‘ചന്ദൻ മേരാ ദിൽ’ എന്ന ചിത്രത്തിലെ ഭരതനാട്യം ഫ്യൂഷൻ പ്രകടനത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബോളിവുഡ് നടി അനന്യ പാണ്ഡെയ്ക്ക് നേരെ വലിയ വിമർശനമുയർന്നിരുന്നു. നിരവധി പേർ അവരുടെ നൃത്തച്ചുവടുകളെ വിമർശിച്ചു. ഭരതനാട്യത്തെ നശിപ്പിച്ചു കളയുന്ന പ്രകടനമായിരുന്നു ഇതെന്നാണ് ഉയർന്ന ആരോപണം. ഇതിനിടെ, അനന്യയെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അച്ഛനും നടനുമായ ചങ്കി പാണ്ഡെ.

ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ 'ആളുകൾക്ക് അത് തെറ്റിദ്ധരിച്ചതാണെന്ന്' ചങ്കി പാണ്ഡെ പറഞ്ഞു. 'അത് ശുദ്ധമായ ഭരതനാട്യം ആയിരുന്നില്ല, കോളേജ് വിദ്യാർത്ഥികൾ സാംസ്കാരിക പരിപാടികളിൽ അവതരിപ്പിക്കുന്ന ഒരു ഫ്യൂഷൻ പ്രകടനമായിരുന്നു. ആളുകൾ ഇത് പരമ്പരാഗത ഭരതനാട്യമാണെന്ന് തെറ്റിദ്ധരിച്ച് ആ കോണിലൂടെ വിലയിരുത്താൻ തുടങ്ങി.'

'ശുദ്ധമായ ഭരതനാട്യത്തിന് വർഷങ്ങളുടെ കഠിനാധ്വാനവും ഏകദേശം 20 വർഷത്തെ അച്ചടക്കവും കൃത്യതയും ആവശ്യമാണ്. ഇത് പരമ്പരാഗത നൃത്ത രൂപങ്ങളുമായി ഫ്യൂഷൻ ചെയ്ത ഒരു നൃത്തമാണ്. ഇത് ഒരു ക്ലാസിക്കൽ അവതരണമല്ല, മറിച്ച് ഒരു ക്രിയേറ്റീവ് മിശ്രിതമാണ്. പ്രതികരിക്കുന്നതിന് മുമ്പ് ആളുകൾ സിനിമ കാണുകയും സന്ദർഭം മനസ്സിലാക്കുകയും ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'

ചന്ദൻ മേരാ ദിൽ എന്ന ചിത്രത്തിൽ, ഭരതനാട്യം നർത്തകിയായ ചാരു ശങ്കറിന്റെ മകൾ ചാന്ദ്നിയായാണ് അനന്യ അഭിനയിക്കുന്നത്. 

പ്രശസ്ത നർത്തകിയും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ അനിത രത്നം അനന്യയുടെ പ്രകടനത്തെക്കുറിച്ചെഴുതിയത് ഇങ്ങനെയാണ്. 'ഭരതനാട്യം സാങ്കേതികവിദ്യ, നിയന്ത്രണം, പാരമ്പര്യം, ജ്യാമിതി, musicality, വൈകാരിക ആഴം എന്നിവയിൽ നിർമ്മിച്ചതാണ്. ഈ ക്ലിപ്പിലെ നൃത്തം ഒരു നേരിയ ഭൂകമ്പത്തിനിടയിൽ ചിത്രീകരിച്ച wedding sangeet പോലെയാണ് തോന്നുന്നത്. ശതാബ്ദങ്ങളുടെ സൂക്ഷ്മത, പരിശീലനം, സമർപ്പണം, ഭക്തി എന്നിവയെ നശിപ്പിക്കുന്നതായി തോന്നുന്നു’-അവർ പറഞ്ഞു. മറ്റ് പല ഭരതനാട്യം നർത്തകരും സോഷ്യൽ മീഡിയയിൽ വിമർശനവുമായെത്തി. 

വിവേക് സോണി സംവിധാനം ചെയ്ത് ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിച്ച ചന്ദൻ മേരാ ദിൽ എന്ന ചിത്രം ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചങ്കി നിലവിൽ ‘ഹേ ജവാനി തോ ഇഷ്ക് ഹോനാ’ ഹെ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരുൺ ധവാൻ, മൃണാൾ താക്കൂർ, പൂജ ഹെഗ്‌ഡെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi