സ്ത്രീകള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌

#ഡോ. സൗമ്യസത്യന്‍ എം.ഡി, കണ്‍സള്‍ട്ടന്റ് ഫിസീഷ്യന്‍, മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

വിശുദ്ധ റമദാന്‍ മാസത്തിന് തുടക്കമായി. നോമ്പ് ആചരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി ഒരുമാസം റമദാനിന്റെ തിരക്കാണ്. അത്താഴത്തിന് ഭക്ഷണമൊരുക്കാനും നോമ്പുതുറക്ക് വിഭവസമൃദ്ധമായ തീന്‍മേശ ഒരുക്കാനും അതീവ ഉന്മേഷത്തോടെ വീട്ടിലെ സ്ത്രീകള്‍ ദിവസവും സജ്ജരാണ്. ഇതിനിടയ്ക്ക് അവരുടെ ആഹാരവും മരുന്നും എങ്ങനെയൊക്കെ ആവണം എന്നും അസുഖങ്ങളെ എങ്ങനെ അകറ്റിനിര്‍ത്താമെന്നും നോക്കാം.

* പ്രഷര്‍, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് മരുന്ന്, ഇഞ്ചക്ഷന്‍ എന്നിവ എടുക്കുന്നവര്‍ അവരുടെ ഡോക്ടറെ കണ്ട് നോമ്പുകാലത്തെ ആഹാരരീതിക്കനുസരിച്ച് മരുന്ന് എഴുതി വാങ്ങിക്കുക. സ്വന്തം ഇഷ്ടപ്രകാരം മരുന്ന് ഡോസ് കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്യരുത്. 
* അതീവഗുരുതരാവസ്ഥയിലുള്ള പ്രമേഹം, ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ എന്നിവര്‍ വൃതം അനുഷ്ഠിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. 
* ആഹാരരീതിയിലും വേണം ശ്രദ്ധ. അത്താഴത്തിന് നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുക. ഗോതമ്പ്, റാഗി, മട്ട അരി എന്നിവ ഉത്തമം. 
* ധാരാളം പച്ചക്കറികള്‍ അടങ്ങിയ സാലഡുകള്‍ കഴിക്കുന്നത് നല്ലതാണ്. 
* മുട്ടയുടെ വെള്ള, പയര്‍വര്‍ഗങ്ങള്‍, കോഴി ഇറച്ചി എന്നിവയൊക്കെ പ്രോട്ടീന്‍ കൂടുതല്‍ ലഭിക്കാന്‍ നല്ലതാണ്. 
* നോമ്പുതുറ സമയത്ത് അരവയര്‍ കഴിക്കുക. എണ്ണപ്പലഹാരങ്ങള്‍ അധികം വേണ്ട. 
* ഫ്രൂട്ട് ജ്യൂസിനുപകരം പഴങ്ങള്‍ കഷ്ണങ്ങളാക്കി കഴിക്കുന്നതാണ് ഉത്തമം. 
* രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവര്‍ ഭക്ഷണമെനുവില്‍ നിന്നും മൈദ, ബീഫ് എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. 
* രാവിലെയും വൈകിട്ടുമായി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുക. സോഡ, കാപ്പി, ചായ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. 
ഇങ്ങനെ ആഹാരത്തിലും മരുന്നിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തി കൃത്യമായ ആരോഗ്യപരിപാലനവും സന്തോഷപൂര്‍വമായ ഒരു റമദാന്‍ കാലവും നമുക്ക് മെനഞ്ഞെടുക്കാം.

Content Highlights: Women, how to take care of themselves during Ramadan fasting