ഹിന്ദി, ഭോജ്‌പുരി ചിത്രങ്ങളിലൂടെ പേരെടുത്ത നടനാണ് ഗോവിന്ദയുടെ സഹോദരിയുടെ മകൻ വിനയ് ആനന്ദ്. ഗോവിന്ദയുടെ ഭാര്യ സുനിത അഹുജ അദ്ദേഹത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹമിപ്പോൾ. ഊഹാപോഹത്തെക്കുറിച്ച് ഗോവിന്ദയുമായി നേരിട്ട് സംസാരിച്ചതായും, നടൻ സത്യസന്ധമായി പ്രതികരിച്ചതായും വിനയ് വെളിപ്പെടുത്തി. സുനിതയിപ്പോൾ ജോലി ചെയ്ത് സാമ്പത്തികമായി സ്വതന്ത്രയാകുന്നതിലുള്ള തന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

To advertise here,

"ഞാൻ ഗോവിന്ദയോട് ഇതിനെക്കുറിച്ച് ചോദിക്കാനാഗ്രഹിച്ചു. പക്ഷേ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് തോന്നരുതായിരുന്നു, കാരണം അദ്ദേഹമെന്റെ അമ്മാവനാണ്, ഒരു പിതാവിനെപ്പോലെയുള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായുള്ളത്."-വിനയ് പറഞ്ഞു. എങ്കിലും ഒടുവിൽ പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ ഗോവിന്ദയോട് ഇക്കാര്യം ചോദിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം സമ്മതിച്ചു.

"ഞാൻ അദ്ദേഹത്തോട് ഒരിക്കൽ ചോദിച്ചു, നിങ്ങൾ ആരെങ്കിലുമായി ബന്ധത്തിലാണോ? അദ്ദേഹം എന്നോട് പറഞ്ഞു, 'ഇല്ല, അങ്ങനെയൊന്നുമില്ല.' ഗോവിന്ദ നിഷേധിച്ചപ്പോൾ ഞാനത് അംഗീകരിച്ചു, പക്ഷേ ഞാൻ മാമിയുടെ (സുനിത) അഭിമുഖങ്ങൾ കാണുമ്പോൾ എനിക്ക് വിചിത്രമായി തോന്നുന്നു, കാരണം അവരെപ്പോഴും ഗോവിന്ദയെ ബഹുമാനിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്."

പുതിയ നടിയായ കോമളുമായി ഗോവിന്ദയ്ക്ക് ബന്ധമുണ്ടെന്ന് സുനിത ആരോപിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു- "ഗോവിന്ദ ഒരു നടിയുമായി ബന്ധപ്പെട്ടിരിക്കുന്നത് പുതിയ കാര്യമല്ല. അദ്ദേഹം ഒരു സൂപ്പർസ്റ്റാർ ആയിരുന്നു, മുൻകാലങ്ങളിൽ പല നടികളുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. തുടക്കത്തിൽ, നീലം കോത്താരിക്കൊപ്പം ധാരാളം പ്രവർത്തിച്ചു, അവരുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. റാണി മുഖർജിയും ഗോവിന്ദയും തമ്മിൽ ബന്ധമുണ്ടെന്ന് ആളുകൾ സംശയിച്ചിരുന്നു, അക്കാലത്ത് അദ്ദേഹം അവരോടൊത്ത് ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കരിഷ്മ കപൂറിനൊപ്പം പ്രവർത്തിക്കുമ്പോൾ അവർക്കിടയിൽ എന്തോ നടക്കുന്നുണ്ടെന്നും ജനങ്ങൾ പറഞ്ഞു."

ഏക്ത കപൂർ നിർമ്മിക്കുന്ന പേര് വെളിപ്പെടുത്താത്ത ചിത്രത്തിലൂടെ സുനിത സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. അതിനെപ്പറ്റി വിനയ് പറഞ്ഞതിങ്ങനെ- "അവരിപ്പോൾ ജോലി ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്, അവരൊരു സെലിബ്രിറ്റിയായി മാറിയിരിക്കുന്നു, തനിക്കൊരു പേര് ഉണ്ടാക്കിയിരിക്കുന്നു. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ അവർ ഒതുങ്ങിക്കൂടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, ഇപ്പോൾ അവൾ ജോലി ചെയ്യുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു. എല്ലാ സ്ത്രീകളും സ്വതന്ത്രരായിരിക്കണമെന്ന് ഞാൻ കരുതുന്നു."-അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi