ഈ എരിവേനലില്‍ അറിയാം; ഇളനീരിന്റെ ഗുണങ്ങള്‍

യാതൊരു കനിവും കാട്ടാതെ കത്തിക്കാളുകയാണ് കൊടുംവേനല്‍. ചിലയിടങ്ങളില്‍ ഇടമഴ പെയ്‌തെങ്കിലും ചൂടിന് ഒരു കുറവുമില്ല. വിയര്‍ത്തുവലഞ്ഞ് കലിപിടിച്ചിരിക്കുകയാണ് എല്ലാവരും. ഈ പൊള്ളുന്ന ചൂടില്‍ ഒരാശ്വാസമാണ് വഴിവക്കില്‍ കാണുന്ന ഇളനീര്‍ക്കുലകള്‍. ഇളം പച്ചയോ മഞ്ഞയോ നിറമുള്ള അമൃതിന്റെ കുടങ്ങള്‍. ഏതു കാലത്തും ഏതു കാലാവസ്ഥയിലും ഇളനീര്‍ അമൃത് തന്നെയാണ്. പക്ഷേ, ഈ ചൂടത്ത് മധുരമല്‍പ്പം കൂടുമെന്ന് മാത്രം.
എരിവേനലില്‍ ഉണ്ടാകാവുന്ന നിര്‍ജ്ജലീകരം തടയുന്ന മൃതസഞ്ജീവനിയെന്നും വിളിക്കാം ഇളനീരിനെ. വിറ്റമിനുകള്‍, ഫൈബറുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ്, കാല്‍സ്യം... സമ്പൂര്‍ണ ആരോഗ്യം ഉറപ്പുവരുത്തുന്ന പ്രകൃതിദത്ത ചേരുവകളാണ് ഇളനീരില്‍ അടങ്ങിയിരിക്കുന്നത്. കൊളസ്ട്രോള്‍ സാന്നിധ്യമില്ലാത്ത പാനീയമായതിനാല്‍ ഫാറ്റിനെ പേടിക്കണ്ട കാര്യവുമില്ല.
രക്തസമ്മര്‍ദം കുറച്ച് ഹൃദയാരോഗ്യം ഉറപ്പുനല്‍കുന്ന പാനീയമാണ് ഇളനീര്‍. ഇളനീരിന് മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ തോത് കുറവാണ്. മഗ്‌നീഷ്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരുതിയിലാക്കാനും ഇളനീരിന് കഴിവുണ്ട്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഇളനീര്‍ മൂത്രതടസ്സം മാറാനും നല്ലതാണ്.
അണുബാധ തടയാന്‍ സഹായിക്കുന്ന ലോറിക് ആസിഡ് ഇളനീരില്‍ കാണപ്പെടുന്നു. അതിനാല്‍ ക്ഷീണം മാറ്റുകയും ഉന്മേഷം നല്‍കുകയും ചെയ്യുന്നതിനൊപ്പം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഇളനീര്‍ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും കലവറ കൂടിയാണ് ഇളനീര്. ഇളനീരിലെ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കുന്നു. കലോറി കുറവാണെന്നതിനാലും ധാരാളം എന്‍സൈമുകള്‍ ഉള്ളതിനാലും ഇളനീര്‍ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കും. അമിതഭാരം നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് ഇളനീര്‍ ശീലമാക്കാം.
Content Highlights: the benefits of tender coconut