ബോളിവുഡിൽ ശക്തമായ രണ്ടാം ഇന്നിങ്‌സ് ആസ്വദിക്കുകയാണ് ബോബി ഡിയോൾ. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ബന്ദർ’ റിലീസ് ചെയ്തതോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ് താരം. അനുരാഗ് കശ്യപിന്റെ സമീപകാലത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നാണ് നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. ബോബി ഡിയോളിന്റെ പ്രകടനവും കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ, കരിയർ തകർച്ച നേരിടുന്ന ഗായകനും നടനുമായ സമറിനെയാണ് ബോബി അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സാനിയ മൽഹോത്ര, രാജ് ബി. ഷെട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

To advertise here,

ഇതിനിടെയാണ് കരിയറിലെ ഒരു വലിയ നിരാശയെക്കുറിച്ച് ബോബി ഡിയോൾ തുറന്നു പറഞ്ഞത്. 'ആപ് കി അദാലത്' പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു 'ജബ് വി മെറ്റ്' എന്ന സിനിമ നഷ്ടമായതിന്റെ വേദന താരം പങ്കുവെച്ചത്.

സംവിധായകൻ ഇംതിയാസ് അലിയെയും നായിക കരീന കപൂറിനെയും ഒന്നിപ്പിച്ച് ചിത്രം യാഥാർഥ്യമാക്കാൻ ശ്രമിച്ചത് താനായിരുന്നുവെന്നാണ് ബോബി പറയുന്നത്. 'സോച്ചാ നാ ഥാ'യുടെ റഫ് കട്ട് കണ്ട ശേഷം ഇംതിയാസിന്റെ കഴിവിൽ തൃപ്തനായ താരം അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് വിവിധ നിർമാണ കമ്പനികളെ സമീപിച്ച് പ്രൊജക്ടിനായി ശ്രമിക്കുകയും ചെയ്തു. എന്നാൽ സിനിമ തുടങ്ങാൻ വൈകിയതോടെ കാര്യങ്ങൾ മാറി. ഒടുവിൽ താൻ സമീപിച്ച അതേ നിർമാണ കമ്പനി തന്നെ ചിത്രം നിർമിച്ചെങ്കിലും നായകനായി എത്തിയത് ഷാഹിദ് കപൂറായിരുന്നു. കരിയറിലെ ആ ഘട്ടത്തിൽ തനിക്ക് അത്യാവശ്യമായിരുന്ന സിനിമയായിരുന്നു ജബ് വി മെറ്റ് എന്ന് ബോബി ഓർക്കുന്നു.
''എന്റെ ഹൃദയം തകർന്നിരുന്നു. ആ സമയത്ത് എനിക്ക് അത്തരമൊരു സിനിമ ആവശ്യമായിരുന്നു. പക്ഷേ, ആ വേദനയും ദേഷ്യവും എന്റെ കരുത്താക്കി ഞാൻ മാറ്റി.'' ബോബി തുറന്നു പറഞ്ഞു.

placeholder

അതേസമയം, ബോബിക്കായി രണ്ട് വർഷത്തോളം കാത്തിരുന്നെങ്കിലും മറ്റ് വലിയ പ്രോജക്ടുകളുടെ തിരക്കുകൾ കാരണം സിനിമ തുടർച്ചയായി മാറ്റിവെക്കപ്പെട്ടുവെന്നും പിന്നീട് മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടായെന്നുമാണ് സംഭവത്തെക്കുറിച്ച് ഇംതിയാസ് അലി മുമ്പ് വെളിപ്പെടുത്തിയത്. 

എന്നാൽ ഇന്ന് ആ നഷ്ടം ബോബി ഡിയോളിന്റെ കരിയറിന്റെ അവസാനമല്ലായിരുന്നു എന്ന് തെളിയുകയാണ്. ‘ബന്ദർ’ പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും തന്റെ അഭിനയമികവ് തെളിയിക്കുന്ന ബോബി ഡിയോൾ, ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi