തൊണ്ടവേദന വന്നാല്‍ തണുപ്പുള്ള ഭക്ഷണം ഒഴിവാക്കുകയാണോ പ്രതിവിധി? ഡോക്ടറോടു ചോദിക്കാം

തൊണ്ടവേദന വരാനുള്ള കാരണങ്ങള്‍ പലതാണ്. വൈറസ്, ബാക്ടീരിയ അണുബാധ, അലര്‍ജി, കാലാവസ്ഥാ മാറ്റം, അള്‍സര്‍ (വൈറല്‍ സ്റ്റൊമറ്റൈറ്റിസ്), പ്രതിരോധശേഷി കുറയുന്നത്, വിറ്റാമിന്‍ കുറവ്, ജി.ഇ.ആര്‍.ഡി. (ഗാസ്‌ട്രോ ഈസോഫാഗിയല്‍ റിഫ്‌ളക്‌സ് ഡിസീസ്) എന്നിവയെല്ലാം തൊണ്ടവേദനയ്ക്ക് കാരണമാകുന്നു. വൈറല്‍ ഫാരിഞ്ചൈറ്റിസ്, ടോണ്‍സിലൈറ്റിസ്, അലര്‍ജിക് ഫാരിഞ്ചൈറ്റിസ് എന്നിവ സാധാരണയായി കണ്ടുവരുന്ന തൊണ്ടവേദനകളാണ്. തൊണ്ടയില്‍ അണുബാധയുണ്ടാകുമ്പോള്‍ സ്ഥിരമായി കണ്ടുവരുന്ന ലക്ഷണങ്ങള്‍ പനി, ജലദോഷം, തൊണ്ടവേദന, ഉമിനീരും ഭക്ഷണവും ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്. ഇവ നാലോ അഞ്ചോ ദിവസങ്ങള്‍ കൊണ്ട് ഭേദപ്പെട്ടേക്കാം. ഒരുപാട് ദിവസം നീണ്ടുനിന്ന് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തൊണ്ടവേദനകള്‍ വിരളമാണ്. തൊണ്ടവേദന തുടര്‍ച്ചയായി ഉണ്ടാവുകയോ അസഹനീയമായി തുടരുകയോ ചെയ്യുമ്പോള്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
എന്തുകൊണ്ടാണ് തണുപ്പുള്ള ആഹാര പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ തൊണ്ടവേദനയുണ്ടാകുന്നത്?
തണുത്ത ഭക്ഷണമോ ഐസ്‌ക്രീമോ കഴിക്കുമ്പോള്‍ തൊണ്ടവേദനയുണ്ടാകുന്നുണ്ടെങ്കില്‍ അതിനു കാരണം അലര്‍ജിയാണ്. ഇതിനെ അലര്‍ജിക് ഫാരിഞ്ചൈറ്റിസ് എന്നു പറയുന്നു. തുമ്മല്‍, തൊണ്ട വേദന, തൊണ്ടകാറല്‍, കണ്ണുചൊറിച്ചില്‍, ചുമ, ശ്വാസംമുട്ടല്‍ എന്നിവയെല്ലാം അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ കടക്കുന്ന അന്യവസ്തുക്കളോട് ശരീരം കാണിക്കുന്ന പ്രതിരോധമാണ് അലര്‍ജി. അത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കാര്യമാണ്. ശരീരം ആ വസ്തുവിനെ സ്വീകരിക്കാനായി സമയമെടുക്കും. ആളുകള്‍ക്ക് പല വസ്തുക്കളോടും അലര്‍ജിയുണ്ട്. ശ്വാസകോശം, മൂക്ക്, ചെവി സംബന്ധമായ അലര്‍ജി ഉള്ളവര്‍ക്ക് അതുമായി ബന്ധപ്പെട്ട് തൊണ്ടയ്ക്ക് പ്രശ്‌നങ്ങള്‍ വരാം. ആദ്യമേ അലര്‍ജി ഉള്ള, പ്രതിരോധശേഷി കുറവുള്ളവരില്‍ കാലാവസ്ഥയിലെ മാറ്റങ്ങളും ഭക്ഷണത്തിലെ മാറ്റങ്ങളും മൂലമുള്ള തൊണ്ടവേദന വരാന്‍ സാധ്യതയേറും. ഇത്തരക്കാരില്‍ അണുബാധയ്ക്കും സാധ്യതയുണ്ട്. അലര്‍ജിക് ഫാരിഞ്ചൈറ്റിസിന് പനിയുണ്ടാവണമെന്നില്ല. അണുബാധയുണ്ടാകുമ്പോള്‍ മാത്രമാണ് പനിയുണ്ടാകുക. വലിയ രീതിയില്‍ അണുബാധയില്ലെങ്കില്‍ പനിയും കുറവായിരിക്കും.
തണുപ്പുള്ള ഭക്ഷണം ഒഴിവാക്കുകയാണോ ഇതിനുള്ള പ്രതിവിധി?
ഐസ്‌ക്രീമോ തണുത്ത ആഹാരപദാര്‍ഥങ്ങളോ കഴിക്കുന്നത് ഒഴിവാക്കുക എന്നതല്ല ഇതിന് പരിഹാരം. സ്ഥിരമായി ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്ക് പ്രശ്‌നം വരണമെന്നില്ല. എന്നാല്‍ കഴിക്കാത്ത ഒരാള്‍ പെട്ടെന്ന് കഴിക്കുമ്പോഴായിരിക്കും തൊണ്ടവേദന വരുന്നത്. ഉദാഹരണമായി തണുത്ത കാലാവസ്ഥയില്‍ ജീവിക്കുന്ന ആള്‍ക്ക് തണുത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ പ്രശ്‌നം വന്നെന്നുവരില്ല. ചിലര്‍ക്ക് അക്യൂട്ട് ടോണ്‍സിലൈറ്റിസ് വരുമ്പോള്‍ ഡോക്ടര്‍മാര്‍ തണുത്ത ഭക്ഷണം കഴിക്കാനാണ് പറയാറുള്ളത്. ടോണ്‍സിലക്ടമി സര്‍ജറി കഴിഞ്ഞവരോടും തണുത്തത് കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ട് തൊണ്ടവേദന ഇല്ലാതിരിക്കാന്‍ തണുത്ത ആഹാരപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുന്നതിലും തണുപ്പേറിയ സ്ഥലങ്ങളില്‍ പോകാതിരിക്കുന്നതിലും അര്‍ഥമില്ല. പെട്ടന്നുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും അലര്‍ജി വഴിയുണ്ടാകുന്ന തൊണ്ടവേദനയ്ക്ക് കാരണമാകുന്നത്. തണുത്ത ആഹാരപദാര്‍ഥങ്ങള്‍ കഴിക്കരുതെന്നു പറയുന്നത് ഒരു തെറ്റിദ്ധാരണയാണ്.
അലര്‍ജി കാരണം ഉണ്ടാകുന്ന തൊണ്ടവേദനയ്ക്ക് ശാശ്വതമായ പരിഹാരമുണ്ടോ?
അലര്‍ജി ചികിത്സിച്ച് നിയന്ത്രിക്കണം. ചികിത്സയ്ക്കുപകരം വിദഗ്ധസഹായം തേടി നേസല്‍ സ്‌പ്രേകളോ മരുന്നുകളോ ഉപയോഗിച്ച് അലര്‍ജി പാടെ മാറ്റാന്‍ സാധിക്കും. ശരീരത്തിലെ പ്രതിരോധശേഷി കുറയുന്നതുകൊണ്ടാണ് അലര്‍ജി ഉണ്ടാകുന്നത്.
അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ഒരാള്‍ക്കു തന്നെ ഒരുപാടു കാരണങ്ങള്‍കൊണ്ട് അലര്‍ജി ഉണ്ടാകാം. ഒന്നോ അതില്‍ കൂടുതലോ വസ്തുക്കള്‍ അലര്‍ജിക്ക് കാരണമായി നമ്മുടെ ചുറ്റും തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇവയില്‍ നിന്നെല്ലാം തന്നെ വിട്ടുനില്‍ക്കുകയെന്നത് പ്രയോഗികമല്ല. ഇത്തരം സാഹചര്യങ്ങളില്‍ അലര്‍ജി പൂര്‍ണമായി ഭേദമാക്കാന്‍ ഇമ്മ്യൂണോ തെറാപ്പി ചെയ്യാവുന്നതാണ്. അലര്‍ജിക്ക് കാരണമായ വസ്തുവിനെ കണ്ടെത്തി ചെറിയ ഡോസിലുള്ള പ്രതിരോധകുത്തിവെപ്പെടുത്ത് ഈ വസ്തുക്കള്‍ക്കെതിരെയുള്ള പ്രതിരോധശേഷി വര്‍ധിപ്പിക്കാം. ഇതുവഴി ആ അലര്‍ജിക്ക് കാരണമായ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടായാലും വലിയ പ്രശ്‌നങ്ങളുണ്ടാവില്ല.
തൊണ്ടവേദന വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നല്ലതാണോ?
ആന്റിബയോട്ടിക് പ്രതിരോധം (രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധം നേടുന്ന അവസ്ഥ) ഉണ്ടാക്കുന്ന കാലമാണിത്. അമിതവും അനാവശ്യവുമായി, എല്ലാ അസുഖങ്ങള്‍ക്കും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതുവഴി അത് ശരീരത്തില്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയ്ക്ക് കാരണമായേക്കാം. അതായത് കഴിക്കുന്ന ഡോസ് രോഗം മാറാന്‍ മതിയാകാത്ത അവസ്ഥ. ആന്റിബയോട്ടിക്കുകളൊക്കെ വളരെ അധികം കരുതലോടെ കഴിക്കേണ്ട മരുന്നാണ്. എല്ലാ ഇന്‍ഫെക്ഷനുകള്‍ക്കും ആന്റിബയോട്ടിക് ഡോസുകള്‍ കൊടുക്കേണ്ടിവരില്ല. ഇത്തരം മരുന്നുകളുടെ ഉപയോഗത്തിന് കൃത്യമായ ഗൈഡ്‌ലൈനുകളുണ്ട്. എത്ര കഴിക്കണം, എപ്പോള്‍ കഴിക്കണം, ഏത് അസുഖത്തിന് കഴിക്കണം എന്നതിലൊക്കെ വ്യത്യാസമുണ്ട്. തൊണ്ടവേദന വരുമ്പോള്‍ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി ആന്റിബയോട്ടിക്കുകള്‍ കഴിച്ച് സ്വയം ചികിത്സിക്കരുത്. പകരം തൊണ്ടവേദന എന്തുകൊണ്ടാണെന്നു തിരിച്ചറിയാന്‍ ഡോക്ടറുടെ സഹായം തേടാം. വേദനയ്ക്കു കാരണം അണുബാധയാണോ, അലര്‍ജിയാണോ, ഇതിന് എത്രത്തോളം ചികിത്സ ആവശ്യമുണ്ട്, സര്‍ജറി വേണോ, അതോ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് ഭേദമാകുമോ, ഏതു തരത്തിലുള്ള വേദനയാണ് എന്നിവയെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത് ഡോക്ടര്‍ക്കാണ്.
എപ്പോഴാണ് സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുള്ളത്?
തുടര്‍ച്ചയായി ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസിനു മാത്രമേ സര്‍ജറി നിര്‍ദേശിക്കാറുള്ളൂ. അതിനെ ടോണ്‍സിലക്ടമി എന്നു പറയുന്നു. നമ്മുടെ വായില്‍ ഫാരിങ്‌സ് എന്ന, ഭക്ഷണം കടന്നു പോകുന്ന വഴിയുടെ രണ്ടു ഭാഗത്തായുള്ള ഗ്രന്ഥിയാണ് ടോണ്‍സില്‍. ഈ ടോണ്‍സിലിനു വരുന്ന അസുഖമാണ് ടോണ്‍സിലൈറ്റിസ്. അതുകൊണ്ടുതന്നെ ടോണ്‍സിലക്ടമി ചെയ്യുമ്പോള്‍ ഒരിക്കലും ഫാരിഞ്ചൈറ്റിസ് ഭേദമാകുന്നില്ല. ഒന്നോ രണ്ടോ തവണ വരുന്ന ടോണ്‍സിലൈറ്റിസിനൊന്നും സര്‍ജറി നിര്‍ദേശിക്കാറില്ല. തൊണ്ടവേദന, ഉമിനീരിറക്കാന്‍ ബുദ്ധിമുട്ട്, കടുത്ത പനി എന്നിവ നമ്മുടെ ജോലിയേയോ പഠനത്തേയോ സാരമായി ബാധിക്കുകയാണെങ്കിലും ഇവ ഒരു വര്‍ഷത്തില്‍ ആറോ അതിലധികം പ്രാവശ്യമോ ഉണ്ടാവുകയും ചെയ്താലാണ് സര്‍ജറിക്ക് നിര്‍ദേശിക്കാറുള്ളത്.
പ്രഥമിക ശുശ്രൂഷകള്‍ എന്തെല്ലാം?
ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യുക. ബെറ്റാഡിന്‍ ഒഴിച്ച് ഗാര്‍ഗിള്‍ ചെയ്യുക. പകരാന്‍ സാധ്യതയുണ്ടെങ്കില്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക
(കോഴിക്കോട് ശങ്കര്‍ ക്ലിനിക്കിലെ ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റും ഐ.എം.എ. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമാണ് ഡോ. ശങ്കര്‍ മഹാദേവന്‍)
Content Highlights: throat infection and cool foods how to cure throat infection