വയറുവേദന, വയർ വീർത്തതുപോലുള്ള തോന്നൽ; ഇത് ഓവേറിയൻ കാൻസറാണോ?

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്നതാണ് ഓവേറിയൻ കാൻസർ. നേരത്തെ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള വിഭാഗം കാൻസറാണിത്. ലക്ഷണങ്ങളും ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടണമെന്നില്ല. എന്നാൽ, കൃത്യമായ ചികിത്സയിലൂടെ ഇത് ഭേദമാക്കാൻ കഴിയും.

ഏത് പ്രായക്കാരിലാണ് കൂടുതലായി ഓവേറിയൻ കാൻസർ കണ്ടുവരുന്നത്?
സാധാരണയായി സ്ത്രീകളിൽ കൂടുതലായി രണ്ടുതരത്തിലുള്ള കാൻസർ ആണ് കണ്ടുവരുന്നത്. ഒന്നാമത്തേത് എപ്പിത്തീലിയൽ ഓവേറിയൻ കാൻസർ, അടുത്തത് ജെംസെൽ ഓവേറിയൻ കാൻസർ.

50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ കൂടുതലായി കാണുന്നത് എപ്പിത്തീലിയൽ ഓവേറിയൻ കാൻസറാണ്. പ്രത്യേകിച്ച് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലാണ് ഈ രോഗമുണ്ടാവുന്നത്.

എന്നാൽ ജെംസെൽ ഓവേറിയൻ കാൻസർ ചെറുപ്പക്കാരായ യുവതികളിലും കണ്ടുവരുന്നു.

കൗമാരകാലത്തെ ആർത്തവ ക്രമക്കേടുകൾ ഭാവിയിൽ കാൻസറിന് കാരണമാവുന്നുണ്ടോ?
സാധാരണയായി അതിന് സാധ്യതയില്ല. പിസിഒഎസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട് ഓവേറിയൻ കാൻസറുണ്ടാക്കുന്നില്ല. പക്ഷേ ഹോർമോൺ അസന്തുലിതാവസ്ഥകൾ ചില സാഹചര്യങ്ങളിൽ ചെറിയ റിസ്‌കിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്.

പ്രധാനലക്ഷണങ്ങൾ എന്തൊക്കെയാണ്?
വളരെ കൃത്യമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പലപ്പോഴും ഓവേറിയൻ കാൻസർ മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിലാണ് കണ്ടുപിടിക്കാറുള്ളത്.

സാധാരണയായി ഉണ്ടാവുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്. വയർ വീർത്തതുപോലെ തോന്നുക (bloating), വയറുവേദന / നാഭിയുടെ ഭാഗത്തുളള വേദന, ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് നിറഞ്ഞുവെന്ന തോന്നൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രമൊഴിക്കുന്നതും, ഭാരം കുറയുക അല്ലെങ്കിൽ അമിതമായി കൂടുക എന്നിവയാണ് പ്രധാനപ്പെട്ടവ. ചിലരിൽ ആർത്തവസംബന്ധമായ ക്രമക്കേടുകളുമുണ്ടാവാം.

ഗർഭനിരോധനഗുളികകൾ കഴിക്കുന്നതും അണ്ഡാശയകാൻസറും തമ്മിൽ ബന്ധമുണ്ടോ?ഗർഭനിരോധനഗുളികകൾ കഴിക്കുന്നത് കാൻസറിനുള്ള റിസ്‌ക് കുറയ്ക്കുകയാണ് ചെയ്യുന്നത്. മരുന്ന് കൂടുതൽ കാലം കഴിക്കുന്നത്, കൂടുതൽ സംരക്ഷണം നൽകും.

ദീർഘകാലം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന സ്ത്രീകളിൽ ഈ രോഗം വരാൻ സാധ്യത കുറവാണെന്നത് സത്യമാണോ?
അതെ, സത്യമാണത്. ദീർഘകാലം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന സ്ത്രീകളിൽ ഓവേറിയൻ കാൻസറിനുള്ള സാധ്യത കുറവാണ്.

ഫലപ്രദമായ സ്‌ക്രീനിങ് മാർഗങ്ങൾ എന്തൊക്കെയാണ്?
ഓവേറിയൻ കാൻസറിന് ഫലപ്രദമായ സ്‌ക്രീനിങ് ഇല്ല എന്നുള്ളതാണ് വാസ്തവം. ചില ടെസ്റ്റുകളിലൂടെയാണ് അത് തിരിച്ചറിയുന്നത്.

CA-125 blood test, അൾട്രാസൗണ്ട് സ്‌കാൻ എന്നിവയാണത്. കൂടുതൽ റിസ്‌കുള്ള സ്ത്രീകളിൽ BRCA mutation testing ഉപയോഗിച്ചും തിരിച്ചറിയാം.

ഈ രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമോ?

ആദ്യ സ്റ്റേജിൽ കണ്ടെത്തിയാൽ പൂർണമായി ഭേദമാക്കാൻ കഴിയുന്ന കാൻസറാണിത്. സൈറ്റോറിഡക്ടീവ് സർജറി (Cytoreductive Surgery), കീമോതെറാപ്പി, നൂതനചികിത്സാരീതികളായ ടാർഗറ്റഡ് ട്രീറ്റ്‌മെന്റ് ഇമ്യൂണോതെറാപ്പി, ആന്റിആഞ്ചിയോജനിക് ട്രീറ്റ്‌മെന്റ് എന്നിങ്ങനെ പലതരത്തിലുള്ള ചികിത്സാരീതികളുണ്ട്. രോഗത്തിന്റെ സ്‌റ്റേജ്, രോഗിയുടെ ആരോഗ്യസ്ഥിതി തുടങ്ങി പല ഘടകങ്ങൾ നോക്കിയാണ് ചികിത്സ തീരുമാനിക്കുന്നത്.

രോഗവിമുക്തി നേടിയവർക്ക് പിന്നീട് ഗർഭധാരണവും പ്രസവവും സാധ്യമാണോ?
അഡ്വാൻസ്ഡ് സ്റ്റേജിലാണെങ്കിൽ, രണ്ട് ഓവറിയും നീക്കം ചെയ്യേണ്ടി വരും. ഒരു ഓവറി സംരക്ഷിച്ചാൽ ഗർഭധാരണം സാധ്യമാണ്. ചിലരിൽ ഫെർട്ടിലിറ്റി സ്‌പെയറിങ് സർജറി ചെയ്യുന്നതും ഫലപ്രദമാണ്. അണ്ഡം ശീതീകരിച്ചും ഇത് സാധ്യമാണ്.

പ്രതിരോധമാർഗങ്ങൾ എന്തെങ്കിലുമുണ്ടോ?ഗർഭനിരോധനഗുളികകൾ കഴിക്കുന്നത് ഒരുപരിധി വരെ നല്ലൊരു പ്രതിരോധമാർഗമാണ്. ബ്രെസ്റ്റ് ഫീഡിങ്ങും സാധ്യത കുറയ്ക്കും. ഓവേറിയൻ കാൻസർ വരാതിരിക്കാനായി പ്രിവന്റീവ് സർജറി ചെയ്യുന്നവരുമുണ്ട്.

രോഗവിമുക്തി നേടിയശേഷം ദൈനംദിനജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

കൃത്യമായിട്ടുള്ള ഫോളോ-അപ്പാണ് ഏറ്റവും പ്രധാനം. അതിനൊപ്പം വ്യായാമം ചെയ്ത് കൃത്യമായ ശരീരഭാരം നിലനിർത്തുക. പുകവലി നിർബന്ധമായും ഒഴിവാക്കണം. അതിനൊപ്പം അനാവശ്യമായിട്ടുള്ള ഹോർമോൺ മരുന്നുകളും ഒഴിവാക്കുക.

ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
സമീകൃതമായ ആഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിക്കണം. പ്രോസസ് ചെയ്ത ഭക്ഷണം പൂർണമായും ഒഴിവാക്കാം. റെഡ് മീറ്റ്, ഫ്രൈ ചെയ്ത ഭക്ഷണം എന്നിവ നിയന്ത്രിക്കണം. അതിനൊപ്പം വെള്ളം നന്നായി കുടിക്കുകയും വേണം.

(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റേഡിയേഷൻ ഓങ്കോളജിയിൽ കൺസൾട്ടന്റാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Epithelial ovarian cancer is common in women over 50. Germ cell ovarian cancer is more prevalent in younger women.