കുട്ടിക്ക് സ്ഥിരമായി ചായ നൽകാറുണ്ടോ? അറിയണം ദോഷവശങ്ങൾ

photo: Healthline
photo: Healthline

സുഖകരമായ വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചായയുമായി ഒത്തുകൂടുന്നവരാണ് മിക്ക കുടുംബങ്ങളും. ആ ചായ നിമിഷങ്ങൾ നാമെല്ലാവരും ഇഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള വീടുകളിൽ ചായ ഒരു പാനീയം എന്നതിലുപരി ഒന്നിച്ചിരിക്കലുകളുടെയും ദിനേനയുള്ള പങ്കുവെക്കലുകളുടെയും നിമിഷമാണ്. മുതിർന്നവർ മാത്രമല്ല വീട്ടിലെ കൊച്ചുകുട്ടികൾ പോലും എന്നും ആ നിമിഷങ്ങളിലുണ്ടാവും. പങ്കുവെക്കുന്ന നിമിഷങ്ങളും സംസാരങ്ങളും ഒക്കെ വളരെ ആരോഗ്യപ്രദമായ ശീലങ്ങളാണ്. ആരോഗ്യമുള്ള ഒരു കുടുംബത്തിന്റെ ലക്ഷണങ്ങളാണ്.

എന്നാൽ അവിടേക്ക് നമ്മൾ പോലുമറിയാതെ കടന്നു വരുന്ന വില്ലനായി മാറാം ഈ ചായ. പ്രത്യേകിച്ചും നമ്മുടെ കുഞ്ഞുമക്കളിൽ. മുതിർന്നവരായ നമ്മൾ ചായ ആസ്വദിക്കുമ്പോൾ കുട്ടികൾക്ക് അത് കൗതുകകരവും ആകർഷകവുമായി തോന്നാം. തങ്ങളുടെ മുതിർന്നവർ ദിവസവും കുടിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ആ പാനീയം വേണമെന്ന് കുട്ടികൾ വാശിപിടിക്കുന്നത് പല മാതാപിതാക്കളും കണ്ടേക്കാം. എന്നാൽ അതത്ര നല്ലതല്ല. എന്തുകൊണ്ടാണത്?

ന്യൂട്രീഷ്യനിസ്റ്റ് ഹർലീൻ ഭാസിൻ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ ഒരു പോസ്റ്റിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നുണ്ട്. കൊച്ചുകുട്ടികളെ ചായയിൽ നിന്ന് കർശനമായി അകറ്റി നിർത്തണമെന്ന് അവർ പറയുന്നു. പല വീടുകളിലെയും ഒരു പ്രധാന പാനീയമായ ചായയ്ക്ക് കുട്ടികളെ ആകർഷിക്കാനുള്ള ഒരു കഴിവുണ്ട്. എന്നാൽ ചെറുപ്രായത്തിൽ തന്നെ ചായ കുടിക്കുന്ന ശീലം കുട്ടികളിലേക്ക് പകരാതിരിക്കാൻ മാതാപിതാക്കൾ ശ്രമിക്കണം. അപ്പോൾ ഏത് പ്രായം വരെയാണ് ചായ ഒഴിവാക്കേണ്ടത്? 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചായ നൽകരുതെന്നാണ് അവർ പറയുന്നത്. അതിന് കാരണങ്ങളും അവർ വിശദമാക്കുന്നു. ചെറുപ്പത്തിലേയുള്ള ഈ ചായശീലം കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കും.
ഇരുമ്പിന്റെ ആഗിരണത്തെ ബാധിക്കുന്നു:
ചായയിൽ ടാനിനുകൾ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം തടസ്സപ്പെടുത്തും. സസ്യാഹാരം കൂടുതലായി കഴിക്കുന്നതോ, ഇരുമ്പിന്റെ കുറവ്, വിളർച്ച എന്നിവ നേരിടുന്നതോ ആയ കുട്ടികളിൽ അമിതമായ ചായയുടെ ഉപയോഗം ഈ പ്രശ്‌നം കൂടുതൽ വഷളാക്കിയേക്കാം.
നിർജ്ജലീകരണ സാധ്യത:
ചായയുടെ ഡൈയൂററ്റിക് സ്വഭാവം (ശരീരത്തിൽ നിന്ന് ജലാംശം പുറന്തള്ളുന്നത്) നിർജ്ജലീകരണത്തിന് കാരണമായേക്കാം. കുട്ടികൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദാഹം ശമിപ്പിക്കാൻ കുട്ടികൾ വെള്ളമോ മറ്റ് ആരോഗ്യകരമായ പാനീയങ്ങളോ കുടിക്കുന്നതാണ് നല്ലത്.
കഫീനിന്റെ അംശം:
ചായയിൽ ഉത്തേജകമായ കഫീൻ അടങ്ങിയിട്ടുണ്ട്. കുട്ടികളിൽ അമിതമായ കഫീൻ ഉപയോഗം അസ്വസ്ഥത, ഉറക്കക്കുറവ്, ഹൃദയമിടിപ്പ് വർധിക്കൽ എന്നിവയ്ക്ക് കാരണമാകും. കുട്ടികൾക്ക് അനാവശ്യമായ ഈ ഉത്തേജനം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
പോഷക മൂല്യത്തിന്റെ അഭാവം:
കുട്ടികൾക്ക് കാര്യമായ പോഷക മൂല്യമൊന്നും ചായ നൽകുന്നില്ല. വളർച്ചയുടെയും വികാസത്തിന്റെയും നിർണായകഘട്ടത്തിൽ, കുട്ടികൾ ഒരു കപ്പ് ചായ കുടിക്കുന്നതിനു പകരം പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കുട്ടികൾക്ക് ചായ കൊടുക്കരുതെന്ന് ഡോ. അഗർവാളും പറയുന്നു. 10-12 കിലോഗ്രാം ഭാരമുള്ള ഒരു കുട്ടിക്ക് ഒരു കപ്പ് ചായ കൊടുത്താൽ അതിനുശേഷം അവൻ ഭക്ഷണം കഴിക്കില്ല. കുട്ടി ഉപ്പിട്ട ലഘുഭക്ഷണമോ ബിസ്‌കറ്റോ കഴിക്കും. പക്ഷേ പരിപ്പോ ചോറോ കഴിക്കില്ല.

രാവിലെയോ വൈകുന്നേരമോ കുട്ടിക്ക് ചായ കൊടുത്താൽ കുട്ടിയുടെ വിശപ്പ് ശമിക്കും. കുട്ടിക്ക് ചായ കൊടുത്താൽ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാത്തതിനാൽ അവരുടെ ശരീരത്തിൽ അവശ്യ പോഷകങ്ങളുടെ കുറവുണ്ടാകും. ഇതുമൂലം കുട്ടിയുടെ ഭാരം കുറവായിരിക്കും, വിളർച്ച ഉണ്ടാകാം, അല്ലെങ്കിൽ നല്ല ഭക്ഷണം കഴിക്കാത്തതിനാൽ കുട്ടി വീണ്ടും വീണ്ടും രോഗബാധിതനാകാം. അത്തരമൊരു സാഹചര്യത്തിൽ ചായ കുടിക്കുന്ന ശീലം വളർത്തിയെടുക്കരുതെന്ന് ഡോക്ടർ ഉപദേശിക്കുന്നു.

പല വീടുകളിലും ചായയ്ക്ക് പ്രിയപ്പെട്ട സ്ഥാനമുണ്ടെങ്കിലും വീട്ടിലെ കൊച്ചുകുട്ടികൾ ഈ ചായകുടി പാരമ്പര്യത്തിൽ ചേരാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് രക്ഷിതാക്കൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സമീകൃതാഹാരത്തിലൂടെയും വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിലൂടെയും അവരുടെ പോഷക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നത് ചെറുപ്രായത്തിൽ തന്നെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Should kids drink tea? Learn about the negative impacts of tea on children`s health, including iron absorption, hydration, caffeine intake, and lack of nutrients.