പള്ളിമുറ്റത്തൂടെ കൈവീശി ജാതിമരച്ചുവട്ടിലേക്ക് അച്ചന്‍ നടന്നടുക്കുകയാണ്. തണലുണ്ട്. കുര്‍ബാന കഴിഞ്ഞ്, അച്ചന്‍ ആളുകള്‍ക്കിടയില്‍ സംസാരിച്ചുനില്‍ക്കുന്നു. മനുഷ്യര്‍ക്കിടയില്‍ മറ്റേതോ ലോകത്തുനിന്നെന്നപോലെ ളോഹയില്‍ ഇതാ ഒരു മനുഷ്യന്‍. 'എന്തുണ്ട് വിശേഷം, കറിയാച്ചാ?' നമ്മുടെ ഈ അച്ചന്‍മാര്‍ കേരളീയ ജീവിതത്തില്‍ ഏറെക്കാലമായി നിറസാന്നിധ്യമാണ്. സിനിമയിലും ഈ അച്ചന്‍മാര്‍ കടന്നുവരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.
പുറമെ പരുക്കനെങ്കിലും ഒരു കടലോളം സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന ഒറ്റപ്ലാക്കന്‍മാര്‍. ദേഷ്യം പിടിച്ചാലോ, ളോഹ മടക്കിക്കുത്തി ഒന്ന് മുട്ടാനും മടിക്കില്ല. ളോഹ ഊരിവെച്ച്, കുട്ടികളിലേക്കിറങ്ങിച്ചെന്ന് കാല്‍പ്പന്ത് കളിക്കുന്ന വര്‍ഗീസ് പുണ്യാളന്‍മാര്‍. അതില്‍ നമ്മളെ ചിന്തിപ്പിച്ചവരും ചിരിപ്പിച്ചവരും കരയിപ്പിച്ചവരും നിരവധി.
ചാക്കോ മാഷ്: (മുറ്റത്ത് നട്ടിരിക്കുന്ന തെങ്ങിന്‍ തൈ ചൂണ്ടിയിട്ട്) ആടു തോമയെന്ന ഓട്ടക്കാലണയ്ക്ക് പകരം ഞാന്‍ നട്ടതാണ്. ഇതിന് ഞാന്‍ ദിവസവും വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കും.
കലിപൂണ്ട ഒറ്റപ്ലാക്കനച്ചന്‍, അത് ചുവടോടെയെടുത്ത് ദൂരേക്കെറിഞ്ഞു. 'ഒലക്ക, ഒലക്കേടെ മൂട്'.
ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ കോരിത്തരിപ്പോടെ ചാടിയെണീറ്റ് കൈയടിച്ചുപോവും, 'അച്ചനാണച്ചോ അച്ചന്‍'. സിനിമയിലെ ശക്തമായ കഥാപാത്രമാണ് കരമന ജനാര്‍ദനന്‍ നായര്‍ അവതരിപ്പിച്ച ഒറ്റപ്ലാക്കനച്ചന്‍.
'സ്ഫടിക'ത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രന്‍ ചെറുപ്പകാലത്ത് കണ്ട അച്ചന്‍മാരാണ്, ഒറ്റപ്ലാക്കനച്ചന്റെ പിന്നില്‍. അതിനെക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞതിങ്ങനെ, ''അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചത് ഇരിഞ്ഞാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലാണ്. ചുരുണ്ട മുടിയും ചുവന്ന കണ്ണുമൊക്കെയായി ഒരു അലമ്പ് ലുക്കായിരുന്നു എനിക്ക്. അത് തമിഴനായ പ്രിന്‍സിപ്പല്‍ ഫാദര്‍ ആന്‍ഡ്രൂ ദൊരൈരാജിന് പിടിച്ചില്ല. അവസാനം ഒരു തമിഴ് പാട്ട് പാടിയാണ് ഞാന്‍ ഫാദറിനെ വീഴ്ത്തുന്നത്. പിന്നെ, അദ്ദേഹത്തിന് എന്നോട് വലിയ കാര്യമായി. എപ്പോഴും, 'യു ആര്‍ മൈ ബോയ്' എന്നാണ് പറയുക. പത്തില്‍ എത്തിയപ്പോള്‍ കണക്ക് എനിക്ക് ബാലികേറാമലയായി. എത്ര പഠിച്ചിട്ടും തലയില്‍ കേറുന്നില്ല. ഫാദര്‍ ആന്‍ഡ്രൂ പറഞ്ഞു, 'നിനക്ക് അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും അറിയാം. അതുമതി. ഇനി കണക്കിനെപ്പറ്റി അധികം ചിന്തിക്കണ്ട.' അദ്ദേഹമെന്നെ എഴുതാനും നാടകത്തില്‍ അഭിനയിക്കാനുമൊക്കെ പ്രോത്സാഹിപ്പിച്ചു. സ്‌കൂള്‍ സമയത്ത് അസ്സലൊരു ടീച്ചറാണെങ്കിലും, ക്ലാസ് ടൈം കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളോടൊപ്പം കൂടും. ളോഹയൊക്കെ അഴിച്ചുവെച്ച് പാന്റും ബനിയനുമൊക്കെയിട്ട് ഫുട്‌ബോള്‍ കളിക്കാനൊക്കെ വരും. ആ അച്ചന്റെ നോട്ടവും ഭാവവും പെരുമാറ്റവുമെല്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അതില്‍നിന്നൊക്കെയാണ് ഒറ്റപ്ലാക്കനച്ചന്‍ ജനിക്കുന്നത്''.
വര്‍ഷങ്ങള്‍ക്കുശേഷം 'പാവാട' എന്ന സിനിമയില്‍ അച്ചന്‍ കഥാപാത്രമായത് കരമനയുടെ മകനായ സുധീര്‍ കരമനയാണ്. എന്നാല്‍, അച്ഛന്‍ അവതരിപ്പിച്ച ഒറ്റപ്ലാക്കനച്ചനെ അനുകരിക്കാന്‍ സുധീര്‍ ശ്രമിച്ചതേയില്ല.

കഴുത്തില്‍ സദാ ഒരു മഫ്ളര്‍, തലയിലൊരു തൊപ്പി, ചുണ്ടിലൊരു സിഗരറ്റും. പുറമെ ഭയങ്കര പരുക്കന്‍. ആവശ്യമുള്ളപ്പോള്‍ ളോഹ മടക്കിക്കുത്താനും ആള്‍ റെഡി. ഡോര്‍ തുറക്കാനാവാത്ത ഒരു ചടാക്ക് കാറിലാണ് സഞ്ചാരം. ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ ഫാദര്‍ ഇങ്ങനെയാണ്.
അച്ചന്‍: താന്‍ ക്രിസ്ത്യാനിയാണോ? എന്നിട്ടാണോ ഈ പോക്രിത്തരം കാണിച്ചത്? എടോ ഈ സ്ഥലം പള്ളിവകയാ. പള്ളിവക സ്ഥലത്ത് ചോദിക്കേം വേണ്ട, പറയേം വേണ്ട. ചുമ്മാതങ്ങ് കേറി പൊറുതി തുടങ്ങുവാ. പോക്രിത്തരം എന്നല്ലേടോ ഇതിന് പറയുവാ. എന്നതാ തന്റെ പേര്?
എബി: എബി, എബി എബ്രഹാം.
അച്ചന്‍: എബി ആയാലും കൊള്ളാം, അബ്രഹാം ആയാലും കൊള്ളാം. ഞാന്‍ കൊറച്ചുകഴിഞ്ഞ് വരും. അപ്പോ തന്നെയും തന്റെ കുട്ടികളെയും ഈ കൂടാരവുമൊന്നും ഇവിടെ കണ്ടേക്കരുത്.
ഇതേ അച്ചന്‍ തന്നെ ഒടുവില്‍ കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്കൊരു കൂര കെട്ടിക്കൊടുക്കാനും മുന്‍കൈയെടുക്കുന്നു. അവര്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്യുന്നു.
************************************
'ഞാനറിയാതെ ഈ ഭൂമിയില്‍ ഒരു പുല്‍ക്കൊടി പോലും കൊഴിയുന്നില്ല. ഒരു മഞ്ഞുതുള്ളി പോലും പൊഴിയുന്നില്ല. മറവില്‍നിന്നും ചെയ്യുന്നത് പകലിലെന്നപോലെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് മറവായിരിക്കുന്നതൊന്നും എനിക്ക് മറവാകുന്നില്ല. എല്ലാം ഞാന്‍ അറിയുന്നു. എല്ലാം ഞാന്‍ കാണുന്നു. മേലില്‍ ഇതാവര്‍ത്തിക്കരുത്. മെ ഗോഡ് ബ്ലസ് യു...' കന്യാസ്ത്രീയോട് ഇങ്ങനെ പറഞ്ഞ് കാളിയാറച്ചന്‍ കുരിശ് വരയ്ക്കുമ്പോള്‍, അച്ചനെ തല്ലിക്കൊല്ലാനുള്ള ദേഷ്യം വരും.
എന്നാല്‍, ഒരു ഘട്ടമെത്തുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാവും, ഇയാള്‍ വെറും പാവമാണല്ലോ എന്ന്. നടന്‍ വിജയരാഘവനാണ് 'ക്രൈംഫയലി'ല്‍ കാളിയാറച്ചനായെത്തിയത്. ''പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലാത്ത ക്യാരക്ടറായിരുന്നു കാളിയാറച്ചന്‍. എന്റെ വില്ലന്‍ ഇമേജ് മാത്രമായിരുന്നു അതിനാവശ്യം. വില്ലനെന്ന് തോന്നിക്കുന്ന പെരുമാറ്റവും കോട്ടയം ക്രിസ്ത്യാനിയുടെ സംസാരവും...അതൊക്കെയായിരുന്നു ആ അച്ചന്‍'', ആ കഥാപാത്രത്തെക്കുറിച്ച് വിജയരാഘവന്‍ ഓര്‍ത്തതിങ്ങനെ.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പക്കാ നെഗറ്റീവാണ് 'ആമേനി'ലെ ഫാദര്‍ അബ്രഹാം ഒറ്റപ്ലാക്കന്‍.
അച്ചന്‍: നീ ഇത്ര നന്നായിട്ട് ക്ലാര്‍നെറ്റ് വായിക്കുമെന്ന് കുമരങ്കരിയിലാരും വിചാരിച്ചുകാണില്ല, അല്ലേ.
സോളമന്‍: വായിച്ചുകേറാന്‍ പറ്റൂന്ന് എനിക്കും വിശ്വാസമില്ലാരുന്നു അച്ചോ...
അച്ചന്‍: (ലോനപ്പന്റെ കൈയില്‍ നിന്നും ക്ലാര്‍നെറ്റ് വാങ്ങിയിട്ട്) നാളെ വായിക്കുന്നത് ഇതുകൊണ്ടാ? അപ്പോ പള്ളി ബാന്‍ഡ് ജയിക്കും, അല്ലേ? എന്നിട്ട് നെനക്കൊക്കെ വേണ്ടി അബ്രഹാം ഒറ്റപ്ലാക്കന്‍ തോറ്റുതരണം. (ക്ലാര്‍നെറ്റ് അടിച്ചുപൊട്ടിച്ചുകൊണ്ട്) കഴിയുമെങ്കി നാളെ വായിക്ക്. വായിച്ച് ജയിച്ച് കാണിക്ക്.
അസൂയയും കുശുമ്പുമുള്ള തനി ഒരു വില്ലന്‍ അച്ചനായി ഫാദര്‍ ഒറ്റപ്ലാക്കന്‍. ''ഞാന്‍ വളര്‍ന്നത് യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലാണ്. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവണം, സണ്‍ഡേ സ്‌കൂളില്‍ പോവണം...ഇതെല്ലാം അമ്മയ്ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ ഇതിലൊന്നും വിശ്വാസമില്ലാത്ത ഒരു സഹോദരനുണ്ടായിരുന്നു അമ്മയ്ക്ക്. കുര്യന്‍ എന്നാണ് പേര്. അദ്ദേഹം ആര്‍മിയിലായിരുന്നു. ഇന്ത്യ പാക് യുദ്ധശേഷം ബോംബ് നിര്‍വീര്യമാക്കാന്‍ പോവുമ്പോള്‍ അത് പൊട്ടിത്തെറിച്ച് രണ്ട് കണ്ണും നഷ്ടപ്പെട്ടു, 28-ാമത്തെ വയസ്സില്‍. അതോടുകൂടി സന്യാസജീവിതത്തിലേക്ക് തിരിഞ്ഞു. എല്ലാവര്‍ക്കും ഫ്രീ ട്യൂഷന്‍ കൊടുക്കും. മാമന്റെ ഈ സ്വഭാവം അന്നേ എന്റെ മനസ്സില്‍ കയറിക്കൂടിയിരുന്നു. അതുകൊണ്ടാവാം ഒരുപാട് അച്ചന്‍മാരെ കണ്ടിട്ടുണ്ടെങ്കിലും സിനിമയില്‍ ആരെയും മാതൃകയാക്കാന്‍ തോന്നിയില്ല'', 'ആമേനി'ലെ കഥാപാത്രത്തെക്കുറിച്ച് ജോയ് മാത്യു ഒരിക്കല്‍ പറഞ്ഞു.
രണ്ട് ന്യൂജന്‍ അച്ചന്‍മാരാണ് 'റോമന്‍സി'ലേത്. ളോഹയ്ക്ക് പകരം ബര്‍മുഡ ഇടുന്ന, കുട്ടികളോടൊപ്പം ഫുട്ബോള്‍ കളിക്കുന്ന രണ്ടുപേര്‍.
തൊമ്മിച്ചന്‍: അല്ല അച്ചന്‍മാരെ, റോമില് നിങ്ങക്ക് എന്തൊക്കെയാ ഭക്ഷണരീതികള്‍?
ഫാദര്‍ പോള്‍: ഉണക്കച്ചപ്പാത്തീം കഞ്ഞീം..
തൊമ്മിച്ചന്‍: റോമിലോ?
ഫാദര്‍ സെബു: അത്...ചപ്പാത്തിയെന്ന് പറഞ്ഞാല്‍ അവിടത്തെ പിസയാ, പിസ..
സുവിശേഷക്കാരന്‍: നിങ്ങള്‍ റോമീ പോയിട്ട് എത്ര കാലമായി?
ഫാദര്‍ സെബു: റോമില് ഞങ്ങള് പോവും, പുറത്തിറങ്ങും. പോവും, പുറത്തിറങ്ങും. ലാസ്റ്റെറങ്ങീട്ട് ഇപ്പോള്‍ മൂന്ന് മൂന്നര വര്‍ഷമായി.

രക്ഷപ്പെട്ടോടുന്ന രണ്ട് കള്ളന്‍മാര്‍ അച്ചന്‍മാരായി ഒരു ഗ്രാമത്തില്‍ ഒളിച്ചുജീവിക്കുന്നു. ഈ ഒരു വരിയില്‍നിന്നാണ് 'റോമന്‍സി'ന്റെ ഉദയം. ഒരു കഥാപാത്രമായി ബിജു മേനോനെ ഉറപ്പിച്ചു. അപ്പോഴാണ് 'ഓര്‍ഡിനറി' എന്ന സിനിമ ഇറങ്ങുന്നതും, ഹിറ്റാകുന്നതും. അങ്ങനെ 'റോമന്‍സി'ലും ഈ ജോഡിയെ തന്നെ ഉറപ്പിക്കുകയായിരുന്നു.
***************************************
എസ്തപ്പാനച്ചന്‍: എന്നതാടാ ഇത്. ചന്തയാന്നോ?
വാസു: നാളെ ഫ്രഷേഴ്സ് ഡേയ്ക്ക് പാടാനുള്ള കവിത ഒന്ന് പാടി നോക്കിയതാ അച്ചോ...
അച്ചന്‍: ഓ കവിതയാരുന്നോ വാല് വാസൂ...നീ എന്നതാ പാടിയേന്ന് ഞാന്‍ കേട്ടു. ദേ, ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. രാത്രിയായാല് എന്റെ കണ്ണിന്റെ കാഴ്ചയ്ക്ക് മാത്രമേ പ്രശ്നമുള്ളൂ. ചെവി നന്നായിട്ട് കേക്കാം.
വാസു: അങ്ങനെ കേക്കുന്നത് മാത്രം വിശ്വസിക്കുന്നത് മോശമല്ലേ അച്ചോ..
അച്ചന്‍: മോനേ, വാസു സദാശിവാ, നിന്റെ അപ്പന്‍ സദാശിവനാണെന്ന് അമ്മ പറഞ്ഞുള്ള കേട്ടറിവല്ലേയുള്ളൂ. എന്നിട്ടും നീയത് വിശ്വസിച്ചില്ലിയോ...പ്രെയ്സ് ദ ലോര്‍ഡ്. വല്ലോം വെട്ടിവിഴുങ്ങിയേച്ച് വേഗം പോയിക്കിടന്ന് ഒറങ്ങിക്കോണം. നട്ടപ്പാതിരയായി.
ലാല്‍ ജോസിന്റെ 'ക്ലാസ്‌മേറ്റ്സി'ല്‍ നിന്നൊരു രംഗം. രാത്രി കണ്ണ് കാണാത്ത എസ്തപ്പാനച്ചന് ചെവി കൂടുതല്‍ നന്നായി കേള്‍ക്കാം. പിന്നെയുമുണ്ട് കുറേ അച്ചന്‍മാര്‍. നെടുമുടിയും ജോസ് പ്രകാശും ലാലും കലാഭവന്‍ മണിയും കുഞ്ചാക്കോ ബോബനുമെല്ലാം സിനിമയിലെ അച്ചന്‍മാരായി, ആളുകളെ കൈയിലെടുത്തു. ശാന്തിയുടെയും സമാധാനത്തിന്റെയും ആള്‍രൂപങ്ങള്‍.
Content Highlights: christian priests in malayalam cinema
Published: 25 Dec 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented