കുട്ടികളില്‍ പൊതുവായി കാണപ്പെടുന്ന അസ്ഥി-സന്ധി രോഗങ്ങള്‍ എന്തൊക്കെ? പരിഹാരമെന്ത്?

#ഡോ.അബ്ദുള്‍ ഹക്കീം.എം,സീനിയര്‍ കണ്‍സള്‍ട്ടന്റ്-ഓര്‍ത്തോപീഡിക് സര്‍ജറി,ആസ്റ്റര്‍ മിംസ്,കോട്ടയ്ക്കല്‍
പ്രതീകാത്മകചിത്രം / Shutterstock
പ്രതീകാത്മകചിത്രം / Shutterstock

കുഞ്ഞുങ്ങളെ ബാധിക്കുന്ന അസ്ഥിസംബന്ധവും സന്ധിസംബന്ധവുമായ രോഗങ്ങളെ കുറിച്ച് ലോകമെങ്ങും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 19-ാം തിയ്യതി ലോക പീഡിയാട്രിക് ബോണ്‍ ആന്റ് ജോയിന്റ് ദിനമായി ആചരിക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണ്ണയം, ഫലപ്രദമായ ചികിത്സ, പ്രതിരോധം എന്നിവയെ കുറിച്ച് വ്യക്തമായ അറിവ് പ്രദാനം ചെയ്യുവാനും കുട്ടികളുടെ അസ്ഥി-സന്ധി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.

കുട്ടികളുടെ അസ്ഥി-സന്ധി എന്നിവയുടെ പ്രാധാന്യം
വളര്‍ച്ചയുടെ ഏറ്റവും പ്രാഥമികഘട്ടത്തിലുള്ളവര്‍ എന്ന നിലയില്‍ കുഞ്ഞുങ്ങളുടെ അസ്ഥി, സന്ധി, പേശി എന്നിവയുടെ പരിചരണം വളരെ ഗൗരവത്തോടെ നോക്കിക്കാണണം. നിര്‍ണ്ണായകമായ വളര്‍ച്ചാഘട്ടത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ സംഭവിക്കുന്ന തകരാറുകളും രോഗാവസ്ഥകളുമൊക്കെ അവരുടെ ശിഷ്ടകാല ജീവിതത്തിലും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുട്ടിക്കാലത്ത് സംഭവിക്കുന്ന ഏത് പ്രശ്നവും ശരിയായി ചികിത്സിച്ചിട്ടില്ലെങ്കില്‍ ദീര്‍ഘകാല ശാരീരികവളര്‍ച്ച, ചലനശേഷി, ജീവിതനിലവാരം എന്നിവയെ ദോഷകരമായി ബാധിക്കാം. ചെറിയ പരിക്കുകളും ഒടിവുകളും ജന്മനാലുള്ള വൈകല്യങ്ങളും, കുഞ്ഞുങ്ങളിലെ വാതരോഗങ്ങളും, സ്‌കോളിയോസിസ്, ഇടുപ്പിന്റെ വികസനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി സങ്കീര്‍ണ്ണമായ നിരവധി രോഗാവസ്ഥകള്‍ കുട്ടികളെ ബാധിക്കാറുണ്ട്. ഇവയെയെല്ലാം നേരത്തെ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയോ ചികിത്സിച്ച് ഭേദമാക്കുകയോ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

കുഞ്ഞുങ്ങളില്‍ പൊതുവെ കാണപ്പെടുന്ന അസ്ഥി-സന്ധി രോഗാവസ്ഥകള്‍
ഒടിവ്, ക്ഷതം: അസ്ഥിക്ക് ക്ഷതമോ ഒടിവോ സംഭവിക്കുന്ന സാഹചര്യം കുഞ്ഞുങ്ങളില്‍ പൊതുവെ കാണപ്പെടാറുണ്ട്. കളികള്‍, കായികവിനോദങ്ങള്‍ തുടങ്ങിയവയില്‍ കൂടുതലായി ഏര്‍പ്പെടുന്ന പ്രായമായതിനാല്‍ അപകടങ്ങളും ഇത്തരം അവസ്ഥകളും സ്വാഭാവികമാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളിലെ ക്ഷതങ്ങളും ഒടിവുകളും വേഗത്തില്‍ സുഖം പ്രാപിക്കാറുണ്ട്. എങ്കിലും ശരിയായതും ശാസ്ത്രീയമായതുമായ ചികിത്സ നല്‍കിയിട്ടില്ലെങ്കില്‍ ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

സ്‌കോളിയോസിസ്: നട്ടെല്ല് അസാധാരണമായി വളയുന്ന അവസ്ഥയാണ് സ്‌കോളിയോസിസ്. ഇത് നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ ഫലപ്രദമായി അതിജീവിക്കുന്നതിന് നിലവില്‍ വൈദ്യശാസ്ത്രത്തില്‍ സംവിധാനങ്ങളുണ്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയിട്ടില്ലെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ പുരോഗതിഘട്ടങ്ങളില്‍ രോഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഇത് വൈകല്യത്തിന് പുറമെ ചലനശേഷി കുറയുക, ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകള്‍ക്ക് കാരണമാവുക തുടങ്ങിയ അവസ്ഥകളിലേക്കും നയിക്കും. 

ജുവൈനല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ്: കുഞ്ഞുങ്ങളിലെ രോഗപ്രതിരോധ സംവിധാനത്തിലെ അപാകതകളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന രോഗാവസ്ഥയാണിത്. വാതരോഗ വിഭാഗത്തില്‍ പെടുന്ന ഈ രോഗാവസ്ഥ സന്ധിവേദന, സന്ധികളിലെ വഴക്കമില്ലാതാവുക, വീക്കം തുടങ്ങിയവയിലേക്ക് നയിക്കുന്നു. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗാവസ്ഥ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. കുട്ടികളുടെ ചലനശേഷിയെ പോലും ഇത് ദുഷ്‌കരമാക്കി മാറ്റും. 

ഡെവലപ്പ്മെന്റല്‍ ഡിസ്പ്ലാസിയ ഓഫ് ഹിപ്: കുഞ്ഞുങ്ങളില്‍ ഇടുപ്പിന്റെ സന്ധികള്‍ ശരിയായി രൂപപ്പെട്ട് വരാത്ത അവസ്ഥയാണിത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ പില്‍ക്കാല ജീവിതം ദുരിതപൂര്‍ണ്ണമായി മാറും. നവജാത ശിശുക്കളിലെ പതിവ് സ്‌ക്രീനിങ്ങുകള്‍ നിര്‍ബന്ധമായും കൃത്യമായി നടത്തണം. ഈ സ്‌ക്രീനിങ്ങിലൂടെ രോഗസാധ്യത നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിക്കാനും സാധിക്കും.

റിക്കറ്റ്സ്: ജീവകം ഡി, കാത്സ്യം, ഫോസ്ഫേറ്റ് മുതലായവയുടെ അഭാവവും സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്തതും കുഞ്ഞുങ്ങളുടെ അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ദുര്‍ബലമാകുന്നതിനും കൈകാലുകളില്‍ വൈകല്യങ്ങളുണ്ടാകുന്നതിനും കാരണമാകുന്നു.  

നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിന്റെയും പ്രതിരോധത്തിന്റെയും പ്രാധാന്യം
ആഹ്ലാദകരമായ ജീവിതം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍ അവരുടെ പൊതുവായ ആരോഗ്യനില മികച്ചതായിരിക്കണം. ഇതില്‍ അസ്ഥികളുടേയും സന്ധികളുടെയും സംരക്ഷണം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അസ്ഥികളിലും സന്ധികളിലുമുണ്ടാകുന്ന തകരാറുകള്‍ പില്‍ക്കാല ജീവിതത്തെ പോലും ദോഷകരമായി ബാധിക്കാനിടയാക്കുന്ന ഒന്നാണ്. അമ്മ ഗര്‍ഭിണിയായ കാലത്ത് നടത്തുന്ന പരിശോധനകള്‍ കൃത്യമായി തന്നെ നിര്‍വ്വഹിക്കുക, പ്രസവാനന്തരം നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകള്‍ കൃത്യമായി ചെയ്യുക എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഘട്ടത്തില്‍ പുലര്‍ത്തുന്ന ചെറിയ അലംഭാവം പോലും പില്‍ക്കാലത്ത് കുട്ടികളുടെ ജീവിതത്തില്‍ വലിയ ദുരിതങ്ങള്‍ക്ക് കാരണമായി മാറാന്‍ സാധ്യതയുണ്ട്.

കുട്ടികളുടെ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധപുലര്‍ത്തണം. കാത്സ്യം, വൈറ്റമിന്‍ ഡി, അസ്ഥികൾക്കും സന്ധികൾക്കും ബലമുണ്ടാക്കാൻ  സഹായിക്കുന്ന മറ്റ് ജീവകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃത ഭക്ഷണരീതി രക്ഷിതാക്കള്‍ ഉറപ്പാക്കണം. സന്ധിവേദന, അസ്ഥികളുമായി ബന്ധപ്പെട്ട വേദന, നീര്‍ക്കെട്ട്, ചുവന്ന നിറം, തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ സന്ദര്‍ശിക്കണം. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പരിശോധനകളും മരുന്നുകളും മുടക്കം വരുത്താതെ പിന്‍തുടരുകയും ചെയ്യണം.

Content Highlights: to create awareness about bone and joint health in children