുടെ ജനപ്രീതി കൊണ്ടോ വിദ്യാസാഗർ എന്ന സംഗീത സംവിധായകനോടുള്ള ഇഷ്ടം കൊണ്ടോ, സംവിധായകൻ കമലിന്റെ അടുത്ത സിനിമയിലും വിദ്യാസാഗർ തന്നെയാണ് സംഗീത സംവിധായകൻ. സിനിമ 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്'. വർഷം 1997. ജയറാമാണ് സിനിമയിലെ നായകൻ. പാട്ടുകളുടെ കമ്പോസിങ് നടക്കുകയാണ്. വിഷാദം നിറഞ്ഞു നിൽക്കുന്ന സിനിമയിലെ ഒരു സിറ്റുവേഷൻ കമൽ വിദ്യാജിയോട് പറഞ്ഞു. ഇവിടെ ഒരു പാട്ട് വേണം. ആ സിറ്റുവേഷന് വേണ്ടി വിദ്യാസാഗർ കമലിനെ ഒരു ഈണം കേൾപ്പിച്ചു. പക്ഷേ, അത് ഒരു പുതിയ ഈണം ആയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് 'മാതങ്ങൾ 7'ൽ ഉപയോഗിച്ച അതേ ഈണം. ഒരിക്കൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ അതേ മെലഡി. ഈണം കമൽ പറഞ്ഞത് മറ്റൊന്നായിരുന്നു. സിനിമയുടെ സിറ്റുവേഷന് ഈ ഈണം യോജിക്കില്ല.
നമുക്ക് വേറെ ട്യൂൺ പിടിക്കാം. കമൽ പറഞ്ഞു. അങ്ങനെ വീണ്ടും ആ ട്യൂൺ മാറ്റിവെക്കപ്പെട്ടു. പിന്നീട് കമലിന് പിന്നാലെ മറ്റൊരു സംവിധായകൻ വിദ്യാസാഗറിനെ തേടി എത്തി. അവിടെയും പാട്ടിന്റെ സിറ്റുവേഷൻ ശോകം തന്നെയാണ്. വിട്ടുകൊടുക്കാൻ മനസ്സുണ്ടായിരുന്നില്ല വിദ്യാസാഗറിന് അദ്ദേഹം വീണ്ടും കമലിനെ കേൾപ്പിച്ച അതേ ട്യൂൺ ഈ സംവിധായകനെ കേൾപ്പിച്ചു. ഇത്തവണ കഥ മാറി. ആ സംവിധായകന് ട്യൂൺ ഇഷ്ടപ്പെട്ടു.
ആ സംവിധായകന്റെ പേര് സിബി മലയിൽ. സിനിമ 'പ്രണയവർണ്ണങ്ങൾ'. അവിടെനിന്ന് ആ ഈണത്തിന്റെ വിധി മാറുകയായിരുന്നു. പിന്നീട് ഗിരീഷ് പുത്തഞ്ചേരി ആ മെലഡിക്ക് വാക്കുകൾ നൽകി. വാക്കുകളും മെലഡിയും ചേർന്നപ്പോൾ ഒരു മാജിക് സംഭവിച്ചു. അങ്ങനെ ഒരിക്കൽ തമിഴിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു മെലഡി, മലയാളികളുടെ മനസ്സിൽ സ്ഥിരതാമസം ആക്കി.
'ആരോ വിരൽ നീട്ടി, മനസ്സിൻ മൺവീണയിൽ…
ഏതോ മിഴിനീരിൻ, ശ്രുതി മീട്ടുന്നു മൂകം....'
യേശുദാസിന്റെ ഭാവാർദ്രമായ ആലാപനം കൊണ്ട് കേൾവിക്കാരുടെ ഉള്ളുലച്ച പാട്ട്. കെ.എസ്. ചിത്ര പാടിയൊരു ഫീമെയിൽ വേർഷൻ കൂടിയുണ്ട് ഈ പാട്ടിന്. ഇനിയാണ് ഇതിന്റെ ഏറ്റവും വലിയ രസം.
1990-കളിൽ വിദ്യാസാഗർ കമ്പോസ് ചെയ്ത ഈ ഈണത്തിനായിരുന്നു 1998-ലെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. എട്ട് വർഷങ്ങൾക്ക് മുൻപ് കമ്പോസ് ചെയ്ത്, ഒരു തമിഴ് സിനിമയിൽ വന്ന്, ആരാലും കേൾക്കാതെ പോയ, പിന്നീട് മറ്റൊരു സംവിധായകൻ റിജക്ട് ചെയ്ത, മണ്ണിൽ കുഴിച്ചു മൂടേണ്ടി വരുമായിരുന്ന ഒരു ഈണം. അതിന്റെ ക്രിയേറ്റർ ആയ വിദ്യാസാഗറിന് മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് വാങ്ങിക്കൊടുത്തു.
നമ്മൾ പലപ്പോഴും ഒരു പാട്ടിനെ കാണുന്നത് റിലീസ് ചെയ്ത ദിവസത്തിൽ നിന്നാണ്. പക്ഷേ, ചില പാട്ടുകൾ അതിനു മുൻപേ വർഷങ്ങളോളം ജീവിച്ചിട്ടുണ്ടാകും. ചിലത് പരാജയപ്പെട്ട സിനിമകളിൽ മറഞ്ഞുകിടക്കും. ചിലത് തള്ളിപ്പറയപ്പെടും. ചിലത് തെറ്റായ സമയത്ത് ജനിക്കും. പക്ഷേ, ശരിയായ ആളുകളുടെ കൈകളിൽ എത്തുമ്പോൾ അതേ പാട്ടുകൾ ചരിത്രമാകും. അതുകൊണ്ടാവാം 'ആരോ വിരൽ നീട്ടി...' കേൾക്കുമ്പോൾ നമ്മൾ കേൾക്കുന്നത് ഒരു മനോഹര വിരഹഗാനം മാത്രം അല്ല. വർഷങ്ങളോളം കാത്തിരുന്ന ഒരു മെലഡിയുടെ വിജയകഥ കൂടിയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: he melody of 'Aaroo Viral Neetti' was originally composed for the 1993 Tamil film 'Mathangal 7'. The original Tamil version went unnoticed due to the film's box office failure.
Published: 30 Jun 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented