ആദ്യദിനം തിയേറ്ററുകളില്‍ മികച്ച വിജയം നേടി 'എമ്പുരാന്‍' മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ കണ്ടതിന്റെ സന്തോഷം പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഭാര്യ സുപ്രിയ പ്രകടിപ്പിച്ചത്. 'എന്റെ സെയീദ് മസൂദിനൊപ്പം' എന്ന അടിക്കുറിപ്പോടെ കാറില്‍ സഞ്ചരിക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്.
ഷൂട്ടിങ് തിരക്കുകളിലായിരുന്നപ്പോള്‍ പൃഥ്വിരാജിനെ കുടുംബത്തിന് വളരെയധികം മിസ് ചെയ്യാറുണ്ടെന്ന് സുപ്രിയ പലതവണ പറഞ്ഞിട്ടുണ്ട്. സിനിമാ തിരക്കുകളില്‍ ഭാര്യയേയും കുഞ്ഞിനേയും ഓര്‍ക്കണമെന്ന തരത്തില്‍ രസകരമായ കമന്റുകളും സുപ്രിയയുടെ ഭാഗത്തുനിന്നാകാറുണ്ട്. അതേസമയം, പ്രൊഫഷണല്‍ രംഗത്ത് പൃഥ്വിരാജിന് ഏറ്റവും വലിയ പിന്തുണയാണ് പങ്കാളിയെന്ന നിലയില്‍ സുപ്രിയ നല്‍കുന്നത്. എമ്പുരാന്റെ ഷൂട്ടിങ് തീരുന്ന ദിവസം അപ്രതീക്ഷിതമായി ലൊക്കേഷനിലെത്തി സുപ്രിയ പൃഥ്വിരാജിന് സര്‍പ്രൈസ് നല്‍കിയിരുന്നു. ഒപ്പം കുടുംബത്തിന്റെ കാര്യങ്ങളും ഇരുവരും ചേര്‍ന്നുനടത്തുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങളുമെല്ലാം ഏറ്റെടുത്തുനടത്തുന്നത് സുപ്രിയയാണ്.
സിനിമാ റിലീസിന്റെ തലേദിവസം എമ്പുരാന്‍ സിനിമയുടെ അണിയറയില്‍ നേരിട്ട കഷ്ടപ്പാടുകളും പ്രയത്‌നങ്ങളും വിശദീകരിച്ചും പൃഥ്വിരാജിന്റെ നേതൃത്വത്തെ അഭിനന്ദിച്ചും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 2006-ല്‍ തങ്ങള്‍ കണ്ടതുമുതല്‍ മലയാളം സിനിമയെ മറ്റൊരിടത്തെത്തിക്കാനുള്ള സ്വപ്‌നത്തെപ്പറ്റി പറയുന്ന ഭര്‍ത്താവിനെപ്പറ്റിയും ഇന്നിവിടെ എത്തിനില്‍ക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്നും സുപ്രിയ പറഞ്ഞു. ഭര്‍ത്താവിന് അത്രയേറെ പിന്തുണ നല്‍കുന്നതായിരുന്നു സുപ്രിയയുടെ ഓരോ വാക്കുകളും. 'നീ ഇല്യൂമിനാറ്റി അല്ല എന്റെ സുഹൃത്തേ, എന്റെ അഹങ്കാരി താന്തോന്നി തന്റേടി ഭര്‍ത്താവാണ്. സ്വപ്‌നങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അന്ന് കളിയാക്കിയവര്‍ ഏറെയാണ്. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ, ആളറിഞ്ഞു കളിക്കെടാ'-എന്നാണ് സുപ്രിയ പോസ്റ്റ് അവസാനിപ്പിച്ചത്.
തന്റെ ജീവിതത്തില്‍ സുപ്രിയ വഹിക്കുന്ന പങ്ക് എന്തുമാത്രമാണെന്ന് പൃഥ്വിരാജും തുറന്നുപറഞ്ഞിട്ടുണ്ട്. 2011-ലാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. ആ സമയത്ത് ബി.ബി.സിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്നു സുപ്രിയ. വിവാഹജീവിതവുമായി മുന്നോട്ടുപോവാനായി പ്രൊഫഷണല്‍ രംഗത്ത് തിളങ്ങിനില്‍ക്കുന്ന സമയത്ത് സുപ്രിയ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ജോലിയും വീടുമെന്ന ബാലന്‍സ് തനിക്ക് കണ്ടെത്താനായിട്ടില്ലെന്നും ഈ 42-ാം വയസ്സില്‍ അത് ബാലന്‍സ് ചെയ്യേണ്ടതാണെന്നും പൃഥ്വിരാജ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ എപ്പോഴും സിനിമാതിരക്കുകളിലാണ്, അത് ശരിയല്ല, സുപ്രിയ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നുണ്ടെങ്കിലും അതില്‍ സന്തോഷവതിയല്ലെന്ന് ഉറപ്പാണ്, ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ട്, മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്, ഫ്രീടൈം കിട്ടുമ്പോള്‍ കുറേനേരം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിടുന്നയാളല്ല താന്‍, ഭാര്യക്കും മകള്‍ക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു.
അതേസമയം, പ്രൊഡക്ഷന്‍ കമ്പനി നടത്താന്‍ തന്നേക്കാള്‍ മികച്ച വ്യക്തി സുപ്രിയയാണെന്നും സുപ്രിയയില്ലെങ്കില്‍ കമ്പനി നഷ്ടത്തിലാകുമെന്ന് ഉറപ്പാണെന്നും പൃഥ്വിരാജ് പറഞ്ഞു.
Content Highlights: empuraan release supriya menon posted first selfie with prithviraj
Published: 27 Mar 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented