ആഴ്ചയില്‍ 60 മില്ലിയിൽ കൂടുതൽ മദ്യം കഴിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്

'വല്ലപ്പോഴുമല്ലേ ഇങ്ങനെയൊക്കെ കൂടുന്നത്, അപ്പോ രണ്ടെണ്ണം കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല' എന്നത് മലയാളികളുടെ സ്ഥിരം പല്ലവിയാണ്. ആഴ്ചയില്‍ ഒരിക്കല്‍ മദ്യപിക്കുന്നതില്‍ തെറ്റില്ല എന്ന ധാരണ സമൂഹത്തില്‍ സാധാരണമാണെങ്കിലും, അത് മൂലം ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ചെറുതല്ല.
വാസ്തവത്തില്‍, ആഴ്ചയില്‍ ഒരിക്കല്‍ പോലും മദ്യപിക്കുന്നത്, ശരീരത്തിലെ വിവിധ അവയവങ്ങളെയും പ്രക്രിയകളെയും തകരാറിലാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ആഴ്ചയില്‍ 60 മില്ലി മദ്യം കഴിക്കുന്നത് ആരോഗ്യമുളള ശരീരത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ അതില്‍ക്കൂടുതല്‍ കഴിക്കുമ്പോള്‍, അപൂര്വ്വമാണെങ്കില്പോലും, ശരീരത്തിന് വലിയ സമ്മര്‍ദമുണ്ടാക്കും. മറ്റ് രോഗങ്ങള്‍ക്ക് മരുന്നുകഴിക്കുന്നവരുടെ ശരീരം മദ്യത്തെ പ്രതിരോധിക്കും.
ബിഞ്ച് ഡ്രിങ്കിങ് അതായത് ചെറിയ സമയത്തിനുള്ളില്‍ കൂടുതൽ മദ്യം കഴിക്കുന്നത് അപകടകരമാണ്. ഇത് ലിവര്‍ രോഗങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. മലയാളികൾ പൊതുവെ മദ്യം ഒറ്റവലിക്ക് മുഴുവൻ അകത്താക്കുന്നവരാണ്.
ശരീരത്തിലെ സമ്മര്‍ദ്ദം
മദ്യം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ഹൃദയമിടിപ്പ് അസ്ഥിരമാക്കുകയും ചെയ്യുന്നു. പുകവലി ഇതിനെ കൂടുതല്‍ വഷളാക്കും. ഇതുവഴി സ്ഥിരമായ ഹൃദ്രോഗ സാധ്യത വര്‍ധിക്കും. ആഴ്ചയില്‍ ഒരിക്കല്‍ മദ്യം കഴിക്കുന്നതും കരളിന് സമ്മര്‍ദം സൃഷ്ടിക്കുന്നു. ദീര്‍ഘകാലത്തില്‍ ഇത് ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകള്‍ക്കും കാരണമാകും. മദ്യം ശരീരത്തെ ഡീഹൈഡ്രേറ്റ് ചെയ്യുന്നതിനാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു.
ശരീരഭാരവും മെറ്റബോളിസവും
മദ്യത്തിൽ കലോറി കൂടുതലാണ്. അതിന്റെ കൂടെ കഴിക്കുന്ന സ്നാക്കുകളും,ടെച്ചിങ്സും ശരീരഭാരം കൂട്ടും. ഇത് ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും ' എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മദ്യം ആദ്യമൊക്കെ ഉറങ്ങാന്‍ പ്രേരിപ്പിച്ചാലും, പിന്നീട് ക്ഷീണം, അസ്വസ്ഥത, ശ്രദ്ധക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ വരാം. ആസിഡ് റിഫ്ളക്സ്, ഗാസ്ട്രിക് ബേര്‍ണിങ്, ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ രക്തസ്രാവം പോലുളള ഗുരുതരമായ രോഗാവസ്ഥകള്‍ക്ക് കാരണമാകാം.
ചില മരുന്നുകളുമായി മദ്യം അപകടകരമാണ് പ്രത്യേകിച്ച് സൈക്ക്യാട്രിക് ഡ്രഗ്സ്, സെഡേറ്റിവുകള് എന്നീ മരുന്നുകളോടൊപ്പം മദ്യം കഴിക്കുമ്പോള്‍ ഗുരുതരമായ പാർശ്വഫലങ്ങള്‍ ഉണ്ടാകും.ഗര്‍ഭിണികള്‍, കരളിനും ഹൃദയത്തിനും അസുഖമുള്ളവർ, മാനസികാരോഗ്യപ്രശ്നങ്ങളുള്ളവര്‍, ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, ആസിഡ് റിഫ്ളക്സ് ഉള്ളവരെല്ലാം മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം.
മിതമായ രീതിയില്‍ മദ്യപിക്കുന്നത് എല്ലാവര്ക്കും അഭികാമ്യമല്ല. ശരീരത്തിന് ദോഷകരമാണ് മദ്യം. അതിന്റെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ സമീപിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover how drinking alcohol even once a week can impact your health, leading to liver problems, heart issues, metabolic disruption, and dangerous drug interactions. Learn who should avoid alcohol.