ഭക്ഷണം ചവയ്ക്കാനും ഇറക്കാനും പറ്റാത്ത അവസ്ഥ അഥവാ ഡിസ്ഫഗിയ

സുഖജീവനം
സുഖജീവനം

ചെറുപ്പത്തിൽ അമ്മമാർ കുഞ്ഞുങ്ങളോട് പറയാറുണ്ട്, 'ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം' എന്ന്. നാം കഴിക്കുന്ന ആഹാരം ഉമിനീരുമായി നന്നായി കലർന്ന് ദഹനത്തിന് തയ്യാറാകുന്നത് ചവച്ചരയ്ക്കുന്ന പ്രക്രിയയിലൂടെയാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഭക്ഷണം ചവയ്ക്കാനോ ഇറക്കാനോ പ്രയാസം അനുഭവപ്പെടാറുണ്ട്. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത ഈ അവസ്ഥയെയാണ് വൈദ്യശാസ്ത്രത്തിൽ ഡിസ്ഫഗിയ (Dysphagia) എന്ന് വിളിക്കുന്നത്. ഡിസ്ഫഗിയ എന്നത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളുടെയും ഒരു ലക്ഷണമാണ്.

എന്താണ് ഡിസ്ഫഗിയയ്ക്ക് കാരണം
പേശികളുടെയും (Muscles) നാഡികളുടെയും (Nerves) ഏകോപിച്ചുള്ള പ്രവർത്തനം മൂലമാണ് ആഹാരം വയറിലെത്തുന്നത്. പേശികൾക്കോ നാഡികൾക്കോ സംഭവിക്കുന്ന തകരാറുകൾ മൂലം ഒരാൾക്ക് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പ്രധാനമായും താഴെ പറയുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്:
നാഡീസംബന്ധമായ തകരാറുകൾ: സ്‌ട്രോക്ക്, സെറിബ്രൽ പാൾസി.

മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങൾ: ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ,പാർക്കിൻസൺസ് രോഗം.
മറ്റ് കാരണങ്ങൾ: മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് (Multiple Sclerosis), അക്കലേഷ്യ കാർഡിയ (Achalasia Cardia).
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങ
ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും കണ്ടേക്കാം:
ഭക്ഷണം അന്നനാളത്തിന് പകരം ശ്വാസനാളത്തിൽ കയറുക (മണ്ടയിൽ കയറുക).
ആഹാരം കഴിക്കുമ്പോൾ ശക്തമായ ചുമ അനുഭവപ്പെടുക.
ഭക്ഷണമോ വെള്ളമോ മൂക്കിലൂടെ പുറത്തു വരിക.

പ്രത്യാഘാതങ്ങൾ?
ഡിസ്ഫഗിയ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം:

ശ്വാസതടസ്സം (Choking): ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിൽ കുടുങ്ങി ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരിക.
അസ്പിരേഷൻ ന്യൂമോണിയ: ആഹാരശകലങ്ങൾ ശ്വാസകോശത്തിൽ എത്തി ഇൻഫെക്ഷൻ ഉണ്ടാവുക.
നിർജ്ജലീകരണവും പോഷകാഹാരക്കുറവും: ഭക്ഷണം കഴിക്കാൻ പറ്റാത്തതുമൂലം ശരീരത്തിന് ആവശ്യമായ വെള്ളവും പോഷകങ്ങളും ലഭിക്കാതെ വരിക.
പരിചരണവും ചികിത്സാരീതികളും
1. ആഹാരരീതിയിലെ മാറ്റങ്ങൾ:
സാധാരണ കഴിക്കുന്ന കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി, നന്നായി ചവച്ചരച്ച് കഴിക്കാൻ സാധിക്കുന്ന മൃദുവായ ആഹാരങ്ങൾ തിരഞ്ഞെടുക്കുക. ദഹിക്കാൻ എളുപ്പമുള്ളതും അധികം ചൂടോ തണുപ്പോ ഇല്ലാത്തതുമായ ഭക്ഷണമാണ് ഉത്തമം.
2. ട്യൂബ് ഫീഡിംഗ്: വായ വഴി ആഹാരം ഇറക്കാൻ ഒട്ടും സാധിക്കാത്ത അവസ്ഥയാണെങ്കിൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം ഫീഡിംഗ് ട്യൂബ് വഴി ആഹാരവും പോഷണങ്ങളും നൽകാവുന്നതാണ്.
3. വ്യായാമം: വാർദ്ധക്യ സഹജമായ പേശികളുടെയും നാഡികളുടെയും ക്ഷയം ഡിസ്ഫഗിയയ്ക്ക് കാരണമാകാറുണ്ട്. ഇത് പ്രതിരോധിക്കാൻ പേശികൾക്കും ജോയിന്റുകൾക്കും കൃത്യമായ വ്യായാമം നൽകുന്നത് ഗുണകരമാണ്.
4. ശരിയായ പോസ്ചർ: ആഹാരം കഴിക്കുമ്പോൾ ഇരിക്കുന്ന രീതി ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഡിസ്ഫഗിയ മൂലമുള്ള പ്രയാസങ്ങൾ കുറയ്ക്കാൻ സാധിക്കും.
ആയുർവേദ പരിഹാരങ്ങൾ
ആയുർവേദചര്യകൾ പിന്തുടരുന്നത് പേശികളുടെയും നാഡികളുടെയും ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും:
അഭ്യംഗം: ആറുമാസത്തിലൊരിക്കൽ എണ്ണ തേച്ചുള്ള മസാജും സ്റ്റീം ബാത്തും ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
യോഗ: ദിവസവും യോഗ ശീലിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും വിഷമതകൾ കുറയ്ക്കാനും സഹായിക്കും.
ഔഷധങ്ങൾ: പഞ്ചമൂലം പാലിൽ കഷായം വെച്ച് കഴിക്കുന്നത് ഉത്തമമാണ്.

  • ഗുളുച്യാദി കഷായം (15 ml വീതം രണ്ടുനേരം)
  • മഹാരാസ്‌നാദി കഷായം (രണ്ടുനേരം).
  • ഭക്ഷണത്തിന് മുൻപ് നെയ്യ് (ഘൃതം) ശീലിക്കുന്നത് തൊണ്ടയിലെയും അന്നനാളത്തിലെയും തടസ്സങ്ങൾ കുറയ്ക്കാൻ സഹായിക്കും.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dysphagia is a symptom of underlying neurological or muscular issues., Common causes include stroke, dementia, Parkinson's, and multiple sclerosis., Risks of untreated dysphagia include choking, aspiration pneumonia, and malnutrition., Management involves dietary changes, posture correction, and specialized exercises., Ayurvedic support includes Abhyangam, Yoga, and specific herbal decoctions like Maharasnadi Kashayam.