ബോളിവുഡ് സംവിധായിക ഫറാ ഖാനും അവരുടെ പാചകക്കാരന്‍ ദിലീപും ഒന്നിച്ചുള്ള വ്‌ളോഗിന് ആരാധകര്‍ ഒരുപാടുണ്ട്. ഇരുവരും ഒന്നിച്ച് ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടിലെത്തി അവര്‍ക്കൊപ്പം പാചകം ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും അവരുടെ തുറന്നുപറച്ചിലുകള്‍ക്കും വേദിയാകാറുണ്ട്. ഏറ്റവും ഒടുവിലത്തെ വ്‌ളോഗില്‍ നടി സാനിയ മല്‍ഹോത്രയുടെ വീട്ടിലാണ് ഫറയെത്തിയത്. സാനിയയുമായുള്ള സംഭാഷണത്തിനിടെ ഫറ പറഞ്ഞ ചില തമാശകള്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഒരു ചിത്രത്തിന്റെ സെറ്റില്‍ അതിലെ നായിക വീഴുകയാണെങ്കില്‍ സിനിമ വിജയിക്കുമെന്നതിന്റെ സൂചനയാണതെന്നാണ് തമാശരൂപേണ ഫറ പറഞ്ഞത്. സംഭാഷണത്തിനിടെ സാനിയയുടെ കാലിലെ മുറിവിന്റെ പാടിനെപ്പറ്റി ചോദിച്ചതായിരിന്നു തുടക്കം.  'പതാക' ചിത്രത്തിന്റെ ഷൂട്ടിനിടെ ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്ന് സാനിയ മറുപടി പറഞ്ഞു. 'ബധാനി ഹോ' ചിത്രത്തിന്റെ ഷൂട്ടിനിടെയിലും താന്‍ കാല്‍വഴുതി വീണിരുന്നെന്ന് സാനിയ പറഞ്ഞു. തറയ്ക്ക് തിളക്കമില്ലാത്തതിനാല്‍ അവിടെ ഓയില്‍ കൊണ്ട് തുടച്ചതിനാല്‍ പാട്ടുസീന്‍ ചിത്രീകരിക്കുന്നതിനിടെ സാനിയ അവിടെ വഴുതി വീഴുകയായിരുന്നു.

ഇതിന് മറുപടി പറയവെ, ഒരു സിനിമാ ചിത്രീകരണത്തിനിടെ ഹീറോയിന്‍ വീണാല്‍ ചിത്രം ഹിറ്റാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും കാജോളും പ്രീതി സിന്റയും അതിന് ഉദാഹരണങ്ങളാണെന്നും ഫറ പറഞ്ഞു. അപ്പോള്‍ തന്റെ എല്ലാ ഏകദേശം എല്ലാ ചിത്രങ്ങളുടെയും സെറ്റില്‍ താന്‍ വീണീട്ടുണ്ടെന്നായിരുന്നു സാനിയയുടെ മറുപടി. അതുകൊണ്ടാണ് അവരുടെ ചിത്രങ്ങളെല്ലാം വിജയിക്കുന്നതെന്ന് ഫറ മറുപടിയും പറഞ്ഞു.

'കുച്ച് കുച്ച് ഹോതാ ഹെ അടക്കമുള്ള ചിത്രങ്ങളുടെ സെറ്റില്‍ കാജോള്‍ വീണിരുന്നു, വീഴുന്നത് കാജോളിന്റെ ശീലമായിരുന്നു. അപ്പോള്‍ ഞങ്ങള്‍ പരസ്പരം പറയും, ആ ഈ സിനിമ ഹിറ്റാവാന്‍ പോകുന്നുവെന്ന്. ‘കല്‍ ഹോ ന ഹോ’ എന്ന ചിത്രത്തില്‍ പാലത്തില്‍ നിന്നുള്ള ചിത്രീകരണത്തിനിടെ പ്രീതി സിന്റയും വീണു. സിനിമ വിജയിക്കുമെന്ന് അപ്പോള്‍ തന്നെ ഞങ്ങള്‍ ആശ്വസിച്ചു.'-ഫറാ ഖാന്‍ പറഞ്ഞു.